ഈ മഹദ്‌വചനമൊക്കെ മൊഴിയാന്‍ ഇയാളാരാ, മഹാനോ? പോടേ തട്ടത്തുമലയാ! എന്നൊക്കെ ചോദിക്കാനും പറയാനും വരട്ടെ; മേല്പറഞ്ഞ തലവാചകം ആദ്യമായി പറഞ്ഞത് ഞാനൊന്നുമല്ല. സാക്ഷാല്‍ ബ്രഹ്മാനന്ദ സ്വാമി ശിവയോഗികളാണ്. ഞാന്‍ ഇത് ആദ്യമായി കേട്ടത് അദ്ദേഹത്തിന്റെ ശിഷ്യന്‍ നിര്‍മ്മലാനന്ദ സ്വാമി ശിവയോഗികളുടെ പ്രസംഗത്തില്‍ നിന്നാണ്. അതിനുമുമ്പ് ഇത് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. പറഞ്ഞിട്ടുണ്ടായിരിക്കാം; ഇല്ലായിരിക്കാം. ഇനി ആരും പറഞ്ഞിരുന്നില്ലെങ്കില്‍ത്തന്നെയും മനുഷ്യന്‍ നന്നാവാന്‍ മനസ്സു നന്നാവണം എന്നത് സാമാന്യബുദ്ധിയുള്ള ആര്‍ക്കും സ്വയമേവതന്നെ മനസിലാക്കാവുന്നതുമാണ്.

തന്നെ പോലെ തന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കണമെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങളാരും കേള്‍ക്കണമെന്നില്ല. യേശുക്രിസ്തു പറഞ്ഞാല്‍ കേള്‍ക്കാമല്ലോ. അദ്ധ്വാനിക്കുന്ന തൊഴിലാളികള്‍ക്ക് ന്യായമായ വേതനവും തുല്യനീതിയും നല്‍കണമെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ കേള്‍ക്കണമെന്നില്ല. പക്ഷെ അദ്ധ്വാനിക്കുന്ന തൊഴിലാളിയ്ക്ക് വിയര്‍പ്പുതുള്ളി ഉണങ്ങുന്നതിനു മുമ്പ് കൂലി കൊടുക്കണമെന്ന് മുഹമ്മദ് നബി(സ്വ) പറഞ്ഞത് കേള്‍ക്കാമല്ലോ. നീ കൊണ്ടു വന്നതൊന്നും നിനക്കുള്ളതല്ലെന്നും അതുകൊണ്ട് നീയെന്നല്ല, ആരും അഹങ്കരിക്കരുതെന്നും ഞാന്‍ പറഞ്ഞാല്‍ ആരും കേള്‍ക്കണമെന്നില്ല. പക്ഷെ ഭഗവദ് ഗീതയില്‍ പറയുന്നത് അംഗീകരിക്കാമല്ലോ.

അന്ന് പാവപ്പെട്ട യേശുക്രിസ്തു ആ പറഞ്ഞതൊക്കെ ആളുകള്‍ക്ക് അംഗീകരിക്കാന്‍ പ്രയാസമായിരിക്കുമെന്ന് അറിയാവുന്നതുകൊണ്ട് അദ്ദേഹം സാക്ഷാല്‍ ദൈവത്തെ സാക്ഷി നിര്‍ത്തി അദ്ദേഹത്തിന് പറയാനുള്ളത് പറഞ്ഞു. താന്‍ വെറും ദൈവദൂതനാണെന്നും താന്‍ പറയുന്നതൊക്കെ ദൈവവചനങ്ങളാണെന്നും അദ്ദേഹം ധ്വനിപ്പിച്ചു.കേട്ടു നടന്നാല്‍ എല്ലാവര്‍ക്കും കൊള്ളാം! അന്നത്തെ കാലത്ത് സാധാരണ മനുഷ്യരാരെങ്കിലും വല്ലതും പറഞ്ഞാല്‍ അറേബ്യയിലെ അന്ധകാരം ബാധിച്ച മനുഷ്യരൊന്നും കേള്‍ക്കില്ലെന്ന് അറിയാവുന്ന മുഹമ്മദ് നബിയും സാക്ഷാല്‍ ദൈവത്തെ സാക്ഷിനിര്‍ത്തി തനിക്ക് പറയാനുള്ളതൊക്കെ പറഞ്ഞുവച്ചു. താന്‍ ദൈവമല്ല, ദൈവദൂതന്‍ മാത്രമാണെന്നും അള്ളാഹുവല്ലാതെ മറ്റൊരു ദൈവമില്ലെന്നും താന്‍ പറയുന്നതൊക്കെ അള്ളാഹു ഉണര്‍ത്തിച്ചു തന്ന കാര്യങ്ങളാണെന്നും നബിയും പറഞ്ഞു. കേട്ടു നടന്നാല്‍ എല്ലാവര്‍ക്കും നന്ന്! തങ്ങള്‍ക്കിടയിലുള്ള ഏതെങ്കിലും സാധാരണ മനുഷ്യന്‍ പറയുന്നതൊന്നും ജനം അത്രകണ്ട് കണക്കിലെടുക്കില്ലെന്നുകണ്ട് ഭഗവാന്‍ കൃഷ്ണന്‍തന്നെ ഗീതയിലൂടെ എല്ലാവര്‍ക്കും സാരോപദേശങ്ങള്‍ നല്‍കി. ചെവിക്കൊണ്ട് ജിവിച്ചാല്‍ എല്ലാവര്‍ക്കും ശാന്തിയും സമാധാനവും!മനുഷ്യന്‍ നന്നാവാന്‍ മനസ്സു നന്നായാല്‍ മതി

