1

സെലുലോയിഡ് മലയാളം സിനിമ പുറത്ത് വരുന്നതിനു മുമ്പ് തന്നെ കെ.സി.ഡാനിയലിനെയും മലയാള സിനിമയിലെ ആദ്യ നടി റോസിയെയും കുറിച്ച് ‘ആദ്യ മലയാള സിനിമ നടി റോസി’ എന്ന പേരില്‍ ഞാന്‍എന്റെ ബ്ലോഗില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.

ആദ്യ മലയാള ചലചിത്രം വിഗതകുമാരനെ സംബന്ധിച്ചു എന്റെപിതാവില്‍ നിന്ന് ബാല്യകാലത്ത് കേട്ട വിവരങ്ങള്‍ മനസിലുണ്ടായിരുന്നത് ഉപയോഗപ്പെടുത്തിയും പില്‍ക്കാലത്ത് പലപ്പോഴായി ഞാന്‍ നടത്തിയ യാത്രകളില്‍ ഈ വിഷയ സംബന്ധമായി കൂടുതലായി എനിക്ക് ലഭ്യമായ അറിവുകള്‍ പ്രയോജനപ്പെടുത്തിയുമാണ് പ്രസ്തുത ലേഖനം തയാറാക്കിയത്.

അന്ന് റോസിയെ പറ്റി കിട്ടിയ സൂചനകള്‍ ഉപയോഗിച്ച് ഞാന്‍ നാഗര്‍കോവില്‍ വരെ എത്തിയെങ്കിലും അവിടെ നിന്ന് ശരിയും സത്യസന്ധവുമായ വിവരങ്ങള്‍ ലഭ്യമാകാതിരുന്നതിനാല്‍ എന്റെ യാത്ര വിഫലമാകുകയും മലയാളത്തിലെ ആദ്യ നടി ആരാലും തിരിച്ചറിയപ്പെടാതെ മണ്മറഞ്ഞ് പോയി എന്ന് എനിക്ക് ബോദ്ധ്യം വരുകയും ചെയ്തു.

ജെ.സി.ഡാനിയല്‍ അവസാനകാലം കഴിച്ച്കൂട്ടിയ അഗസ്തീശ്വരം സന്ദര്‍ശിക്കണമെന്ന് പലപ്പോഴും ആഗ്രഹിച്ചു എങ്കിലും അവിടേക്കുള്ള യാത്ര പല കാരണങ്ങളാലും നീണ്ട് പോയി.സെലുലോയിഡ് സിനമാ പുറത്ത് വന്നപ്പോള്‍ പഴയ ആഗ്രഹം വീണ്ടും തലപൊക്കി. അങ്ങിനെ കഴിഞ്ഞ മാര്‍ച്ച് 28 പെസഹാ വ്യാഴാഴ്ച്ച ദിവസം അഗസ്തീശ്വരം ലക്ഷ്യമാക്കി ഇറങ്ങി തിരിച്ചപ്പോള്‍ എന്റെ നല്ല പാതിയും മകന്‍ സൈലു,അവന്റെ ഭാര്യ സുമയ്യ, അവരുടെ സന്തതികളായ സല്‍മാന്‍, സ അദ്, സഫാ എന്നിവരും യാത്രയില്‍ എനിക്ക് കൂട്ടായി വന്നു.

അഗസ്തീശ്വരം കന്യാകുമാരിയുടെ വടക്ക് ഭാഗത്താണെന്നും നാഗര്‍കോവിലിനു തെക്ക് ഭാഗത്ത് വന്ന് ഇടത് വശത്തേക്ക് തിരിഞ്ഞാലും അവിടെ എത്തി ചേരാമെന്നും അറിഞ്ഞിരുന്നുവെങ്കിലും സ്ഥലത്തിന്റെ ശരിയായ സ്ഥാനം എനിക്കറിയില്ലായിരുന്നു. ഏത് സ്ഥലവും കണ്ടെത്താമെന്നുള്ള ആത്മധൈര്യം എനിക്ക് കൂട്ടുണ്ടായിരുന്നല്ലോ. വഴിയിലെ അന്വേഷണത്തില്‍ നാഗര്‍കോവിലില്‍ നിന്ന് തിരിഞ്ഞ് പോകാതെ കന്യാകുമാരി വഴി അഗസ്തീശ്വരം പോകുന്നതാണ് ഉത്തമമെന്ന് അറിഞ്ഞതിനാല്‍ നേരെ കന്യാകുമാരിക്ക് വെച്ച്പിടിച്ചു. കത്തിക്കാളുന്ന മീന വെയിലിന്റെ ചൂടിന് ശമനം വരുന്നത് വരെ കന്യാകുമാരിയില്‍ തങ്ങി.

അവിടെ നിന്നും അഗസ്തീശ്വരത്തേക്ക് യാത്ര തുടര്‍ന്നപ്പോള്‍ സായാഹ്നം ആരംഭിച്ചിരുന്നു.
കൃസ്ത്യന്‍ നാടാര്‍ സമുദായത്തില്‍ പെട്ട ധാരാളം ആള്‍ക്കാര്‍ ജീവിക്കുന്ന അഗസ്തീശ്വരത്ത് ചെന്ന് കെ.സി.ഡാനിയലിനെ പറ്റി അന്വേഷിച്ചാല്‍ പറഞ്ഞ് തരാന്‍ ധാരാളം ആള്‍ക്കാര്‍ കാണുമെന്ന വിശ്വാസം എനിക്ക് ധൈര്യം നല്‍കിയിരുന്നല്ലോ.38കൊല്ലത്തിനു മുമ്പ് മരിച്ച ഡാനിയലിനെ പറ്റി കൂടുതല്‍ അറിയാന്‍ പ്രായമുള്ള ആള്‍ക്കാരെ സമീപിക്കുന്നതാണ് ഉചിതമെന്ന തിരിച്ചറിവിനാല്‍ എതിര്‍ ദിശയില്‍ നിന്നും വന്ന വൃദ്ധന്റെ സമീപം കാര്‍ നിര്‍ത്തി ഞാന്‍ ഡാനിയലിനെ പറ്റി തിരക്കി. മലയാള സിനിമയുടെ പിതാവ്, പ്രസിദ്ധനായ ദന്ത ഡോക്ടര്‍, എന്നീ നിലയില്‍ ഡാനിയല്‍ ഏവര്‍ക്കും സുപരിചിതന്‍ ആയിരിക്കുമെന്ന് ഞാന്‍ കരുതിയിരുന്നു. മാത്രമല്ല എല്ലാ മലയാള സിനിമകളും നാഗര്‍കോവിലില്‍ പ്രദര്‍ശിപ്പിക്കുമെന്നതിനാല്‍ സെലുലോയിഡ് സിനിമയും അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുമെന്നും അത് വഴി അഗസ്തീശ്വരവും ഡാനിയലും ആ നാട്ടുകരാല്‍ ബഹുമാനിക്കപ്പെട്ടിരിക്കുമെന്നും എനിക്ക് വിശ്വാസമുണ്ടായിരുന്നു. സെലുലോയിഡിന്റെ പ്രദര്‍ശനത്തെ തുടര്‍ന്ന് മുന്‍ മുഖ്യ മന്ത്രിയുടെ സന്തതികളും സിനിമാ സംവിധായകനായ കമലും തമ്മിലുണ്ടായ സംവാദങ്ങള്‍ നാഗര്‍കോവിലിലും അലയടിച്ചിരിക്കുമെന്നും അതിനാല്‍ തന്നെ അഗസ്തീശ്വരവും ഡാനിയലും തമിഴന്റെ ഉള്ളകത്തില്‍ ഇടം കണ്ടെത്തിയിരിക്കുമെന്നും എനിക്ക് ഒട്ടും തന്നെ സംശയവും ഇല്ലായിരുന്നു.

എന്റെ എല്ലാ വിശ്വാസങ്ങളും ധാരണകളും കടപുഴുകി എറിയപ്പെട്ടു ആ വൃദ്ധന്റെ പ്രതികരണത്തില്‍.
‘ഡാനിയലാ……,അവര്‍ യാരു?…..വീട് എങ്കേ? സിനിമാ പുടിച്ചാച്ചാ….മലയാളമാ…അവരെ എനക്ക് തെരിയാത്… അങ്കേ പോയി കേട്ട് പാരു…’ വൃദ്ധന്‍ ഒന്ന് രണ്ട് കടകളും ഒരു ചെറിയ പ്രിന്റിംഗ് പ്രസ്സും സ്ഥിതി ചെയ്യുന്ന കവലയിലേക്ക് കൈ ചൂണ്ടി.ഞാന്‍ വഴിയില്‍ കണ്ട നാലഞ്ച് പേരോട് ഡാനിയലിനെ പറ്റി അന്വേഷിച്ചതില്‍ അവരില്‍ നിന്നും ഡാനിയലിനെ പറ്റി അറിയില്ല എന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് കവലയില്‍ ഉണ്ടായിരുന്ന പ്രിന്റിംഗ് പ്രസ്സിലേക്ക് കയറി ചെന്ന് അവിടെ കണ്ട പെണ്‍കുട്ടിയോട് സിനിമാ പ്രൊഡ്യൂസറായിരുന്ന ഡാനിയല്‍… എന്ന മുഖവുരയോടെ അന്വേഷണം ആരംഭിച്ചു.പെണ്‍കുട്ടികള്‍ സിനിമാ ഭ്രാന്ത്കാരായിരിക്കുമെന്നതിനാല്‍ എന്തെങ്കിലും സൂചനകിട്ടുമെന്ന് എനിക്ക് പ്രത്യാശ ഉണ്ടായിരുന്നു. പക്ഷേ ആ പെണ്‍കുട്ടിയും കൈ മലര്‍ത്തി.

‘എന്‍ താത്താ ഇപ്പോ വരുവാര്, അവര്‍ക്കിട്ട കേട്ടാല്‍ വെവരം കെടക്കുമേ…അവര്‍ രൊമ്പ പ്രായമായവര്‍…….അവളുടെ മുത്തഛന്‍ പ്രായമുള്ള ആളായതിനാല്‍ അയാള്‍ക്ക് വിവരം നല്‍കുവാനാകുമെന്ന് അവള്‍ പറഞ്ഞുവെങ്കിലും സമയം ഏറെ കഴിഞ്ഞിട്ടും ‘താത്താ വന്നില്ല

പ്രസ്സിനു എതിര്‍വശം ഒരു കൃസ്തീയ ദേവാലയം തല ഉയര്‍ത്തി നിന്നിരുന്നു.

