ജോലി തേടി എറണാകുളത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്ന സമയം..

ഒരു ദിവസം രാവിലെ മൊബൈല്‍ ബെല്ലടിച്ചു..
“കസ്റ്റമര്‍ കെയര്‍-ഇല്‍ നിന്നാവും. അല്ലാതെ എന്നെ ആര് വിളിക്കാന്‍?? ” ഞാന്‍ മനസാല്‍ ഓര്‍ത്തു ഫോണിലേക്ക് നോക്കി..
അല്ല. കസ്റ്റമര്‍ കെയര്‍-ഇല്‍ നിന്നല്ല.. മുനീര്‍ ആണ്..
ഞാന്‍ സന്തോഷത്തോടെ ഫോണ്‍ എടുത്തു..
“ഹല്ലോ.. ”
“ടാ.. നിനക്ക് ജോലി വല്ലതും ആയോ?? ”
“ഉം.. ആയി.. ജോലി നോക്കി നടക്കല്‍ ഒരു വല്യ ജോലി ആയി.. ”
“ഉം.. ഞാന്‍ നാളെ എറണാകുളത്തെത്തും.. നിനക്ക് സിനിമയില്‍ അഭിനയിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ??”
ചോദ്യം ഞാന്‍ കേട്ടതും ഞാന്‍ ഞെട്ടി പോയി.. അവനു വട്ടായതാണോ.. അതോ എനിക്ക് വട്ടായതാണോ?? അതോ അവന്‍ എന്നെ ആക്കിയതാണോ??
എനിക്കൊന്നും മനസിലായില്ല.. പിന്നെ പതിയെ ചോദിച്ചു..
“എന്താടാ?? ”
“ടാ.. നാളെ കടവന്ത്രയില്‍ ഒരു സിനിമാ ഷൂട്ടിംഗ് തുടങ്ങുന്നുണ്ട്.. അതില്‍ അഭിനയിക്കാന്‍ ആള് വേണം. നീ വരുന്നോ??”
ഇത് കേട്ടപോള്‍ എനിക്കുറപ്പായി.. വട്ടു അവനാ.. അല്ലേല്‍ ഒരു നാടകം വരെ ഇതുവരെ കാണാത്ത എന്നോട് സിനിമാ നായകന്‍ ആവാന്‍ താല്പര്യമുണ്ടോ എന്ന് ആരേലും ചോദിക്കുമോ??
പക്ഷെ ഞാന്‍ അവനോടു ഇല്ല എന്ന് പറഞ്ഞില്ല.. കാരണം ഞാനും വല്യൊരു നടനയാലോ??
പകരം അവനോടു കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കാന്‍ തുടങ്ങി..
“ഏതാ പടം?? ആരാ സംവിധായകന്‍?? ”
“അതിശയന്‍ എന്ന പദത്തിന്റെ പേര്.. വിജയന്‍ ആണ് സംവിധായകന്‍.. ”
“ഒഹ്.. എന്‍റെ കഥാ പാത്രത്തിന്‍റെ പേരെന്താ?? തിരക്കഥ വായിക്കാന്‍ തരുമോ???”
കുറച്ചു നേരത്തേക്കവനൊന്നും മിണ്ടിയില്ല.. പിന്നെ പതിയെ പറഞ്ഞു..
“അതൊക്കെ നാളെ വിശദമായി പറയാം.. നീ ഏതായാലും നാളെ ഒമ്പത് മണിയാകുമ്പോള്‍ കടവന്ത്രയിലേക്ക് വാ.. ”
ഇതും പറഞ്ഞു അവന്‍ കാള്‍ കട്ട്‌ ചെയ്തു..
ഞാന്‍ സ്വപ്‌നങ്ങള്‍ നെയ്തു തുടങ്ങി..
ഞാന്‍ വല്യൊരു നടനാകുന്നത്…
ആദ്യ സിനിമാ കഴിഞ്ഞിട്ട് വേണം മമ്മൂട്ടിയെയും മോഹന്‍ലാലിനെയുമൊക്കെ ഒരു സൈഡില്‍ ഇരുത്താന്‍.. അവര്‍ എന്‍റെ സഹ നടന്മാരായി അഭിനയിക്കുന്നത് വരെ ഞാന്‍ സ്വപ്നം കണ്ടു..
സ്വപ്നം കണ്ടെന്നു മാത്രമല്ല.. എന്‍റെ സ്വപ്നവും ,സിനിമാ പ്രവേശനവുമെല്ലാം അപ്പോള്‍ തന്നെ അഹങ്കാരത്തോടെ നാട്ടുകാരെ മുഴുവന്‍ വിളിച്ചു പറഞ്ഞു.. പിന്നേം കുറച്ചു പേരെ വിളിക്കാന്‍ നോക്കിയപോ ഫോണില്‍ ബാലന്‍സ് തീര്‍ന്നു..
ഇതാ ഈ BSNL -ന്റെ കുഴപ്പം.. ബാലന്‍സ് തീര്‍ന്ന പിന്നെ വിളിക്കാന്‍ പറ്റില്ല..
ഹും.. ഒരു നടനായിട്ടു വേണം.. BSNL -നെ ഒരു പാഠം പഠിപ്പിക്കാന്‍.. 5 കോടി എങ്കിലും വാങ്ങാതെ ഞാന്‍ അവരുടെ ബ്രാന്‍ഡ്‌ അംബാസിടര്‍ ആവില്ല.. എന്നോടാണോ കളി..

ആ ദിവസത്തിന് അങ്ങനെ വിരാമം.. അടുത്ത ദിവസം..

