Connect with us

Featured

മനുഷ്യക്കുരുതിയ്ക്കായി മനുഷ്യരുണ്ടാക്കിയ ആണവായുധങ്ങള്‍ – ഭാഗം 4

എട്ടു മീറ്റര്‍ നീളം, 2.1 മീറ്റര്‍ വ്യാസം, 27000 കിലോ ഭാരം. ഒരു ഭീമകായനായിരുന്നു, സാര്‍ ബോംബ. അതുവരെ ലോകം കണ്ടിട്ടുള്ളതില്‍ ഏറ്റവും വലിയ ബോംബ്.

 17 total views,  1 views today

Published

on

newd

സാര്‍ ബോംബ

മനുഷ്യര്‍ ഇതുവരെ പൊട്ടിച്ചവയിലെ ഏറ്റവും വലിയ ഹൈഡ്രജന്‍ ബോംബായ ‘സാര്‍ ബോംബയു’ടെ ചരിത്രം അല്പം പറയാം.

1945ല്‍ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചയുടനെ, യുദ്ധത്തില്‍ സഖാക്കളായിരുന്ന അമേരിക്കയും സോവിയറ്റ് യൂണിയനും പരസ്പരവൈരികളായിത്തീര്‍ന്നു. 1947 മുതല്‍ അവര്‍ തമ്മിലുള്ള ശീതയുദ്ധം ആരംഭിച്ചു. പരസ്പരം വെടിയുതിര്‍ത്തുകൊണ്ടുള്ള യുദ്ധത്തിലേര്‍പ്പെട്ടില്ലെങ്കിലും, ഏതു നിമിഷവും അവര്‍ തമ്മിലുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ടേയ്ക്കാമെന്ന അവസ്ഥ. 1954ല്‍ അമേരിക്ക ക്യാസില്‍ ബ്രാവോ എന്ന ഹൈഡ്രജന്‍ ബോംബു പൊട്ടിച്ചു. അതിന്റെ സ്‌ഫോടനത്തിന് ആറു മെഗാടണ്‍ ശക്തിയുണ്ടാകുമെന്നായിരുന്നു പ്രവചനമെങ്കിലും, അതു പൊട്ടിയപ്പോള്‍ പതിനഞ്ചു മെഗാടണ്‍ ശക്തിയുത്പാദിപ്പിച്ചു. ഹൈഡ്രജന്‍ ബോംബുനിര്‍മ്മാണരംഗത്തുണ്ടായ ഈ അസുലഭവിജയം ആ ബോംബു നിര്‍മ്മിച്ച അമേരിക്കയെ അത്ഭുതപ്പെടുത്തിയപ്പോള്‍ സോവിയറ്റു യൂണിയനെ അസ്വസ്ഥരാക്കി. ക്യാസില്‍ ബ്രാവോയ്ക്കുള്ള മറുപടി നല്‍കാന്‍ റഷ്യയ്ക്കാകും മുമ്പ്, 1958ല്‍, ആണവായുധപരീക്ഷണങ്ങള്‍ക്ക് ഒരനൌപചാരികവിരാമം നിലവില്‍ വന്നത് സോവിയറ്റു യൂണിയന്റെ അസ്വസ്ഥത വര്‍ദ്ധിപ്പിച്ചു. അമേരിക്കയ്ക്കും ബ്രിട്ടനുമൊപ്പം സോവിയറ്റു യൂണിയനും വാക്കാലുള്ള ഈ മോറട്ടോറിയത്തിന്റെ ഭാഗമായിരുന്നു.

പക്ഷേ, വാക്കാലുള്ള ഈ സ്വയംനിയന്ത്രണം ആയിടെ സോവിയറ്റ് പ്രധാനമന്ത്രിയായിത്തീര്‍ന്നിരുന്ന നികിതാ ക്രൂഷ്‌ചേവിനു മടുത്തിരുന്നു. എന്തെങ്കിലുമൊക്കെച്ചെയ്യാന്‍ കൈ തരിക്കുന്ന കൂട്ടത്തിലായിരുന്നു, ക്രൂഷ്‌ചേവ്. സോവിയറ്റു ശക്തിയുടെ വിശ്വരൂപം അമേരിക്കയ്‌ക്കൊന്നു കാണിച്ചുകൊടുക്കാന്‍ ക്രൂഷ്‌ചേവ് കൊതിച്ചു. സോവിയറ്റു ശക്തികണ്ടു ഭയന്ന് അമേരിക്കയും കൂട്ടരും പത്തി താഴ്ത്തണം: അതായിരുന്നു, ക്രൂഷ്‌ചേവിന്റെ ലക്ഷ്യം. അതിന്നനുയോജ്യമായൊരു സമയവുമെത്തി: സോവിയറ്റു കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ഇരുപത്തിരണ്ടാം കോണ്‍ഗ്രസ്സ്. 1961 ഒക്ടോബറില്‍ നടക്കാന്‍ പോകുന്ന കോണ്‍ഗ്രസ്സിനിടയില്‍ ശക്തിപ്രദര്‍ശനം നടക്കണമെന്നു ക്രൂഷ്‌ചേവ് നിശ്ചയിച്ചു. എങ്ങനെ? ഏറ്റവുമധികം ശക്തിയുള്ള ഹൈഡ്രജന്‍ ബോംബു പൊട്ടിച്ചുകൊണ്ട്.

1961 ജൂലായ് മാസത്തിലായിരുന്നു ക്രൂഷ്‌ചേവിന്റെ തീരുമാനം. ഒരു കുഴപ്പം മാത്രം. ക്രൂഷ്‌ചേവിനെ തൃപ്തിപ്പെടുത്തത്തക്ക വലിപ്പമുള്ള ഹൈഡ്രജന്‍ ബോംബ് സോവിയറ്റു യൂണിയന്റെ ശേഖരത്തിലുണ്ടായിരുന്നില്ല. കേവലം മൂന്നു മെഗാടണ്‍ സ്‌ഫോടകശക്തി മാത്രമുള്ള ആര്‍ ഡി എസ് 37 എന്ന, വളരെച്ചെറിയ ബോംബായിരുന്നു, സോവിയറ്റു യൂണിയന്‍ അതുവരെ പൊട്ടിച്ചിരുന്ന ഹൈഡ്രജന്‍ ബോംബുകളില്‍ ഏറ്റവും വലുത്. അമേരിക്കയുടെ ക്യാസില്‍ ബ്രാവോ ആയിരുന്നു, അതുവരെ പൊട്ടിയിരുന്ന എല്ലാ ഹൈഡ്രജന്‍ ബോംബുകളിലും വച്ചേറ്റവും വലുത്: 15 മെഗാടണ്‍. ‘ക്യാസില്‍ ബ്രാവോ വിളറണം, അമേരിക്കയും’: ക്രൂഷ്‌ചേവു പറഞ്ഞു. ‘അത്ര വലിയ ബോംബായിരിയ്ക്കണം നാം പൊട്ടിയ്ക്കുന്നത്. ഒക്ടോബറില്‍ കോണ്‍ഗ്രസ്സു നടക്കുന്നതിനിടെ ബോംബു പൊട്ടിച്ചിരിയ്ക്കണം.’ ക്രൂഷ്‌ചേവിന്റെ കര്‍ക്കശമായ കല്പന അതായിരുന്നു.

രണ്ടേകാല്‍ കോടി മരണങ്ങള്‍ക്ക് ഉത്തരവാദിയായിരുന്ന ജോസഫ് സ്റ്റാലിന്റെ പിന്‍ഗാമിയായിരുന്നു, ക്രൂഷ്‌ചേവ്. കര്‍ക്കശനായിരുന്ന ക്രൂഷ്‌ചേവു വെറുത്തിരുന്ന പദമായിരുന്നു, ‘അസാദ്ധ്യം’. അസാദ്ധ്യമെന്ന ഉത്തരം ക്രൂഷ്‌ചേവിനു നല്‍കാനുള്ള ധൈര്യം ആര്‍ക്കുമുണ്ടായിരുന്നുമില്ല. ഫലം: സാര്‍ ബോംബ വെറും പതിനഞ്ചാഴ്ചകൊണ്ടു തയ്യാറായി.

unnamed

ചിത്രം ഒന്ന്: സാര്‍ ബോംബയുടെ മാതൃക

എട്ടു മീറ്റര്‍ നീളം, 2.1 മീറ്റര്‍ വ്യാസം, 27000 കിലോ ഭാരം. ഒരു ഭീമകായനായിരുന്നു, സാര്‍ ബോംബ. അതുവരെ ലോകം കണ്ടിട്ടുള്ളതില്‍ ഏറ്റവും വലിയ ബോംബ്. അവരതിനു പല പേരുകളും നല്‍കി. ഔദ്യോഗികനാമധേയം ആര്‍ ഡി എസ് 220 ആയിരുന്നെങ്കില്‍, ഏ എന്‍ 602 ആയിരുന്നു അതിന്റെ രഹസ്യനാമധേയം. ബിഗ് ഐവാന്‍, കുസ്‌കീനാ മാറ്റ് (‘കുസ്‌കയുടെ മാതാവ്’) എന്നീ പേരുകളാലും അതറിയപ്പെട്ടിരുന്നു. സാര്‍ ബോംബ എന്ന പേരാണ് ഏറ്റവും പ്രചാരത്തിലായത്. അതിനും കാരണമുണ്ട്.