‘ചര്‍ച്ചിലെ ഫാദര്‍ കിട്ടെ കേട്ട് പാരു…..അവര്‍ക്ക് എല്ലാം തെരിയുമേ’ എന്ന് പെണ്‍കുട്ടി പറഞ്ഞ് തന്നപ്പോള്‍ ‘ശ്ശോ ഈ ബുദ്ധി എനിക്കിത് വരെ തോന്നിയില്ലല്ലോ’എന്ന് ഞാന്‍ സ്വയം കുറ്റപ്പെടുത്തി.
ആ കൃസ്തീയ ദേവാലയത്തില്‍ എത്തിയ എനിക്ക് അവിടെ ഉണ്ടായിരുന്ന ഫാദറിന്റെ ചിരിച്ച മുഖം ആശ്വാസം നല്‍കിയെങ്കിലും ഡാനിയലിനെ പറ്റി അന്വേഷിച്ചപ്പോള്‍ ജെ.സി.ഡാനിയലിനെന്താണ് പ്രാധാന്യമെന്ന് റവറന്റ് ഫാദറിനെ ഞാന്‍ പഠിപ്പിക്കേണ്ടി വന്നു. വിഗതകുമാരനും ജെ.സി.ഡാനിയലും സെലുലോയിഡുമൊന്നും അച്ചന്റെ അറിവിന്റെ അയല്‍ പക്കത്തൊന്നും ഇല്ലായിരുന്നു.തുടര്‍ന്ന് ഞാന്‍ ദന്ത ഡോക്ടറായിരുന്ന ഡാനിയലിനെ പറ്റി ചോദിച്ചു.മാത്രമല്ല ഞാന്‍ വിദൂര സ്ഥലമായ കൊട്ടരക്കരയില്‍ നിന്നും അദ്ദേഹത്തിന്റെ വിവരങ്ങള്‍ അറിയാനായി മാത്രം എത്തിയതാണെന്നും എങ്ങിനെയെങ്കിലും എന്നെ സഹായിച്ചില്ലെങ്കില്‍ എന്റെ യാത്ര വിഫലമാകുമെന്നും അച്ചനെ വിനയപുരസ്സരം അറിയിച്ചപ്പോള്‍ ‘ഇവനു വട്ടാണോ, 38കൊല്ലത്തിനു മുമ്പ് ചത്ത ആളെ തിരക്കി വരാനെന്ന’ ചോദ്യ ഭാവം അച്ചന്റെ മുഖത്തുണ്ടായിരുന്നു എന്ന് എനിക്കുറപ്പുണ്ടായിരുന്നു. എങ്കിലും ആ നല്ലവനായ പുരോഹിതന്‍ പതുക്കെ എഴുന്നേറ്റ് ഒരു പഴയ രജിസ്റ്റര്‍ എടുത്ത് താളുകള്‍ മറിക്കാന്‍ തുടങ്ങി.മരിച്ചവരെ മറവ് ചെയ്യുന്നത് ആ പള്ളിയിലാണെങ്കില്‍ എന്തെങ്കിലും രേഖകള്‍ അത് സംബന്ധമായി കാണുമായിരിക്കും എന്ന് കരുതിയാണ് ഞാന്‍ പ്രത്യാശയോടെ അവിടെ കാത്ത് നിന്നത്. കുറേ ഏറെ പേജുകള്‍ മറിച്ചതിനു ശേഷം രണ്ട് ജെ.സി.ഡാനിയലുകാരുടെ മേല്‍ വിലാസം ഫാദര്‍ എനിക്ക് തന്നു.ഡാനിയല്‍ കുടുംബത്തില്‍ പെട്ടവരായിരിക്കും അവരെന്ന വിശ്വാസത്തില്‍ അച്ചനോട് നന്ദിയും പറഞ്ഞ് ആ മേല്‍ വിലാസത്തിലെ വീടും അന്വേഷിച്ച് പള്ളിക്ക് സമീപമുള്ള സ്‌കൂളിനടുത്തെത്തിയ എന്റെ എല്ലാ പ്രതീക്ഷകളും തകര്‍ത്ത്‌കൊണ്ട് ആ വീടിന്റെ ഗേറ്റ് പുറത്ത് പൂട്ടിട്ട നിലയില്‍ കാണപ്പെട്ടു.അയല്‍ വാസിയായ ഡേവിഡിനോട് അന്വേഷിച്ചതില്‍ അവര്‍ നാഗര്‍കോവിലില്‍ പോയി കാണുമെന്ന മറുപടിയാണ് ലഭിച്ചത്.ഡേവിഡുമായി ഞാന്‍ ഏറെ നേരം സംസാരിച്ച് നിന്നു.ഞാന്‍ പോയ പള്ളിയിലല്ല ജെ.സി.ഡാനിയലിനെ മറവ് ചെയ്തിരിക്കുന്നതെന്നും അവിടെ നിന്നും കുറേ അകലെ ഏതോ ഒരു പറമ്പില്‍ ആണെന്നും എനിക്ക് അറിയാന്‍ കഴിഞ്ഞു. ആ സ്ഥലം എനിക്ക് കണ്ട് പിടിക്കാനാവാത്ത വിധം പ്രധാന വീഥിയില്‍ നിന്നും ഉള്ളിലേക്ക് മാറിയാണെന്നും ഡേവിഡ് പറഞ്ഞു.

