മലയാളി മാമന്‍ – കഥ

308

1മാമന്‍ എഴുന്നേറ്റു. ഫ്രഷായി. നേരെ ചെന്ന് പത്രമെടുത്തു.മുന്‍ പേജില്‍ മുഴുവനായി ഒറ്റ വാര്‍ത്ത.

” പലിശ നിരക്ക് കുറച്ചു ”

എവിടുന്നോ ഒരു കുളിര് കോരുന്നതായി മാമനു തോന്നി. പക്ഷെ കുളിര് മെല്ലെ ആവിയായി. സംഗതി പരസ്യമാണ്. കുത്തൂറ്റ് ബ്ലേഡുകാര് പലിശ കുറച്ചതാണ് സംഗതി.

പത്ര ധര്‍മ്മം കണ്ടു മാമനു വായില്‍ പുളിച്ച തെറി വന്നു. ” ഞങ്ങടെ പൈസ വാങ്ങിച്ചിട്ട് വേണോടാ … മോനെ കണ്ടവന്റെ പരസ്യം മുന്നില് തന്നെ കൊടുക്കാന്‍ ? ”

പതിവ് പോലെ പേജുകള്‍ മറിച്ചു. ”മന്ത്രി സുഗുണേഷ് ഭാര്യയെ ഒഴിവാക്കുമോ ?”

അവന്റെ കോണാത്തിലെ വാര്‍ത്ത.

മാമന്‍ മെല്ലെ പരസ്യ കോളം നോക്കി. ”കുതിര ശക്തി ലേഹ്യം… പ്രായം ഒരു പ്രശ്‌നമേ അല്ല. നിങ്ങളിലെ യൗവനം ഉണര്‍ത്തുന്നു… ” ആയിരം രൂപയാണ് വില. നമ്പര്‍ കുറിച്ചെടുത്തു. കഴിഞ്ഞ തവണ ഇതേ

പത്രത്തില്‍ വന്ന ആന ശക്തി ലേഹ്യം വാങ്ങിച്ചു ഒരു ഫലവും കണ്ടില്ല. അപ്പോഴാ ഇതേ പത്രം തന്നെ പ്രസ്തുത ലേഹ്യം തട്ടിപ്പാണെന്ന് പറഞ്ഞു ന്യൂസും കൊടുത്തത്. പക്ഷെ കുതിര ശക്തി അങ്ങിനെ

ആയില്ലെങ്കിലോ. ഒന്ന് പരീക്ഷിച്ചു നോക്കാം. പ്രായം നാല്‍പ്പത്തഞ്ചല്ലേ ആയുള്ളൂ. പ്രായം ഒരു പ്രശ്‌നമേ അല്ലല്ലോ !

 

ശ്രീമതി കൊടുത്ത ചായ വാങ്ങി കുടിക്കവേ രുചി വ്യത്യാസം. ” ചായ പൊടി മാറി ചേട്ടാ…കൊള്ളാമോ ? ടി. വി യില്‍ വന്ന പുതിയ പരസ്യമാ… നടി ഭവാനിയമ്മ ഇതാ ഉപയോഗിക്കുന്നേ ”

മാമന്‍ പ്രതികരിച്ചില്ല. ടി. വി ശ്രീമതിയുടെ വീക്ക് നെസ് ആണ്.

അയാള്‍ വസ്ത്രം മാറി ബൈക്കില്‍ കയറവേ ഒരുത്തന്‍ മുന്‍പില്‍ ” സാര്‍, കാര്‍ ലോണ്‍ തരട്ടെ ? ” ”ഇപ്പൊ വേണ്ട പിന്നെ നോക്കാം ” പക്ഷെ അവന്‍ വിട്ടില്ല. അവസാനം ചെറിയ ഒന്ന് അടുത്ത മാസം വാങ്ങാമെന്നു ഉറപ്പും കൊടുത്ത് വിട്ടു. മാസം പതിനായിരം അടക്കണം. കടം കൂടിയാല്‍ ആത്മഹത്യ ചെയ്യാം ,ഹല്ല പിന്നെ !

പോകും വഴി തലയ്ക്കു വല്ലാത്ത ചൂട്. ഹെല്‍മറ്റു മെല്ലെ മാറ്റിയതും വളവില്‍ പോലിസ്.

” കൈനീട്ടമാ, വേഗം അടച്ചിട്ടു പോ…ഹെല്‍മറ്റില്ലാതെ യാത്ര പാടില്ല ” എതിര്‍ത്തില്ല, ഫൈന്‍ അടച്ചു.

ബൈക്ക് നേരെ ബീവറെജിന്റെ മുന്നില്‍ നിന്നു. ആരും അസൂയപ്പെടുന്ന അച്ചടക്കത്തോടെ കുടിയന്‍മാര്‍ നില്ക്കുന്നു. മാമനും നിന്നു. കുപ്പി കിട്ടിയതും ബൈക്കില്‍ ഒളിപ്പിച്ചു. രാത്രിയിലേ സേവിക്കാറുള്ളൂ അപ്പൊ ദേ, തൊട്ടു മുന്നിലൊരു കുടിയന്‍.

” ചേട്ടാ, ഇന്നെന്റെ പിറന്നാളാണ്… അതിനാല്‍ അല്‍പം കഴിച്ചോളൂ…ഫ്രീയാ ”

പ്ലാസ്ടിക് ഗ്ലാസ്സില്‍ അല്പം മദ്യം ഒഴിച്ച് അയാള്‍ നീട്ടി. ഓസിനു കിട്ടുന്ന മദ്യം വേണ്ടെന്നു പറയുന്നത് മഹാ പാപമാണ്, അതിനാല്‍ മാമന്‍ ഉടനെ വാങ്ങി വിഴുങ്ങി.

വളവില്‍ വീണ്ടും പോലിസ്.

” ഊത്”

ഊതിയതും ബീപ് അടിച്ചു, മാമന്‍ ഉടനെ ഫൈനും അടച്ചു.

” നിങ്ങളൊക്കെ ഇങ്ങനെ ഫൈന്‍ അടക്കുന്നത് കൊണ്ടാണ് സര്‍ക്കാര്‍ കാര്യങ്ങള്‍ മുറ പോലെ നടക്കുന്നത് ” പോലീസുകാരന്‍ ആശ്വസിപ്പിച്ചു.

”സത്യമാണോ സാര്‍ പറേന്നെ ?” അവിടെ നില്‍പ്പുണ്ടായിരുന്ന മീന്‍ വണ്ടി െ്രെഡവര്‍ പയ്യന്‍സ് ചോദിച്ചു

”അതേടാ, നിങ്ങളീ അടക്കുന്ന ഫൈന്‍ സര്‍ക്കാര്‍ ഖജനാവിലേയ്ക്കാണ് പോകുന്നെ, അവിടുന്ന് ഇത് പലര്‍ക്കുമായി സര്‍ക്കാര്‍ വീതിച്ചു കൊടുക്കും, അധികവും ശമ്പള ഇനത്തിലാ പോകുന്നെ, ഞങ്ങടെ ശമ്പളവും അതില്‍ പെടും”

”അപ്പൊ സാറിനൊക്കെ ശമ്പളം തരുന്നത് ഞങ്ങളാ അല്ലെ ? എന്നാ ഞങ്ങളെ ഒന്ന് ബഹുമാനിച്ചൂടെ സാര്‍ ? ‘

”ബഹുമാനിക്കമെടാ @#$%ഫ മോനെ… ലൈസന്‍സുമില്ല, പേപ്പറുമില്ല , എന്നിട്ടും ഒന്ന് സ്‌നേഹിച്ചപ്പോ അവനു ബഹുമാനം വേണം…”

പയ്യന്‍സിന്റെ നിലവിളി ഉയര്‍ന്നു

കമ്പനിയിലെത്തിയപ്പൊ ആരേം കാണാനില്ല, വാച്ച്മാന്‍ കണാരന്‍ മാത്രം ഉണ്ട്

”എന്തേ കണാരാ പണിക്കാരു വന്നില്ലേ ?”

”ഒരു ലോഡ് കയറ്റി വിട്ട് അവരൊക്കെ പോയി മൊതലാളി ”

”ഒരു ലോഡോ ? ദിവസോം പത്തു ലോഡ് കയറ്റിയാലെ ചെലവെങ്കിലും ഒക്കൂ .. അവരെവിടാ പോയത് ? ”

”എല്ലാരും അവരവരുടെ പാര്‍ട്ടി പരിപാടികള്‍ക്ക് പോയി ”

”ആ സുന്ദരനൊ ? അവനൊരു പാര്‍ട്ടീലും ഇല്ലല്ലോ ?”