ഇന്നാണാ ദിവസം.. ഞാന്‍ സിനിമാ നടനാകുന്ന ദിവസം..
ഒന്ന് കൂടി വ്യകതമാക്കി പറഞ്ഞാല്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊക്കെ ശക്തനായ എതിരാളി ഉണ്ടാകാന്‍ പോകുന്ന ദിവസം..
ഫായിസിന്‍റെ ജീവിതത്തെ മാറ്റി മറിക്കാന്‍ പോകുന്ന ഒരു ദിവസത്തിന്‍റെ പ്രഭാതം.. (?????)
രാവിലെ അഞ്ചു മണിക്ക് തന്നെ എഴുന്നേറ്റു..
ഉള്ളതില്‍ നല്ല ഡ്രസ്സ്‌ തന്നെ തെരഞ്ഞെടുത്തു ഇട്ടു..
ഒരു കുപ്പി കുട്ടികുറ പൌഡര്‍ വാരി മുഖത്തിട്ടു..
കണ്ണാടിയിലേക്ക് നോക്കി.. ഉം.. കൊള്ളാം.. വൈറ്റ് വാഷ്‌ ചെയ്തത് പോലുണ്ട്..
ചെറുതായി ഒന്ന് തുടച്ചു കളഞ്ഞു..കാരണം ഞാന്‍ ഇംഗ്ലീഷ് സിനിമയില്‍ അഭിനയിക്കാനല്ലല്ലോ പോകുന്നത്..
സമയം ഒന്ന് കൂടി നോക്കി.. ആറു മണി.. എന്‍റെ ജീവിതം മാറി മറയാന്‍ ഇനി മൂന്നു മണിക്കൂര്‍ കൂടി..
എന്താന്നറിയില്ല… സമയം നീങ്ങുന്നില്ല.. ഏതായാലും അഭിനയിക്കാന്‍ പോകുവല്ലേ.. പഴയ ചില സിനിമകളിലെ വേഷങ്ങള്‍ ഒന്ന് കണ്ണാടി നോക്കി ചെയ്തു നോക്കാം..
അതാകുമ്പോള്‍ സമയവും പോകും..
ആദ്യമായി നരസിംഹത്തിലെ ഇന്ദുചൂഡന്‍ ‍..
തോളൊരു 100 ഡിഗ്രി ചെരിച്ചു, മുഖത്തൊരു കള്ള ചിരിയുമായി കണ്ണാടിയില്‍ നോക്കി ഞാന്‍ ആ ഡയലോഗ് പറഞ്ഞു..
“അയി മോഹമാണ് മോനെ ദിനേശാ..അയി മോഹം..ഇജ്ജിന്റെ ബാപ്പ മയ്യിത്താവും മുന്‍പ് ഞമ്മള് മയ്യിത്താവും എന്ന മോഹം.. ”
(ഫായിസ് എന്നല്ല.. മലബാറില്‍ ജനിച്ച ഏതൊരു ഇന്ദുചൂഡനും ഇങ്ങനെയേ പറയു..)
കണ്ണാടിയില്‍ എന്‍റെ ഭാവാഭിനയം കണ്ട ഞാന്‍ തന്നെ അന്തിച്ചു നിന്നു പോയി.. കാരണം.. എന്‍റെ അഭിനയം അതിഗംഭീരം!!!!!..
അത് കൊണ്ടു തന്നെ അല്പം അഹങ്കാരത്തോടെ, അതിലേറെ ആവേശത്തോടെ, റൂമിലെ ചുവരില്‍ തൂക്കിയിരിക്കുന്ന
മോഹന്‍ലാലിന്‍റെ പടം നോക്കി ചോദിച്ചു പോയി..
“Mr മോഹന്‍ലാല്‍.. ഇത്രയും നല്ല ഈ വേഷമാണോ താങ്കള്‍ അന്ന് ചെയ്തു കുളമാക്കിയത്??? ലജ്ജാവഹം.. താങ്കള്‍ എങ്ങനെ മഹാ നടനായി..”
എന്‍റെ മുഖത്ത് പിന്നെയും ഭാവാഭിനയം മിന്നി മറഞ്ഞു കൊണ്ടേയിരുന്നു..
അമരത്തിലെ അച്ചുവനെ മഹാ ബോറാക്കിയ Mr . മമ്മൂട്ടി, നിങ്ങളെ എനിക്ക് കാണുക കൂടി വേണ്ട എന്ന് പറഞ്ഞു ചുമരില്‍ തൂക്കിയ പോസ്റ്റര്‍ എടുത്തു തറയിലെറിഞ്ഞു.. കൂടെ മോഹന്‍ലാലിന്‍റെയും..
ഉം.. പോട്ടെ..ഇവന്മാരൊക്കെ ഇനി മുതല്‍ കഞ്ഞി കുടിച്ചു വല്ല സഹ നടന്‍റെ വേഷവും ചെയ്തു ജീവിച്ചു പൊക്കോളും..
സമയം എട്ടു മണി.. ഷൂട്ടിംഗ് തുടങ്ങാന്‍ ഇനി ഒരു മണിക്കൂര്‍ കൂടി..
ഞാന്‍ റൂമില്‍ നിന്നും ഇറങ്ങി.. ബസ്‌ സ്റ്റോപ്പില്‍ ബസ്‌ കാത്തിരിക്കുമ്പോഴാണ് ഒരു കാര്യം ഓര്‍ത്തത്‌..
ഒരു സിനിമാ നടന്‍ ബസിനു പോവുക എന്ന് പറഞ്ഞാല്‍ മോശമല്ലേ.. ഹയ്യേ.. മ്ലേച്ചം..
ഉടന്‍ തന്നെ മുനീറിനെ വിളിച്ചു..
“അളിയാ.. നീ ഒരു അഞ്ഞൂറ് രൂപ കടം തരാമോ???”
“എഹ്. എന്തിനാട?? ”
“അല്ല.. ഷൂട്ടിംഗ് ലൊക്കേഷന്‍ വരെ കാറിനു വരാന.. ഒരു സിനിമാ നടന്‍ ബസിനു വരിക എന്നൊക്കെ പറഞ്ഞാല്‍ മോശമല്ലേ?? ”
അവന്‍ കുറച്ചു സമയത്തേക്ക് ഒന്നും മിണ്ടിയില്ല.. പിന്നെ അല്പം പുച്ഛത്തോടെ പറഞ്ഞു..
“അതിനു നീ ഇപോ സിനിമാ നടനല്ലല്ലോ.. സിനിമാ നടനാകുമ്പോള്‍ കാറിനു വന്നാ മതി.. ഇപ്പൊ തല്‍കാലം നീ ബസിനു തന്നെ വാ.. ”
“അത് മതി അല്ലെ.. എന്ന ഓക്കേ..ബസിനു വരാം”
അങ്ങനെ ബസിനു വേണ്ടി കാത്തിരിപ്പ്.. കുറച്ചു കഴിഞ്ഞപോള്‍ ബസ്‌ വന്നു..
ചാടി കയറി.. ബസില്‍ ഇരിക്കുന്നവരെ എല്ലാവരെയും ഒന്ന് നോക്കി..
ഇല്ല.. ആരും സീറ്റ്‌ ഒഴിഞ്ഞു തരുന്നില്ല..
“ഒരു മഹാ നടനെ ബഹുമാനിക്കാനറിയാത്ത ബ്ലഡി മലയാളീസ്..നിനക്കൊക്കെ ഞാന്‍ കാണിച്ചു തരാം..
അല്ലേല്‍ വേണ്ട.. നാളെ എന്‍റെ ഫാന്‍സ്‌ അസോസിയേഷന്‍ ഉണ്ടാക്കാന്‍ ഇവനൊക്കെ വരും. അപ്പോള്‍ എടുത്തോളാം. ”
ഞാന്‍ മനസ്സില്‍ പറഞ്ഞു..