1917ലെ റഷ്യന്‍ വിപ്ലവത്തിനു മുമ്പു റഷ്യ ഭരിച്ചിരുന്ന ചക്രവര്‍ത്തിമാര്‍ സാര്‍ ചക്രവര്‍ത്തിമാര്‍ എന്നാണു പൊതുവില്‍ അറിയപ്പെട്ടിരുന്നത്. നിക്കൊളാസ് രണ്ടാമന്‍ എന്ന സാര്‍ ചക്രവര്‍ത്തിയുടെ കാലത്താണ് റഷ്യന്‍ വിപ്ലവം നടന്നതും, റഷ്യ രാജഭരണത്തെ കുടഞ്ഞുകളഞ്ഞ്, ലോകത്തിലെ ഏറ്റവുമാദ്യത്തെ സോഷ്യലിസ്റ്റു രാജ്യമായിത്തീര്‍ന്നതും. സാര്‍ ചക്രവര്‍ത്തിമാര്‍ക്കു ഭീമാകാരമുള്ള വസ്തുക്കളോട് ആസക്തി തന്നെയുണ്ടായിരുന്നു. ‘സാര്‍ കൊളോകോള്‍’ മണി ഇത്തരമൊന്നാണ്. മോസ്‌കോവിലുള്ള, രണ്ടു ലക്ഷം കിലോയിലേറെ ഭാരം വരുന്ന ഈ മണി ലോകത്തിലെ ഏറ്റവും വലുതാണ്. മോസ്‌കോവില്‍ത്തന്നെ ‘സാര്‍ പുഷ്‌ക’ എന്നറിയപ്പെടുന്നൊരു പീരങ്കിയുമുണ്ട്. പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിയ്ക്കപ്പെട്ട, 39 ടണ്ണിലേറെ ഭാരമുള്ള സാര്‍ പുഷ്‌കയാണത്രെ ലോകത്തിലെ ഏറ്റവും വലിയ പീരങ്കി. ഇതിനൊക്കെപ്പുറമെ, റഷ്യയെന്ന രാജ്യം തന്നെ വലിപ്പത്തിന്റെ ഉദാഹരണമാണ്: റഷ്യയേക്കാള്‍ വിസ്തൃതിയുള്ളൊരു രാജ്യം ഈ ലോകത്തില്ല. ലോകത്തിലെ ഏറ്റവും വലിയ രാജ്യം ഏറ്റവും വലിയ ബോംബുണ്ടാക്കിയപ്പോള്‍ അതിന് സാര്‍ ബോംബയെന്ന പേരു വീണതില്‍ അതിശയമില്ല.

Advertisement

സാര്‍ ബോംബയ്ക്ക് 50 മെഗാടണ്‍ മുതല്‍ 58 മെഗാടണ്‍ വരെ സ്‌ഫോടകശക്തിയുണ്ടായിരുന്നു. ഹിരോഷിമയില്‍ പ്രയോഗിച്ച ലിറ്റില്‍ ബോയ്, നാഗസാക്കിയില്‍ പ്രയോഗിച്ച ഫാറ്റ് മാന്‍ എന്നീ അണുബോംബുകളുടെ ആകെ ശക്തിയുടെ 1500 മടങ്ങായിരുന്നു, സാര്‍ ബോംബയുടേത്. ഏഴു വര്‍ഷം നീണ്ട രണ്ടാം ലോകമഹായുദ്ധത്തില്‍ ഉപയോഗിച്ച എല്ലാ ബോംബുകളുടേയും ആകെ ശക്തിയുടെ പത്തിരട്ടി. സാര്‍ ബോംബയുടെ യഥാര്‍ത്ഥ സ്‌ഫോടകശക്തി 100 മെഗാടണ്ണായിരുന്നു. അതു പൊട്ടിയ്ക്കുന്നതിനു മുമ്പ് അതിന്റെ ശക്തി ഏകദേശം പകുതിയായി കുറയ്ക്കുകയാണുണ്ടായത്.

നൂറു മെഗാടണ്‍ സ്‌ഫോടകശക്തി പകുതിയായി വെട്ടിച്ചുരുക്കിയതിന്റെ പിന്നില്‍ രണ്ടു മുഖ്യകാരണങ്ങളുണ്ടായിരുന്നു. ഒന്ന്, സ്‌ഫോടനസ്ഥലമായി തെരഞ്ഞെടുക്കപ്പെട്ടിരുന്ന നൊവായ സെം ല്യയില്‍ നിന്ന് നാനൂറു കിലോമീറ്റര്‍ മാത്രമകലെ, തെക്കും കിഴക്കും പടിഞ്ഞാറും റഷ്യയുടെ ജനവാസമുള്ള വന്‍കരയുണ്ടായിരുന്നു. ഹിരോഷിമയില്‍ പ്രയോഗിച്ച ‘ലിറ്റില്‍ ബോയ്’ എന്ന അണുബോംബു പൊട്ടിയത് നിലത്തുനിന്ന് ഏകദേശം അറുനൂറിലേറെ മീറ്റര്‍ രണ്ടായിരമടി ഉയരത്തിലായിരുന്നു. നാഗസാക്കിയില്‍ വീണ ‘ഫാറ്റ് മാന്‍’ പൊട്ടിയത് നിലത്തുനിന്ന് അഞ്ഞൂറു മീറ്ററിലേറെ – ആയിരത്തറുനൂറടി ഉയരത്തിലും. അവയുടെ സ്‌ഫോടനത്തെത്തുടര്‍ന്ന് തീയും പുകയും ആകാശത്തേയ്ക്കുയര്‍ന്നിരുന്നു. ആണവവികിരണമുള്‍ക്കൊണ്ട ഈ പുക കാറ്റിനൊപ്പം കൂടുതല്‍ പ്രദേശങ്ങളില്‍ പരക്കുകയും, അവിടങ്ങളിലെ ജനങ്ങള്‍ക്ക് ആണവവികിരണമേല്‍ക്കുകയും ചെയ്തിരുന്നു. പതിനഞ്ചും ഇരുപത്തൊന്നും കിലോടണ്‍ മാത്രം സ്‌ഫോടകശക്തിയുണ്ടായിരുന്ന അണുബോംബുകള്‍ പൊട്ടിയപ്പോഴത്തെ സ്ഥിതി ഇതായിരിയ്‌ക്കെ, അവയുടെ മൂവായിരം ഇരട്ടി ശക്തിയുള്ള ഹൈഡ്രജന്‍ ബോംബു പൊട്ടുമ്പോഴുണ്ടാകാനിടയുള്ള ആണവമേഘങ്ങള്‍ പരന്നുണ്ടായേയ്ക്കാവുന്ന കുഴപ്പങ്ങളെപ്പറ്റിയുള്ള ഭയമായിരുന്നു, സാര്‍ ബോംബയുടെ ശക്തി പകുതിയായി വെട്ടിക്കുറച്ചതിന്റെ ഒരു മുഖ്യകാരണം.