എന്റെ യാത്ര വിഫലമായി തീര്‍ന്നു എന്ന സത്യം മനസിലേക്ക് വേദന കൊണ്ട് വന്നെങ്കിലും മലയാള സിനിമയുടെ പിതാവ് അവസാനകാലം തന്റെ യാതനകള്‍ അനുഭവിച്ച് തീര്‍ത്തത് ഈ ഭാഗത്ത് എവിടെയോ ഒരുവീട്ടില്‍ വെച്ചായിരുന്നു എന്ന തിരിച്ചറിവ് തുടരന്വേഷണത്തിനു എന്നെ പ്രേരിപ്പിച്ച് കൊണ്ടേ ഇരുന്നു.
മടക്ക യാത്ര നാഗര്‍കോവില്‍ വഴി ആകാമെന്ന് കരുതി മുമ്പോട്ട് പോയപ്പോള്‍ അവിടെ ഒരു ബസ് സ്‌റ്റോപില്‍ മൂന്ന് നാലു പേര്‍ സൊറ പറഞ്ഞിരിക്കുന്നത് കണ്ട എന്റെ ഉള്ളിലുണ്ടായ പ്രേരണയാല്‍ ഡ്രെയ്‌വ് ചെയ്തിരുന്ന മകന്‍ സൈലുവിനോട് കാര്‍ നിര്‍ത്താന്‍ ഞാന്‍ ആവശ്യപ്പെട്ടു.അവരുടെ സമീപം ചെന്ന്
‘നാന്‍ കൊല്ലം പക്കം നിന്ന് വരേന്‍, ഇങ്ക ജെ.സി.ഡാനിയല്‍…..’ എന്ന് എനിക്ക് വാചകം പൂര്‍ത്തിയാക്കേണ്ടി വന്നില്ല, അവരില്‍പ്രായമുള്ള ഒരാള്‍ പറഞ്ഞു ‘മലയാളത്തിലേ അന്ത മിണ്ടാ പടം എടുത്തവരാ…..?
‘അതേ…….അതേ…..’എനിക്ക് സന്തോഷം അടക്കാനായില്ല. ചിലരെങ്കിലും അദ്ദേഹത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നുണ്ടല്ലോ!
‘സാര്‍, അവര്‍ ഏറെ നാല്‍ മുമ്പ് ശത്ത് പോയിട്ടേന്‍…അവരുടെ വീട് ഇപ്പോള്‍ ഇങ്കേ ഇല്ലെ…പുത് വീട് എന്ന് താന്‍ അന്ത വീട് പേര്‍.പെരിയ വീട്..അവരെ അപ്പാവുടെ വീട് താനത്. ഇങ്ക എല്ലാം വിറ്റ് സൊന്തക്കാരെല്ലാം നാഗര്‍കോവിലില്‍ പോയിരിക്ക്…..അങ്കേ ഒരു പെരിയ ആശുപത്രി പോട്ടിരിക്കണത് ഡാനിയലുടെ സഹോദരന്‍ മകന്‍ താന്‍……’ അയാളില്‍ നിന്നും അവിടെ കൂടിയിരുന്ന പ്രായമുള്ള മറ്റ് ആള്‍ക്കാരില്‍ നിന്നും വാക്കുകള്‍ നിര്‍ഗമിച്ച് കൊണ്ടേ ഇരുന്നു.അവരുമായി സംസാരിച്ച് കൊണ്ടിരുന്നപ്പോള്‍ മറ്റൊരാള്‍ മോട്ടോര്‍ സൈക്കിളില്‍ അവിടെയെത്തി. അല്‍പ്പം മുമ്പ് ഡേവിഡും ഞാനുമായി സംസാരിച്ച് നിന്നത് അയാള്‍ കണ്ടിരുന്നുവത്രേ!.ഡാനിയലിനെ അടക്കിയിരിക്കുന്ന സ്ഥലം അയാളുടെ കുടുംബത്തിന്റേതായിരുന്നുവെന്നും അതിനു അടുത്ത് തന്നെ അയാള്‍ക്ക് വേറെ സ്ഥലം ഉണ്ടെന്നും അതില്‍ നില്‍ക്കുന്ന തെങ്ങ്കള്‍ക്ക് വെള്ളം പമ്പ് ചെയ്യാന്‍ അയാള്‍ ആ പറമ്പിലേക്ക് പോവുകയാണെന്നും പറഞ്ഞപ്പോള്‍ എനിക്ക് സന്തോഷം അടക്കാനായില്ല.എന്നോടൊപ്പം വന്നിരുന്ന കുടുംബാംഗങ്ങള്‍ക്കും സന്തോഷമായി.ഞാന്‍ നടത്തിയിരുന്ന അന്വേഷണം നിഷ്ഫലമായി തീരുന്നത് അവര്‍ കുറേ നേരമായി കണ്ട് കൊണ്ടിരിക്കുകയായിരുന്നല്ലോ. മോട്ടോര്‍ സൈക്കിള്‍കാരനെ ഞങ്ങള്‍ കാറില്‍ പിന്തുടര്‍ന്നു.

പ്രധാന റോഡില്‍ നിന്നും വിട്ടകന്ന് ഒരു ബൈ റോഡിലൂടെ അയാള്‍ ഒരു പറമ്പില്‍ ചെന്ന് കയറി.ഞങ്ങളുടെ വഴികാട്ടിയായി വന്ന നാരായണന്റേതായിരുന്നു ആ പറമ്പ്. ആ പറമ്പിലൂടെ നടന്ന് ഞങ്ങള്‍ ഡാനിയലിനെ അടക്കിയിരുന്ന സ്ഥലത്തെത്തി.രാവിലെ തുടങ്ങിയ ക്ലേശകരമായ യാത്രക്കൊടുവില്‍ പ്രശാന്തമായ സായാഹ്നത്തില്‍ ആ കല്ലറക്ക് സമീപം നിന്നപ്പോള്‍ എന്റെ ചിന്തകള്‍ വര്‍ഷങ്ങള്‍ക്ക് പുറകിലേക്ക് പൊയ്‌കൊണ്ടിരുന്നു, ഞാന്‍ ജനിക്കുന്നതിനും മുമ്പുള്ള വര്‍ഷങ്ങളിലേക്ക്.

ഇവിടെ ഇതാ അദ്ദേഹം ഉറങ്ങുന്നു. സിനിമാ നിര്‍മാണം എന്ന ഭ്രാന്തില്‍ തന്റെ എല്ലാ സ്വത്തും മലയാളത്തിലെ ആദ്യ സിനിമാ നിര്‍മ്മിക്കുന്നതിനു വേണ്ടി ചെലവഴിച്ച് ആരാലും അറിയപ്പെടാതെ ഈ ഒഴിഞ്ഞ കോണില്‍ആ മനുഷ്യന്‍ യാത്ര അവസാനിപ്പിച്ചിരിക്കുന്നു. അന്ത്യകാലം ഭാര്യ ഒഴികെ ഉറ്റവര്‍ എല്ലാവരിലും നിന്നും ഒഴിവാക്കപ്പെട്ട് സംരക്ഷിക്കേണ്ട സ്വന്തം ആണ്മക്കളുടെ സാമീപ്യമില്ലാതെ, വാര്‍ദ്ധക്യത്തിലുണ്ടായ തളര്‍വാതത്താല്‍ അവശനായി മരണത്തിലെത്തി ചേര്‍ന്ന ആ മനുഷ്യന്റെ മൃതദേഹത്തില്‍ ആരെങ്കിലും ഒരു റീത്ത് എങ്കിലും വെച്ചിരുന്നോ ആവോ? . പിന്നീടാരോ ഈ കല്ലറ കെട്ടി അതില്‍ ജെ.സി.ഡാനിയല്‍ 19001975 എന്നും ഡന്റല്‍ സര്‍ജനെന്ന് ആദ്യവും മലയാള സിനിമായുടെ പിതാവെന്ന് രണ്ടാമതും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കല്ലറയില്‍ രേഖപ്പെടുത്തേണ്ടിയിരുന്നത് വികറ്റര്‍ യൂഗോയുടെ വിശ്വ വിഖ്യാതമായ ‘പാവങ്ങള്‍’ എന്ന കൃതിയുടെ അവസാനഭാഗം നലാപ്പാട്ട് നാരായണ മേനോന്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ താഴെ കാണുന്ന വരികളായിരുന്നുവെന്ന് എനിക്ക് തോന്നി.