ഞാന്‍ ലൊക്കേഷനില്‍ എത്തുന്നതും കാത്തു ഒരു പട..,
പിന്നണി പ്രവര്‍ത്തകര്‍ എല്ലാവരും കൂടി എന്നെ സ്വീകരിക്കാനായി ഓടി വരുന്നു..
സംവിധായകന്‍ വിജയന്‍ എനിക്ക് ബൊക്ക തരുന്നു..
എന്നിട്ടല്ലാവര്‍ക്കുമായി എന്നെ പരിചയപ്പെടുത്തുന്നു..
“ഇവനാ എന്‍റെ സിനിമയിലെ നായകന്‍. ഫായിസ്.. അഭിനയ ചക്രവര്‍ത്തി ആകാന്‍ പോകുന്നവന്‍… ”
പെട്ടെന്നെന്നെ ഒരുത്തന്‍ കാലിനിട്ട് ചവിട്ടി..
ഒരു സിനിമാ നടനെ ചവിട്ടാന്‍ മാത്രം ധൈര്യമുള്ള ഇവന്‍ ആരെട.. ഞാന്‍ തിരിഞ്ഞു നോക്കി..
എഹ്.. ഇപ്പോഴും ബസില്‍ തന്നെയാണോ??
ഓഹോ.. അപോ ഞാന്‍ നിന്നു കൊണ്ടു സ്വപ്നം കാണുകയായിരുന്നു അല്ലെ??.. ഹയ്യേ കഷ്ടം..
ഏതായാലും ബസ്‌ സ്റ്റോപ്പില്‍ എത്തി….
ഞാന്‍ നേരെ ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്തേക്ക്..

