Travel
മല്ലൂസിന്റെ കൂടെ ഒരു രാത്രി യാത്ര..
യശ്വന്ത്പൂര്‍ – കണ്ണൂര്‍ എക്സ്പ്രസ്സ് ബംഗ്ലൂര് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറപ്പെടുകയാണെന്ന അവസാന അറിയിപ്പും വന്നു. പാതാള വഴിയിലൂടെ ഒരു തരത്തില്‍ ഓടി എട്ടാമത്തെ പ്ലാറ്റ്ഫോമും കടന്നു. ഒന്‍പതില്‍ നിന്നും നീങ്ങി തുടങ്ങിയ ട്രെയിനില്‍ സാഹസികമായി കയറിപറ്റി. കാലുകുത്താന്‍ ഇടമില്ലാത്ത തിരക്ക്, പാന്‍ മസാലയുടെയും വിയര്‍പ്പിന്റെയും വൃത്തികെട്ട മണം കംബാര്ട്ട്മെന്റില് നിറഞ്ഞു നിന്നു .
ചുമലില്‍ തൂങ്ങുന്ന ബാഗ് എവിടെയെങ്കിലും ഇറക്കി വച്ചില്ലെങ്കില്‍ നടുവിനേറ്റ വളവു പിന്നെ നീര്ക്കാന് കഴിഞ്ഞെന്നു വരില്ല. തിരക്കിനിയടയിലൂടെ പലരുടെയും കാലില്‍ ചവിട്ടി മുന്നോട്ടു നീങ്ങി. പലരും കണ്ണുരുട്ടി കാണിക്കുന്നുണ്ട്. ചിലര്‍ എന്തൊക്കെയോ പറയുന്നുണ്ട് . അവരുടെ ഭാഷ കന്നഡ ആയതു കൊണ്ടും , ഞാന്‍ മാന്യനായ ഒരു മലയാളി ആയതു കൊണ്ടും ഒന്നും തിരിച്ചു പറയാന്‍ നിന്നില്ല. ഇനി എന്തേലും പറഞ്ഞാല്‍ തന്നെ , എന്റെ തടി കേടാകും എന്നല്ലാതെ വേറൊന്നും സംഭവിക്കാന്‍ പോണില്ല എന്നെനിക്കു നന്നായി അറിയാം.. ബെര്‍ത്തില്‍ കിടക്കുന്ന ഒരുത്തന്റെ കാല്ക്കല് ബാഗ് തിരുകി കയറ്റി. അവന് തലയുയര്‍ത്തി കന്നടയില്‍ എന്തോ പറഞ്ഞു. ” ഡേയ്.. ജാസ്തി മാതാട് ബേഡാ” … ഏതോ സിനിമയില്‍ കേട്ട ഡയലോഗ് എന്റെ ഉള്ളില്‍ നിന്നും അവനെ ലക്ഷ്യമാക്കി വന്നെങ്കിലും ന്യുട്ടണ്‍ സാറിന്റെ പ്രതിപ്രവര്‍തന സിദ്ധാന്തം അറിയുന്നത് കൊണ്ടാണെന്ന് തോന്നുന്നു, പറയാന്‍ വന്നത് വായില്‍ തങ്ങി നിന്നു എന്ന് മാത്രമല്ല പകരം പുറത്തു വന്നത് യാചന ഭാവത്തിലുള്ള ഒരു ചിരിയും.
ആ ചിരിയില്‍ അവന് തണുത്തു. ”പോടാ പുല്ലേ ” എന്ന് മനസ്സില്‍ പറഞ്ഞു ഞാന്‍ പിന്നെയും ഇഴഞ്ഞും തുഴഞ്ഞും കുറച്ചുകൂടി മുന്നോട്ടു പോയി. കാഴ്ചയില്‍ മലയാളികള്‍ ആണെന്ന് തോന്നിയ കുറെ ചേട്ടന്മാര് ഇരിക്കുന്ന രണ്ടു സീറ്റുകളുടെ ഇടയിലേക്ക് കയറി നിന്നു.