അദ്ദേഹമുറങ്ങുന്നു, വിധി എന്തായീടിലും
ജീവിച്ചു പുമാനിവന്‍ മരിച്ചു ജീവന്‍ പോകെ
എത്രയോ സാധാരണമായത് സംഭവിച്ചു;
പകല്‍ പോയെന്നാലപ്പോള്‍ രാത്രി വന്നീടുംവണ്ണം.
വഴികാട്ടിയായി വന്ന നാരായണനും ഞാനുമായി ആ കല്ലറക്ക് സമീപം നിന്നത് മകന്‍ ക്യാമറയില്‍ പകര്‍ത്തി.

മകന്റെ ഫോട്ടോ ഞാനുമെടുത്തു.ചുറ്റും മറ്റ് ചില കല്ലറകളുണ്ടായിരുന്നെവെങ്കിലും ജെ.സി. ഡാനിയലിനെ അവസാനം വരെ സ്‌നേഹപൂര്‍വം പരിചരിച്ചിരുന്ന ഭാര്യയുടെ കല്ലറ അവിടെങ്ങും കണ്ടില്ല. തിരുവനന്തപുരം എല്‍.എം.എസ്.ജംഗ്ഷനിലെ പുസ്തക വ്യാപാരി ആയിരുന്ന ജോയല്‍ സിംഗിന്റെ അതി സുന്ദരിയായ മകള്‍ ഡാനിയലിന്റെ പ്രിയ പത്‌നി ആയതിനു ശേഷം അദ്ദേഹത്തിന്റെ എല്ലാ സുഖ ദുഖങ്ങളിലും പങ്ക് കൊണ്ട് ഒരുനിഴല്‍ പോലെ അദ്ദേഹത്തെ പിന്തുടര്‍ന്നിരുന്നുവല്ലോ.എവിടെയോ ഏതോ മണ്ണില്‍ ആരാലും തിരിച്ചറിയപ്പെടാതെ ആ സാധ്വി ഉറങ്ങുന്നുണ്ടായിരിക്കാം.ഡാനിയല്‍ മലയാള സിനിമാ ആദ്യമായി നിര്‍മ്മിച്ചതിലൂടെ അനുഭവിച്ച യാതനകളുടെ ഒരു വിഹിതം ആ പാവം സ്ത്രീയും അനുഭവിച്ചിരുന്നല്ലോ.അദ്ദേഹം അവസാന കാലം തളര്‍ന്ന് കിടന്നപ്പോഴും കൂട്ടിനു അവരുണ്ടായിരുന്നല്ലോ.അദ്ദേഹത്തിറ്റെ വിയോഗത്തിനു ശേഷമാണ് അവര്‍ മരിച്ചത്. ആരോരുമറിയാതെ അവരും യവനികക്ക് പുറകിലേക്ക് പോയി മറഞ്ഞു.

അഗസ്തീശ്വരത്ത് ഞാന്‍ സംസാരിച്ചവരില്‍ നിന്നും എനിക്ക്കിട്ടിയ വിവരങ്ങള്‍ പ്രകാരം ഡാനിയലിന്റെ മൂത്തപുത്രനും മലയാള സിനിമയിലെ ആദ്യ ബാലതാരവുമായ സുന്ദരം ഡാനിയല്‍ ആസ്‌ത്രേല്യായിലേക്ക് പോയി എന്നും അവിടെ വെച്ച് മരിച്ചു എന്നും ഇളയ മകന്‍ ഹാരിസ് ഡാനിയല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലിയായതിനാല്‍ പിതാവില്‍ നിന്നും അകന്ന് കഴിയേണ്ടി വന്നുവെന്നും പിതാവിന്റെ മരണ സമയം ഇവര്‍ ആരും അദ്ദേഹത്തിന്റെ അരികില്‍ ഇല്ലായിരുന്നു എന്നും അറിയാന്‍ കഴിഞ്ഞു. എന്തിന് അവരുടെ പിതാവ് മരിച്ചു എന്ന വിവരം പോലും നാളുകള്‍ കഴിഞ്ഞാണ് അവര്‍ അറിഞ്ഞതത്രേ! ഒരു മകളുടെ കുടുംബം മാത്രം അദ്ദേഹത്തിന്റെ അന്ത്യ നാളുകളില്‍ അടുത്തുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സഹോദരന്റെ മകളാണ് ശവസംസ്‌കാര ചടങ്ങുകള്‍ നടത്തിയത് എന്നും അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞു. ഇവിടെ നാം ഓര്‍മ വെക്കേണ്ട വസ്തുത, 1975ല്‍ മലയാള സിനിമയുടെ പിതാവ് മരിക്കുമ്പോള്‍ മലയാള സിനിമയുടെ പുഷ്‌കല കാലമായിരുന്നു എന്നതാണ്. കൃഷ്ണന്‍ നായരും ശശികുമാറും മെരിലാന്‍ഡ് എസ്.കുമാറും, നവോദയാ അപ്പച്ചനും വാസുദേവന്‍ സാറും നസീറും കെ.പി.ഉമ്മറും അങ്ങിനെ പ്രഗല്‍ഭരായ പലരും ജ്വലിച്ച് നിന്ന കാലം. ഡാനിയലാണ് മലയാള സിനിമയുടെ പിതാവെന്ന് അന്ന് സ്ഥിരപ്പെട്ടു കഴിഞ്ഞിരുന്നു.എന്നിട്ട് പോലും അദ്ദേഹത്തിന്റെ മരണം ആരുമറിയാതെ പോയി.ഒരു അനുശോചന യോഗം പോലും ആരും വിളിച്ച് കൂട്ടിയുമില്ല.

