മനുഷ്യക്കുരുതിയ്ക്കായി മനുഷ്യരുണ്ടാക്കിയ ആണവായുധങ്ങള്‍ ഭാഗം 5 (ലേഖനം)

  230

  Hiroshima-620x350

  ഹിരോഷിമയില്‍ ‘ലിറ്റില്‍ ബോയ്’ എന്ന അണുബോംബിട്ടത് ‘എനോല ഗേയ്’ എന്ന ബോംബര്‍ വിമാനമായിരുന്നു. മുപ്പതിനായിരം അടി ഉയരത്തില്‍ പറന്നുകൊണ്ടായിരുന്നു, എനോല ഗേയ് ഹിരോഷിമയുടെ മുകളില്‍ വച്ചു ലിറ്റില്‍ ബോയിയെ പുറത്തേയ്ക്കു തള്ളിയിട്ടത്.

  തങ്ങള്‍ തന്നെ തള്ളിയിട്ട ബോംബു പൊട്ടുന്നതിനു മുമ്പു രക്ഷപ്പെടാന്‍ വെറും നാല്പത്തിമൂന്നു സെക്കന്റു മാത്രമാണ് എനോല ഗേയ്ക്കു കിട്ടിയത്. നാല്പത്തിമൂന്നു സെക്കന്റു കൊണ്ടു പതിനൊന്നര മൈല്‍ അകലേയ്ക്കു പറന്നു രക്ഷപ്പെടാനായെങ്കിലും, ബോംബു പൊട്ടിയപ്പോഴുണ്ടായ വായൂമര്‍ദ്ദത്തിര വിമാനത്തില്‍ ആഘാതമുണ്ടാക്കി. ഏതാനും നിമിഷങ്ങള്‍ക്കു ശേഷം രണ്ടാമതൊരു തിര കൂടി വിമാനത്തെ കടന്നുപോയി. വിമാനം രണ്ടു തിരകളുടേയും ആഘാതത്തില്‍ നിന്നു കഷ്ടിച്ചു രക്ഷപ്പെട്ടു എന്നേ പറയാവൂ.

  നാഗസാക്കിയില്‍ ‘ഫാറ്റ് മാന്‍’ എന്ന അണുബോംബിട്ട ‘ബോക്ള്‍സ്‌കാര്‍’ എന്ന ബോംബര്‍ വിമാനത്തിന്റെ സ്ഥിതി എനോല ഗേയുടേതിനേക്കാള്‍ സന്ദിഗ്ദ്ധമായിരുന്നു. സമീപത്തുള്ള മറ്റൊരു നഗരത്തില്‍ തലേന്നു നടന്നിരുന്ന ബോംബാക്രമണത്തിന്റെ പുകപടലം നാഗസാക്കിയ്ക്കു മുകളില്‍ പരന്നിരുന്നതുമൂലം ബോക്ള്‍സ്‌കാറിനു നാഗസാക്കി നഗരം വ്യക്തമായി കാണാനായിരുന്നില്ല. ഇതിനിടയില്‍ ജപ്പാന്റെ വിമാനവേധത്തോക്കുകള്‍ ഗര്‍ജ്ജിയ്ക്കാനും തുടങ്ങിയിരുന്നു. മുപ്പതിനായിരം അടി ഉയരത്തില്‍, അപകടകരമായ സാഹചര്യത്തില്‍ ഏറെ നേരം ചുറ്റിക്കറങ്ങിയ ശേഷമാണ് ബോക്ള്‍സ്‌കാറിനു നാഗസാക്കി നഗരം പുകപടലത്തിനിടയിലൂടെ, ചെറുതായി ദൃശ്യമായത്. എനോല ഗേയെപ്പോലെ, ബോക്ള്‍സ്‌കാറിനും ബോംബു പുറത്തേയ്ക്കു തള്ളിയിട്ട ശേഷം നാല്പത്തിമൂന്നു സെക്കന്റു മാത്രമാണു പറന്നു രക്ഷപ്പെടാനായി ലഭിച്ചത്. ഫാറ്റ് മാനിന്റെ ആഘാതത്തില്‍ നിന്നു രക്ഷപ്പെട്ട്, ഒക്കിനാവയിലെ യോന്റാന്‍ എയര്‍ഫീല്‍ഡിലിറങ്ങിയപ്പോള്‍ ബോക്ള്‍സ്‌കാറില്‍ അഞ്ചു മിനിറ്റു നേരത്തേയ്ക്കുള്ള ഇന്ധനം മാത്രമേ അവശേഷിച്ചിരുന്നുള്ളു.

  രണ്ടാം ലോകമഹായുദ്ധകാലത്ത് ബോംബര്‍ വിമാനങ്ങളെ വെടിവച്ചുവീഴ്ത്താന്‍ വേണ്ടി ഉപയോഗിച്ചിരുന്ന തോക്കുകള്‍ക്ക് ചെറുതല്ലാത്ത വിജയം സിദ്ധിച്ചിരുന്നു. സാങ്കേതികപുരോഗതിയിലൂടെ തോക്കുകളുടെ ശക്തി ക്രമേണ വര്‍ദ്ധിച്ചുകൊണ്ടിരുന്നു. അണുബോംബുകള്‍ വഹിയ്ക്കുന്ന ബോംബര്‍ വിമാനങ്ങളുടെ മുപ്പതിനായിരമടിയെന്ന ഉയരം പല വിമാനവേധത്തോക്കുകളുടേയും കൈയ്യെത്തും ദൂരത്തായിരുന്നു. വിമാനവേധത്തോക്കുകളുടേതിനേക്കാള്‍ അപകടകാരിയായിരുന്നു ഫൈറ്റര്‍ വിമാനങ്ങളുടെ ആക്രമണം. ഇവയ്ക്കു പുറമെ, വിമാനങ്ങള്‍ക്കെതിരെ പ്രയോഗിയ്ക്കുന്ന മിസ്സൈലുകളും രണ്ടാം ലോകമഹായുദ്ധം അവസാനിയ്ക്കുന്നതിനു മുമ്പു തന്നെ ജന്മമെടുത്തുകഴിഞ്ഞിരുന്നു. നാലു ലക്ഷത്തിലേറെ വിമാനങ്ങളാണു രണ്ടാം ലോകമഹായുദ്ധത്തില്‍ നശിപ്പിയ്ക്കപ്പെട്ടത്. അണുബോംബുകളിടാന്‍ ബോംബര്‍ വിമാനങ്ങളുപയോഗിയ്ക്കുന്നത് സുരക്ഷിതമായ മാര്‍ഗ്ഗമല്ലെന്ന് അക്കാലത്തു തന്നെ വ്യക്തമായിരുന്നു.