മനുഷ്യന്‍ നന്നാവാന്‍ മനസ്സു നന്നായാല്‍ മതി

അതെ, മനുഷ്യന്‍ നന്നാവാന്‍ മനസ്സു നന്നായാല്‍ മതി. കാരണം നന്മയുടെയും തിന്മയുടെയും സ്രോതസ്സ് മനസ്സാണ്. ശാന്തിയും അശാന്തിയും രൂപം കൊള്ളുന്നത് മനസ്സിലാണ്. ക്ഷമയും അക്ഷമയും രൂപം കൊള്ളുന്നത് മനസ്സിലാണ്. സമാധാനത്തിന്റെയും അക്രമത്തിന്റെയും വിളനിലം മനസ്സാണ്. ഹിംസയും അഹിംസയും മനസിന്റെ ആജ്ഞകള്‍ തന്നെ! ആയുധങ്ങള്‍ ആരെയും അങ്ങോട്ടു പോയി ആക്രമിക്കുകയില്ല. കാരണം അവയ്ക്ക് ജീവനില്ല. എന്നാല്‍ ഒരാളുടെ ജിവനെടുക്കാന്‍ അവയ്ക്ക് കഴിയും. അക്രമം മനുഷ്യമനസുകളിലാണ് രൂപം കൊള്ളുന്നത്. മനസ്സു പറഞ്ഞിട്ടാണ് മനുഷ്യര്‍ ആയുധം കൈയ്യിലെടുക്കുന്നത്. മനസ്സു പറഞ്ഞിട്ടാണ് ആയുധം പ്രയോഗിക്കുന്നത്. അതുകൊണ്ട് എല്ലാവരും മനസിനെ നിയന്ത്രണ വിധേയമാക്കണം. മനസിനെ ഓരോരുത്തരും എത്രകണ്ട് നിയന്ത്രിക്കുന്നുവോ അത്രകണ്ട് മനുഷ്യന് ജീവിതത്തില്‍ ശാന്തിയും സമാധാനവും കൈവരിക്കാം. മനസിലെ നന്മകളെ സ്വാംശീകരിച്ച് തിന്മകളെ മനസില്‍നിന്ന് അകറ്റണം. നന്മയും തിന്മയും തമ്മില്‍ മനസില്‍ സദാ നടക്കുന്ന സംഘര്‍ഷങ്ങളില്‍ നന്മയുടെ പക്ഷം ചേരാന്‍ പാകത്തിലുള്ള ഒരു മനോനിലയിലേയ്ക്ക് നാം ഉയരണം. നന്മയെ ജയിപ്പിച്ചെടുക്കണം. ഒരു മൂഹത്തിലെ മനുഷ്യ മനസ്സുകളില്‍ നന്മയും തിന്മയും തമ്മില്‍ നടക്കുന്ന സംഘര്‍ഷങ്ങളില്‍ എത്രകണ്ട് നന്മ വിജയിക്കുന്നുവോ അതായിരിക്കും ആ സമൂഹത്തിന്റെ ശാന്തിയെയും സമാധാനത്തെയും സ്വസ്ഥവും ഐശ്വര്യപൂര്‍ണ്ണവുമായ നിര്‍ണ്ണയിക്കുന്നത്.

