Untitled-1

മലയാളം സിനിമയിലെ നായകന്മാര്‍..ഇവരെ കുറിച്ച് പറയുമ്പോള്‍ നസീര്‍-സത്യന്‍ കാലഘട്ടം മുതല്‍ ഇങ്ങ് മോഹന്‍ലാല്‍-മമ്മൂട്ടി യുഗം വരെ “നായകന്മാര്‍” എന്ന് പറഞ്ഞാല്‍ ഇവര്‍ക്ക് ഒരേ സ്വഭാവമാണ്…അല്ല സ്വഭാവ സവിശേഷതകളാണ്…

1. മിക്കപ്പോഴും നായകന്‍ സകല കലാവല്ലഭനാണ്. കുച്ചിപ്പുടി,കരാട്ടെ,നാടന്‍ അടി തുടങ്ങിയ ആയോധന കലകളില്‍ അഗ്രഗണ്യന്‍. ശാസ്ത്രീയ സംഗീതത്തിലെയും വെസ്റ്റേണ്‍ മ്യൂസിക്കിലെയും അപാരജ്ഞാനവും.സംസാരിക്കുമ്പോള്‍ തവള കരയുന്ന ശബ്ദമെങ്കിലും പാടുമ്പോള്‍ യേശുദാസിന്റെ ശബ്ദമാണ്.

2. നായകന്‍ എത്ര മെലിഞ്ഞു ശുഷ്‌കിച്ചവനാണെങ്കിലും ഘടാഘടിയന്മാരായ വില്ലന്മാരെ വളരെ ഈസിയായി ഇടിച്ചു നിരത്തുവാന്‍ കഴിയുന്നവനാണ്.

3. നാട്ടില്‍ തെണ്ടിത്തിരിഞ്ഞ് നില്‍ക്കുന്ന നായകന്‍ മുംബൈ,പൊള്ളാച്ചി,ദുബായ് എന്നീ സ്ഥലങ്ങളില്‍പ്പോയാല്‍ പിന്നെ പിടിച്ചാല്‍ കിട്ടുകയില്ല. തിരികെ വരുന്നത് കേരളം മുഴുവന്‍ പര്‍ച്ചേസ് ചെയ്യാനുള്ള മൊതലുമായിട്ടാണ്.

4. പഠിക്കാന്‍ മിടുക്കര്‍,റാങ്ക് ഹോള്‍ഡറന്മാര്‍ ഒക്കെ ആണെങ്കിലും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം ഗുണ്ടയോ കാര്യസ്ഥനോ ഡ്രൈവറോ ആകുവാനാണ് പലപ്പോഴും വിധി.

5. നായകന്‍ സത്യം പറയാന്‍ ശ്രമിക്കില്ല പലപ്പോഴും, കുഞ്ഞമ്മാവനോ കൂട്ടുകാരോ സത്യം പറയാന്‍ ശ്രമിക്കുമെങ്കിലും ക്ലൈമാക്‌സിനോടനുബന്ധിച്ച് മാത്രമേ അവര്‍ക്കത് പറയാനുള്ള അധികാരമുള്ളു.

6. കൃഷിക്കാരനാണ് നായകനെങ്കില്‍ മിനിമം കര്‍ഷകശ്രീ കിട്ടാനുള്ള തോട്ടം, രാവിലെയും ഉച്ചക്കും മുപ്പത് ലിറ്ററോളം ഒറ്റക്കറവില്‍ കറക്കാന്‍ പറ്റുന്ന ഘടാഘടിയന്മാരായ പശുക്കള്‍, പൊന്ന് വിളയിക്കുന്ന പാടം,കൂടെ ഒരു മന്ദബുദ്ധി തോട്ടം സൂക്ഷിപ്പുകാരന്‍ എന്നിവ ആവാം.

7. നായകന്‍ മിക്കവാറും വില്ലന്റെയും അവന്റെ പിതാമഹന്മാരുടെയും പൂര്‍വ്വ ചരിത്രം സ്റ്റോര്‍ ചെയ്തിരിക്കുന്ന കമ്പ്യൂട്ടര്‍ ആണ്.അപ്പനല്ല അപ്പന്റപ്പനും കൂട്ടിക്കൊടുത്ത കഥകള്‍ വില്ലനെ കണ്ട നിമിഷത്തില്‍ത്തന്നെ ഒരു ഗിരിപ്രഭാഷണമായി അവതരിപ്പിക്കാനുള്ള കഴിവുണ്ട്.

8. കമാന്‍ഡോ,അണ്ടര്‍വേള്‍ഡ് കിംഗ്‌സ് ഒക്കെയായ നായകന്‍ നാട്ടില്‍ അതി സാധാരണക്കാരനായ നിഷ്‌ക്കളങ്കന്‍ ആണ്. എന്നിരിക്കിലും ഇതൊക്കെ ക്ലൈമാക്‌സില്‍ വെളിപ്പെടുന്നു.

9. നായകന് അഞ്ച് പൈസ വരുമാനമില്ലെങ്കിലും സിനിമയില്‍ ഫുള്‍ടൈം ഷൂവും ഇട്ട് ഇന്‍സെര്‍ട്ട് ചെയ്ത് കറങ്ങിനടക്കുന്നു.

10. ഇന്‍വെസ്റ്റിഗേഷന്‍ ചിത്രങ്ങളാണെങ്കില്‍ പ്രധാന കണ്ടുപിടിത്തം,തെളിവ് എന്നിവ നായകനും മറ്റ് തുക്കടാ തെളിവുകള്‍ കൂട്ടാളികള്‍ക്കും വീതിച്ച് കൊടുക്കേണ്ടതാകുന്നു. അതീവ സങ്കീര്‍ണ്ണമായ പാസ് വേര്‍ഡുകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഊഹിച്ച് കണ്ടെത്തുക എന്നത് നായകന്റെ ഹോബി മാത്രമാണ്.

11. എത്ര നീളമുള്ളതും സങ്കീര്‍ണ്ണമായ ഡോക്കുമെന്റുകളും രേഖകളും രണ്ട് സെക്കന്റ് കൊണ്ട് വായിച്ച് മനസിലാക്കുന്നവനാണ് പലപ്പോഴും നായകന്‍.

ഇതൊക്കെയാണ് മലയാള സിനിമയിലെ നായകന്മാര്‍…ഇവരെയാണ് നമ്മള്‍ ഓരോ വെള്ളിയാഴ്ചയും തിയറ്ററില്‍ പോയി കാണാന്‍ വെമ്പല്‍ കൊള്ളുന്നത്…

 

Advertisements