  പത്തരക്കിലോമീറ്റര്‍ ഉയരത്തില്‍ വച്ചാണ്, ഇരുപത്തേഴു ടണ്‍ ഭാരമുണ്ടായിരുന്ന സാര്‍ ബോംബയെ ട്യുപ്പൊലീവ് 95 എന്ന സോവിയറ്റു വിമാനത്തില്‍ നിന്നു പുറത്തേയ്ക്കിട്ടതെന്നു മുന്‍ അദ്ധ്യായത്തില്‍ പറഞ്ഞിട്ടുണ്ട്. ഒരു പാരച്യൂട്ടും ചൂടിക്കൊണ്ടായിരുന്നു സാര്‍ ബോംബ പുറത്തു ചാടിയത്. ബോംബു നാലായിരം മീറ്റര്‍ ഉയരത്തിലേയ്ക്കു താഴ്ന്നപ്പോള്‍ സ്‌ഫോടനം നടന്നു. പത്തരക്കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന്, ബോംബു പൊട്ടാന്‍ വേണ്ടി പ്രോഗ്രാം ചെയ്തുവച്ചിരുന്ന നാലായിരം മീറ്റര്‍ ഉയരത്തിലേയ്ക്കുള്ള ബോംബിന്റെ താഴല്‍ കഴിയുന്നതും സാവധാനത്തിലാക്കാന്‍ വേണ്ടിയാണു പാരച്യൂട്ട് ഉപയോഗിച്ചിരുന്നത്. പാരച്യൂട്ടില്‍ത്തൂങ്ങി ബോംബു മെല്ലെത്താഴുന്നതിനിടയില്‍ വിമാനത്തിനു പറന്നു രക്ഷപ്പെടാനാകണം; അതായിരുന്നു, ഉദ്ദേശം. ശക്തിയായ കാറ്റു വീശുന്നുണ്ടെങ്കില്‍, പാരച്യൂട്ടു ചൂടിയ ബോംബു കാറ്റില്‍പ്പെട്ട്, ലക്ഷ്യസ്ഥാനത്തു നിന്നു വളരെയകന്നായിരിയ്ക്കും പൊട്ടുന്നത്.

  വിമാനത്തില്‍ ബോംബു കൊണ്ടുപോയി ഇടുന്ന രീതിയ്ക്ക് ദൂരവും വലിയൊരു പ്രശ്‌നമായിരുന്നു. ഹിരോഷിമയില്‍ പ്രയോഗിച്ച ലിറ്റില്‍ ബോയ് അമേരിക്കയിലെ ന്യൂ മെക്‌സിക്കോ എന്ന സംസ്ഥാനത്തുള്ള ലോസ് ആലമോസ് ലാബറട്ടറിയിലാണു നിര്‍മ്മിയ്ക്കപ്പെട്ടത്. അവിടെത്തന്നെ നാഗസാക്കിയില്‍ പ്രയോഗിച്ച ഫാറ്റ് മാനും നിര്‍മ്മിയ്ക്കപ്പെട്ടു. ലോസ് ആലമോസില്‍ നിന്നു ഹിരോഷിമയിലേയ്ക്കു പതിനായിരം കിലോമീറ്റര്‍ ദൂരമുണ്ട്. നാഗസാക്കിയിലേയ്ക്കുള്ള അകലവും അത്ര തന്നെ. ഇത്രവലിയ ദൂരം അണുബോംബുകളേയും കൊണ്ടു വിമാനത്തില്‍ യാത്രചെയ്യുന്നത് അപകടകരമാണ്. അക്കാലത്ത് ആണവായുധപ്രയോഗത്തെ നിരുത്സാഹപ്പെടുത്തിയിരുന്ന ഒരു മുഖ്യഘടകം ദൂരമായിരുന്നു.

  ചുരുക്കത്തില്‍ വിമാനത്തില്‍ നിന്ന് അണുബോംബു തള്ളിയിടുന്ന രീതിയ്ക്ക് ദൂഷ്യങ്ങളേറെയായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ നാലു ലക്ഷത്തിലേറെ വിമാനങ്ങള്‍ നശിപ്പിയ്ക്കപ്പെട്ടുവെന്നു പറഞ്ഞുവല്ലോ. സോവിയറ്റു യൂണിയന്റേതു മാത്രമായി ഒന്നര ലക്ഷത്തോളം വിമാനങ്ങള്‍ നശിപ്പിയ്ക്കപ്പെട്ടു. ഏറ്റവുമധികം വിമാനങ്ങള്‍ നഷ്ടമായതും സോവിയറ്റു യൂണിയനു തന്നെ. അതുകൊണ്ട്, അമേരിക്കയും സോവിയറ്റു യൂണിയനും തമ്മിലുള്ള ശീതയുദ്ധം തുടങ്ങിയ കാലത്ത്, സോവിയറ്റു യൂണിയന്റെ പക്കല്‍ വിമാനങ്ങള്‍ വളരെക്കുറവായിരുന്നു. ആക്രമിയ്ക്കാന്‍ വരുന്ന ശത്രുവിമാനങ്ങളെ പ്രതിരോധിയ്ക്കാമെന്നല്ലാതെ, വിമാനങ്ങളയച്ച് ശത്രുരാജ്യങ്ങളെ ആക്രമിയ്ക്കാവുന്നൊരു സ്ഥിതിയിലായിരുന്നില്ല, സോവിയറ്റു യൂണിയനന്ന്. അതുകൊണ്ടവര്‍ മിസ്സൈല്‍ നിര്‍മ്മാണത്തില്‍ ശ്രദ്ധയൂന്നി. ആ രംഗത്തു സോവിയറ്റു യൂണിയന്‍ ഗണ്യമായ നേട്ടങ്ങളുണ്ടാക്കുകയും ചെയ്തു. ശൂന്യാകാശത്തേയ്ക്ക് റോക്കറ്റുപയോഗിച്ച് ഉപഗ്രഹത്തെ ആദ്യം വിട്ടത് സോവിയറ്റ് യൂണിയനായിരുന്നു. റോക്കറ്റും മിസ്സൈലും വാസ്തവത്തില്‍ ഒന്നു തന്നെ. ഒരു പ്രത്യേക ലക്ഷ്യത്തിലേയ്ക്ക് ആയുധമെന്ന നിലയ്ക്കു തൊടുത്തു വിടപ്പെടുന്ന റോക്കറ്റാണു മിസ്സൈല്‍. അമേരിക്കയും വെറുതേയിരുന്നില്ല. മിസ്സൈല്‍ സാങ്കേതികവിദ്യ വളരെച്ചുരുങ്ങിയ കാലം കൊണ്ടു വികസിച്ചു.

