മലയാളി അവരെ സ്നേഹിച്ചു,പക്ഷെ അവര്‍ നമ്മളെ വെറുപ്പിച്ചു; ജഗദീഷും രഞ്ജിനിയും പിന്നെ നമ്മളും

228

new

മലയാളി. ലോകത്തിന്റെ മറ്റൊരു ഭാഗത്തും നമ്മളെ പോലെ ഒരു കൂട്ടരേ കാണാന്‍ സാധിക്കില്ല. നമ്മുടെ വീട്ടില്‍ കറന്റ്‌ പോയതില്‍ വിഷമിക്കുകയും അയലത്തെ വീട്ടിലും കറന്റ്‌ ഇല്ല എന്ന് അറിയുമ്പോള്‍ സന്തോഷിക്കുകയും ചെയ്യുന്ന ഒരു അപൂര്‍വ്വയിനമാണ് മലയാളി. നമ്മള്‍ നമ്മളെ തന്നെ നല്ല രീതിയില്‍ കളിയാക്കാറുണ്ട് എന്നത് സത്യം തന്നെ, പക്ഷെ എത്ര തന്നെ കളിയാക്കിയാലും നമ്മള്‍ മലയാളികള്‍ തന്നെയാണ്.

ഇന്ന് നമ്മള്‍ രണ്ട് കൈനീട്ടി സ്വീകരിച്ച പലതിനെയും നാളെ നമ്മള്‍ തള്ളി പറയും, കളിയാക്കി കൊല്ലും. എത്ര എത്ര ഉദാഹരണങ്ങള്‍ നമുക്ക് മുന്നില്‍ ഉണ്ട്…കൈ കൊട്ടി സ്വീകരിച്ച പലതിനെയും പില്‍ കാലത്ത് കൂകി വിളിച്ച ചരിത്രം നമുക്കുണ്ട്.

മലയാളിക്ക് പെട്ടന്ന് മനസിലാകുന്ന കാര്യങ്ങളെ കുറിച്ച് തന്നെ പറയാം. ആദ്യ കാലങ്ങളില്‍ മലയാളി രണ്ട് കൈയ്യും നീട്ടി സ്വീകരിച്ച ഒരു പരിപാടിയായിരുന്നു കോമഡി സ്റ്റാര്‍സ്സും അതിലെ ചീഫ് ജഡ്ജ്ജായ ജഗദീഷിനെയും. പക്ഷെ പിന്നീട് വെറുപ്പിക്കുന്ന തമാശകളും കൈ ഇല്ലാത്തവന്‍ കൈ വച്ച് അടിക്കുന്ന വിധികളുമായി പരിപാടി മൊത്തത്തില്‍ മലയാളിയെ വെറുപ്പിച്ചു.

അതുപോലെ തന്നെയാണ് രഞ്ജിനി ഹരിദാസ്. ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന പരിപാടിയിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ രഞ്ജിനി ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കുന്ന മലയാളി വനിതയാണ്.

മലയാളത്തിലെ ഒരു പ്രമുഖ ചാനലിലാണ് ഇവര്‍ രണ്ട്പേരും അവരുടെ അങ്കം തുടങ്ങിയത്. ആദ്യം വന്നത് ജഗദീഷ് തന്നെ. കോളേജ് അധ്യാപകനായ ജഗദീഷ് ചാനല്‍ അങ്കം തുടങ്ങിയത് വിധി കര്‍ത്താവിന്റെ വേഷത്തില്‍ തന്നെയായിരുന്നു. അവതാരകനും വിധികര്‍ത്താവും ഒക്കെയായി വിലസിയ പരിപാടി അധികം നാള്‍ ഓടിയില്ല. പിന്നെ കോമഡി സ്റ്റാര്‍സ് വന്നു.ആദ്യ സീസണ്‍ ഹിറ്റായിയെങ്കിലും ജഗദീഷ് എന്ന വിധികര്‍ത്താവിനെ മലയാളി തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു..മനുഷ്യനെ വെറുപ്പിക്കുന്ന വിധിയും അതിന്റെ കൂടെയുള്ള വാചകങ്ങളും മലയാളിയുടെ ക്ഷമയെ പരീക്ഷിച്ചു.

അങ്ങനെ കോമഡി സ്റ്റാര്‍സ് സീസണ്‍ 2 വന്നപ്പോള്‍ അത് വെറുമൊരു നനഞ്ഞ പടക്കം മാത്രമായി. കഴിഞ്ഞ മൂന്ന് വര്ഷം കൊണ്ട് സീസണ്‍ 2 ഇങ്ങനെ നിര്‍ത്താതെ കിടന്നു ഓടുകയാണ്. ഇതിനു ഒരു അവസാനം ഇല്ലേ?