രണ്ടാമത്തെ കാരണം കൂടി പറയാം. 27000 കിലോ ഭാരമുള്ള സാര്‍ ബോംബയെ ഒരു വിമാനത്തില്‍ കയറ്റിക്കൊണ്ടുപോകുകയും, നൊവായ സെം ല്യയില്‍, മിത്യുഷിഖ ബേ ടെസ്റ്റ് റേഞ്ചിന്റെ മുകളില്‍, നാലായിരം മീറ്ററുയരത്തില്‍ വച്ചു പൊട്ടാന്‍ പാകത്തിന് ബോംബ് താഴേയ്ക്കിടുകയും ചെയ്യാനായിരുന്നു പ്ലാന്‍. വിമാനത്തിന്, ബോംബു പൊട്ടുന്നതിനു മുമ്പ്, സുരക്ഷിതമായ അകലത്തേയ്ക്കു പറന്നകലേണ്ടതുണ്ടായിരുന്നു. അമ്പതു ടണ്ണായി ശക്തികുറച്ച സാര്‍ ബോംബ ഒടുവില്‍ പൊട്ടിയപ്പോള്‍ വിമാനത്തിനു രക്ഷപ്പെടാനായി വെറും മൂന്നു മിനിറ്റ് എട്ടു സെക്കന്റു മാത്രമേ കിട്ടിയുള്ളു. കഷ്ടി രക്ഷപ്പെട്ടു എന്നു മാത്രം. സാര്‍ ബോംബയുടെ ശക്തി നൂറു മെഗാടണ്ണില്‍ത്തന്നെ നിലനിര്‍ത്തിയിരുന്നെങ്കില്‍ വിമാനത്തിന്റെ ഈ രക്ഷപ്പെടല്‍ അസാദ്ധ്യമാകുമായിരുന്നു. ബോംബു പൊട്ടിയ ഉടനെയുണ്ടാകുമായിരുന്ന, കിലോമീറ്ററുകളോളം നീളുമായിരുന്ന അഗ്‌നിഗോളം വിമാനത്തെ അനായാസം വിഴുങ്ങിയേനേ, പൈലറ്റും കൂട്ടരും ആവിയായിപ്പോകുകയും ചെയ്‌തേനെ.

27 ടണ്‍ ഭാരമുണ്ടായിരുന്ന സാര്‍ ബോംബയെ വഹിച്ചത് ട്യുപ്പൊലീവ് 95 എന്നൊരു ബോംബര്‍ വിമാനമായിരുന്നു. അക്കാലത്ത് റഷ്യക്കാരുടെ പക്കലുണ്ടായിരുന്ന ഏറ്റവും വലിയ ബോംബര്‍ വിമാനമായിരുന്നു അതെങ്കിലും, ആ വിമാനത്തോളം തന്നെ ഭാരമുണ്ടായിരുന്ന സാര്‍ ബോംബ വിമാനത്തിനുള്ളിലെ ബോംബു വയ്ക്കാനുള്ള അറയ്ക്കുള്ളിലേയ്ക്ക് എളുപ്പത്തില്‍ കടന്നുപോയില്ല. അറയുടെ വാതിലുകള്‍ പൊളിച്ചുനീക്കിയ ശേഷമേ, സാര്‍ ബോംബ അറയ്ക്കകത്തേയ്ക്കു കടന്നുള്ളു.

unnamed (1)