”അവനൊരു പാര്‍ട്ടി ഉണ്ടാക്കി മൊതലാളി, അതിന്റെ മീറ്റിങ്ങിനു അവനും പോയി ”

”ഹും…. ഞാനൊന്നാ വില്ലേജോഫീസില്‍ പോയി വരാം. ”

വില്ലേജ് ഓഫീസിലെത്തിയതും ഓഫീസര്‍ ചായ കുടിക്കുന്നു.

‘സര്‍, എന്റെ കുടിക്കടം ”

”ഞാന്‍ കുടിക്കട്ടെടോ, ഒന്ന് വെയിറ്റ് ചെയ്യ്”

കുടിയും, പരിപ്പുവട കടിയും കഴിഞ്ഞപ്പോള്‍ വീണ്ടും ഉണര്‍ത്തി

”കുടിക്കടം, ഉം.. ഒരു കാര്യം ചെയ്യ്, രണ്ടു ദിവസം കഴിഞ്ഞു വാ… അപ്പോഴേക്കും എടുത്തു വെക്കാം…” ‘

‘രണ്ടു ദിവസം മുന്‍പ് പറഞ്ഞോണ്ടാ ഇന്ന് വന്നെ ”

അയാള്‍ ഒന്ന് നോക്കി.

”എന്താ വേണ്ടെന്നു വെച്ചാ സാറ് പറഞ്ഞാ മതി, ചെയ്യാം ”

പുഞ്ചിരി തെളിഞ്ഞു. കുടിക്കടം കിട്ടി. ലോണ്‍ കിട്ടാന്‍ ബാങ്കില്‍ അപേക്ഷ കൊടുത്തു.

ഇനി തിരുവനന്തപുരത്ത് പോണം, സെക്രട്ടറിയേറ്റില്‍. ചെറുകിട വ്യവസായത്തിനു കുറെ ആനുകൂല്യങ്ങള്‍ ഉണ്ട്, സെക്രട്ടറിയേറ്റിലെ ഉണ്ണി സാറിനെ പരിചയമുണ്ട്, പുള്ളി വിചാരിച്ചാല്‍ ഉടനെ കാര്യങ്ങള്‍ നടക്കും

ട്രെയിന്‍ വന്നു. നിറയെ ആള്‍ക്കാര്‍.

”ചേട്ടാ കയറാന്‍ സ്ഥലമില്ല, പാര്‍ട്ടീടെ പരിപാടിയാ തലസ്ഥാനത്ത്. ചേട്ടന്‍ വേണേല്‍ ഡോറില്‍ തൂങ്ങിക്കോ…”

”അല്ല…. ഞാന്‍ ടിക്കറ്റ് റിസര്‍വ് ചെയ്തിട്ടുണ്ട് ”

”അത് നന്നായി…. അപ്പോ ഡോറിന്റെ താഴെ ഇരുന്നോ… എന്റെ ചേട്ടാ, ഇവിടെ ടി ടി ഇ ക്ക് തന്നെ കയറാന്‍ സ്ഥലമില്ല. അപ്പളാ…”

”ഉണ്ണി സാറേ, ഞാനാ , ട്രെയിന്‍ മൊത്തം തിരക്കാ, അത്രേം ജനം ”

”അത് കാര്യമാക്കേണ്ട, ബസ്സില്‍ കയറി താനിങ്ങ് വാ, നമുക്ക് മന്ത്രിമാരെ തിരക്കില്ലാതെ കിട്ടും ”

ബസ്സിലെങ്ങനെയോ കയറിപ്പറ്റി. പത്തു മണിക്കൂര്‍ യാത്രയാണ് ചെറുതായി മയക്കം വന്നതും പെട്ടൊന്നൊരുത്തന്‍ തട്ടിയുണര്‍ത്തി. നില്ക്കുന്ന ഒരു തെണ്ടിയാണ് വിളിച്ചത്

‘അതേയ്, ഞങ്ങളൊക്കെ ഇങ്ങനെ നില്‍ക്കുമ്പോ, താന്‍ മാത്രം അങ്ങനെ ഉറങ്ങി സുഖിക്കേണ്ട ”

” ഫ്ഭ, തെണ്ടീ, നിറെ തന്തേടെ വകയാണോ ബസ് ? ” ഇവനെങ്ങാന്‍ കൊട്ടേഷന്‍ ടീം ആണെങ്കില്‍ ?