ഞാന്‍ ലൊക്കേഷനില്‍ എത്തുന്നതും കാത്തു ഒരു പട..,
ഹാവൂ.. ആദ്യ സ്വപ്നമിതാ സഫലമായിരിക്കുന്നു..
ഇനി രണ്ടാമത്തെ സ്വപ്നം..
പിന്നണി പ്രവര്‍ത്തകര്‍ എല്ലാവരും കൂടി എന്നെ സ്വീകരിക്കാനായി ഓടി വരുന്നു..
ഞാന്‍ എല്ലാവരെയുമായി നോക്കി..
ഇല്ല.. ആരും വരുന്നില്ല.. എന്‍റെ രണ്ടാമത്തെ സ്വപ്നം സഫലമാകുന്നില്ല..
ഇനിയിപ്പോ അവര്‍ക്ക് ആളെ അറിയാത്തത് കൊണ്ടായിരിക്കുമോ???
നോക്കുമ്പോള്‍ ദൂരെ നിന്നും മുനീര്‍ ഓടി വരുന്നു..
“അളിയാ.. നീ വല്ലാതെ വെളുത്തു പോയല്ലോ..” വന്ന ഉടന്‍ അവന്‍ പറഞ്ഞു..
മണ്ടന്‍.. പൌഡര്‍ ഇട്ടതാണെന്ന് അവനു പോലും മനസിലായില്ല..
“അളിയാ.. ഇവരാരും എന്താടാ എന്നെ മൈന്‍ഡ് ചെയ്യാത്തത്??? ”
“നിന്നെയെന്തിനാ അവര്‍ മൈന്‍ഡ് ചെയ്യുന്നത്?? ”
“ഞാന്‍ ഈ സിനിമയില്‍ അഭിനയിക്കാന്‍ വന്നതല്ലേ.. ആ എന്നോടിങ്ങനെ.. ”
“നിന്നെ ബഹുമാനിക്കണമെങ്കില്‍ എന്നെ ഉള്‍പ്പടെ ഈ കാണുന്ന ജനങ്ങളെ എല്ലാം ബഹുമാനിക്കണം.. ”
“എഹ്.. അതെന്താ??”
“ഇവരും നിന്നെ പോലെ ഈ സിനിമയില്‍ അഭിനയിക്കാന്‍ വന്നവരാ.. ”
എനിക്കൊന്നും മനസിലായില്ല.. അത് കൊണ്ടു തന്നെ അവന്‍ ഒന്ന് കൂടി വ്യകതമാക്കി പറഞ്ഞു തന്നു..
“എടാ.. ഇവരും നിന്നെ പോലെ തന്നെ ജൂനിയര്‍ ആര്‍ടിസ്റ്റ് ആയി വന്നതാ.. ”
ഈശ്വരാ.. ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എന്നോ.. ഞാനാകെ തളര്‍ന്നു പോവുന്നത് പോലെ തോന്നി.. കുറച്ചു കഴിഞ്ഞപോള്‍ തളര്‍ച്ച പതിയെ പോയി തുടങ്ങി..