വിഗതകുമാരന്‍ സിനിമാ നിര്‍മ്മിച്ചതിലൂടെ ഡാനിയലിനു സാമ്പത്തിക നഷ്ടം വന്നു എങ്കിലും പില്‍ക്കാലത്ത് ഡെന്റല്‍ സര്‍ജന്‍ എന്ന നിലയില്‍ അദ്ദേഹം കഠിനാധ്വാനം ചെയ്ത് സമ്പത്തുണ്ടാക്കി. പക്ഷേ സിനിമാ ഭ്രാന്ത് മൂത്ത് മദ്രാസിലെ ഏതോ സ്‌നേഹിതന്‍ മുഖേനെ വീണ്ടും സിനിമാ നിര്‍മാണത്തിനയി ഒരുങ്ങി ഇറങ്ങിയ അദ്ദേഹത്തിന് കനത്ത സാമ്പത്തിക നഷ്ടം നേരിടുകയും ആദ്യ സിനിമാ നിര്‍മാണത്തിനു എതിരു പറയാതിരുന്ന കുടുംബാംഗങ്ങള്‍ പലരും രണ്ടാമത്തെ ശ്രമത്തെ എതിര്‍ക്കുകയും ചെയ്തു എന്നും അറിയാന്‍ കഴിഞ്ഞു. എങ്കിലും അവസാന നിമിഷം വരെ ആ മനുഷ്യന് സിനിമാ ഹരം തന്നെ ആയിരുന്നു.

ഇന്ന് കോടികള്‍ ലഭിക്കുമായിരുന്ന തന്റെ സ്വത്തുക്കളെല്ലാം സിനിമാ നിര്‍മാണത്തിനായി നഷ്ടപ്പെടുത്തിയ ആദ്യ മലയാള സിനിമാ നിര്‍മ്മാതാവ് തന്റെ അവസാന കാലത്തെ കഷ്ടതയാല്‍ കേവലം 350രൂപാ ലഭിക്കുന്ന അവശ കലാകാര പെന്‍ഷനു വേണ്ടി കേരള സര്‍ക്കാരിലേക്ക് അപേക്ഷിച്ചു എന്നും അദ്ദേഹം മലയളി അല്ല എന്ന കാരണത്താല്‍ അദ്ദേഹത്തിന്റെ അപേക്ഷ നിഷ്‌കരണം തള്ളി മലയാളികളായ നമ്മള്‍ അദ്ദേഹത്തോട് നന്ദി കാണിച്ചു എന്നതും പില്‍ക്കാല ചരിത്രം. എല്ലാ കഷ്ടതകളും അനുഭവിച്ച് ആ മനുഷ്യന്‍ മരിച്ചതിന് ശേഷം നാം അദ്ദേഹത്തിന്റെ പേരില്‍ ഒരു വന്‍ തുക ജെ.സി.ഡാനിയല്‍ അവാര്‍ഡ് എന്ന പേരില്‍ ഇപ്പോള്‍ മലയാള സിനിമ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നുമുണ്ട്.

സിനിമ എന്തെന്നറിയാത്ത കാലഘട്ടത്തില്‍ മലയാളികള്‍ക്ക് ഒരു സിനിമ നിര്‍മ്മിച്ചു കാണിച്ച് കൊടുത്തു എന്നതാണ് അദ്ദേഹം ചെയ്ത ഏക കുറ്റം. തന്റെ ആസ്തികള്‍ വിറ്റ് പെറുക്കി അദ്ദേഹം സിനിമാ നിര്‍മ്മിച്ചപ്പോള്‍ ആ സിനിമാ കാണാനെത്തിയ നമ്മുടെ കാരണവന്മാര്‍ക്ക് സിനിമയെന്ത് യാഥാര്‍ത്ഥ്യമെന്ത് എന്ന് തിരിച്ചറിയാന്‍ സാധിക്കാതിരുന്നതിനാല്‍ താഴ്ന്ന ജാതിയില്‍ പെട്ട ഒരു സ്ത്രീ സവര്‍ണയായി അഭിനയിച്ചത് സഹിക്കാവുന്നതിനുമപ്പുറമായിരുന്നു.അവര്‍ സിനിമാ പ്രദര്‍ശിപ്പിച്ച ക്യാപിറ്റോള്‍ ഹാള്‍ അടിച്ചു പൊളിച്ചു. തിരശ്ശീല വലിച്ചു കീറി.ഇനി ഒരു ഹീന ജതിക്കാരി ആ തിരശ്ശീലയില്‍ സവര്‍ണയായി വരുവാനും തന്റെ തലയില്‍ നിന്നും ഒരു പുരുഷന് പൂ എടുക്കാന്‍ അനുവാദം കൊടുക്കാനും പാടില്ലാ എന്നും അവര്‍ തീരുമാനിച്ചു.
ആദ്യ നടി റോസിയുടെ കുടില്‍ കരപ്രമാണിമാര്‍ കത്തിച്ചതിനെ തുടര്‍ന്ന് ആ സ്ത്രീ ജീവനും കൊണ്ടോടി നാഗര്‍കോവിലില്‍ എത്തി തന്റെ പേരും മാറ്റി അജ്ഞാതയായി ശിഷ്ടകാലം കഴിച്ച് കൂട്ടി.
ഡാനിയലിനും കൂട്ടര്‍ക്കും ജീവന്‍ രക്ഷിക്കാന്‍ പലായനം ചെയ്യേണ്ടി വന്ന കഥ പണ്ട് എന്റെ പിതാവില്‍ നിന്നും കേട്ടപ്പോള്‍ മനസിലുണ്ടായ ചോദ്യം ഇന്നും മനസില്‍ നില നില്‍ക്കുന്നു.വിഗത കുമാരന്‍ എന്ന ഒരു സാമൂഹ്യ ചിത്രം നിര്‍മ്മിക്കുന്നതിനു പകരം അന്ന് ഡാനിയല്‍ ആദ്യ മലയാള ചിത്രമായി ഒരു മിശിഹാ ചരിത്രമോ രാജാ ഹരിശ്ചന്ദ്രായോ മറ്റോ നിര്‍മ്മിച്ചിരുന്നെങ്കില്‍ മലയാള സിനിമാ ചരിത്രത്തിനും ഡാനിയലിന്റെ ജീവിതത്തിനുമുണ്ടാകുന്ന മാറ്റങ്ങള്‍ എന്തൊക്കെ ആയിരിക്കും? പക്ഷേ ആ കലാകാരന് പണമല്ലായിരുന്നു വലുത്. കലയോടുള്ള പ്രതിബദ്ധത വലുതായി കണ്ട ആ മനുഷ്യന്‍ പണം വലുതായി കണ്ടില്ലാ എന്നതാണ് അദ്ദേഹത്തിന്റെ മഹത്വം ഉയര്‍ത്തുന്നത്. സാമ്പത്തികമായി തകര്‍ന്ന് കടം കയറിയപ്പോള്‍ തിരുവനന്തപുരം പട്ടത്തുണ്ടായിരുന്ന ട്രാവന്‍കൂര്‍ നാഷണല്‍ പിക്‌ചേഴ്‌സ് സ്റ്റുഡിയോയും സ്ഥലവും വിറ്റ് അദ്ദേഹം നാട്ടില്‍ തിരിച്ചെത്തി.