ചിത്രം രണ്ട്: നൊവായ സെം ല്യ, സാര്‍ ബോംബ പൊട്ടിച്ച ദ്വീപസമൂഹം

1961 ഒക്ടോബര്‍ മുപ്പതിന് സാര്‍ ബോംബ പൊട്ടിച്ചു. സ്ഥലം, നൊവായ സെം ല്യയിലെ മിത്യുഷിഖ ബേ ടെസ്റ്റ് റേയ്ഞ്ച്. റഷ്യയുടെ വടക്കുപടിഞ്ഞാറന്‍ മൂലയ്ക്കുള്ള, 90650 ചതുരശ്ര കിലോമീറ്റര്‍ വിസ്താരമുള്ള ഒരു ദ്വീപാണു നൊവായ സെം ല്യ. ദ്വീപിനു കുറുകെയുള്ള വീതി കുറഞ്ഞൊരു കടലിടുക്ക് നൊവായ സെം ല്യയെ തെക്കും വടക്കുമായി വിഭജിയ്ക്കുന്നു. മറ്റോച്കിന്‍ എന്ന പേരിലറിയപ്പെടുന്ന ഈ കടലിടുക്കിനോടു ചേര്‍ന്നുള്ള മിത്യുഷിഖ ബേ ടെസ്റ്റ് റേഞ്ചിന്റെ മുകളിലാണ് സാര്‍ ബോംബ പൊട്ടിയത്. നൊവായ സെം ല്യയ്ക്ക് നമ്മുടെ പശ്ചിമബംഗാളിനേക്കാളേറെ വലിപ്പമുണ്ടെങ്കിലും, അവിടുത്തെ ഇപ്പോഴത്തെ ജനസംഖ്യ 2429 മാത്രം. പശ്ചിമബംഗാളിലാകട്ടെ, ഒമ്പതു കോടിയും. 1961ല്‍, സാര്‍ ബോംബ പൊട്ടിയ്ക്കുന്നതിനു മുമ്പ് നൊവായ സെം ല്യയിലെ മുഴുവന്‍ ജനതയേയും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ടായിരുന്നു.

ഫ്യൂഷന്‍ ബോംബിന്റെ പ്രവര്‍ത്തനതത്വം ലഘുവായി ഇവിടെ വിവരിയ്ക്കാം. ഫ്യൂഷന്‍ ബോംബില്‍ ഫിഷനും ഫ്യൂഷനും നടക്കുന്നുണ്ട്. ആകെ മൂന്നു സ്റ്റേജുകള്‍. ആദ്യം ഫിഷന്‍. ഉടന്‍ ഫ്യൂഷന്‍. വീണ്ടും ഫിഷന്‍. ഫിഷനെന്നാല്‍ അണുക്കളുടെ പിളരല്‍. പിളരുന്ന അണു യുറേനിയത്തിന്റേതാകാം, പ്ലൂട്ടോണിയത്തിന്റേതുമാകാം. ഫ്യൂഷനെന്നാല്‍ അണുക്കള്‍ തമ്മിലുള്ള സംയോജനം; മുഖ്യമായും ഹൈഡ്രജന്റെ അവതാരങ്ങളായ ഡ്യൂറ്റീരിയവും ട്രിറ്റിയവും തമ്മിലുള്ളത്. ഫ്യൂഷന്‍ ബോംബില്‍ ആദ്യം യുറേനിയം അണുവിന്റെ പിളരല്‍ നടക്കുന്നു. അതില്‍ നിന്നുണ്ടാകുന്ന ഉയര്‍ന്ന താപം ഹൈഡ്രജന്റെ ഐസോട്ടോപ്പുകള്‍ തമ്മിലുള്ള സംയോജനത്തിനിടയാക്കുന്നു. ഫ്യൂഷനില്‍ നിന്നുള്ള അത്യോര്‍ജ്ജ ന്യൂട്രോണുകള്‍ യുറേനിയത്തില്‍ പതിച്ച് അതിവേഗഫിഷന്‍ നടക്കുന്നു. ഈ കലാശക്കൊട്ട് അത്യുഗ്രമായ സ്‌ഫോടനത്തില്‍ച്ചെന്നവസാനിക്കുന്നു.

ഒരു ഹൈഡ്രജന്‍ ബോംബില്‍ ഈ മൂന്നു സ്റ്റേജുകളും ഓരോന്നു വീതമാണുണ്ടാകുകയെങ്കിലും, സാര്‍ ബോംബയില്‍ മൂന്നാമത്തെ സ്റ്റേജ് ഒന്നിലേറെയുണ്ടായിരുന്നുവത്രെ. മൂന്നാം സ്റ്റേജിന്റെ എണ്ണം വര്‍ദ്ധിപ്പിച്ചുകൊണ്ട് അവര്‍ സാര്‍ ബോംബയ്ക്ക് 100 മെഗാടണ്‍ ശക്തിയുണ്ടാക്കിക്കൊടുത്തിരുന്നു. എങ്കിലും ബോംബു പൊട്ടിയ്ക്കുന്നതിനു മുമ്പ് അതിന്റെ ശക്തി നേര്‍പകുതിയാക്കിക്കുറച്ചിരുന്നെന്നു മുകളില്‍ സൂചിപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. ഈ കുറയ്ക്കല്‍ സാദ്ധ്യമാക്കിയത് മൂന്നാം സ്റ്റേജിലുണ്ടായിരുന്ന യുറേനിയം ഷീറ്റുകളില്‍ച്ചിലതു നീക്കം ചെയ്ത്, അവയ്ക്കു പകരമായി ഈയത്തിന്റെ ഷീറ്റുകള്‍ വച്ചുകൊണ്ടാണ്.