”എന്താ പേര്, എവിടെ പോകുന്നു, എവിടെയാ പണി , ശമ്പളം കൊള്ളാമോ, എത്രവരെ പഠിച്ചു, അത് പഠിക്കണം, ഇത് പഠിക്കണം,അവിടെ പഠിക്കണം , ഇവിടെ പഠിക്കണം, പഠിച്ചിട്ടൊന്നും ഒരു കാര്യവുമില്ല” … തുടങ്ങി മലയാളികളുടെ സ്ഥിരം ഡയലോഗുകള്‍ എന്റെ നേരെ വന്നു കൊണ്ടിരുന്നു… ആദ്യം ആദ്യം ഒറ്റവാക്കിലും അല്ലെങ്കില്‍ ഒരു മൂളലിലും ഉത്തരം പറഞ്ഞ ഞാന്‍ പിന്നെ പിന്നെ കേള്‍ക്കാത്തത് പോലെ പുറം തിരിഞ്ഞു നിന്നു. അതിനു ഫലമുണ്ടായി… അവരുടെ ചര്‍ച്ച വഴിമാറി കാവ്യ മാധവന്റെ രണ്ടാം കെട്ടും , നയന്‍സിന്റെ ഒന്നാം കെട്ടും, ഐശര്യയുടെ പ്രസവവും കഴിഞ്ഞു കേരളവും കേന്ദ്രവും വിട്ടു അങ്ങ് ഇറാക്കിലും അഫ്ഗാനിസ്ഥാനിലും അമേരിക്കയിലും വരെ എത്തി.
”ഒബാമ അങ്ങനെ ചെയ്തത് ശരിയായില്ല, ബുഷ് ഇങ്ങനെ പറഞ്ഞത് ശരിയായില്ല, പാകിസ്ഥാനില്‍ ആ നിയമം കൊണ്ട് വരണം, ചൈനയില്‍ വികസനം ഇല്ല, ജപ്പാന് ഇനി തിരിച്ചു വരില്ല”, തുടങ്ങി ഓരോരുത്തരും അവരവരുടെ യുക്തിക്കനുസരിച്ച് അഭിപ്രായം പറഞ്ഞു കൊണ്ടിരുന്നു. ലോകത്തുള്ള സകല പ്രശ്നങ്ങള്‍ക്കും പരിഹാരം നമ്മള് മലയാളികളുടെ പക്കല്‍ ഉണ്ടല്ലോ.. ”ഓ പിന്നെ … അവനവന്റെ വീടുകളിലെയും നാട്ടിലെയും ചിന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയാത്ത നമ്മള് ആണ് ഒബാമയുടെയും ഉസാമയുടെയും ചെവിയില്‍ വേദമോതുന്നത്”.. ഞാന്‍ ആത്മഗതിച്ചു.
ലോകത്തുള്ള സകല പ്രശ്നങ്ങളും പരിഹരിച്ചു ,മറ്റു ഭരണാധികാരികള്‍ക്ക് വേണ്ട ഉപദേശങ്ങളും നല്കി മലയാളി മാമന്മാര് ഇന്ത്യയില്‍ തന്നെ തിരിച്ച് എത്തി. ഇത്തവണ പിടിച്ചത് പാവം അണ്ണന്മാരുടെ കഴുത്തിനാണ്. കേരളത്തിന് പുറത്തുള്ളവര്‍ എല്ലാം നമ്മുടെ അണ്ണന്‍മാരാണല്ലോ… വൃത്തിയില്ലാത്തവര്‍, വിവരമില്ലാത്തവര്‍, വിദ്യാഭ്യാസമില്ലാത്തവര്‍ ,കള്ളന്മാര്, വെറും സംശയത്തിന്റെ പേരില്‍ ആള്‍ക്കാരെ തല്ലി കൊല്ലുന്നവര്‍ , പണിയെടുക്കുന്ന പൈസ മുഴുവന്‍ മദ്യപിച്ചു കളയും, വീട് നോക്കില്ല, ഭാര്യയേയും മക്കളെയും ഉപദ്രവിക്കും , തുടങ്ങി ലോകത്തുള്ള സകല വൃത്തികേടുകളും അവരുടെ തലയില്‍ കെട്ടിവച്ചു. ഒരുമാതിരി കേരള പോലീസിന്റെ സ്വഭാവം. .. ..” അല്ല… ഇവന്മാരല്ലേ നേരത്തെ പറഞ്ഞത് പഠിച്ചിട്ടൊന്നും ഒരു കാര്യമില്ലെന്ന്, ഇപ്പൊ പറയുന്നു അണ്ണന്മാര്ക്ക് വിദ്യഭ്യാസമില്ലെന്നു..