ഇതിന്റെ ഗ്യാപ്പില്‍ ജഗദീഷ് വേറെ ഒരു കടും കൈക്ക് കൂടെ മുതിര്‍ന്നു.  ശ്രീകണ്ഠന്‍ നായര്‍ പടിയിറങ്ങിയ ഗ്യാപ്പില്‍  ‘നമ്മള്‍ തമ്മില്‍’ എന്ന ഒരു നല്ല പരിപാടി അദ്ദേഹം ചാടി കയറി ഏറ്റെടുത്തു. അതിഥികളെയും കാണികളെയും നോക്കുകുത്തികളാക്കി, തന്റെ പരിമിതമായ രാഷ്ട്രീയ ബോധത്തെ ഇറക്കി വയ്ക്കാനുള്ള ഒരു വേദിയായി ജഗദീഷ് നമ്മള്‍ തമ്മിലിനെ മാറ്റി എന്ന് പലരും വിമര്‍ശിച്ചു.  സമകാലിക വിഷയങ്ങള്‍ യാഥാര്‍ത്ഥ്യബോധത്തോടെ കൈകാര്യം ചെയ്തുകൊണ്ടിരുന്ന ഒരു നല്ല പരിപാടിയെ മൂന്നാം കിട രാഷ്ട്രീയചര്‍ച്ചകള്‍ നടക്കുന്ന ഒരു ലോക്കല്‍ ചായ കടയുടെ ലെവലേക്ക് അദ്ദേഹം താഴ്ത്തി കെട്ടിഎന്നും വിമര്‍ശനങ്ങള്‍ ഉണ്ടായപ്പോള്‍ ചാനല്‍ തന്നെ ഇടപ്പെട്ടു. അങ്ങനെ അദ്ദേഹം വീണ്ടും വിധി പറയുന്ന പരിപാടിയിലേക്ക് തിരിച്ചു വന്നു..ഇപ്പോഴും തുടരുന്നു..വെള്ളി ശനി ഞായര്‍ ദിവസങ്ങളില്‍ രാത്രി 8 മണിക്ക്…!

ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഒന്നാം സീസണ്‍ ഹൈലൈറ്റ് രഞ്ജിനി ഹരിദാസ് എന്ന മലയാളം അറിയാത്ത മലയാളി വനിതാ തന്നെയായിരുന്നു. അവരുടെ ന്യൂ ജനറേഷന്‍ മലയാളം മലയാളികള്‍ സ്വീകരിച്ചു. വീട്ടന്മാരെ രഞ്ജിനിക്ക് കൈലെടുക്കാന്‍ സാധിച്ചുവന്നത് കൊണ്ട് തന്നെ സീരിയലുകളില്‍ നിന്നും ഇവരെയൊക്കെ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ വേദിയിലേക്ക് പറിച്ചു നടാനും രഞ്ജിനിക്ക് കഴിഞ്ഞു. പക്ഷെ ഒന്നാം സീസണിനു ശേഷം പിന്നീട് വിവാദങ്ങളുടെ തോഴിയായി മാറിയ രഞ്ജിനിയെ പതിയെ മലയാളികള്‍ ഉപേക്ഷിച്ചു തുടങ്ങി. സ്റ്റാര്‍ സിങ്ങര്‍ ആറു സീസണ്‍ വരെ പോയി, അതിന്റെ ഇടയില്‍ രഞ്ജിനിയെ വച്ച് ചാനലുകാര്‍ വേറെയും പരിപാടികള്‍ ചെയ്തു. പക്ഷെ ഇപ്പോഴും രഞ്ജിനിയുടെ മലയാളം ശരിയായിട്ടില്ല, ഉണ്ടായിരുന്ന സ്നേഹവും പോയി..!

ഇങ്ങനെയൊക്കെയാണെങ്കിലും മലയാളികള്‍ ഇത്ര ഒക്കെ വെറുത്തിട്ടും കുറ്റം പറഞ്ഞിട്ടും ഇവര്‍ രണ്ട് പേരും ഇന്നും ചാനലുകളില്‍ നിറഞ്ഞു നില്‍ക്കുന്നു..നമ്മുടെ വിധി..അല്ലാതെ എന്ത് പറയാന്‍ ?