Featured
മലയാള സിനിമക്ക് ഇത് വളര്‍ച്ചയുടെ വര്‍ഷം – ഷൈബു മഠത്തില്‍..
എന്നാല്‍ പൊതുവായ ഈ മാറ്റത്തിനപ്പുറം മലയാള സിനിമയില്‍ കഴിഞ്ഞ ദശകത്തിലെ നിലവാരത്തകര്‍ച്ചക്കു കാരണമായ മിമിക്രി ടാലന്റ് പൂളിനെ അപേക്ഷിച്ച് പുതിയ ചെറുപ്പക്കാരുടെ വരവാണ് സിനിമയില്‍ പുതിയ ഒരു ഉണര്‍വ്വുണ്ടാക്കിയിരിക്കുന്നത്.
81 total views

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രതിവര്‍ഷം മലയാളത്തില്‍ ഇറങ്ങാറുണ്ടായിരുന്നത് തൊണ്ണൂറോളം സിനിമകളായിരുന്നെങ്കില്‍, 2013ല്‍ അത് ഒറ്റയടിക്ക് 153 എന്ന സംഖ്യയിലെത്തിയിരുന്നു. സിനിമകളുടെ എണ്ണത്തിലെ ആ വിസ്ഫോടനം മലയാള സിനിമയിലേക്കുള്ള കള്ളപ്പണക്കാരുടെ തള്ളിക്കയറ്റം മൂലമായിരുന്നു എന്നത് ഒരുപാട് ചര്‍ച്ചചെയ്യപ്പെട്ടു കഴിഞ്ഞ കഥയാണ്. 2014ലും സിനിമയിലെ കള്ളപ്പണ നിക്ഷേപം തുടര്‍ന്നു, ആകെ റിലീസുകളുടെ എണ്ണം 150 തികച്ചു. 2013ലെ സിനിമകളില്‍ നഷ്ടമുണ്ടാക്കാത്തത് വെറും ഇരുപത്തിയഞ്ചെണ്ണം മാത്രമായിരുന്നെങ്കില്‍, 2014ല്‍ കഥയൊരുപാടു മാറി. ഭേദപ്പെട്ട സാമ്പത്തിക നേട്ടമുണ്ടാക്കിയ ചിത്രങ്ങളുടെ എണ്ണം തന്നെ അന്‍പതോളമാണ്. കേരളത്തിലെ നഗരങ്ങളിലേക്കുള്ള മള്‍ട്ടിപ്ലക്സുകളുടെ വരവും, വൈഡ് റിലീസുമൊക്കെയാണ് ഈ നേട്ടത്തിനുള്ള കാരണങ്ങള്‍.
2013ല്‍ ഒരു സൂപ്പര്‍ ഹിറ്റ് സിനിമയുടെ ശരാശരി (റിലീസ്) തിയറ്റര്‍ ആയുസ്സ് 14 ദിവസമായിരുന്നെങ്കില്‍, മള്‍ട്ടിപ്ലെക്സുകളില്‍ മധ്യവര്‍ത്തി സിനിമകള്‍ക്കത് മൂന്നാഴ്ച്ചയോ അതിനു മേലെയോ ആയി മാറി. മള്‍ട്ടിപ്ലക്സുകള്‍ അല്പം നിലവാരമുള്ള മധ്യവര്‍ത്തി സിനിമകള്‍ക്ക് തീയറ്ററുകളില്‍ ആയുസ്സു നീട്ടിക്കിട്ടാന്‍ വഴിയൊരുക്കിയെന്നു നിസ്സംശയം പറയാം. ഇക്കഴിഞ്ഞ മാസം ഇറങ്ങിയ വെള്ളിമൂങ്ങയുടെ വിജയം ഇതിനൊരു ഉദാഹരണമാണ്. പഴയ തീയറ്റര്‍ ശീലത്തിലായിരുന്നെങ്കില്‍ റിലീസ് ചെയ്ത് ആദ്യത്തെയാഴ്ച്ച തന്നെ ബി ക്ലാസ്സിലേക്കു മാറ്റപ്പെടുമായിരുന്നു ആ ചിത്രം, എന്നിട്ടു ടിവിയില്‍ വരുമ്പോള്‍ മാത്രം പ്രേക്ഷകര്‍ കണ്ടു ‘വിജയിപ്പിക്കുകയും’ ചെയ്തേനെ.
ഇന്റര്‍നെറ്റില്‍ റിവ്യൂ വായിച്ചിട്ടു മാത്രം സിനിമ കാണാന്‍ പോകുന്ന ഒരു തലമുറയുടെ പുതിയ ശീലമാണ് ശ്രദ്ധേയമായ മറ്റൊരു മാറ്റം. റിലീസാവുന്ന എല്ലാ പൊട്ട സിനിമകളേയും പാടിപ്പാടി പുകഴ്ത്തിയിരുന്ന മാധ്യമരീതിക്കു മാറ്റം വന്ന്, ഒരു ദാക്ഷിണ്യവുമില്ലാതെ സിനിമയെ കീറിമുറിച്ചു വിശകലനം ചെയ്യുന്ന റിവ്യൂവര്മ്മാരുടെ വരവോടെ, പൈങ്കിളി പോസ്റ്ററുകളിലൂടെ പ്രേക്ഷകനെ വീഴ്ത്തല് അസാധ്യമാണെന്ന സ്ഥിതി വന്നു. സിനിമയേക്കുറിച്ച് ഒന്നുമറിയാതെ റിലീസ് ദിവസം തന്നെ ഇടിച്ചു കയറുന്നവര്‍ ഒരു ന്യൂനപക്ഷമായി ചുരുങ്ങിക്കൊണ്ടിരിക്കുന്നു. റിലീസിനെത്തുടര്‍ന്നുള്ള ദിവസങ്ങളില്‍ നല്ല പേരുണ്ടാക്കാതെ പ്രേക്ഷകരെ തിയറ്ററിലേക്ക് ആകര്‍ഷിക്കാന്‍ നിവൃത്തിയില്ലാത്ത സ്ഥിതി. അതും സിനിമയുടെ ഗുണപരമായ മാറ്റത്തിനു പ്രേരണയായേക്കാം.
എന്തായാലും സമ്പദ്വ്യവസ്ഥ വളര്‍ച്ച നേടുന്നതിനനുസരിച്ച് ഇന്ത്യയിലെ പ്രമുഖ ഭാഷകളിലെല്ലാമുള്ള സിനിമാ വ്യവസായങ്ങള്‍ വളര്‍ച്ച നേടുന്നുണ്ട്. വിദേശത്തു നിന്നു പോലും ഇന്ത്യന്‍ സിനിമയിലേക്ക് നേരിട്ടല്ലാതെയാണെങ്കിലും നിക്ഷേപം വരുന്നു. മള്‍ട്ടിപ്ലക്സുകള്‍ സിനിമയുടെ വ്യൂവര്‍ഷിപ്പ് വര്‍ദ്ധിപ്പിക്കുന്നു.
എന്നാല്‍ പൊതുവായ ഈ മാറ്റത്തിനപ്പുറം മലയാള സിനിമയില്‍ കഴിഞ്ഞ ദശകത്തിലെ നിലവാരത്തകര്‍ച്ചക്കു കാരണമായ മിമിക്രി ടാലന്റ് പൂളിനെ അപേക്ഷിച്ച് പുതിയ ചെറുപ്പക്കാരുടെ വരവാണ് സിനിമയില്‍ പുതിയ ഒരു ഉണര്‍വ്വുണ്ടാക്കിയിരിക്കുന്നത്. ഇപ്പോഴും എഴുപതുകളില്‍ തുടങ്ങി തൊണ്ണൂറുകളുടെ ആദ്യം അവസാനിച്ച ആ സുവര്‍ണ്ണകാലത്തിലെ താരതമ്യത്തിലേക്കൊന്നും മലയാളം എത്തിയിട്ടില്ല. പക്ഷെ ഇനിയും ഒരു ദശകത്തിനപ്പുറമെങ്കിലും ഒരു പുതിയ സുവര്‍ണ്ണകാലം പ്രതീക്ഷിക്കാം എന്ന നിലയിലേക്ക് എത്തി എന്നതു തന്നെ വലിയ ആശ്വാസം.
82 total views, 1 views today