അപ്പോഴും എപ്പോഴും സിനിമാ ഹരമായിരുന്ന ആ മനുഷ്യന്‍ അവസാനം ഇതാ ഈ ചൊരി മണലില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ അന്ത്യ വിശ്രമം കൊള്ളുന്നു, മലയാളിയുടെ നന്ദികേടിന്റെ പ്രതീകമായി.മലയാള സിനിമാ ചരിത്രത്തിലൂടെ കണ്ണോടിച്ചവരില്‍ ചിലര്‍ ഇവിടെ വല്ലപ്പോഴും വന്നെങ്കിലായി.കാലം കടന്ന് പോകുമ്പോള്‍ ആ വരവും നിലക്കും. ഈ തിരക്ക് പിടിച്ച ലോകത്തില്‍ ആര്‍ക്കുണ്ട് സമയം.

‘നമുക്ക് തിരികെ പോകണ്ടേ? ഭാര്യയുടെ ചോദ്യം എന്നെ ചിന്തയില്‍ നിന്നും ഉണര്‍ത്തി. മകനും ഭാര്യയും സല്‍മാനും സ അദും സഫായും എന്നെ തന്നെ നോക്കി നില്‍ക്കുകയാണ്. നേരം ഏറെ വൈകിയിരിക്കുന്നു.ഞാന്‍ ഒന്നുകൂടി ആ കല്ലറയിലേക്ക് നോക്കി.
‘മലയാള സിനിമയുടെ പിതവേ! ഞങ്ങള്‍ മലയാളികള്‍ നനികെട്ടവരായി പോയി.ഞങ്ങളോട് ക്ഷമിക്കുക’.മനസ് മന്ത്രിച്ചു.

മലയാള സിനിമയുടെ അവാര്‍ഡ് ജെ.സി. ഡാനിയലിന്റെ പേരില്‍ നല്‍കുന്നതിലൂടെ മാത്രം നമ്മുടെ കടമകള്‍ തീരുന്നില്ലായെന്ന് ഞാന്‍ കരുതുന്നു.ജെ.സി. ഡാനിയലിന്റെ ഓര്‍മ്മക്കായി അഗസ്തീശ്വരത്ത് അദ്ദേഹത്തിന്റെ പേരില്‍ ഒരു സ്മാരകം ഉണ്ടാകേണ്ടിയിരിക്കുന്നു. അദ്ദേഹം അന്ത്യ വിശ്രമം കൊള്ളുന്ന സ്ഥലം തിരിച്ചറിയപ്പെടുന്നതിനായി ആ സ്ഥലം ഏറ്റെടുക്കാന്‍ കേരള സര്‍ക്കാര്‍ ഏതെങ്കിലും പദ്ധതികള്‍ നടപ്പിലാക്കേണ്ടതാണ്.കേവലം വര്‍ഷങ്ങള്‍ കൊണ്ട് ആ നാട്ടുകാര്‍ ഏറെ പേര്‍ക്കും ഇപ്പോള്‍ തന്നെ അദ്ദേഹം അപരിചിതനായി ഭവിച്ചിരിക്കുന്നു. ഇനിയും കുറേ വര്‍ഷങ്ങള്‍ കൂടി കടന്ന് പോകുമ്പോള്‍ ഈ കല്ലറയും അദ്ദേഹത്തിന്റെ ഓര്‍മകളും ഇല്ലാതായേക്കാം.അതിനാല്‍ അമ്മ തുടങ്ങിയ സിനിമാ സംഘടനകള്‍ മുന്‍ കൈ എടുത്ത് സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ മലയാള സിനിമയുടെ പിതാവിന്റെ ഓര്‍മ നിലനിര്‍ത്താന്‍ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