മൗനം രക്ഷതി വാര്‍ദ്ധക്യെ വാര്‍ദ്ധക്യത്തില്‍ മൗനമാണ് രക്ഷ എന്ന് സാരം, വാര്‍ദ്ധക്യത്തില്‍ ഡയലോഗ് അടിച്ചു പല്ല് പോയ ഏതോ കെളവന്‍ പറഞ്ഞതാവും . അവനെ നോക്കി പുഞ്ചിരിച്ചു. ഉറക്കം മതിയാക്കി.

ഇടയ്ക്കിടെ ആള്‍ക്കാര്‍ ഇറങ്ങി, കയറി. അടുത്തിരിക്കുന്ന ആള്‍ക്കാര്‍ മാറി മാറി വന്നു. അവരുടെ വിഷയങ്ങളും.

ടോള്‍ ബൂത്ത് എത്തിയതും ഒരുവന്‍

” ഈ ടോള്‍ സിസ്റ്റം ശരിയില്ല, എന്റെ അമ്മാവന്റെ നാനോ കാറിനും, അയല്‍വാസീടെ ബെന്‍സ് കാറിനും ഒരേ പിരിവ് ”

”എന്റെ അഭിപ്രായത്തില്‍ ടോള്‍ തന്നെ പാടില്ല, നല്ല റോഡ് ഉണ്ടാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്” മാമന്‍ അഭിപ്രായം പറഞ്ഞതും അയാള്‍ തിരുത്തി

‘ഹേ, ടോള്‍ നിന്നോട്ടെ മാമാ , പക്ഷെ ഈ പണക്കാരെ നല്ലോണം പിഴിയണം, മനുഷ്യര്‍ ഇവിടെ ബസ്സില്‍ പോകുമ്പോഴാ അവന്റൊരു ബെന്‍സ് ”

അസൂയയാണ് ! മാമന് വീണ്ടും മൗനം

അല്‍പ നേരം ഒന്ന് മയങ്ങിയതും ഒരു പ്ലസ് ടു പയ്യന്‍ തട്ടി വിളിച്ചു

” മാമാ, ഈ ജി സ്‌പോട്ട് എന്ന് വെച്ചാ എന്താ ? ”

”എന്തോന്ന് ? ”

”ദേ, ഈ മാഗസിനില്‍….. ”

മാമന്‍ അത് വാങ്ങിച്ചു നോക്കി. ശ്രീമതി വാങ്ങാന്‍ പറഞ്ഞ കുടുംബ വാരികയിലെ കവര്‍ സ്‌റ്റോറി ആണ്.

”സ്ത്രീയെ അറിയാത്ത പുരുഷന്മാര്‍ ” കേരളത്തിലെ 90 % ഭര്‍ത്താക്കന്മാര്‍ക്കും ചില കാര്യങ്ങള്‍ അറിയില്ലത്രേ. അതിലോന്നാണീ സ്‌പോട്ട് .. ശിവനെ… ഈ പതിനഞ്ചു കൊല്ലത്തിനിടയില്‍ ഞാനിതു വരെ….. ശ്രീമതി എങ്ങാനും ഇത് കണ്ടാല്‍ ! കുടുംബം കലക്കാന്‍ ഓരോ ലേഖനങ്ങള്‍…. അയാളാ മാഗസിന്‍ വാങ്ങി ദൂരെ എറിഞ്ഞു.

ബസ്സ് കുതിക്കുന്നു. മത പ്രഭാഷണം

”ആ ശക്തിയാണ് എല്ലാം. അങ്ങനെ മണ്ണിനു, മരങ്ങള്‍ക്ക്, മൃഗങ്ങള്‍ക്ക്, മനുഷ്യര്‍ക്ക്, മലകള്‍ക്ക്, പ്രശ്‌നമുണ്ടാകുമ്പോള്‍ , ആ ശക്തി ഒരു കൊടുങ്കാറ്റായി ജന്മമെടുക്കും… മാധവനായി, മഹാദേവനായി, മഹാവീരനായി, മണികണ്ഠന്‍, ആയി അവന്‍ അവതരിക്കും…”

”കൊള്ളാം അല്ലെ ? ”

മാമന്‍ സന്തോഷത്തോടെ അടുത്തിരുന്ന ചെറുപ്പക്കാരനോട് പറഞ്ഞു

”ഉം… ഈ കാലത്തെ അവതാരം ആരാന്നറിയോ ? ”

”ആരാ ?”

”ഞങ്ങടെ നേതാവ്.. ദേ നോക്കിയേ..”

അവന്‍ കയ്യിലുള്ള ലഘു ലേഖ കാണിച്ചു. ഒരുത്തന്‍ പുഞ്ചിരിച്ചു നില്ക്കുന്നു.