  ഇത്തരുണത്തിലാണ് അണുബോംബുകളുടെ വാഹകരായി മിസ്സൈലുകള്‍ ഉപയോഗിയ്ക്കുന്ന രീതി ഉരുത്തിരിഞ്ഞുണ്ടായത്. മിസ്സൈലുകള്‍ക്കു ലക്ഷ്യസ്ഥാനത്തു തന്നെ ചെന്നു പതിയ്ക്കാനുള്ള സാങ്കേതികമികവുണ്ട്. വിമാനങ്ങള്‍ക്കു ദൂരം ഒരു പ്രതിബന്ധമാണെങ്കില്‍, ഇന്റര്‍ കോണ്ടിനെന്റല്‍ ബലിസ്റ്റിക് മിസ്സൈലുകളെന്ന ഭൂഖണ്ഡാന്തരമിസ്സൈലുകള്‍ക്കു ദൂരമൊരു പ്രശ്‌നമേയല്ല. ഭൂമിയില്‍ എവിടെ വേണമെങ്കിലും അണുബോംബു പതിപ്പിയ്ക്കാന്‍ അവയ്ക്കു കഴിയും. ഐ സി ബി എമ്മുകള്‍ ശൂന്യാകാശത്തേയ്ക്കാണ് ആദ്യം തന്നെ കടന്നു ചെല്ലുന്നത്. അവ ശൂന്യാകാശത്തിലൂടെ സഞ്ചരിച്ച്, വീണ്ടും ഭൌമാന്തരീക്ഷത്തിലേയ്ക്കു കടന്ന്, ലക്ഷ്യസ്ഥാനത്തു പതിയ്ക്കുന്നു. ഐ സി ബി എമ്മിന് ഒരു ബോംബര്‍ വിമാനത്തേക്കാള്‍ ഇരുപതു മടങ്ങു വേഗമുണ്ട്; ഒരു ഫൈറ്റര്‍ വിമാനത്തേക്കാള്‍ പത്തു മടങ്ങും. അതിവേഗമുള്ള ഐ സി ബി എമ്മിനെ പ്രതിരോധിയ്ക്കുക ദുഷ്‌കരമാണ്. അതു തൊടുത്തുവിടുക അനായാസവും. കരയില്‍ നിന്നു മാത്രമല്ല, കപ്പലില്‍ നിന്നും, മുങ്ങിക്കപ്പലില്‍ നിന്നുമൊക്കെ അവ തൊടുത്തു വിടാം; മുങ്ങിക്കപ്പലില്‍ നിന്നു തൊടുത്തുവിടാവുന്ന ഐ സി ബി എമ്മുകള്‍ക്ക് എസ് എല്‍ ബി എം എന്നു പറയുന്നു: സബ്മറീന്‍ ലോഞ്ച്ഡ് ബലിസ്റ്റിക് മിസ്സൈല്‍.

  ഫ്യൂഷന്‍ ബോംബുകളുടെ, അതായതു ഹൈഡ്രജന്‍ ബോംബുകളുടെ, ആവിര്‍ഭാവം ആണവായുധങ്ങളുടെ വലിപ്പവും ഭാരവും കുറയാനും, അതേസമയം തന്നെ ശക്തിയും കാര്യക്ഷമതയും ഉയരാനും ഇടയാക്കി. ചെറുമിസ്സൈലുകള്‍ക്കുപോലും വഹിയ്ക്കാവുന്ന വിധം ആണവായുധങ്ങളുടെ വലിപ്പവും ഭാ!രവും കുറഞ്ഞപ്പോള്‍ വിമാനങ്ങളില്‍ നിന്നു പോലും ആണവമിസ്സൈലുകള്‍ തൊടുത്തുവിടാമെന്നായി. കരയില്‍ നിന്നും ആകാശത്തുനിന്നും കടലില്‍ നിന്നും ആണവമിസ്സൈലുകള്‍ തൊടുത്തുവിടാറായതോടെ, ആണവായുധങ്ങള്‍ക്കു ഭസ്മമാക്കാനാകാത്തതായി ഒരിഞ്ചുപോലും ഭൂമിയിലില്ലെന്നുമായി. ഭൂഗര്‍ഭ അറകളിലേയ്ക്കിറങ്ങി ഒളിച്ചിരുന്നുകൊണ്ട് ആണവാക്രമണത്തില്‍ നിന്നു രക്ഷപ്പെടാമെന്ന വ്യാമോഹം പല രാജ്യങ്ങള്‍ക്കുമുണ്ടായിരുന്നു. ആ വ്യാമോഹം തകര്‍ക്കാന്‍ ഹൈഡ്രജന്‍ ബോംബിന്റെ ഉള്ളില്‍ കോബാള്‍ട്ടുകൂടി നിറച്ചാല്‍ മാത്രം മതിയെന്നു കണ്ടുപിടിയ്ക്കപ്പെട്ടു. ഫിഷന്‍ ബോംബും ഫ്യൂഷന്‍ ബോംബും പൊട്ടുമ്പോള്‍ ഭൂതലത്തില്‍ പരക്കുന്ന മാരകമായ ആണവവികിരണം ഏതാനും ആഴ്ചകള്‍ക്കോ മാസങ്ങള്‍ക്കോ ശേഷം അപകടകരമല്ലാത്തതായി മാറും. ഇതില്‍ നിന്നു വ്യത്യസ്തമാണു കോബാള്‍ട്ടിന്റെ പ്രഭാവം. കോബാള്‍ട്ടില്‍ നിന്നുള്ള വികിരണത്തിന്റെ ശക്തി കുറവായിരിയ്ക്കുമെങ്കിലും, അത് ഒരേ തോതില്‍ത്തന്നെ അഞ്ചുവര്‍ഷത്തോളം നീണ്ടുനില്‍ക്കും. അത്രയും കാലം ഭൂഗര്‍ഭ അറകളില്‍ ഒളിച്ചിരിയ്ക്കുക അസാദ്ധ്യം. മനുഷ്യജീവന്‍ തുടച്ചുനീക്കപ്പെടും എന്നര്‍ത്ഥം. കോബാള്‍ട്ട് ബോംബു വൃത്തികെട്ട ബോംബെന്നു വിശേഷിപ്പിയ്ക്കപ്പെട്ടത് അതുകൊണ്ടാണ്. കോബാള്‍ട്ട് ബോംബുണ്ടാക്കാനുള്ള സാങ്കേതികവിദ്യ പല രാജ്യങ്ങള്‍ക്കും വശമുണ്ടെങ്കിലും, മാനവരാശിയുടെ ഭാഗ്യത്തിന് ആരുമിതുവരെ അതുണ്ടാക്കിയിട്ടില്ല.