1961 ഒക്ടോബര്‍ മുപ്പതാം തീയതി രാവിലെ പതിനൊന്നരയോടെ, മേജര്‍ ആന്ദ്രെ ഇ ഡര്‍നോവ്ത്‌സേവ് പറപ്പിച്ച ട്യുപ്പൊലീവ് 95 എന്ന ബോംബര്‍ വിമാനത്തില്‍ നിന്ന്, പത്തരക്കിലോമീറ്റര്‍ ഉയരത്തില്‍ വച്ച്, ഒരു പാരച്യൂട്ടും ചൂടിക്കൊണ്ട് സാര്‍ ബോംബ പുറത്തു ചാടി. 188 സെക്കന്റുകൊണ്ട് 4000 മീറ്റര്‍ ഉയരത്തിലേയ്ക്കു താഴ്ന്ന്, 11:32ന് അതു പൊട്ടി. ഇതിനകം ഡര്‍നോവ്ത്‌സേവിന്റെ വിമാനം നാല്പത്തഞ്ചു കിലോമീറ്റര്‍ അകലേയ്ക്കു രക്ഷപ്പെട്ടു കഴിഞ്ഞിരുന്നു. നാലു കിലോമീറ്റര്‍ ഉയരത്തില്‍ വച്ചു ബോംബു പൊട്ടിയ ഉടന്‍ എട്ടു കിലോമീറ്റര്‍ വിസ്താരമുള്ളൊരു അഗ്‌നിഗോളം രൂപമെടുത്തു. ആ അഗ്‌നിഗോളം നിലത്തു സ്പര്‍ശിച്ച ശേഷം പത്തുകിലോമീറ്റര്‍ ഉയര്‍ന്നു. അഗ്‌നിഗോളത്തില്‍ നിന്നുണ്ടായ, കൂണിന്റെ ആകൃതിയിലുള്ള മേഘം 64 കിലോമീറ്റര്‍ ഉയര്‍ന്നു. ഇത് എവറസ്റ്റ് കൊടുമുടിയുടെ ഉയരത്തിന്റെ ഏഴിരട്ടിയായിരുന്നു. ഈ മേഘത്തിന്റെ ശിരസ്സിന് 95 കിലോമീറ്ററും, പാദത്തിന് 40 കിലോമീറ്ററും വീതിയുണ്ടായിരുന്നു.

Advertisement

സാര്‍ ബോംബ പൊട്ടിയപ്പോഴുണ്ടായ മിന്നല്‍ ആയിരം കിലോമീറ്റര്‍ അകലെ നിന്നു പോലും കാണാമായിരുന്നു. ഭൂനിരപ്പില്‍ നിന്ന് നാലു കിലോമീറ്റര്‍ ഉയരത്തില്‍ വച്ചാണു സാര്‍ ബോംബ പൊട്ടിയതെങ്കിലും, സ്‌ഫോടനം ഭൂതലത്തില്‍ ആഘാതമുണ്ടാക്കി. ഈ ആഘാതം റിക്റ്റര്‍ സ്‌കെയിലില്‍ അഞ്ചോളം ശക്തിയുള്ള ഭൂകമ്പത്തിനു തുല്യമായിരുന്നു. ബോംബു പൊട്ടിയപ്പോഴുണ്ടായ മര്‍ദ്ദം ഭൂഗോളത്തെ മൂന്നു തവണ പ്രദക്ഷിണം വച്ചു. 900 കിലോമീറ്റര്‍ അകലെയുള്ള നോര്‍വ്വേയിലേയും ഫിന്‍ലന്റിലേയും പോലും ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു.

സാര്‍ ബോംബ പൊട്ടിയപ്പോള്‍ അമ്പതു മുതല്‍ അമ്പത്തെട്ടു മെഗാടണ്‍ വരെ ടി എന്‍ ടിയ്ക്കു തുല്യമായ സ്‌ഫോടനശക്തി ഉത്പാദിപ്പിച്ചെന്നു മുകളില്‍ സൂചിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധത്തില്‍ പ്രയോഗിയ്ക്കപ്പെട്ട എല്ലാ സ്‌ഫോടകവസ്തുക്കളുടേയും സംയോജിത സ്‌ഫോടകശക്തിയുടെ പത്തിരട്ടിയോളമായിരുന്നു, ഇതെന്നും കണക്കാക്കപ്പെട്ടിരിയ്ക്കുന്നു. 1883ല്‍ ഇന്‍ഡൊനേഷ്യയിലെ ക്രാക്കറ്റോവ എന്ന അഗ്‌നിപര്‍വതം പൊട്ടിയപ്പോള്‍ ഉത്പാദിപ്പിയ്ക്കപ്പെട്ട സ്‌ഫോടനശക്തിയുടെ നാലിലൊന്നോളമായിരുന്നു, സാര്‍ ബോംബയുടേത്. ആധുനികലോകത്തു മുഴങ്ങിക്കേട്ട ഏറ്റവും ശക്തമായ ശബ്ദം ക്രാക്കറ്റോവ അഗ്‌നിപര്‍വതം പൊട്ടിയതായിരുന്നെന്നാണു പൊതുവിലുള്ള വിശ്വാസം. രണ്ടാമത്തെ ഏറ്റവും വലിയ ശബ്ദം സാര്‍ ബോംബയുടേതായിരുന്നിരിയ്ക്കണം. ശബ്ദത്തില്‍ സാര്‍ ബോംബ ക്രാക്കറ്റോവയുടെ അടുത്തു വന്നിരുന്നെങ്കിലും, ക്രാക്കറ്റോവയുടേയും സാര്‍ ബോംബയുടേയും സ്‌ഫോടനങ്ങള്‍ തമ്മില്‍ സന്തോഷം പകരുന്നൊരു വ്യത്യാസമുണ്ടായിരുന്നു: ക്രാക്കറ്റോവ പൊട്ടിയപ്പോള്‍ മുപ്പത്താറായിരത്തിലേറെ മരണമുണ്ടായി. സാര്‍ ബോംബ പൊട്ടിയപ്പോള്‍ ഒരു മരണം പോലുമുണ്ടായില്ല.