”ഇതാ സിനിമാ നിര്‍മ്മാതാവല്ലെ? ഇയാളെപ്പോഴാ ദൈവമായെ ?”

”കഴിഞ്ഞാഴ്ച അരുളപ്പാടുണ്ടായി. ”

തിരുവനന്തപുരം ജനസാഗരം. മാമന്‍ മൊബൈലില്‍ ഉണ്ണി സാറിനെ വിളിച്ചു അത് ഓഫ്

മാമന്‍ ഒരു ടി വി ഷോ റൂമിന് മുന്നിലെത്തി ഓരോ ചാനലുകളില്‍ ഓരോ പാര്‍ട്ടിക്കാര്‍.

തെറി വിളി. ഏതോ ഒരു നേതാവിന് തല്ലു കിട്ടി… അതോടെ സകല പാര്‍ട്ടിക്കാരുടെയും പ്രകടനം നടന്നു. പൊരിഞ്ഞ അടി…

” അവന്‍ മറ്റേ പാര്‍ട്ടിക്കാരനാ ”

മാമനെ ആരോ വട്ടം ചേര്‍ന്ന് തല്ലി. ഒരു വിധം ഓടി ഒരു ബസ്സില്‍ കേറി മാമന്‍ നാട്ടിലേയ്ക്ക് തിരിച്ചു.

ഒരിടത്ത് ഹര്‍ത്താല്‍. ആളുകളെ ബസ്സീന്നു ഇറക്കി വിട്ടു. മാമന്‍ ഇറങ്ങി നടന്നു

കുറച്ചകലെ സകല പാര്‍ട്ടികളുടെയും ഒരുമിച്ചുള്ള സമരം, ഒരു കമ്പനിക്കെതിരെയാണ്. മാമന് കലി അടക്കാനായില്ല. അയാള്‍ നേരെ അങ്ങോട്ട് നടന്നു

” എന്താണെടാ നിങ്ങള്‍ രാഷ്ട്രീയക്കരോക്കെ ഇങ്ങനെ ? പെട്രോള്‍ , ഡീസല്‍, അരി, പച്ചക്കറി, വില കാരണം മനുഷ്യന് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാ… നിങ്ങള്‍ക്കൊക്കെ അതിനെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചൂടെ ? അഴിമതി കാണിക്കുന്നവരെ അടിച്ചു നന്നാക്കിക്കൂടെ ? നാടിന്റെ പുരോഗതിക്കു ഒരുമിച്ചു നിന്നൂടെ ? തെണ്ടികളെ , ആണും പെണ്ണും കെട്ട വര്‍ഗ്ഗമെ,പിച്ചക്കാര്‍ക്ക് പോലും നിങ്ങളെക്കാള്‍ മാന്യത ഉണ്ടെടാ പിശാചുക്കളെ.. ”

പറയേണ്ട വരികള്‍ മനസ്സില് തികട്ടി വന്നതും മാമന്‍ നേരെ മൈക്ക് പിടിച്ചു വാങ്ങി.

സകല പാര്‍ട്ടിക്കാരും ഞെട്ടി.

” ഞാന്‍ ഈ നാട്ടിലെ സകല മലയാളികളെയും പ്രധിനിധീകരിച്ചാണ് ഇവിടെ നില്ക്കുന്നത്… ഇവിടുള്ള എല്ലാ പാര്‍ട്ടിക്കാരോടുമായി എനിക്കൊന്നു പറയാനുണ്ട്…”

മാമന്‍ ഒന്ന് ചുമച്ചു. എല്ലാവരും നോക്കി നില്‍പ്പാണ്.

” കുറെ നാള്‍ ഞാന്‍ ക്ഷമിച്ചു, ഇനി പറയാതിരിക്കാന്‍ ആവില്ല…”

മാമന്‍ ഒന്ന് ചുറ്റും നോക്കി.

നിരന്നു നില്‍ക്കുന്ന തടിമാടന്മാര്‍…

”എനിക്ക് പറയാനുള്ളത്…”

പല നിറത്തിലുള്ള കൊടികള്‍ കെട്ടിയിരിക്കുന്ന തടിച്ച വടി..

”എനിക്ക് പറയാനുള്ളത്…”

കുറച്ചകലെ നല്ല ഉരുളന്‍ കല്ലുകള്‍…

”സംയുക്ത സമര സമിതി സിന്ദാബാദ് !”

കലക്കി മാമാ !