  സാര്‍ ബോംബയ്ക്ക് അമ്പതു മെഗാടണ്‍ സ്‌ഫോടകശക്തിയുണ്ടായിരുന്നു എന്നോര്‍ക്കുമല്ലോ. അതിന് ഇരുപത്തേഴു ടണ്‍ ഭാരവുമുണ്ടായിരുന്നു. ലിറ്റില്‍ ബോയിയും ഫാറ്റ് മാനും നടത്തിയ കൂട്ടക്കൊലയുടെ തോതു വച്ചു കണക്കാക്കിനോക്കിയാല്‍ സാര്‍ ബോംബയ്ക്ക് 28 കോടി മനുഷ്യരെ കൊല്ലാനുള്ള കഴിവുണ്ടായിരുന്നെന്നു മുന്‍ അദ്ധ്യായത്തില്‍ നാം കണക്കുകൂട്ടിയെടുത്തിരുന്നു. റഷ്യക്കാര്‍ രണ്ടാമതൊരു സാര്‍ ബോംബ ഉണ്ടാക്കിയില്ല. ഇതു നമുക്ക് ആശ്വാസം തരേണ്ടതാണ്. എന്നാല്‍ ആശ്വസിയ്ക്കാന്‍ വരട്ടെ. കാരണം, റഷ്യക്കാര്‍ നിരവധി മിസ്സൈലുകളുണ്ടാക്കി, അവയില്‍ ചെറിയ ഹൈഡ്രജന്‍ ബോംബുകള്‍ ഘടിപ്പിച്ചു. മിസ്സൈലുകള്‍ വഹിയ്ക്കുന്ന ഹൈഡ്രജന്‍ ബോംബുകള്‍ ചെറുതാണ്. ഒന്നോ രണ്ടോ മെഗാടണ്‍ സ്‌ഫോടകശക്തി മാത്രമാണവയ്ക്കുണ്ടാകുക. അവയ്ക്കു സാര്‍ ബോംബയേക്കാള്‍ ശക്തി കുറവാണെങ്കിലും, പതിനായിരം കിലോമീറ്ററകലെപ്പോലും മിനിറ്റുകള്‍ കൊണ്ടു പറന്നെത്തി, കൃത്യസ്ഥാനത്തു തന്നെ പതിയ്ക്കാന്‍ അവയ്ക്കാകും. ഈ കഴിവുകള്‍ ആണവമിസ്സൈലുകളെ വിനാശകാരികളാ!ക്കുന്നു.

  ലക്ഷ്യസ്ഥാനത്തു തന്നെ കൃത്യമായി പതിയ്ക്കാനുള്ള കഴിവുള്ളതോടൊപ്പം വിനാശകരമായ മറ്റൊരു കഴിവു കൂടി മിസ്സൈലുകള്‍ക്കുണ്ട്: ഒരേ സമയം ഒന്നിലേറെ ഹൈഡ്രജന്‍ ബോംബുകള്‍ വഹിയ്ക്കാനും, അവ പലയിടങ്ങളിലായി ഒരേ സമയം പതിപ്പിയ്ക്കാനും അവയ്ക്കു കഴിയും. ഒരൊറ്റ മിസ്സൈലില്‍ നിന്ന്, ഒരേ സമയം, പലയിടങ്ങളിലായി വീണു പൊട്ടുന്ന ഏതാനും ഹൈഡ്രജന്‍ ബോംബുകള്‍ക്ക് ഒരു മഹാനഗരത്തെയൊന്നാകെ നിമിഷനേരം കൊണ്ടു ചാമ്പലാക്കാന്‍ കഴിയും. സങ്കല്പിയ്ക്കാന്‍ പോലുമാകാത്ത നാശനഷ്ടങ്ങളാണ് ആണവമിസ്സൈലുകള്‍ വരുത്തിവയ്ക്കുക.

