മരുപ്പച്ച..

405


2050 ലെ ഹജ്ജ് അവസാന ഘട്ടത്തോട് അടുക്കുകയാണ്..

സിറിയയില്‍ നിന്നും വന്ന ഹജ്ജ് സംഘത്തോടൊപ്പമായിരുന്നു 60 കാരിയായ അസ്മ.. അവള്‍ വല്ലാതെ കിതച്ചു..കാഴ്ച അവശേഷിച്ച വലതു കണ്ണിലൂടെ അവള്‍ അല്പം അകലെയുള്ള വിശുദ്ധകഅബാലയം നോക്കി നിന്നു..ആകാശം നോക്കി പ്രാര്‍ത്ഥിച്ചു:

” ദൈവമേ.. ഈ വൃദ്ധയെ നീ കാണുന്നുണ്ടോ ? ഈ മഹാ ജന സാഗരത്തിനിടയില്‍ നീ ഇവളുടെ കണ്ണു നീര് അറിയുന്നുണ്ടോ ? മുന്‍പും ഞാന്‍ ഇവിടെ വന്നിട്ടുണ്ട്.. അന്ന് ഞാന്‍ യുവതിയായിരുന്നു.. ഇന്ന് ഞാന്‍ വൃദ്ധയാണ് .. ഈ ജീവിതം പൂര്‍ണ്ണമായും എനിക്ക് മതിയായിരിക്കുന്നു… അതിനാല്‍ ഇനി എന്നെ നീ നാട്ടിലേയ്ക്ക് മടക്കരുതെ…”

കഅബയുടെ അടുത്തു പെട്ടെന്ന് ആള്‍ക്കൂട്ടം ചെറുതായി ചിതറുന്നു.. ഗാര്‍ഡുകള്‍ ചിലരെ നിയന്ത്രിക്കുന്നു… അപകടം സംഭവിച്ചാല്‍ അങ്ങനെ ഉണ്ടാവാറുണ്ട്..

”വാ വല്ല്യുമ്മാ ..”

ചെറുമകള്‍ ഫാത്തിമ , അസ്മയെ പുറകിലേയ്ക്ക് കൊണ്ട് പോയി..അസ്മ ഒരു തൂണില്‍ ക്ഷീണത്തോടെ ചാരി നിന്നു..

”ഒരാള്‍ മരിച്ചതാണ്” … ആരോ അറിയിച്ചു..

അസ്മ കിതച്ചു കൊണ്ട് ദിക്‌റുകള്‍ ചൊല്ലിക്കൊണ്ടിരുന്നു.. മൃതദേഹത്തിന് വേണ്ടിയുള്ള നിസ്‌കാരം നടക്കുകയാണ്… അസ്മയും അതില്‍ ഇരുന്നു കൊണ്ട് പങ്കെടുത്തു.. അവള്‍ നന്നേ ക്ഷീണിതയായിരുന്നു.. എന്തോ ഒരു ദു:ഖത്താല്‍ അവള്‍ വിങ്ങിപ്പൊട്ടി..

ബസ്സില്‍ സ്വന്തം കേമ്പിലേയ്ക്ക് മടങ്ങവേ അസ്മ ഗ്ലാസ്സില്‍ ചാരി ഇരുന്നു..

എത്ര പെട്ടെന്നാണ് സമയം തീരുന്നത്..!

സിറിയയിലെ പ്രമുഖനെ വിവാഹം ചെയ്യുമ്പോള്‍ തനിക്കു പ്രതീക്ഷകള്‍ ഏറെയായിരുന്നു.. ഒരു സ്‌കൂള്‍ തുടങ്ങണം.. കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കണം.. പക്ഷെ ഭര്‍ത്താവിനു മതം ഭ്രാന്തായിരുന്നു.. മതം പഠിപ്പിക്കാത്ത പലതും അയാള്‍ പഠിച്ചിരുന്നു.. പെണ്ണ് ഏതോ അന്യ ഗ്രഹ ജീവിയെന്ന പോലെ പരിഗണിക്കപ്പെടുന്ന ഒന്ന്.. സഹിച്ചു നിന്നു… അകാലത്തിലുള്ള ഭര്‍ത്താവിന്റെ മരണ ശേഷം കുറച്ച് കുട്ടികള്‍ക്ക് സ്‌കൂള്‍ തുടങ്ങിയപ്പോള്‍ തീവ്രവാദികളുടെ ആസിഡ് ആക്രമണം.. ഇടതു കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായും നഷപ്പെട്ടു..

എന്നാല്‍ കാലം ഏറെ കഴിഞ്ഞു..ഇന്ന് സിറിയയില്‍ എങ്ങും സ്‌കൂളുകളാണ്, പെണ്‍ കുട്ടികളാണ് സകല ഇടതും ജോലി ചെയ്യുന്നത്.. തീവ്രവാദികള്‍ എല്ലാം തീര്‍ന്നിരിക്കുന്നു..കൊന്നും കൊല്ലിച്ചും അവരൊക്കെ എന്ത് നേടി ? ഉത്തരമില്ല..

.അസ്മയുടെ മനസ്സ് വര്‍ഷങ്ങള്‍ പുറകോട്ടു പോയി.. 2016 വരെയുള്ള കുവൈത്ത് ജീവിതം.. മനസ്സ് ഏറെ സന്തോഷിച്ച കാലം അതായിരുന്നു.. അവിടെ അവനുണ്ടായിരുന്നു… സല്‍മാന്‍..!

”മുഖ പടം മാറ്റു നീ അസ്മാ..”

കണ്ണുകള്‍ മാത്രം കാണിക്കുന്ന നിഖാബിലൂടെ അവള്‍ സല്‍മാനെ നോക്കി.. പിന്നെ കാര്‍ ഓടിച്ചു കൊണ്ട് തന്നെ അവള്‍ ഉത്തരവും നല്കി..

” എന്റെ മുഖം കണ്ടിട്ട് നിനക്കെന്തിനാണ് സല്‍മാന്‍..?”

” അതീവ സുന്ദരിയാണ് എന്റെ സിറിയക്കാരി സുഹൃത്തെന്നു അഹങ്കരിക്കാന്‍..”

അത് കേട്ട് അവള്‍ ശബ്ദം ഉയര്‍ത്തി ചിരിച്ചു..

”പുകഴ്ത്തലുകള്‍ പെണ്ണിനെ വീഴ്ത്തുമെന്നുള്ള ആണുങ്ങളുടെ സ്ഥിരം ചിന്ത തെറ്റാണ് മോനേ… ഞാന്‍ മുഖപടം മാറ്റില്ല..”

അങ്ങനെ പറഞ്ഞെങ്കിലും അവള്‍ മുഖ പടം നീക്കി.. വെളുത്തു തുടുത്ത മുഖത്തെ ചുവന്ന ചുണ്ടുകള്‍ സല്‍മാന്‍ നോക്കി നിന്നു.. നീണ്ടു വിടര്‍ന്ന നീലക്കണ്ണുകളില്‍ മുഴുവന്‍ കുസൃതിയാണ്.. വെളുത്തു നീണ്ട അവളുടെ വിരലുകളില്‍ മൈലാഞ്ചിയുടെ ചുവപ്പഴക്..

ദൈവമേ, ഇവള്‍ക്കെന്തൊരു സൗന്ദര്യമാണ് !

പര്‍ദ്ദയാല്‍ മൂടിയ ശരീരത്ത് മുഖം മാത്രം വെളിയില്‍ കാണുന്ന ആ അഴക് അയാള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്…

” പര്‍ദ്ദയില്‍ നീ അതീവ സുന്ദരിയാണ് അസ്മാ.. ഈ പര്‍ദ്ദയും, മൈലാഞ്ചി വിരലുകളും, നിന്റെ വൃത്തിയും എനിക്കേറെ ഇഷ്ടമാണ്..!”

അവളൊന്നു ഇരുത്തി മൂളി.. പിന്നെ പറഞ്ഞു :

” പഞ്ചാര കൂടുതലാണല്ലോ, പോലീസില്‍ പറഞ്ഞാല്‍ 80 ചാട്ടവാര്‍ അടിയാ … വേണോ..? ”

” വേണ്ട… പെണ്ണേ.. ”

” അപ്പൊ പഞ്ചാരക്കുഞ്ചുവിനു പേടി ഉണ്ടല്ലേ..?”

” ഇത് പഞ്ചാരയല്ല പെണ്ണേ.. യാദാര്‍ത്ഥ്യം… നീ നിഷേധിച്ചാലും നീ സുന്ദരി തന്നെ..”

അവളുടെ മുഖത്ത് ഒരു ചെറു ചിരി പടര്‍ന്നു..

അറബ് സംഗീതത്തിനു അനുസരിച്ച് അവളുടെ മൈലാഞ്ചി വിരലുകള്‍ സ്റ്റീ റിംഗില്‍ താളം പിടിച്ചു.. കാര്‍ നേരെ മരുഭൂമിയിലേയ്ക്ക് കടന്നു…

ബിസിനസുകാരുടെ മീറ്റിംഗില്‍ ആയിരുന്നു അയാള്‍ അവളെ ആദ്യമായി കണ്ടത്.. പ്രമുഖ ബിസിനസ് വുമണ്‍ ഷഹനാസ് അല്‍ മക്തബ യുടെ കൂടെയായിരുന്നു അസ്മ വന്നത്.. അവന്‍ ആകട്ടെ ഒരു പെര്‍ഫ്യൂം കമ്പനിയുടെ പാര്‍ട്ട്ണര്‍ ആയിട്ടും.. സ്വര്‍ണ്ണക്കൂജയും, സ്വര്‍ണ്ണ ക്കസേരകളും വലിയ തളികയില്‍ നിറഞ്ഞ ഭക്ഷണക്കൂമ്പാരങ്ങള്‍ക്ക് നടുവില്‍ നിന്ന് ഒരു പണ്ഡിത വേഷധാരി ആത്മീയത പറയുന്നു.. സല്‍മാന്‍ ആരും കാണാതെ പുറത്തേയ്ക്കിറങ്ങി..

പുറത്ത് നല്ല തണുത്ത കാറ്റ് അടിക്കുന്നുണ്ട്… അതില്‍ ലയിച്ച് നില്ക്കവേ ആണ് അത്തറിന്‍ നറു മണവുമായി ആരോ കടന്നു പോയത് .. അത് ബ്രൌണ്‍ പര്‍ദ്ദയും , മെറൂണ്‍ മഫ്തയും ധരിച്ച അസ്മയായിരുന്നു.. അവളും അകലങ്ങളിലേയ്ക്കു നോക്കി നിന്നു.. പിന്നെ എന്തോ ഓര്‍ത്തത് പോലെ തിരിഞ്ഞു നോക്കി.. സല്‍മാന്‍ മെല്ലെ ചിരിച്ചെന്നു വരുത്തി.. പരസ്പരം പരിചയപ്പെട്ടു..

” കമ്പനി തട്ടിമുട്ടി പോകുന്നു.. ബുദ്ധി കൊണ്ടല്ല, ഹൃദയം കൊണ്ടാണ് ചിന്തിക്കുന്നത്, അതിന്റെ കുഴപ്പം മൊത്തത്തില്‍ ഉണ്ട്..”

അതും പറഞ്ഞു സല്‍മാന്‍ ചിരിച്ചു..

” സ്വര്‍ണ്ണക്കസേരയില്‍ ഇരുന്നു ആത്മീയത പറയുന്നവരൊക്കെ ബുദ്ധി കൊണ്ടാണ് ചിന്തിക്കുന്നത് അല്ലെ..? ”

അതും പറഞ്ഞു അവളും പുഞ്ചിരിച്ചു… അതൊരു തീരാ സൗഹൃദമായി..

അതിലെ ഒരു യാത്രയാണ് ഇത്..

കുറച്ചകലെ ഉള്ള കൂടാരങ്ങള്‍ ലക്ഷ്യമാക്കി വണ്ടി നീങ്ങി.. അവിടെ ഡാന്‍സും പാട്ടും അല്‍പ നേരം ആസ്വദിച്ച ശേഷം ആളുകള്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങി..

ഇരുവരും മട്ടന്‍ കബാബും , റൊട്ടിയും , ഷമാം ജ്യൂസും എടുത്തു..

ബസ്സില്‍ ഇരുന്നു അസ്മ എന്ന വൃദ്ധ എല്ലാം ഓര്‍ക്കുകയാണ്..

” അപ്പോള്‍ അസ്മ, നീ വിവാഹിതയാകാന്‍ പോകുന്നു..”

” അതെ..”

” നിനക്ക് ആരെയെങ്കിലും പ്രണയിക്കാമായിരുന്നു… എന്നിട്ട് വിവാഹം..”

” അതിനെന്താ.. എന്റെ ഭര്‍ത്താവിനെ ഞാന്‍ പ്രണയിക്കും..”

”അങ്ങനെ മുന്‍കൂട്ടി തീരുമാനിക്കുന്നതല്ല പെണ്ണേ പ്രണയം.. അതങ്ങ് വരും.. ഒരു ഉറവ പോലെ.. തടുത്തു നിര്‍ത്താന്‍ ശ്രമിച്ചാലും സാധിക്കാതെ.. നീ പ്രണയിക്കും.. എനിക്കുറപ്പുണ്ട്..”

ബസ്സില്‍ ഇരുന്നു അസ്മയെന്ന വൃദ്ധ ചിരിച്ചു..

ഇല്ല സല്‍മാന്‍ നിനക്ക് തെറ്റിയിരിക്കുന്നു..നിന്റെ പഴയ പ്രവചനങ്ങള്‍ പോലെ..

നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം നോക്കി മരുഭൂമിയില്‍ അവസാനമായി അവനൊപ്പം ഇരിക്കവേ അവന്‍ ഒന്ന് മൂളി:

” വിധിയെന്തുമാകട്ടെ ക്ഷമിക്കുക നീ,
നിന്റെ വേദനകള്‍ ആനന്ദത്തിലേക്ക്
മൊഴിമാറ്റം ചെയ്യപ്പെടുന്നത് വരെ..”

” ജലാലുദ്ധീന്‍ റൂമി ആണോ സല്‍മാന്‍..?”

”അല്ല.. മുഹയിദ്ധീന്‍ ഷെയ്ഖ് ”

”മനോഹരം അല്ലെ..?”

”അതെ.. സൂഫികളുടെ കാവ്യമൂറും വാക്കുകള്‍ പ്രണയ കവികളില്‍ പോലും കാണുന്നില്ല.. ദൈവീക പ്രണയം ആകുമ്പോള്‍ ആ വാക്കുകളും ദൈവം തൊടുന്നുണ്ടാവണം.. ”

പിന്നെ അല്‍പ നേരം അവന്‍ ഒന്നും മിണ്ടിയില്ല.. ചിന്തയോടെ ഉള്ള ആ ഇരുത്തം കണ്ടിട്ടാണ് ചോദിച്ചത്.

” സല്‍മാന്‍, നിനക്ക് ഏറ്റവും ഇഷ്ടം ആരെയാണ്…?”

അവന്‍ അവളെ ചോദ്യം രൂപത്തില്‍ നോക്കി..

”നീ പലപ്പോഴും ഈ ലോകത്തല്ല ജീവിക്കുന്നതെന്നെനിക്ക് തോന്നിയിട്ടുണ്ട്.. അത് കൊണ്ട് നിന്റെ ഇഷ്ടവും സാദാ ഇഷ്ടം ആകില്ലെന്ന് ഉറപ്പുണ്ട്.. ഈ അവസാന നിമിഷമെങ്കിലും നിനക്ക് പറയാമോ സല്‍മാന്‍.. ?”

അവന്‍ മെല്ലെ എഴുന്നേറ്റു.. പിന്നെ നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം നോക്കി.. പിന്നെ മെല്ലെ അവളെ ഒന്ന് നോക്കി…

” അറിയണമോ നിനക്ക് ?

”വേണം..”

മരുഭൂമിയുടെ അകലങ്ങളിലേയ്ക്കു നോക്കി അവന്‍ മെല്ലെ പറഞ്ഞു:

”അങ്ങനെ ഒരാളേ ഇവനുള്ളൂ… എന്റെ മാതാപിതാക്കളേക്കാള്‍.. സര്‍വ്വ ലോകത്തേക്കാള്‍.. എനിക്ക് പ്രിയംകരം ആ ആളാണ് അസ്മാ …അന്ത്യ പ്രവാചകന്‍ മുഹമ്മദ്.. ”

അവള്‍ അമ്പരപ്പോടെ അവനെ നോക്കി..

” സത്യമാണ് അസ്മാ.. ഞാനതിനു യോഗ്യനല്ല..എങ്കിലും എന്റെ ഹൃദയം നിറയെ മുഹമ്മദാണ്… സ്വന്തം ഷാളില്‍ ഒരു പൂച്ച ഉറങ്ങിയപ്പോള്‍ , ആ ഉറക്കം നഷ്ടപ്പെടാതിരിക്കാന്‍ ഷാള്‍ എടുക്കാതിരുന്ന മുഹമ്മദ്.. സ്‌നേഹമാണ് ദൈവ വിശ്വാസം എന്ന് ഞാന്‍ പഠിച്ചത് അവിടെ നിന്നാണ്.. എല്ലാവരെയും സ്‌നേഹിക്കൂ അസ്മാ…ആ സ്‌നേഹം സത്യമാണെങ്കില്‍ ശത്രു പോലും ഉള്ളിന്റെ ഉള്ളില്‍ നിന്നെ സ്‌നേഹിക്കും… വെറുത്തു കൊണ്ട് പോലും നിന്നെ സ്‌നേഹിക്കും..”

അതും പറഞ്ഞു ഒന്ന് പുഞ്ചിരിച്ച് മരുഭൂമിയില്‍ വീശിയടിച്ച തണുത്ത കാറ്റില്‍ തന്റെ ഇരു കരങ്ങളും രണ്ടു വശത്തേയ്ക്കുമായി അവന്‍ വിടര്‍ത്തി നിന്നു.. അവളും അടുത്തേയ്ക്ക് ചെന്നു.. സല്‍മാന്‍ കണ്ണുകള്‍ അടച്ചു ധ്യാനത്തിലെന്ന പോലെ നില്ക്കുകയാണ്.. അവന്റെ കണ്ണുകളിലൂടെ ചെറിയൊരു നനവ് കവിളിലേയ്ക്കു വരുന്നത് അവള്‍ കണ്ടു. അവള്‍ക്ക് അത് അത്ഭുതമായിരുന്നു..

”സല്‍മാന്‍, നീ… നീ…കരയുന്നു..!’

അവന്‍ അത് കേട്ടില്ലെന്നു തോന്നി.. അവന്‍ മെല്ലെ മന്ത്രിച്ചു :

” സ്വല്ലല്ലാഹു അലൈഹിവസല്ലം ..! ” ( peace be upon him )

അതായിരുന്നു അവസാന ദൃശ്യം.. താന്‍ കുവൈറ്റ് വിടുമ്പോള്‍ ആ ദൃശ്യം മനസ്സില്‍ തങ്ങി നിന്നു..

തമാശയ്ക്ക് പലതും പറയുമായിരുന്നെങ്കിലും സല്‍മാന്‍ ഒരിക്കല്‍ പോലും മോശമായിട്ട് പെരുമാറിയിട്ടില്ല.. അവന്‍ കണ്ടെത്തിയ മതം ഏറെ എളുപ്പമായിരുന്നു.. അതില്‍ തമാശ പറഞ്ഞു ചിരിച്ച , ഭാര്യയോട് ഓട്ട മത്സരം നടത്തിയ നബി ഉണ്ടായിരുന്നു.. പെണ്‍ കുഞ്ഞുങ്ങളെ ഏറെ പുകഴ്ത്തിയ , ജൂതന്റെ ശവം കണ്ടു മനുഷ്യ സ്‌നേഹത്താല്‍ എഴുന്നേറ്റു നിന്ന് ആദരിച്ച നബിയുണ്ടായിരുന്നു…പിശാചിനെ തളച്ച , മാന്ത്രികരെ ഒതുക്കിയ, ജിന്നുകള്‍ക്ക് ഉപദേശം നല്‍കിയ നബിയുണ്ടായിരുന്നു.. എത്ര കേട്ടാലും മതി വരാത്ത കുറെ നബി കഥകളും..

ബസ്സ് നീങ്ങിക്കൊണ്ടിരുന്നു…

സല്‍മാന്‍ ഇപ്പോള്‍ എവിടെയാണ്..?

വൃദ്ധയായ തന്നെ കണ്ടാല്‍ ” നീ സുന്ദരിയാണ് അസ്മാ” എന്ന് അവനിപ്പോ പറയുമോ ?

അവന്‍ ഇന്ത്യയിലേയ്ക്ക്, അവന്റെ ഭാഷയില്‍ പറഞ്ഞാല്‍ ” സൂഫികളുടെ ആത്മീയ കലാ സംഗമ ഭൂമിയിലേയ്ക്ക് ” തിരികെ പോയോ ?

അവന്‍ വിവാഹിതനായോ..? കുഞ്ഞുങ്ങള്‍ ഉണ്ടോ..? അവസാന കാലത്തും അവന്‍ പഴയത് പോലെ തമാശ പറഞ്ഞിരുന്നോ..? അതോ അവന്‍ ദു:ഖിതന്‍ ആയിരുന്നോ..?

അവനെന്നെ ഓര്‍ക്കുന്നുണ്ടാകുമോ..? എനിക്ക് ദുഃഖം വരുന്ന സമയത്തൊക്കെ അവന്റെ മുഖം ഓര്‍മ്മ വന്ന കാര്യം അവനറിയുമോ?

ബസ്സിലെ ടിവിയില്‍ വാര്‍ത്തയാണ്.. കഅബാലയത്തിന് മുന്നില് മരിച്ച ആ മനുഷ്യനെ കാണിക്കുന്നു.. സുജൂദില്‍ വീണു കിടന്നു മരിച്ച ആളെ ഗാര്‍ഡുകള്‍ പൊക്കി എടുക്കുന്നു…

പെട്ടെന്ന് അസ്മയുടെ ഉള്ളില്‍ ഒരു ആളല്‍..!

അത്.. അത്…സല്‍മാനല്ലേ ? യാ അല്ലാഹ് ! അതെ.. അതവന്‍ തന്നെ..നരച്ച മുടികള്‍ ആ മുഖത്തെ വലുതായൊന്നും മാറ്റിയിട്ടില്ല..

സല്‍മാനാണ് ഇന്ന് തന്റെ മുന്നില്‍ മരിച്ചത്..!

സല്മാന് വേണ്ടിയാണ് താന്‍ കരഞ്ഞു നിസ്‌കരിച്ചത്..!

അവനെ ഇവിടെ അടക്കം ചെയ്തിരിക്കുന്നു..!

അസ്മയുടെ കണ്ണുകള്‍ നിറഞ്ഞ് ഒഴുകാന്‍ തുടങ്ങി…പിന്നെ മെല്ലെ അവള്‍ ബസ്സിലെ വിന്‌ഡോ ഗ്ലാസ്സിലെയ്ക്ക് തല ചായ്ച്ചു കണ്ണടച്ച് കിടന്നു..അവളുടെ മനസ്സിലേയ്ക്ക് ഒരു രംഗം വന്നു..

മരുഭൂമിയിലെ രാത്രിയില്‍, നക്ഷത്രങ്ങളെ സാക്ഷി നിര്‍ത്തി ഏതോ ഒരു ശാന്ത ഭാവത്തില്‍ നില്‍ക്കുന്ന സല്‍മാന്‍ !

” അസ്മാ, ഭൂമിയിലെ ആദ്യ ദേവാലയത്തിന്, കഅബാലയത്തിനു മുന്നില്‍ ദൈവത്തിനു സുജൂദ് ചെയ്തായിരിക്കും ഞാന്‍ മരിക്കുക..”

” ങാഹാ.. പ്രവചനം ആണോ സല്‍മാന്‍..? എങ്കില്‍ പറയ്, ഞാന്‍ എങ്ങനെയാണ് മരിക്കുക..? ”

ബസ്സ് നീങ്ങിക്കൊണ്ടിരുന്നു..ഫാത്തിമ വല്ല്യുമ്മയെ നോക്കി.. ആ വെള്ള വസ്ത്രത്തില്‍ അസ്മ ശാന്തമായി ഉറങ്ങുന്നത് കണ്ട ഫാത്തിമ അവരെ ഉണര്‍ത്തിയില്ല..

” പറയ് സല്‍മാന്‍ ഞാന്‍ എങ്ങനെയാണ് മരിക്കുക..?”

” പ്രണയത്താല്‍ ഹൃദയം തകര്‍ന്നു നീ മരിക്കും അസ്മാ..”

” ഹ..ഹ.. ഒരിക്കലുമില്ല, ഞാന്‍ ആരെയും പ്രണയിക്കില്ല..സത്യം ! ”

” അങ്ങനെയെങ്കില്‍ നിനക്ക് മരണമില്ല അസ്മാ..”

ശാന്തമായി ഒഴുകുന്ന ജലം പോലെ , ആ ബസ്സ് നീങ്ങിക്കൊണ്ടിരുന്നു..

Advertisements