“ഈശ്വരാ.. മമ്മൂട്ടിക്കും മോഹന്‍ലാലിനുമിട്ടു ഇനി ഞാനെങ്ങനെ പണി കൊടുക്കും.. ”
അറിയാതെ പറഞ്ഞു പോയി…
“എന്താടാ??” മുനീറിന് ഒന്നും മനസിലായില്ല..
“ഹേയ്‌.. അതൊന്നുമില്ല.. അത് വിട്.. നിനക്കെന്താ ഇവിടെ കാര്യം?? ”
“ഞാനും ഇതില്‍ അഭിനയിക്കാന്‍ വന്നതാ.. നൂറു രൂപയും ഫുഡ്‌-ഉം കിട്ടുമല്ലോ.. അത് കൊണ്ട്.. ”
“എഹ്.. നീ ജൂനിയര്‍ ആര്‍ടിസ്റ്റ് ആണോ?? അപ്പൊ കഴിഞ്ഞ തവണ ഞാന്‍ വിളിച്ചപ്പോള്‍ നീ Vodafone മാര്‍ക്കറ്റിംഗ് കാര്യത്തിന് വേണ്ടി ആലപ്പുഴയില്‍ പോയിരിക്കുകയാണ് എന്നാണല്ലോ പറഞ്ഞത്.. ”
‘ഞാനങ്ങനെ പറഞ്ഞോ??”
“ഉം.. പറഞ്ഞു.. ”
“അപ്പോള്‍ ശരിക്കും ഞാന്‍ അങ്ങനെ തന്നെയായിരുന്നു.. ഈ വണ്ടിയില്‍ Vodafone പരസ്യം കൊണ്ടു പോകും.. അങ്ങനെ ആ വണ്ടിയില്‍ ഒരോ കോമാളി വേഷമൊക്കെ കെട്ടി ഞാനും പോയിരുന്നു.. ഒരു ദിവസം ഇരുന്നൂറു രൂപ എങ്കിലും കിട്ടും.. ആ പണിയാ എനിക്ക്..അത് കൊണ്ടാ ഞാന്‍ അങ്ങനെ പറഞ്ഞത്..”
“ഹയ്യേ.. കൊമാളിയായിരുന്നോ ?? സോറി ഡാ.. ഒരു നിമിഷം ഞാന്‍ നിന്നെ തെറ്റിദ്ധരിച്ചു .. ”
“അതൊന്നും കുഴപ്പമില്ല.. ”
“ഉം.. നീയൊരു മാന്യനായിരുന്നു എന്ന് തെറ്റിദ്ധരിച്ചു പോയി.. നീ ക്ഷമിക്കു. ”
“പോടാ.. ”
“ഏതായാലും വന്നതല്ലേ.. നൂറു രൂപയും വാങ്ങി പോകാം…. ഈ സിനിമയില്‍ എന്താ എന്‍റെ റോള്.. ”
“റോള്‍ ഒക്കെ സംവിധായകന്‍ പറഞ്ഞു തരും.. നീ അത് പോലങ്ങു ചെയ്താ മതി..”
__________________________________________________________________________________________
അങ്ങനെ ഷൂട്ടിംഗ് തുടങ്ങി..
ഒരു വലിയ മതില്‍.. അതിന്‍റെ മുകളില്‍ ഒരു വലിയ പ്രതിമ..
അതിന്‍റെ താഴെയായി ഒരു നൂറു പേര്‍.. അതിലൊരുവനായ് ഫായിസ് എന്ന ഞാനും..
സംവിധായകന്‍ സീന്‍ പറഞ്ഞു തുടങ്ങി..
സ്റ്റാര്‍ട്ട്‌,ക്യാമറ, ആക്ഷന്‍ എന്ന് പറയുമ്പോള്‍ മതിലിലെ വലിയ പ്രതിമ നോക്കി എല്ലാവരും പേടിച്ചോടണം..
ഞങ്ങള്‍ ഓടാന്‍ തയ്യാറായി നിന്നു..ഇനി സംവിധായകനും സംസാരിച്ചു തുടങ്ങുന്നു…
“സ്റ്റാര്‍ട്ട്‌.. കട്ട്‌..”
“എഹ്..സംവിധായകന് വട്ടായോ?? ” ഞാന്‍ മുനീറിനോട് ചോദിച്ചു..
“അതെന്താട?? ”
“അല്ല.. സ്റ്റാര്‍ട്ട്‌ കഴിഞ്ഞു, ക്യാമറയും പറഞ്ഞില്ല ആക്ഷനും പറഞ്ഞില്ല..കട്ട്‌ ആണ് ആദ്യം തന്നെ പറഞ്ഞത്..”
പിന്നീടാ ഞങ്ങളാ സത്യം മനസിലാക്കിയത്.. ഏതോ ഒരു വിരുതന്‍ സ്റ്റാര്‍ട്ട്‌ എന്ന് പറഞ്ഞപോഴേ ഓടിയെന്നു..
അവനെ സെറ്റിലുള്ള എല്ലാരും ചേര്‍ന്ന് അവനെ പിടിച്ചു പുറത്താക്കി..
“അഭിനയിക്കാനറിയാത്ത ഓരോരുത്തന്‍ കേറി വന്നോളും..” ഞാന്‍ മനസ്സില്‍ പറഞ്ഞു..
ഷൂട്ടിംഗ് വീണ്ടും തുടങ്ങി..
സംവിധായകന്‍ വീണ്ടും സ്റ്റാര്‍ട്ട്‌ പറഞ്ഞു.. അതിനെക്കാള്‍ കൂടുതല്‍ പറഞ്ഞത് കട്ട്‌ ആണെന്ന് മാത്രം..
അത് പറയാനോ,, ഓരോരോ കാരണങ്ങള്‍..
ഒരുത്തന്‍ തിരിഞ്ഞോടി.. മറ്റൊരുത്തന്‍ കുനിഞ്ഞോടി..,
ഒരുത്തന്‍ ചിരിച്ചു കൊണ്ടോടി.. വേറൊരുത്തന്‍ കരഞ്ഞു കൊണ്ടോടി..
അങ്ങനെ ഓരോരുത്തരെ പുറത്താക്കാന്‍ ഒരോ കാരണങ്ങള്‍..
അങ്ങനെ മുകളിലേക്ക് നോക്കി ഓടി കഴുത്ത് വേദനിച്ചു.. എന്നിട്ടും ഷോട്ട് ശരിയായില്ല..
മനുഷ്യന്‍ ഓടി ഓടി ഒരു പരുവമായി..
സ്റ്റാര്‍ട്ട്‌,ക്യാമറ, ആക്ഷന്‍ എന്ന് പറഞ്ഞു സംവിധായകന് ബോറടിച്ചു..
അവസാനം ഗതി കേട്ട് ഇങ്ങനെ പറഞ്ഞു തുടങ്ങി..
“സ്റ്റാര്‍ട്ട്‌,ക്യാമറ.. ഓടിക്കോ.. ”
അത് പിന്നെയും ചുരുങ്ങി “ഓടിക്കോ.. ” എന്ന് മാത്രമായി..
ഇരുപതു തവണയെങ്കിലും ഓടിക്കാണണം ആ ഷോട്ട് റെഡി ആവാന്‍.. എന്തായാലും ഷോട്ട് റെഡി ആയല്ലോ..അത് മതി..
ആ ഷോട്ട് കഴിഞ്ഞു ഫുഡ്‌ കഴിക്കാന്‍ പോകേണ്ട സമയമായി.. അപ്പോള്‍ മുനീര്‍ എന്‍റെ മുഖത്തേക്ക് നോക്കി..
അവന്‍റെ മുഖത്ത് അമ്പരപ്പ്.. പിന്നെ പതിയെ ചോദിച്ചു..
“കറുത്ത് കരിവാളിച്ചു കരിക്കട്ട പോലെയായല്ലോടാ നീ .. ”
“ഉം.. ആകും.. ഓടി വിയര്‍ത്തു പൌഡര്‍ ഒക്കെ പോയി ഒറിജിനല്‍ കളര്‍ പുറത്തു വന്നതാകും.. ”

ലഞ്ച് ബ്രേക്ക്‌..
ബിരിയാണി സ്വപ്നം കണ്ടു പോയ എന്നെ ഞെട്ടിച്ചു കൊണ്ട് വെറും ചോറും പരിപ്പ് കറിയും..
ഉം.. ഒരു അഭിനയ പ്രതിഭയ്ക്ക് നേരിടേണ്ട ഓരോരോ പ്രശ്നങ്ങള്‍.. ഞാന്‍ മനസ്സില്‍ ഓര്‍ത്തു..
“ടാ.. അടുത്ത സീനില്‍ എങ്കിലും നമുക്ക് ഡയലോഗ് കാണുമോട”
സിനിമയില്‍ സുരേഷ് ഗോപിയെ വെല്ലുന്ന ഡയലോഗ് പറയാന്‍ ആഗ്രഹിച്ചു ഷൂട്ടിങ്ങിന് വന്ന ഞാന്‍ ആകാംഷയോടെ മുനീരിനോട്‌ ചോദിച്ചു പോയി..
അവന്‍റെ മുഖത്ത് വീണ്ടും പുച്ഛം..
“ഉം.. കാണും.. കാണും.. ”

ഇനി അടുത്ത സീന്‍..
ലൊക്കേഷന്‍ മാറി.. ഇപ്പോള്‍ വലിയ മതിലില്ല.. പ്രതിമയുമില്ല..അപ്പോള്‍ മിക്കവാറും ഡയലോഗ്-ഉം കാണും..
ഞാന്‍ ആശ്വസിച്ചു..
ഇപ്പോള്‍ നേരത്തേ കണ്ട ജനക്കൂട്ടം വലിയ ഒരു കെട്ടിടത്തിന്‍റെ മുന്നില്‍..
സീന്‍ എന്താണെന്നു മനസിലാകാതെ അന്തം വിട്ടു നിന്ന എന്‍റെ അടുത്തേക്ക് മുനീര്‍ സന്തോഷത്തോടെ ഓടി വന്നു..
“എന്താടാ ഈ സിനിമയിലെ നായകന്‍ എന്തേലും പറഞ്ഞു സിനിമയില്‍ നിന്നു പിന്മാറിയോ??”
“എഹ്.. എന്താടാ?? ”
“അല്ല.. നിന്‍റെ സന്തോഷം കണ്ടിട്ട് എന്നെ നായകനാക്കി എന്ന് പറയാന്‍ വരുന്നത് പോലുണ്ടല്ലോ..”
“ഹയ്യട.. നായകനാകാന്‍ പറ്റിയ ഒരു പീസ്‌.. ”
“പോടാ.. വിയര്‍പ്പു കാരണം പൌഡര്‍ മാഞ്ഞു പോയത് കൊണ്ടാ.. ഇല്ലേല്‍ ഞാന്‍ നല്ല ഗ്ലാമര്‍ ആണ്.. ”
“ഉവ്വ ഉവ്വ.. അതൊന്നുമല്ലട കാര്യം.. അടുത്ത സീനില്‍ നമുക്ക് ഡയലോഗ് ഉണ്ട്.. ”
അത് കേട്ടതും എനിക്ക് സന്തോഷമായി..
“എന്താടാ നമ്മുടെ ഡയലോഗ് ???”
“ഹയ്യോ.. ഹയ്യോ.. എന്ന് നിലവിളിച്ചു കൊണ്ടു ഈ കെട്ടിടത്തിന്‍റെ മുകളിലേക്ക് നോക്കി പേടിച്ചോടണം ”
ഠിം.. അത് കേട്ടതും എന്‍റെ മുഖം ഒന്ന് കൂടി കറുത്തു ..
“ഇനിയും ഓടാനോ?? ആദ്യ ഷോട്ട് റെഡി ആവാന്‍ ഓടിയ ഓട്ടം ഞാന്‍ നേരെ ഓടിയെങ്കില്‍ ഇപോ കണ്ണൂരില്‍ എങ്കിലും എത്തിയേനെ ഞാന്‍.. വയ്യട വയ്യ,,”
പക്ഷെ അപ്പോഴേക്കും സംവിധായകന്‍ വിളിച്ചു പറഞ്ഞു..
“സ്റ്റാര്‍ട്ട്‌,ക്യാമറ.. ഓടിക്കോ.. ”
എല്ലാവരും ഓടി.. കൂട്ടത്തില്‍ ഞാനും ഓടി..
കുറച്ചങ്ങോടിയപ്പോള്‍ സംവിധായകന്‍ കട്ട്‌ പറഞ്ഞു..
എല്ലാവരും നിന്നു.. പക്ഷെ ഞാന്‍ മാത്രം നിന്നില്ല.. ഞാന്‍ ബസ്‌ സ്റ്റോപ്പ്‌ വരെ ഓടി..
ബസ്‌ വന്നു.. ഞാന്‍ അതില്‍ കയറി..
ചുറ്റിലും നോക്കി.. എന്‍റെ ഫാന്‍സ്‌ അസോസിയേഷന്‍ രൂപീകരിക്കാന്‍ ഞാന്‍ കണ്ടു വെച്ച അതേ ജനക്കൂട്ടം..
എല്ലാവരോടുമായി മനസ്സില്‍ ഒരേ ഒരു വാക്ക്..
“അല്പം കൂടി കാത്തിരിക്കു.. ഫായിസ് തിരിച്ചു വരും.. നായകനായി തന്നെ.. ” അല്ലാതെന്തു പറയാന്‍..

തിരിച്ചു ഞാന്‍ ബസ്‌ ഇറങ്ങുന്നതും കാത്തു നിറഞ്ഞ ചിരിയുമായി സജീഷ്..
“അളിയാ,ഒഹ് സോറി, സര്‍.. താങ്കളുടെ സിനിമാ പ്രവേശനം എന്തായി?? ”
അവന്‍ ആക്കുവാണോ??
“അത്.. ഈ സിനിമയില്‍ എനിക്ക് പറ്റിയ നല്ല വേഷം ഇല്ല എന്നാ സംവിധായകന്‍ പറഞ്ഞത്.. എനിക്ക് അയാള്‍ വിചാരിച്ചതിലും കൂടുതല്‍ കഴിവുണ്ടെന്ന്.. ” ഞാന്‍ തട്ടി വിട്ടു..
“ഉവ്വ ഉവ്വേ.. അത് ഞാനറിഞ്ഞു.. മുനീര്‍ എന്നെ വിളിച്ചായിരുന്നു..”
തെണ്ടി.. ഇത്ര പെട്ടെന്ന് അത് നാട്ടുകാരെ അറിയിച്ചോ..
“നീ എന്നെ കളിയാക്കുകയൊന്നും വേണ്ട.. ഒരിക്കല്‍ ഞാനും നായകനാകും.. ”
“ഉവ്വുവ്വേ.. ”