ബോംബുകളുടെ ശക്തിയളക്കുന്നതു ടി എന്‍ ടിയിലാണ്. ബോംബുകളുടെ ലക്ഷ്യം തന്നെ മനുഷ്യരെക്കൊല്ലലായതുകൊണ്ട് അവയുടെ ശക്തിയളക്കേണ്ടത് അവയ്ക്കു കൊല്ലാന്‍ കഴിയുന്ന മനുഷ്യരുടെ എണ്ണം കൊണ്ടാണ്. എങ്കില്‍ മാത്രമേ ഈ ആണവായുധങ്ങള്‍ മനുഷ്യവര്‍ഗ്ഗത്തിന് എത്രത്തോളം വിനാശകാരികളാണെന്ന ചിത്രം നമുക്കു കിട്ടുകയുള്ളു. ചെറിയൊരു കണക്കിലൂടെ നമുക്ക് സാര്‍ ബോംബയുടെ മാരകശക്തി കണക്കാക്കാം.

ഹിരോഷിമയില്‍ വീണ ‘ലിറ്റില്‍ ബോയ്’ എന്ന അണുബോംബിന്റെ സ്‌ഫോടനമുത്പാദിപ്പിച്ചത് 15 കിലോടണ്‍ ടി എന്‍ ടിയ്ക്കു തുല്യമായ ശക്തിയായിരുന്നു. നാഗസാക്കിയില്‍ ‘ഫാറ്റ് മാന്‍’ ഉത്പാദിപ്പിച്ചത് 21 കിലോടണ്ണും. രണ്ടു ബോംബുകളും കൂടി ആകെ 36 കിലോടണ്‍ സ്‌ഫോടനശക്തി ഉത്പാദിപ്പിച്ചു. ഇവ രണ്ടും ആകെ രണ്ടു ലക്ഷം പേരുടെ മരണത്തിനിടയാക്കി. 36 കിലോടണ്‍ ശക്തിയുള്ള സ്‌ഫോടനം രണ്ടു ലക്ഷം പേരെ തുടച്ചു നീക്കിയെങ്കില്‍, അതേ തോതില്‍, 50 മെഗാടണ്‍ ശക്തിയുള്ള ബോംബിന് എത്ര പേരെ കൊല്ലാനാകും?

ഒരു മെഗാടണ്ണെന്നാല്‍ 1000 കിലോടണ്‍. അമ്പതു മെഗാടണ്‍ = 50000 കിലോടണ്‍. 36 കിലോടണ്ണിന് 200000 പേരെ വകവരുത്താനാകുമെങ്കില്‍ 50000 കിലോടണ്ണിന് എത്ര പേരെ വകവരുത്താനാകും? ക്രൂരമായ കണക്കാണിത്. പക്ഷേ, നമുക്കീക്കണക്കു ചെയ്തു നോക്കാതെ നിവൃത്തിയില്ല. ഉത്തരമിതാണ്: 200000 X 50000 ÷ 36 = 277777777. ആകെ 28 കോടി മനുഷ്യരെ.

ചൈനയേയും ഇന്ത്യയേയും അമേരിക്കയേയും മാറ്റിനിര്‍ത്തിയാല്‍, ശേഷിയ്ക്കുന്ന 243 രാഷ്ട്രങ്ങളിലെ ഏതില്‍ നിന്നും മനുഷ്യവര്‍ഗ്ഗത്തെ തുടച്ചുനീക്കാന്‍ സാര്‍ ബോംബയെപ്പോലൊരെണ്ണം മാത്രം മതി. അമേരിക്കയിലാണതു പൊട്ടുന്നതെങ്കില്‍ ജനതയുടെ 14 ശതമാനം മാത്രം അവശേഷിയ്ക്കും. ഭസ്മാസുരനു സംഭവിച്ചതുപോലെ, സാര്‍ ബോംബ റഷ്യയില്‍ വച്ചുതന്നെ പൊട്ടിയിരുന്നെന്നു കരുതുക: പതിനഞ്ചുകോടിയില്‍ത്താഴെ മാത്രം ജനസംഖ്യയുള്ള റഷ്യയിലെ മനുഷ്യവര്‍ഗ്ഗം മുഴുവനും ഭസ്മമായേനെ.

താത്വികമായിപ്പറഞ്ഞെന്നേയുള്ളു. സാര്‍ ബോംബയെപ്പോലെ വിനാശകാരിയായ ഒരു ബോംബിന്റെ പോലും നാശനഷ്ടങ്ങള്‍ അഞ്ഞൂറോ അറുനൂറോ കിലോമീറ്ററിനുള്ളില്‍ മാത്രമേ ഉണ്ടാകുകയുള്ളു. ഒന്നേമുക്കാല്‍ക്കോടി ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള റഷ്യയിലെ മുഴുവന്‍ ജനസംഖ്യയും ഒരൊറ്റ ബോംബുകൊണ്ട് മരണമടയുകയില്ല, തീര്‍ച്ച. ഏകദേശം ഒരു കോടി ചതുരശ്രകിലോമീറ്ററോളം വലിപ്പമുള്ള ചൈനയുടേയും അമേരിക്കയുടേയും സ്ഥിതിയും അങ്ങനെ തന്നെ. 33 ലക്ഷം ചതുരശ്രകിലോമീറ്റര്‍ വലിപ്പമുള്ള ഇന്ത്യയേയും ഒരു സാര്‍ ബോംബ കൊണ്ടു നശിപ്പിയ്ക്കാനാവില്ല.