  പ്രവര്‍ത്തനസജ്ജമായ പതിനായിരത്തിലേറെ ആണവായുധങ്ങള്‍ ഇന്നു രാജ്യങ്ങളുടെ പക്കലുണ്ടെന്നും, മനുഷ്യരാശിയെ എട്ടു തവണ തുടച്ചുനീക്കാന്‍ ഈ ആണവായുധശേഖരം മതിയായതാണെന്നും കഴിഞ്ഞ അദ്ധ്യായത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇവയില്‍ ഭൂരിഭാഗത്തിന്റേയും വാഹകര്‍ മിസ്സൈലുകളായിരിയ്ക്കണം. മിസ്സൈലുകള്‍ തൊടുത്തുവിടുക അനായാസമാണ്; ബട്ടണുകളമര്‍ത്തുകയേ വേണ്ടൂ. ഭൂമുഖത്തുനിന്നു മനുഷ്യരാശി തുടച്ചുനീക്കപ്പെടാന്‍ ഏതാനും ബട്ടണുകളമര്‍ന്നാല്‍ മാത്രം മതി. രണ്ടു ലക്ഷത്തോളം കൊല്ലമായി ഭൂമിയില്‍ നിലനില്‍ക്കുന്ന ഹോമോ സാപ്പിയന്‍സ് എന്ന നമ്മുടെ മനുഷ്യവര്‍ഗ്ഗത്തിനു വംശനാശം സംഭവിയ്ക്കാന്‍ മിനിറ്റുകള്‍ മാത്രം മതി എന്നര്‍ത്ഥം! മനുഷ്യവര്‍ഗ്ഗത്തിന്റെ വംശനാശം വരുത്താന്‍ കച്ചകെട്ടിയിരിയ്ക്കുന്നതു മനുഷ്യര്‍ തന്നെയെന്നതാണ് ആശ്ചര്യകരമായ വസ്തുത.

  അതിനിടെ, അമേരിക്കയും റഷ്യയും മറ്റും മിസ്സൈലുകളെ പ്രതിരോധിയ്ക്കാനുള്ള സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. ഇന്ത്യയ്ക്കുമുണ്ട്, അത്തരമൊന്ന്; പൃഥ്വി അതിന്റെ ഭാഗമാണ്. ആണവമിസ്സൈലുകളെ പ്രതിരോധിയ്ക്കാനൊരുക്കിയിരിയ്ക്കുന്ന മിസ്സൈലുകളില്‍പ്പലതും സ്വയം അണുബോംബുപയോഗിയ്ക്കുന്നവയാണ്. അണുബോംബിനെ അണുബോംബുകൊണ്ടു തന്നെ പ്രതിരോധിയ്ക്കുന്നു! ഇതു ഗുണത്തേക്കാളേറെ ദോഷമായിരിയ്ക്കും ചെയ്യുക. തൊടുത്തുവിട്ടുകഴിഞ്ഞ ആണവമിസ്സൈലുകളെ നശിപ്പിയ്ക്കുന്നതിലും നല്ലത്, അവ തൊടുത്തുവിടാനിടവരാതെ നോക്കുന്നതാണ്. ആണവമിസ്സൈലുകള്‍ തൊടുത്തുവിടാതെ നോക്കുന്നതിനേക്കാള്‍ നല്ലത്, അവ നിര്‍മ്മിയ്ക്കാനിടവരാതെ നോക്കുന്നതാണ്. ആണവമിസ്സൈലുകള്‍ മാത്രമല്ല, എല്ലാത്തരം ആണവായുധങ്ങളും നിര്‍മ്മിയ്ക്കാനിട വരാതെ നോക്കുന്നതാണഭികാമ്യം. നിര്‍മ്മിച്ചുപോയിരിയ്ക്കുന്നവ നിര്‍വ്വീര്യമാക്കപ്പെടുകയും, ഒടുവില്‍ നശിപ്പിയ്ക്കപ്പെടുകയും വേണം. സമാധാനപ്രിയരായ മനുഷ്യരും ലോകത്തുള്ളതുകൊണ്ട് ആ ദിശയിലേയ്ക്കു മനുഷ്യരാശി സുപ്രധാനമായ ചില ചുവടുകള്‍ വച്ചിട്ടുണ്ട്; അവയെപ്പറ്റിപ്പറയാം.

  1945 മുതല്‍ 1953 വരെയുള്ള ഒമ്പതു വര്‍ഷക്കാലത്ത് അമ്പതിലേറെ ആണവസ്‌ഫോടനങ്ങള്‍ ലോകത്തു നടന്നു. ഇതിനെതിരെ നമ്മുടെ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു ശബ്ദമുയര്‍ത്തി. ആണവപരീക്ഷണങ്ങള്‍ നിരോധിയ്ക്കണമെന്ന് അദ്ദേഹം ലോകരാഷ്ട്രങ്ങളോട് ആഹ്വാനം ചെയ്തു. അദ്ദേഹത്തിന്റെ ആഹ്വാനം കുറേയേറെ രാഷ്ട്രങ്ങള്‍ ചെവിക്കൊണ്ടതിന്‍ഫലമായി, 1963ല്‍ പാര്‍ഷ്യല്‍ ടെസ്റ്റ് ബാന്‍ ട്രീറ്റി – ആണവപരീക്ഷണ ഭാഗികനിരോധനക്കരാര്‍ നിലവില്‍ വന്നു. ആകാശത്തിലും ശൂന്യാകാശത്തിലും വെള്ളത്തിലും വച്ചുള്ള ആണവപരീക്ഷണങ്ങള്‍ ആ കരാര്‍ വഴി നിരോധിയ്ക്കപ്പെട്ടു. നിരോധനം ഭാഗികം മാത്രമായിരുന്നു. ഭൂമിയ്ക്കടിയില്‍ വച്ചുള്ള പരീക്ഷണങ്ങള്‍ നിരോധിയ്ക്കപ്പെട്ടില്ല. സോവിയറ്റ് യൂണിയനും അമേരിക്കയും ശീതയുദ്ധത്തിലായിരുന്നെങ്കിലും, അവരിരുവരും ആ കരാറില്‍ ഒപ്പുവച്ചു. രാഷ്ട്രങ്ങള്‍ ഇത്തരം കരാറുകള്‍ ഒപ്പു വച്ചാല്‍ മാത്രം പോര, ഒപ്പു വച്ചതിനെ അവരുടെ ജനപ്രതിനിധിസഭകളെക്കൊണ്ട് അംഗീകരിപ്പിയ്ക്കുകയും വേണം. സോവിയറ്റ് യൂണിയനും അമേരിക്കയും കരാറില്‍ ഒപ്പിടുക മാത്രമല്ല, അവരുടെ ജനപ്രതിനിധിസഭകളെക്കൊണ്ട് അതംഗീകരിപ്പിയ്ക്കുകയും ചെയ്തു. അവരെപ്പോലെ തന്നെ, ഇന്ത്യയും പാകിസ്ഥാനും ഈ കരാറില്‍ ഒപ്പിടുകയും, ജനപ്രതിനിധിസഭകളെക്കൊണ്ട് അതംഗീകരിപ്പിയ്ക്കുകയും ചെയ്തു. ചൈന ഈ കരാറില്‍ ഒപ്പു വച്ചില്ല.