എന്നാല്‍ ചില തിന്മകളെ തടയാന്‍ അശാന്തിയുടെയും അക്രമത്തിന്റെയും മാര്‍ഗ്ഗം അനിവാര്യമാകുന്ന സാഹചര്യങ്ങള്‍ ഉണ്ടായിക്കൂടേ എന്ന് വേണമെങ്കില്‍ ചോദിക്കാം. ഉദാഹരണം സ്വന്തം ജിവന്‍ രക്ഷിക്കാന്‍. അതുപോലെ അരെങ്കിലും ആരുടെയെങ്കിലും മേല്‍ അതിക്രമം കാണിക്കുമ്പോള്‍ സമാധാനത്തിന്റെ മാര്‍ഗ്ഗം പരാജയപ്പെട്ടാല്‍ അക്രമം അനിവാര്യമാകില്ലേ എന്നു ചോദിക്കാം. പക്ഷെ എല്ലാവരും നന്മയെ മാത്രം ഉയര്‍ത്തിപ്പിടിച്ച് ജിവിക്കുന്ന ഒരു സമൂഹത്തില്‍ ഒരാള്‍ മറ്റൊരാളുടെ ജീവനോ സ്വത്തിനോ അഭിമനത്തിനോ സ്വാതന്ത്ര്യത്തിനോ ഒരിക്കലും ഭീഷണിയാകുന്നില്ലല്ലോ. അങ്ങനെ വരുമ്പോള്‍ അത്തരം അനിവാര്യമായ ബലപ്രയോഗങ്ങളുടെ സാഹചര്യം സൃഷ്ടിക്കപ്പെടുകയുമില്ലല്ലോ!

ഇതൊക്കെ ഇപ്പോള്‍ എന്തിനാണു പറയുന്നതെന്നു ചോദിച്ചാല്‍ ഇടയ്ക്കിടെ ഇതൊക്കെ നമ്മള്‍ നമ്മളെത്തന്നെ ഓര്‍മ്മപ്പെടുത്തുക്കൊണ്ടിരിക്കേണ്ടതാണ് എന്നതുകൊണ്ടുതന്നെ. അല്പം നല്ലകാര്യങ്ങളെപ്പറ്റി ചിന്തിക്കാനും പറയാനും സമയും സന്ദര്‍ഭവുമൊന്നും നോക്കേണ്ട കാര്യമില്ലല്ലോ. ഇപ്പോള്‍ ഈ ഒരു മഹദ്‌വചനം ഓര്‍മ്മയില്‍ വന്നു. അതേ പറ്റി എഴുതുന്നു. അത്രമാത്രം. അപ്പോള്‍ നമുക്ക് നമ്മുടെ മനസുകളിലെ നന്മകളെ പരമാവധി സ്വാംശീകരിച്ച് തിന്മകളില്‍ നിന്ന് നമുക്ക് നമ്മളെത്തന്നെ സ്വയം രക്ഷിക്കുക! പരമാവധി നന്മ നിറഞ്ഞ ഒരു ജീവിതത്തിനായി നമുക്ക് പരിശ്രമിക്കാം. നമ്മള്‍ എല്ലാവരും സമാധാനത്തോടെയും സഹവര്‍ത്തിത്വത്തോടെയും വര്‍ത്തികെണ്ടതിന്റെ ആവശ്യകത നമുക്ക് നമ്മളെത്തന്നെ കൂടെക്കൂടെ ഓര്‍മ്മപ്പെടുത്താം. ഒന്നുമൊത്തില്ലെങ്കിലും മിനിമം ആരും ഒരാളെയും കൊല്ലാതെയെങ്കിലുമിരിക്കുക. പ്ലീസ്! എല്ലാവരും ജിവിക്കട്ടെന്നേ! അതേ, നമുക്ക് നന്നാ!വാന്‍ നാം നമ്മുടെ മനസിനെ നന്നാക്കുക. മനുഷ്യന്‍ നന്നാവാന്‍ മനസ്സു നന്നായാല്‍ മതി! ഇത് പറഞ്ഞ ബ്രഹ്മാനന്ദ സ്വാമികള്‍ക്ക് നന്ദി!

Advertisements