നാലക്ഷരം പഠിച്ചത് കൊണ്ടാണല്ലോ മലയാളികള്‍ക്ക് കേരളത്തില്‍ തൊഴിലില്ലാതായത്, അത് കൊണ്ടാണല്ലോ നാട്ടിലുള്ള പണി അണ്ണന്മാര്ക്ക് കൊടുത്തിട്ട് അന്യ നാട്ടില്‍ പോയി കഷ്ടപെടെണ്ടി വന്നത്. … ?അല്ല സാറന്മാരെ.. കഷ്ടപ്പെട്ട് സമ്പാദിച്ച പണം വല്ല മണി ചൈനിലും , ഫ്ലാറ്റ് തട്ടിപ്പിലും കൊണ്ട് പോയി കലക്കുന്നതിനേക്കാള് എന്ത് കൊണ്ടും നല്ലത് സ്വന്തം കരള്‍ കലക്കുന്നത് തന്നെയല്ലേ..? നാട്ടിലുള്ള സകല സ്ത്രീകളെയും ഉപദ്രവിക്കുന്നതിനേക്കാള്‍ നല്ലതല്ലേ സ്വന്തം പോണ്ടാട്ടിയെ ഉപദ്രവിക്കുന്നത്…? പിന്നെ ആള്‍ക്കാരെ തല്ലി കൊല്ലുന്ന കാര്യത്തില്‍ നമ്മള് അടുത്ത് തന്നെ കംപ്ലീറ്റ് സാക്ഷരത നേടില്ലേ…?” ഇതൊക്കെ ആയിരുന്നു എന്റെ സംശയം… ഞാനെന്തായാലും ചോതിക്കാന് പോയില്ല… ചോതിച്ചാല്‍ ചിലപ്പോള്‍ അവര്‍ എന്നെ തല്ലി കൊന്നാലോ…? .. ഒരു കാര്യത്തില്‍ അണ്ണന്മാര്ക്ക് നൂറില്‍ നൂറു മാര്‍ക്ക് കൊടുത്തു നമ്മുടെ മാമന്മാര്., അവരുടെ അദ്വാനത്തിന്റെ കാര്യത്തില്‍ , ചെറിയ കൂലിക്ക് എല്ല് മുറിയെ പണിയെടുത്തോളും , പണിയില്‍ തട്ടിപ്പില്ല.. എല്ലാര്ക്കും ഒരേ അഭിപ്രായം.. വീട് പണിക്കും പറമ്പിലെ പണിക്കും അണ്ണന്മാരെ മതി. …”അല്ലെങ്കിലും തട്ടിപ്പിന്റെ ആശാന്മാര് നമ്മളല്ലേ മാഷേ”……. എന്ന് ഞാന്‍ …ചോതിച്ചില്ല…
ട്രെയിന്‍ മൈസൂരും കഴിഞ്ഞു ഓടി കൊണ്ടിരുന്നു. തിരക്കല്പം കുറഞ്ഞപ്പോള്‍ മാമന്മാരുടെ ഇടയില്‍ എനിക്കും കിട്ടി ഒരു സീറ്റ്. പലരും നിന്നും ഇരുന്നും ഉറങ്ങാന്‍ തുടങ്ങിയിരുന്നു. നിന്നു തളര്‍ന്ന എന്റെ തല അടുത്തിരിക്കുന്നവന്റെ ചുമലിലേക്ക് ചായാന്‍ തുടങ്ങിയപ്പോഴാണ് ടോയിലെറ്റില്‍ പോയ ഒരു ചേട്ടന് പുതിയ ഒരു വിഷയവുമായി തിരിച്ച് വന്നത് . ട്രെയിനിലെ ടോയിലെറ്റില്‍ കയറിയാല്‍ രവി വര്‍മയും, ഹുസ്സൈനും, വയലാറുമൊക്കെ ആയി മാറുന്ന അസുഖം…. കക്കൂസ് സാഹിത്യം… നരമ്പ് രോഗികള്‍ , ഇവന്മാരുടെ വീട്ടിലൊന്നും അമ്മയും പെങ്ങളും ഇല്ലേ, ഇതെഴുതന്നത് കൊണ്ട് ഇവന്മാര്ക്ക് എന്ത് സുഖമാണ് കിട്ടുന്നത്, അങ്ങനെ പോയി ചര്‍ച്ച…. ”.. ഉം ..അവിടെ ഒരു ലൈക്ക് ബട്ടണും , ഒരു കമന്റ് ബോക്സും കൂടി വച്ചിരുന്നെങ്കില്‍ കാണാമായിരുന്നു പൂരം.. കമന്റ് കൊണ്ട് ടോയ്ലറ്റ് മാത്രമല്ല, ട്രയിനിലെ കംപ്ലീറ്റ് ചുമരും നിറഞ്ഞിട്ടുണ്ടാവും..”. എന്റെ ആത്മഗതം ആത്മഗതമായി തന്നെ വച്ചു…. ഈ പ്രശ്നം പരിഹരിക്കാന്‍ വേണ്ട നിര്‍ദേശം നമ്മുടെ മലയാളി മാമന്മാര് ഇന്ത്യന്‍ റയില്‍വേക്ക് കയ്മാറുന്നത് വരെ കാത്തുനില്‍ക്കാതെ ഞാന്‍ ഉറങ്ങിയിരുന്നു…
വാല്‍കഷ്ണം അഥവാ കല്ല് വച്ച നുണ :…: ഇരുട്ടിനെ കീറി മുറിച്ചു , ചൂളം വിളിച്ചു കൊണ്ട് ട്രെയിന്‍ മുന്നോട്ടു ഓടികൊണ്ടിരുന്നു.. എല്ലാവരും നല്ല ഉറക്കിലായിരുന്നു. നമ്മുടെ ടോയിലെറ്റ് വിഷയം കൊണ്ടുവന്ന ചേട്ടന് പതിയെ എഴുന്നേറ്റു ടോയിലെറ്റിലേക്ക് നടന്നു. മൊബൈല്‍ എടുത്തു , സ്ത്രീകളുടെ പേരില്‍ അവിടെ എഴുതി കണ്ട നമ്പറിലേക്ക് ഡയല് ചെയ്തു.. ”ഹല്ലോ, “……….” അല്ലെ…” ..മറുപടിയായി ഘന ഗംഭീരമായ പുരുഷ ശബ്ദത്തില്‍ നല്ല പച്ചമലയാളം.. ശബ്ദവും ഭാഷ ജ്ഞാനവും നല്ല പരിചയം …. പക്ഷെ എവിടെയാണെന്ന് ഒരു പിടിയില്ല… ആ ..ഏതവനെങ്കിലും ആകട്ടെ.. മുഖത്തെ ചമ്മല് ഭാവം മാറ്റി, മാന്യ മലയാളി ഭാവം ഫിറ്റു ചെയ്തു ഒന്നും സംഭവിക്കാത്തത് പോലെ തിരിച്ചു സീറ്റില്‍ വന്നിരുന്നു… അപ്പോള്‍ കൂട്ടത്തിലുള്ള ഒരുത്തന് തല ചൊറിഞ്ഞു കൊണ്ട് പിറുപിറുക്കുന്നു ……” ഏതു കള്ള പന്നിയാണ് ഈ പാതിരയ്ക്ക്…. മനുഷ്യന്റെ ഉറക്കം കളയാന്‍…. ”……….
426 total views, 3 views today