  ആണവപരീക്ഷണ ഭാഗികനിരോധനക്കരാറൊപ്പിട്ട് അഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍, 1968ല്‍, ന്യൂക്ലിയര്‍ നോണ്‍ പ്രോലിഫറേഷന്‍ ട്രീറ്റിയും നിലവില്‍ വന്നു: ആണവായുധ വ്യാപന നിരോധനക്കരാര്‍. ആണവായുധങ്ങളുടെ വ്യാ!പനം തടയുകയും, പൂര്‍ണ്ണമായ ആണവനിരായുധീകരണം നടപ്പില്‍ വരുത്തുകയുമായിരുന്നു ആ കരാറിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍. ആണവായുധരാഷ്ട്രങ്ങളല്ലാത്ത രാജ്യങ്ങളുടെ മേല്‍ ഈ കരാര്‍ നിയന്ത്രണമേര്‍പ്പെടുത്തി. അത്തരം രാഷ്ട്രങ്ങള്‍ ആണവായുധങ്ങള്‍ നിര്‍മ്മിയ്ക്കുകയോ വാങ്ങുകയോ ചെയ്യുന്നതു നിരോധിയ്ക്കുന്നത് ഈ കരാറിന്റെ വ്യവസ്ഥകളിലൊന്നായിരുന്നു. ഈ വ്യവസ്ഥ രാഷ്ട്രങ്ങളെ ആണവായുധങ്ങളുള്ളവയെന്നും ഇല്ലാത്തവയെന്നും രണ്ടായി വേര്‍തിരിയ്ക്കുന്നെന്നും, ആണവായുധങ്ങളില്ലാത്ത രാഷ്ട്രങ്ങളെ ആ വേര്‍തിരിവു പ്രതികൂലമായി ബാധിയ്ക്കുന്നെന്നുമുള്ള നിലപാടെടുത്ത് ഇന്ത്യ ആ കരാറില്‍ പങ്കു ചേര്‍ന്നില്ല. പാകിസ്ഥാനും ഇന്ത്യയുടെ നിലപാടു തന്നെ സ്വീകരിച്ചു.

  മുമ്പു പറഞ്ഞ രണ്ടു കരാറുകളും ആണവപരീക്ഷണങ്ങളേയോ ആണവായുധങ്ങളേയോ പൂര്‍ണ്ണമായി നിരോധിയ്ക്കുന്നവയായിരുന്നില്ല. അതുകൊണ്ടു പരീക്ഷണങ്ങളും ആണവായുധോല്പാദനവും തുടര്‍ന്നു. ഇതുവരെയായി 2055 ആണവപരീക്ഷണങ്ങള്‍ ലോകത്തു നടന്നു കഴിഞ്ഞിട്ടുണ്ട്. എല്ലാത്തരം ആണവപരീക്ഷണങ്ങളും പൂര്‍ണ്ണമായും നിരോധിയ്ക്കുന്നൊരു കരാറുണ്ടാകണമെന്നും, എല്ലാ രാഷ്ട്രങ്ങളും അതിലൊപ്പു വയ്ക്കണമെന്നും, അവയുടെയെല്ലാം ജനപ്രതിനിധിസഭകളെക്കൊണ്ട് അതംഗീകരിപ്പിയ്ക്കണമെന്നും വ്യവസ്ഥ ചെയ്യുന്ന പുതിയൊരു കരാറുണ്ടാക്കണമെന്ന അഭിപ്രായം ലോകരാഷ്ട്രങ്ങളുടെ ഇടയില്‍ ശക്തിയാര്‍ജ്ജിച്ചതിന്റെ ഫലമായി കോമ്പ്രിഹെന്‍സിവ് ടെസ്റ്റ് ബാന്‍ ട്രീറ്റി സി റ്റി ബി റ്റി എന്നൊരു കരാര്‍ ഐക്യരാഷ്ട്രസഭ 1996ല്‍ വന്‍ ഭൂരിപക്ഷത്തോടെ പാസ്സാക്കിയെടുത്തു. സമഗ്ര ആണവപരീക്ഷണ നിരോധനക്കരാറെന്നു നമുക്കതിനെ തര്‍ജ്ജമ ചെയ്യാം. സൈനികാവശ്യങ്ങള്‍ക്കുള്ളതും അല്ലാത്തതുമായ എല്ലാ ആണവപരീക്ഷണങ്ങളും നിര്‍ത്തലാക്കാന്‍ സമ്മതിയ്ക്കുന്ന ഈ കരാറും മുമ്പു സൂചിപ്പിച്ചതു പോലെ, രാഷ്ട്രങ്ങള്‍ ഒപ്പുവയ്ക്കുകയും, ജനപ്രതിനിധിസഭകളെക്കൊണ്ട് അംഗീകരിപ്പിയ്ക്കുകയും വേണം. 183 രാഷ്ട്രങ്ങള്‍ കരാറൊപ്പിട്ടു കഴിഞ്ഞിട്ടുണ്ട്. അവയില്‍ 164 എണ്ണം തങ്ങളുടെ ജനപ്രതിനിധിസഭകളെക്കൊണ്ട് അംഗീകരിപ്പിയ്ക്കുകയും ചെയ്തു. എന്നാല്‍, ചൈനയും അമേരിക്കയുമുള്‍പ്പെടെയുള്ള 19 രാഷ്ട്രങ്ങള്‍ കരാറൊപ്പിട്ടിട്ടുണ്ടെങ്കിലും, തങ്ങളുടെ ജനപ്രതിനിധിസഭകളെക്കൊണ്ട് അതിനിയും അംഗീകരിപ്പിയ്‌ക്കേണ്ടതായാണിരിക്കുന്നത്. 13 രാഷ്ട്രങ്ങള്‍ കരാറൊപ്പിടാനുമുണ്ട്. എല്ലാ രാഷ്ട്രങ്ങളും കരാറിലൊപ്പിടുകയും, അതു തങ്ങളുടെ ജനപ്രതിനിധിസഭകളെക്കൊണ്ട് അംഗീകരിപ്പിയ്ക്കുകയും ചെയ്തതിനു ശേഷം, 180 ദിവസം കൂടി കഴിയുമ്പോള്‍ മാത്രമേ കരാര്‍ പ്രാബല്യത്തില്‍ വരികയുള്ളു.

