മള്‍ട്ടിപ്ലെക്സില്‍ സിനിമ കാണുമ്പോള്‍ കൈ അടിക്കാന്‍ പാടുള്ളതല്ല !

191

12006248_910553542370900_4379024049397614720_n

പണ്ടൊക്കെ ലാലേട്ടനും മമ്മൂക്കയും ഒക്കെ ഓരോ സീനില്‍ വരുമ്പോഴും നമ്മള്‍ കരഘോഷം നടത്തി അവരെ സ്വീകരിച്ചിരുന്നു. ഓരോ തമാശയ്ക്കും നാം പൊട്ടി പൊട്ടി ചിരിച്ചിരുന്നു, അടിപ്പൊളി പാട്ടിനു ഒപ്പം തീയറ്ററില്‍ ചുവട് വച്ചിരുന്നു. പക്ഷെ ഇന്ന് കേരളത്തില്‍ മള്‍ട്ടി പ്ലെക്സുകളുടെ കാലമാണ്.

സാധാരണ തീയറ്റര്‍ എന്നാ സങ്കല്‍പ്പം മാറി മള്‍ട്ടിപ്ലെക്സുകള്‍ കേരളത്തില്‍ ഇപ്പോള്‍ ഉടനീളം ഉണ്ട്.ഓല പുരയില്‍ കപ്പലണ്ടിയും ചവച്ചു ഇരുന്നു മോഹന്‍ലാലിനും മമ്മൂട്ടിക്കും ഒക്കെ ജയ്‌ വിളിച്ചിരുന്ന നമ്മള്‍ ഇന്ന് മള്‍ട്ടിപ്ലെക്സില്‍ ഒന്ന് നേരെ ശ്വാസം പോലും വിടാതെയാണ് സിനിമ കാണുന്നത്. ആ ഒരു രീതിയില്‍ സിനിമ കണ്ടില്ലയെങ്കില്‍ തകരുന്നത് നമ്മുടെ അഭിമാനമാണ്. കേരളത്തിലെ സിനിമ പ്രേമികളില്‍ ഒട്ടു മിക്ക പേര്‍ക്കും മള്‍ട്ടിപ്ലെക്സ് എന്നാല്‍ എന്തോ വലിയ സംഭവമാണ്, അവിടെ എത്ര വലിയ കോമഡി കേട്ടാലും ഒന്ന് ചിരിച്ചാല്‍ ആയി, എത്ര മാസ് ഡയലോഗ് ആണെങ്കിലും കൈ അടിക്കില്ല, അങ്ങനെ മൊത്തം ഒരു നനഞ്ഞ കോഴി സ്റ്റൈല്‍..! ഹൊ, ഒരു മള്‍ട്ടിപ്ലെക്സ് വിപ്ലവം..!

വളരെ കുറച്ചു സീറ്റുകള്‍ മാത്രമുള്ള മള്‍ട്ടിപ്ലെക്സുകള്‍. നല്ല സിനിമകള്‍ കുടുംബവുമായി പോയി കാണാന്‍ പറ്റിയ ബെസ്റ്റ് സ്ഥലങ്ങള്‍. ആരെയും പേടിക്കണ്ട, എല്ലാ സൗകര്യങ്ങളും ഉണ്ട് താനും…എന്നാലും ഇവിടെ എത്തുമ്പോള്‍ എല്ലാവര്‍ക്കും ഒരു മസ്സില്‍ പിടുതമാണ്. നായകനെ കാണിക്കുന്ന സീനില്‍ ചാടി എഴുന്നേറ്റ് ആര്‍പ്പ് വിളിക്കാന്‍ മനസ്സ് വെമ്പിയാലും അടുത്ത് ഇരിക്കുന്നവന്‍ അച്ചുതാനന്ദന്‍ ഫിഗര്‍ പിടിച്ചു ഗൌരവത്തില്‍ ഇരിക്കുന്നത് കാണുമ്പോള്‍ നമ്മുടെ പകുതി മൂഡ്‌ പോകും..!

ഇനി കോമഡി രംഗങ്ങള്‍ കണ്ടു, തല തല്ലി ചിരിക്കാന്‍ തുടങ്ങുമ്പോള്‍, നമ്മള്‍ എന്തോ മഹാ അപരാധം ചെയ്ത പോലെ പിന്നില്‍ നിന്നും മുന്നില്‍ നിന്നും ഒക്കെ ആളുകള്‍ നോക്കാന്‍ തുടങ്ങും. മലയാളിയുടെ കൂടാ പിറപ്പായ ജാള്യത നമ്മുടെ ചിരി കെട്ടണയ്ക്കും.

മാസ് ഡയലോഗുകള്‍, കലിപ്പ് സീന്‍, കിടിലം പാട്ട് ഇതൊക്കെ വരുമ്പോള്‍ നമ്മളിലെ സാധാരണക്കാരനായ പ്രേക്ഷകന്‍ ഒന്ന് ഇളകും. കൈ അടിക്കും, ആര്‍പ്പ് വിളിക്കും, ഡാന്‍സ് കളിക്കും..പക്ഷെ സ്ഥലം മള്‍ട്ടിപ്ലെക്സാണ്…ഇവിടെ അങ്ങനെയെങ്ങാനും ചെയ്‌താല്‍ ഓസിന് കിട്ടിയ ടിക്കറ്റില്‍ പടം കാണാന്‍ കയറിയിട്ട് കൂടെ ഇരിക്കുന്നവന്റെ പെങ്ങളെ ഞൊണ്ടിയ പ്രതിയെ നോക്കും പോലെ നമ്മളെ മറ്റു മള്‍ട്ടിപ്ലെക്സ് പ്രേക്ഷകര്‍ നോക്കും…
മുമ്പൊരുപാട് തവണ കൈയ്യടിച്ചിട്ടുണ്ടെങ്കിലും കൈയ്യടി ഒരു അപരാതമായി നമ്മുക്ക് ഇവിടെ തോന്നി തുടങ്ങും.

മള്‍ട്ടിപ്ലക്‌സ് തീയേറ്ററുകള്‍ ഒക്കെ നല്ലത് തന്നെ. കുടുംബത്തോടുകൂടി സമാധാനത്തോടെ സിനിമ കാണാന്‍ കഴിയുന്ന തീയേറ്ററുകളാണ്. പക്ഷേ സിനിമ കാണുമ്പോള്‍, ഇഷ്ടപ്പെട്ട ഒരു സീന്‍ കാണുമ്പോള്‍ ഒന്ന് കൈയ്യടിച്ചാല്‍ അല്ലെങ്കില്‍ ഒന്നു ചിരിച്ചാല്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. നിങ്ങളുടെ സ്റ്റാന്റേര്‍ഡ് കുറഞ്ഞൊന്നും പോകില്ല.

അല്ലെങ്കിലും മള്‍ട്ടിപ്ലക്‌സില്‍ കേറുമ്പോള്‍ മാത്രം എവിടുന്ന് വരുന്നു ഈ സ്റ്റാന്റേര്‍ഡ്.?

നിങ്ങള്‍ നല്‍കുന്ന പണം തീയേറ്ററുകാര്‍ക്കും നിര്‍മ്മാതാവിനുവാണ് കിട്ടുക. സിനിമയുടെ ബാക്കി മേഖലയില്‍ പ്രവര്‍ത്തിച്ച കലാകാരന്മാര്‍ക്കുള്ള ഏറ്റവും വലിയ പ്രോത്സാഹനമാണ് നിങ്ങളുടെ കൈയടികള്‍. അതിലെങ്കിലും പിശുക്ക് കാണിക്കാതിരിക്കുക.