റൂമിലെത്തി.. അകത്തു കയറിയപോള്‍ തന്നെ കണ്ണില്‍ പെട്ടത് തറയില്‍ വീണു കിടക്കുന്ന മമ്മൂക്കയുടെയും ലാലേട്ടന്റെയും പടങ്ങള്‍..
അതെടുത്തു.. ഒരുമ്മ കൊടുത്തു.. പോസ്റ്റര്‍ നോക്കി ആരും കേള്‍ക്കാതെ പറഞ്ഞു..
“നിങ്ങള്‍ രണ്ടു പേരും എന്നോട് ക്ഷമിക്കണം.. ഒരാവേശത്തിന്റെ പുറത്തു ചെയ്തു പോയതാ.. മമ്മൂക്ക കീ ജയ്‌.. ലാലേട്ടന്‍ കീ ജയ്‌.. ”
____________________________________________________________
മാസങ്ങള്‍ക്ക് ശേഷം ഒരു ദിവസം…
സന്തോഷപൂര്‍വ്വം സജീഷ് റൂമിലേക്ക്‌ ഓടി വന്നു..
“എന്താടാ?? എന്താ കാര്യം..?? നിന്‍റെ ആരേലും തട്ടിപ്പോയോ??”
“അതല്ലട.. നീ അഭിനയിച്ച പടം ഇന്ന് റിലീസ് ആകുവ.. ”
“എഹ്.. അത് പെട്ടിയിലായില്ലേ?? അപ്പോള്‍ എന്‍റെ പ്രാര്‍ത്ഥന മുഴുവന്‍ വെറുതെയായോ??”
“അതെന്തിനാടാ നീ അങ്ങനെ പ്രാര്‍ത്ഥിച്ചത്‌??”
“അല്ല.. ഞാന്‍ നായകനായി.. ബട്ട്‌ ചില സാങ്കേതിക പ്രശ്നം കാരണം അതിരങ്ങില്ല എന്ന് ഞാന്‍ പലരെയും വിളിച്ചു പറഞ്ഞായിരുന്നു.. അതും പൊളിഞ്ഞു.. അതാ..”
“ആഹ്.. അത് വിട്.. നമുക്കിന്നു തന്നെ പടം കാണാന്‍ പോകണം.. ”
“നോ.. ഇല്ല.. എനിക്കത് താങ്ങാന്‍ പറ്റിയെന്നു വരില്ല.. ”
അവന്‍ പിന്നെയും വാശി പിടിച്ചു..
ഒടുവില്‍ അവന്‍റെ വാശി വിജയിച്ചു.. ഞങ്ങള്‍ പടത്തിനു പോകാന്‍ തീരുമാനിച്ചു..

തിയേറ്ററില്‍ എത്തി..
ക്യുവില്‍ അകെ അഞ്ചാറ് പേര്‍..അതിലേക്കു ഞാനും സജീഷും..
“ചേട്ടന്‍റെ ആരേലും ഈ പടത്തില്‍ അഭിനയിക്കുന്നുണ്ടോ?? ”
ഞങ്ങളുടെ മുന്നില്‍ ക്യു നില്‍ക്കുന്ന ഒരാളോട് സജീഷ് ചോദിച്ചു..
“ഇല്ല.. എന്തെ അങ്ങനെ ചോദിച്ചത്??? ”
“ഒന്നുമില്ല.. ഇവന്‍ ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.. അത് കൊണ്ടാ ഞങ്ങള്‍ ഈ പടം കാണാന്‍ വന്നത്..”
അവന്‍ എന്നെ ചൂണ്ടി കൊണ്ടു പറഞ്ഞു..
അയാള്‍ എന്നെ ആരാധനാപൂര്‍വ്വം നോക്കി..
ഞാന്‍ തലയുയര്‍ത്തി നിന്നു.. എന്നിലെ അഹങ്കാരി എണീറ്റു..
ഞാന്‍ അയാളെ മൈന്‍ഡ് ചെയ്യാന്‍ പോയില്ല..
അയാള്‍ നിരാശനായി കാണണം..

എന്തായാലും പടം തുടങ്ങി..
“നീ അഭിനയിച്ച ഭാഗം ആയോടാ?? ”
സജീഷ് ഇടക്കിടക്കെ ചോദിച്ചു കൊണ്ടേയിരുന്നു..
“ആവുമ്പോള്‍ ഞാന്‍ പറയാം.. നീ അടങ്ങിയിരിക്കു,, ”
അങ്ങനെ ഞാന്‍ അഭിനയിച്ച ഭാഗം എത്തി.. അത് ഞാന്‍ സജീഷിനെ അറിയിച്ചു..
സിനിമാ കാണുമ്പോഴാ ഞാന്‍ ആ സത്യം മനസിലാക്കിയത്.. ഞങ്ങള്‍ ഓടുന്നത് മതിലിനു മുകളില്‍ വെച്ച പ്രതിമ കണ്ടിട്ടല്ല.. “അതിശയന്‍” എന്ന അതി ഭീകരനെ കണ്ടിട്ടാ ഓടുന്നത് എന്ന സത്യം..
“എന്റമ്മോ.. ഈ സാധനത്തെ അവിടെ വെച്ച് കാണിക്കാഞ്ഞത് നന്നായി.. കാണിചിരുന്നെല്‍ ഓടുന്നതിന് പകരം അവിടെ കിടന്നു ചിരിച്ചു ചിരിച്ചു ചത്തേനെ.. അല്ല പിന്നെ.. ” ഞാന്‍ മനസ്സില്‍ ഓര്‍ത്തു..
ഇനി പടത്തിലേക്കു…….
ഒരുപാടു പേര്‍ ഓടുന്നു.. ഞാന്‍ എന്നെ നോക്കി .. ഇല്ല.. എന്‍റെ പൊടി പോലുമില്ല..
കണ്ണ് തുറന്നു പിടിച്ചു നോക്കി.. ഇല്ലാ.. സത്യായിട്ടും ഞാനുള്ള ഭാഗം ഇല്ല.. ചതി നടന്നിരിക്കുന്നു..
“Mr വിജയന്‍‍.. താങ്കള്‍ക്ക് എന്നോടിത്ര അസൂയയോ?? അല്ലെങ്കില്‍ പിന്നെ താങ്കള്‍ എന്തിനു ഞാന്‍ അഭിനയിച്ച ഭാഗം മാത്രം കട്ട്‌ ചെയ്തു കളഞ്ഞു.. എന്തായാലും നിങ്ങളെ ഞാന്‍ പ്രാകി പോകുന്നു.. ”
വേദനയോടെ ഞാന്‍ കണ്ണ് സ്ക്രീനില്‍ നിന്നും പിന്‍ വലിച്ചു.. സജീഷ് ഇരിക്കുന്ന ഭാഗത്തേക്ക്‌ നോക്കാന്‍ എനിക്ക് തോന്നിയില്ല.
അത് കൊണ്ടു തന്നെ എന്‍റെ ഇടതു ഭാഗത്തേക്ക്‌ നോക്കി..
ഈശ്വര.. നേരത്തേ പരിചയപ്പെട്ട ചേട്ടന്‍, അതേ ഞാന്‍ ഈ സിനിമയില്‍ ഉണ്ടെന്നു സജീഷ് വിളിച്ചു പറഞ്ഞ അതേ ചേട്ടന്‍, എന്നെയും സ്ക്രീനിലേക്കും മാറി മാറി നോക്കുന്നു.. പാവം.. ആളെ മനസിലാവാഞ്ഞിട്ടു നോക്കുവാ..
ഇതിനെക്കാള്‍ നല്ലത് സജീഷിനെ നോക്കുന്നതാ..
ഞാന്‍ പതിയെ വലത്തോട്ട് തിരിഞ്ഞു..
സജീഷിന്റെ മുഖം നിറയെ പുച്ഛം..
പടം കഴിഞ്ഞു… മനസിലെ വേദന മാറുന്നത് വരെ തിയേറ്ററില്‍ ഇരുന്നു കൂവി..
“ഒരു സില്‍മാ നടന്‍ വന്നിരിക്കുന്നു.. ഫൂ.. ” പുറത്തിറങ്ങിയ ഉടനെ സജീഷ് പറഞ്ഞു..
സില്‍മാ നടന്‍ എന്ന്.. ആവാന്‍ എന്നെ കളിയാക്കുവാ.. എങ്കിലും ഞാന്‍ ആ വിശേഷണം സ്നേഹപൂര്‍വ്വം ഏറ്റു വാങ്ങി..
കാരണം ആദ്യമായാ ഒരാള്‍ എന്നെ അങ്ങനെ വിളിക്കുന്നെ.. നന്ദിയുന്ടെട നന്ദി.
പിന്നെ ഒന്ന് നെഞ്ച് വിരിച്ചു തന്നെ പറഞ്ഞു..
“ഒരിക്കല്‍ ഞാനും സിനിമാ നടനാകും..അന്ന് ആദ്യം ഞാന്‍ തേടുന്നത് നിന്‍റെ തലയാകും.. പരിക്കുകളില്ലാതെ കാത്തു സൂക്ഷിച്ചോളണം നീ ഈ തല..” ഏതോ ഒരു സിനിമയില്‍ കേട്ട ഡയലോഗ്…
“ഉവ്വുവ്വേ.. കാത്തു വെച്ചോളം.. ”

വാല്‍കഷ്ണം..
വര്‍ഷങ്ങള്‍ക്കിപ്പുറം.. ഒരു സുപ്രഭാതം..
പത്രം എടുത്തു നോക്കിയ എന്‍റെ കണ്ണിലേക്കു ആദ്യം ഓടിയെത്തിയത് എന്‍റെ മനസിനെ സന്തോഷപ്പെടുത്തിയ ഒരു വാര്‍ത്ത‍.. അതിങ്ങനെയായിരുന്നു.. “സംവിധായകന്‍ വിജയനെ അസോസിയേഷന്‍-ഇല്‍ നിന്നും പുറത്താക്കി.. ”
ഞാനൊന്നു ചിരിച്ചു. പിന്നെ പതിയെ പറഞ്ഞു..
“രണ്ടു വര്‍ഷം കഴിഞ്ഞാണെങ്കിലും എന്‍റെ പ്രാക്ക് ഏറ്റല്ലോ.. എനിക്കത് മതി.. ഒരു നടനോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും.. ഹാ.. ”

ഈ കഥയെ കുറിച്ചുള്ള അഭിപ്രായം തീര്‍ച്ചയായും എന്നെ അറിയിക്കണം.. ഇവിടെ ചവിട്ടി ചാടിയാല്‍ നേരെ എത്തുന്നത്‌ എന്‍റെ ബ്ലോഗ്ഗിലാ.. :)

Advertisements