  പത്തൊമ്പതു വര്‍ഷം കഴിഞ്ഞിട്ടും കരാറൊപ്പിടാനോ, ഒപ്പിട്ടതു ജനപ്രതിനിധിസഭയെക്കൊണ്ട് അംഗീകരിപ്പിയ്ക്കാനോ തയ്യാറാകാത്ത ചില രാഷ്ട്രങ്ങളുണ്ടെന്നതു വിചിത്രം തന്നെ. അതു മാത്രമോ! കരാറില്‍ കക്ഷിചേരാത്ത മൂന്നു രാഷ്ട്രങ്ങള്‍, ആണവായുധങ്ങളെ എതിര്‍ക്കുന്ന ഭൂരിപക്ഷലോകാഭിപ്രായത്തെ ധിക്കരിച്ചുകൊണ്ട്, ആണവായുധപരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തു. ഉത്തരകൊറിയയും പാകിസ്ഥാനുമാണ് അവയില്‍ രണ്ടെണ്ണം. അവരോടൊപ്പം ലോകാഭിപ്രായത്തെ ധിക്കരിച്ച മൂന്നാമത്തെ രാഷ്ട്രം മറ്റാരുമല്ല, അഹിംസാസിദ്ധാന്തത്തിനു ജന്മം കൊടുത്ത നാം തന്നെ, ഭാരതം!

  ഇന്നുള്ള ആണവായുധങ്ങള്‍ നശിപ്പിയ്ക്കുകയാണു മുഖ്യമായും വേണ്ടത്. എങ്കില്‍ മാത്രമേ, ലോകം ആണവഭീഷണിയില്‍ നിന്നു വിമുക്തമാകുകയുള്ളു. പൂര്‍ണ്ണമായ ആണവനിരായുധീകരണം തന്നെ വരേണ്ടിയിരിയ്ക്കുന്നു. ശീതസമരം കൊടുമ്പിരിക്കൊണ്ടിരുന്ന 1985ല്‍ 68000ത്തോളമെത്തിയിരുന്ന ആണവായുധശേഖരം ഇപ്പോള്‍ 10144 ആയി കുറഞ്ഞിരിയ്ക്കുന്നെന്ന സന്തോഷവാര്‍ത്ത മുന്‍ അദ്ധ്യായത്തില്‍ കൊടുത്തിരുന്നു. അമേരിക്കയും റഷ്യയും തമ്മില്‍ 2010ലുണ്ടാക്കിയ ഉടമ്പടിപ്രകാരം ഇരുരാജ്യങ്ങളുടേയും പ്രവര്‍ത്തനക്ഷമമായ ആണവായുധങ്ങളുടെ സംഖ്യ വരും കൊല്ലങ്ങളില്‍ പകുതിയായി കുറയും. ലോകം ശരിയായ ദിശയില്‍ത്തന്നെ സഞ്ചരിച്ചുകൊണ്ടിരിയ്ക്കുന്നുവെന്ന് ഇതില്‍ നിന്നു തെളിയുന്നു. എങ്കിലും ആണവായുധവിമുക്തലോകം എന്ന സങ്കല്പത്തില്‍ നിന്നു നാമിന്നും ബഹുകാതമകലെയാണ്.

  അമേരിക്കയും റഷ്യയും തമ്മില്‍ യുദ്ധത്തിലേര്‍പ്പെട്ടാല്‍ അവരിരുവരും തങ്ങളുടെ പക്കലുള്ള വന്‍ ആണവായുധശേഖരം പരസ്പരം പ്രയോഗിയ്ക്കുമെന്നും, അങ്ങനെ ഇരുരാജ്യങ്ങളിലേയും ജനതകളൊന്നാകെ തുടച്ചുനീക്കപ്പെടുമെന്നും ഇരുകൂട്ടര്‍ക്കും ബോദ്ധ്യമുണ്ട്, ആ ബോദ്ധ്യം മൂലമാണവര്‍ സ്വയം സംയമനം പാലിച്ച്, ശീതയുദ്ധം യഥാര്‍ത്ഥയുദ്ധമായി പരിണമിയ്ക്കാനിടവരാതെ സൂക്ഷിച്ചത് എന്നൊരു വാദമുണ്ട്. അവരെപ്പോലെ തന്നെ, ഇന്ത്യയുടേയും പാകിസ്ഥാന്റേയും പക്കലുള്ള ആണവായുധശേഖരങ്ങളാണ് ഇരുരാജ്യങ്ങളേയുംകൊണ്ടു സംയമനം പാലിപ്പിയ്ക്കുന്നതെന്നും പറഞ്ഞു കേള്‍ക്കാറുണ്ട്. ഈ വാദത്തിന്റെ ശരിതെറ്റുകള്‍ പരിശോധിയ്ക്കുകയെന്ന പാഴ്‌വേലയ്ക്കു മുതിരുന്നതിലും നല്ലത്, ആണവായുധങ്ങളുണ്ടാകരുത് എന്ന കര്‍ക്കശനിലപാടെടുക്കുന്നതായിരിയ്ക്കും. മസിലു മുഴപ്പിയ്ക്കുന്ന കൈകൊണ്ടു സൌഹൃദപൂര്‍ണ്ണമായ ഹസ്തദാനം സാദ്ധ്യമല്ലെന്നതു പോലെ, ഒരു കൈ ആണവമിസ്സൈലിന്റെ ബട്ടണില്‍ വച്ചിരിയ്‌ക്കെ മറുകൈ കൊണ്ടു നടത്തുന്ന ഹസ്തദാനത്തില്‍ സൌഹൃദത്തേക്കാള്‍ ഭീഷണിയാണു കൂടുതല്‍ പ്രകടമാവുക. ആയുധഭീഷണിയിലൂടെയുണ്ടാകുന്ന സൌഹൃദവും സമാധാനവും ശാശ്വതമല്ല.

  പണ്ട്, മനുഷ്യര്‍ക്ക് അറിവില്ലാതിരുന്ന കാലത്തു തര്‍ക്കങ്ങള്‍ പരിഹരിച്ചിരുന്നത്, പരസ്പരം ആക്രമിച്ചുകൊണ്ടായിരുന്നു. പരാജിതന്‍ വിജയിയുടെ മേല്‍ക്കോയ്മ അംഗീകരിയ്ക്കുന്നു. പണവും പ്രതാപവുമായിക്കഴിഞ്ഞപ്പോള്‍ നേരിട്ടു യുദ്ധം ചെയ്യുന്നതിനു പകരം അന്യരെക്കൊണ്ടു യുദ്ധം ചെയ്യിപ്പിച്ചു. നമ്മുടെ നാട്ടില്‍ ചേകവരെക്കൊണ്ട് അങ്കം വെട്ടിച്ചിരുന്നതു തന്നെ ഒരുദാഹരണം. പണവും പ്രതാപവും വര്‍ദ്ധിച്ചപ്പോള്‍, ഒരു ചേകവനു പകരം നിരവധി ചേകവരെ യുദ്ധത്തിനായി നിയോഗിച്ചു; ചേകവക്കൂട്ടത്തിന് ആയുധങ്ങള്‍ നല്‍കി, അവര്‍ക്കു സൈന്യമെന്ന പേരും നല്‍കി. മനുഷ്യരെ മനുഷ്യരെക്കൊണ്ടു തന്നെ കൊല ചെയ്യിച്ചു തര്‍ക്കങ്ങള്‍ തീര്‍പ്പാക്കുന്ന ആദിമമനുഷ്യരുടെ പ്രാകൃതരീതി ഇരുപത്തൊന്നാം നൂറ്റാണ്ടിലെ വിദ്യാസമ്പന്നരും സംസ്‌കാരസമ്പന്നരുമായ മാനവര്‍ക്കു യോജിച്ചതല്ല. ആശയവിനിമയം കമ്മ്യൂണിക്കേഷന്‍ ഇന്നെളുപ്പമാണ്. സ്മാര്‍ട്ട് ഫോണിലെ ബട്ടണൊന്നു ഞെക്കിയാല്‍ ലോകത്തിന്റെ ഏതു കോണിലുള്ളവരുമായും അനായാസം ആശയവിനിമയം നടത്താം. ഈ സൌകര്യമുപയോഗിച്ചു നേതാക്കള്‍ നേരിട്ടു ചര്‍ച്ച ചെയ്തു തര്‍ക്കങ്ങള്‍ പരിഹരിയ്ക്കുകയാണു വേണ്ടത്. ചര്‍ച്ചകളിലൂടെ തര്‍ക്കങ്ങള്‍ തീരാതാകുമ്പോള്‍ സാമാന്യജനം കോടതിയെ സമീപിയ്ക്കുന്നു; അതാണവരുടെ പതിവ്. തങ്ങളുടെ തെളിവുകളും വാദമുഖങ്ങളും അവര്‍ കോടതിമുമ്പാകെ നിരത്തുന്നു. കോടതി വിധി പ്രസ്താവിയ്ക്കുന്നു, ജനം അതംഗീകരിയ്ക്കുന്നു. രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ തീരാതാകുമ്പോള്‍ രാജ്യങ്ങളും കോടതിയെ സമീപിയ്ക്കണം. അതിനായി ലോകകോടതിയുമുണ്ട്. ലോകകോടതിയുടെ തീരുമാനം അംഗീകരിയ്ക്കുക. അതിനു പകരം ഹൈഡ്രജന്‍ ബോംബും മിസ്സൈലുകളും ഭീഷണമാംവിധം ഉയര്‍ത്തിക്കാണിയ്ക്കുന്ന പ്രവണത മാനവരാശിയുടെ വംശനാശത്തിനാണിടയാക്കുക.

  പടക്കത്തെ വെള്ളമൊഴിച്ചു നിര്‍വ്വീര്യമാക്കുന്നതു പോലെ, ചൈനയും പാകിസ്ഥാനും ഇന്ത്യയും കൂടി തങ്ങളുടെ ആണവായുധശേഖരം മുഴുവനും ഒരിടത്തു കൂട്ടിയിട്ട്, വെള്ളമൊഴിച്ചോ, മറ്റേതെങ്കിലും തരത്തിലോ അവയെ നിര്‍വ്വീര്യമാക്കിയിരുന്നെങ്കില്‍ എത്ര നന്നായേനേ! പാകിസ്ഥാനും ചൈനയും ഇന്ത്യയും ഒത്തൊരുമയോടെ തങ്ങളുടെ ആണവായുധശേഖരം മുഴുവന്‍ നിര്‍വ്വീര്യമാക്കിക്കൊണ്ടു മാതൃക കാണിച്ചാല്‍, ലോകത്തുള്ള ആകെ ജനസംഖ്യയുടെ മൂന്നിലൊന്നു ജീവിയ്ക്കുന്ന ദക്ഷിണേഷ്യ ആണവായുധവിമുക്തമാകുമെന്നു മാത്രമല്ല, അതു റഷ്യയേയും അമേരിക്കയേയും അവരുടെ വിപുലമായ ആണവായുധശേഖരത്തെ നിര്‍വ്വീര്യമാക്കാന്‍ പ്രോത്സാഹിപ്പിയ്ക്കുകയും, ആണവായുധ വിമുക്തലോകത്തെ കൂടുതല്‍ വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കുകയും, മാനവരാശിയെ സുരക്ഷിതമാക്കുകയും ചെയ്യും.

  (ഈ ലേഖനപരമ്പര ഇവിടെ അവസാനിയ്ക്കുന്നു.)