സിനിമാ എന്നാല്‍ എന്താണെന്നറിയാതിരുന്ന കാലഘട്ടത്തിലേക്ക് ചിറകടിച്ച് പറന്നെത്താന്‍ ധൈര്യം കാണിച്ച് മുമ്പേ പറന്ന ആ പക്ഷിയെ ഇന്നത്തെ സിനിമാ ലോകത്ത് ദന്ത ഗോപുരത്തില്‍ വസിക്കുന്ന സൂപ്പര്‍ സ്റ്റാറും മെഗാ സ്റ്റാറും താര റാണികളും മറക്കുന്നു എങ്കില്‍ തങ്ങള്‍ വസിക്കുന്ന ദന്തഗോപുരത്തിന്റെ അടിസ്ഥാന ശിലയായി വര്‍ത്തിച്ച ആ നല്ല മനുഷ്യനോടും സിനിമാ ചരിത്രത്തോടും കാണിക്കുന്ന നന്ദി കേട് മാത്രമായിരിക്കുമതെന്ന് തിരിച്ചറിയുക.

You May Also Like

ഒരു വെയ്റ്റ് ലിഫ്ട്ടര്‍ക്ക് കിട്ടിയ പണി..

ഒരു വെയ്റ്റ് ലിഫ്ട്ടര്‍ക്ക് പറ്റിയ അബദ്ധം കണ്ടുനോക്കൂ.. തനിക്ക് താങ്ങാവുന്നതിനേക്കാള്‍ ഭാരം എടുക്കാന്‍ ശ്രമിച്ച വെയ്റ്റ് ലിഫ്റ്റെര്‍ കുഴഞ്ഞുതാഴെ വീഴുകയായിരുന്നു. ഭാഗ്യമെന്നുപറയട്ടെ, വെയ്റ്റ് വന്നു വീണത്‌ തലയിലായില്ല, അതിനാല്‍ തന്നെ വലിയൊരു ദുരന്തം ഒഴിവായി.

എ ബിയര്‍ എ ഡേ

കുറഞ്ഞ അളവില്‍ മദ്യം കഴിച്ചാല്‍ അത് രക്ത സമ്മര്‍ദ്ദം കുറയ്കുവാന്‍ ഉപകരിക്കും. എന്നാല്‍ കൂടിയ അളവിലുള്ള മദ്യ സേവ രക്ത സമ്മര്‍ദ്ദം കൂട്ടും. അതുപോലെ മദ്യത്തിനു രക്ത ധമനികളിലെ കൊഴുപ്പിനെ ക്ലിയര്‍ ചെയ്യാനുള്ള കഴിവുണ്ട്. അതിനാല്‍ രക്തം കട്ട പിടിക്കുവാനുള്ള ചാന്‍സ് കുറവാണ്. അത് ഹാര്‍ട്ട് അറ്റാക്ക് വരാതെ നോക്കുന്നതിനു സഹായകരമാവും. അതുപോലെ രക്ത ചംക്രമണം സുഖകരമാക്കുവാനും മദ്യത്തിനു കഴിയുന്നുണ്ട്. ചുവന്ന വൈന്‍ കഴിച്ചാല്‍ കൊളെസ്‌റെറോള്‍ കുറയുമെന്നും കണ്ടെത്തിയിട്ടുണ്ട്.

ഒരു ചമ്മന്തിപ്പുരാണം …!

ചമ്മന്തി ഇഷ്ടപ്പെടാത്തവര്‍ ഉണ്ടാവില്ല. അപ്പോള്‍ ഈ ചമ്മന്തി അനുഭവവും തീര്‍ച്ചയായും ഇഷ്ടപ്പെടും.

എന്നെ ചുംബിക്കാന്‍ പഠിപ്പിച്ച സ്ത്രീയെ ..

അവരൊക്കെയുള്ള നാട് തിരുവച്ചിറയാണ്, മീഞ്ചന്ത എന്ന വൃത്തികെട്ട പേരില്‍ അറിയപ്പെടുന്ന ഒരു നാട്. ചെങ്കല്ല് നിറത്തില്‍ കല്‍വെട്ടി മതിലുള്ള ശ്രീകൃഷ്ണന്റെ അമ്പലം. സാദാ ഇലച്ചിറകിളക്കി ‘ഇസ് ഇസ് ‘ശബ്ദമിടുന്ന രണ്ടു അരയാല്‍ മരങ്ങള്‍. ഏക്കറുകളോളം പരന്നു കിടക്കുന്ന വലിയ പച്ചപളുങ്ക്ചിറ. പ്രാചീനതയുടെ ഗൂഡതയും പായലിന്റെ ഇളം പച്ചപ്പും ആഴങ്ങളില്‍ ഒരുതരം വേദനിപ്പിക്കുന്ന നീലനിറവും വ്യാപിച്ചു കിടക്കുന്ന അതിലെ കണ്ണീര്‍ ജലം. കൈയ്യുയര്‍ത്തി അപേക്ഷാഭാവത്തില്‍ നില്‍ക്കുന്ന വെള്ള താമരപ്പൂവിലകള്‍. അവയ്ക്ക് മീതെ വെള്ളപ്പൂക്കളുടെ പൂമ്പാറ്റ തോട്ടം. താമര മൊട്ടുകളുടെ ജലക്രീഡകള്‍. ഒരു വശത്ത് സാമൂതിരിയുടെ കൊട്ടാരം. അതിപ്പോള്‍ NSS സ്‌കൂള്‍ ആണ്. മറു വശത്താട്ടെ വീടുകള്‍.ഒരു വശത്ത് ചതുപ്പ് പോലെ അനാഥമായ പ്രദേശം.വേനലില്‍ ഉറച്ചു വിള്ളുകയും മഴയില്‍ നനഞ്ഞു കുതിരുകയും ചെയ്യുന്ന ഒരു തരം അളിപിളി ഭൂമി. പുല്ലു കൊണ്ട് പുതപ്പിട്ടിരുന്നു അത്.