Advertisement

ആശ്വസിയ്ക്കാന്‍ വരട്ടെ. ഒരാണവയുദ്ധമുണ്ടാകുന്നെന്നും, ആണവായുധങ്ങള്‍ ഏതെല്ലാം രാജ്യങ്ങളുടെ പക്കലുണ്ടോ അവരെല്ലാം അവയെല്ലാമെടുത്ത് തലങ്ങും വിലങ്ങും പ്രയോഗിയ്ക്കുന്നെന്നും കരുതുക. എങ്കിലെന്തായിരിയ്ക്കാം സംഭവിയ്ക്കുക?

ഇന്നു ലോകത്ത് ഉപയോഗിയ്ക്കാന്‍ തയ്യാറായ നിലയിലുള്ള 10144 ന്യൂക്ലിയര്‍ ബോംബുകളുണ്ട് എന്നാണു കണക്ക്. ഇവയില്‍ ഭൂരിഭാഗവും അഞ്ചും ആറും മെഗാടണ്‍ വീതം ശക്തിയുള്ളവയാണ്. ചിലതിന് പത്തും ഇരുപതും മെഗാടണ്‍ ശക്തിയുണ്ട്. എങ്കിലും കണക്കു ചെയ്യാനുള്ള എളുപ്പത്തിനു വേണ്ടി, ഇവയെല്ലാം ഓരോ മെഗാടണ്‍ വീതം മാത്രം ശക്തിയുള്ളതാണെന്നു കരുതുക. അങ്ങനെയെങ്കില്‍ ഇന്നുള്ള അണ്വായുധശേഖരത്തിന്റെ ആകെ ശക്തി 10144 മെഗാടണ്‍. 36 കിലോടണ്‍ കൊണ്ട് രണ്ടുലക്ഷം പേര്‍ മരണമടഞ്ഞെങ്കില്‍, 10144 മെഗാടണ്‍ കൊണ്ട് ആകെ എത്ര പേര്‍ മരണമടയും?

ഉത്തരം 5635 കോടി ജനം! ഭൂമിയിലിപ്പോഴാകെയുള്ള ജനം 700 കോടി മാത്രം. ഭൂമുഖത്തു നിന്ന് മനുഷ്യവര്‍ഗ്ഗത്തെ എട്ടു തവണ തുടച്ചുനീക്കാന്‍ മതിയായതാണ് ഇന്നുള്ള ആണവായുധശേഖരം. ലോകത്തുള്ള ജീവികളില്‍ ഏറ്റവുമധികം ബുദ്ധിയുള്ളത് മനുഷ്യര്‍ക്കാണെങ്കിലും, സ്വന്തം വംശനാശമാണ് ആണവായുധപ്രയോഗത്തിലൂടെ മനുഷ്യര്‍ വരുത്തിത്തീര്‍ക്കാന്‍ പോകുന്നതെന്ന് അവരോര്‍ക്കാത്തതാണതിശയം. ബുദ്ധി ആവശ്യത്തിലേറെയുണ്ട്, വിവേകം ആവശ്യത്തിനില്ല എന്നര്‍ത്ഥം.

ആണവായുധങ്ങള്‍ നമ്മെ ഭൂമുഖത്തു നിന്നു തുടച്ചുനീക്കും മുമ്പ്, നമുക്ക് ആണവായുധങ്ങളെ തുടച്ചുനീക്കണം എന്നാഗ്രഹിയ്ക്കുന്ന, വിവേകമുള്ള കുറച്ചു മനുഷ്യരും, ഭാഗ്യത്തിന്, നമ്മുടെ കൂട്ടത്തിലുണ്ട്. ആണവായുധങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന്റെ ആദ്യപടിയായി അവയുടെ എണ്ണം കുറയ്ക്കാനുള്ള കരാറുകളില്‍ മുഖ്യ ആണവശക്തികള്‍ ഒപ്പുവയ്ക്കുകയും, ഇതനുസരിച്ച്, 1985ല്‍ 68000ത്തോളമെത്തിയിരുന്ന ആണവായുധശേഖരം 10144 ആയി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഈ വിവേകം രാജ്യങ്ങള്‍ക്കുദിച്ചത് സാര്‍ ബോംബ പൊട്ടിയപ്പോഴായിരുന്നെന്നും പറഞ്ഞേ തീരൂ.

ഈ ലേഖനപരമ്പരയുടെ അടുത്ത ഭാഗം ആണവനിരായുധീകരണത്തെപ്പറ്റിയുള്ളതായിരിയ്ക്കും.

(തുടരും)

 

Advertisement

 18 total views,  2 views today

Advertisement
Entertainment12 hours ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment13 hours ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education2 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment2 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment5 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized5 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment7 days ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement