മലയാളത്തിന് ഒരു സിനിമാ എന്‍സൈക്ളോപീഡിയ

0
249

നമ്മില്‍ ഐഎംഡിബി (IMDb) എന്ന വെബ്സൈറ്റിനെപ്പറ്റി അറിയാത്തവര്‍ ചുരുക്കമായിരിക്കും. ഇന്റര്‍നെറ്റ്‌ മൂവി ഡാറ്റബേസ് എന്ന IMDbയില്‍ ലക്ഷക്കണക്കിന്‌ സിനിമകളേയും, ടി വി പരിപാടികളെയും, വീഡിയോ ഗെയിമുകളെയും സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാണ്. പക്ഷെ IMDbയില്‍ നമ്മുടെ  മലയാളം സിനിമകളെപ്പറ്റിയുള്ള വിവരങ്ങള്‍ കുറവാണ്.

സിനിമ കാണാനും അതിനെപ്പറ്റി കൂടുതല്‍ അറിയാനും ആഗ്രഹിക്കുന്നവര്‍ക്കുവേണ്ടി മലയാളം സിനിമകളെപ്പറ്റിയുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു വെബ്സൈറ്റ് എന്നത് ഓരോ സിനിമാ പ്രേമിയുടെയും ആഗ്രഹമായിരുന്നു. കാരണം ഇന്ന് സിനിമാ നിരൂപണങ്ങളും സിനിമാ പ്രൊമോഷനുകളും ഇന്റര്‍നെറ്റിലേക്ക് കടന്നിരിക്കുന്നു. ഇന്ന് വിവര ശേഖരണത്തിനായി ഇന്റര്‍നെറ്റ്‌ ആണ് കൂടുതല്‍ ആശ്രയിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ മലയാള സിനിമയുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു സമ്പൂര്‍ണ ഡാറ്റബേസ് കാലഘട്ടത്തിന്‍റെ ആവശ്യമായി മാറിയിരിക്കുന്നു. ഈ അവസരത്തില്‍ ആണ് ഒരു സമ്പൂര്‍ണ മലയാള സിനിമാ ഡാറ്റബേസ് എന്ന ആശയം പ്രസക്തമാകുന്നത്.

കോഴിക്കോടുള്ള മൂന്ന് വിദ്യാര്‍ഥികള്‍ ആണ് ഇങ്ങനെ ഒരു ആശയവുമായി മുന്നോട്ടുവന്നത്. അതിന്റെ ഫലമായി അവര്‍ രൂപം കൊടുത്ത വെബ്സൈറ്റ് ആണ് മലയാളം ഓണ്‍ലൈന്‍ മൂവി ഡാറ്റബേസ് (MOMdb). മലയാളത്തിലെ മുഴുവന്‍ സിനിമകളുടെയും വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ ഒരു ഡാറ്റബേസ് എന്നതാണ് MOMdbയുടെ ലക്ഷ്യം. ഇപ്പോള്‍ ശൈശവദിശയിലുള്ള ഈ വെബ്സൈറ്റില്‍ 35 വര്‍ഷത്തെ സിനിമകളെപ്പറ്റിയുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. വിക്കിപീഡിയയില്‍ നിന്നും മറ്റിതര വെബ്സൈറ്റുകളില്‍നിന്നും നേരിട്ടും ശേഖരിച്ച വിവരങ്ങള്‍ , അവയുടെ വിശ്വാസ്യതയും പൂര്‍ണതയും ഉറപ്പുവരുത്തിയതിനുശേഷമാണ് ഡാറ്റബേസിലേക്ക് ചേര്‍ക്കുന്നത്.

Actor, Director, Year, Genre, Writer എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി സിനിമകള്‍ തിരഞ്ഞു കണ്ടെത്താവുന്നതാണ്. മാത്രമല്ല ഉപയോക്താക്കള്‍ക്ക് അവരുടെ ഇഷ്ടാനുസരണം സിനിമകള്‍ റേറ്റ് ചെയ്യാനുള്ള സൗകര്യവും MOMdb ഒരുക്കിയിരിക്കുന്നു. ഓരോരുത്തര്‍ക്കും അവര്‍ക്കിഷ്ട്ടപ്പെട്ട സിനിമ, മോശമെന്ന് തോന്നിയ സിനിമ എന്നിവ ലിസ്റ്റ് ചെയ്യാവുന്നതാണ്.ഇതുപയോഗിച്ച് നമുക്ക് ഒരു മൂവി പ്രൊഫൈല്‍ ഉണ്ടാക്കാനും അത് മറ്റുള്ളവരുമായി ഷെയര്‍ ചെയ്യാനും സാധിക്കും. ആക്ഷന്‍, റൊമാന്‍സ്, കോമഡി, ക്രൈം എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളായി സിനിമകള്‍ ക്രമീകരിച്ചിരിക്കുന്നു. മാത്രമല്ല സംവിധായകന്‍ , നിര്‍മാതാവ് , സംഗീതസംവിധായകന്‍ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളായി വിവരങ്ങള്‍ ലഭിക്കും. (ഉദാ: മേജര്‍ രവി, എം ജി ശ്രീകുമാര്‍ ). സുഹൃത്തുക്കളുമായി സിനിമാ വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ ഫേസ്ബുക്ക്‌ കണക്റ്റ് MOMdbയില്‍ ഉപയോഗിച്ചിരിക്കുന്നു.

കൂടുതല്‍ അറിയാന്‍ സന്ദര്‍ശിക്കുക: http://momdb.com

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് പ്രയോജനപ്രദമായി എന്ന് വിശ്വസിക്കുന്നു. ദയവായി അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക