മസില്‍ പെരുപ്പിക്കുന്ന സംഘടനകളുടെ ശ്രദ്ധക്ക്

0
165

01

എഴുതിയത്: ഷഫീക് മുസ്തഫ

ഉത്തരെന്ത്യക്കാരില്‍ നിന്ന് വ്യത്യസ്തമായി ഒരു ശരാശരി മലയാളിക്ക് മസിലുള്ളവരെ തീരെ കണ്ടൂടാ എന്നാണ് മനസ്സിലായിട്ടുള്ളത്.

ബോളിവുഡ് നായകന്മാരെല്ലാം മസില്‍ പെരുപ്പിക്കുന്നവരാകുമ്പോള്‍ മലയാളത്തിലെ നായകന്മാരെ നോക്കൂ. ആര്‍ക്കും മസിലില്ല എന്നു മാത്രമല്ല, മിക്കവരും കൊഴുത്തുരുണ്ട് തടിച്ചവരും പതുപതുത്ത പൊത്തക്കവിളുകള്‍ ഉള്ളവരുമാണ്. വില്ലന്മാര്‍ക്ക് വേണമെങ്കില്‍ അല്പം മസില്‍ ആവാം. അതല്ലെങ്കില്‍ വില്ലന്മാര്‍ക്കേ മസില്‍ ചേരൂ എന്നു നമ്മള്‍ വിചാരിക്കുന്നു. പൃഥ്വിരാജ് ഒരല്പം മസിലനാണ്. പക്ഷേ അധികം പെരുപ്പിച്ചാല്‍ അയാളെയും മലയാളി വേണ്ടെന്നുവെക്കും. മമ്മൂക്കയെക്കാള്‍ ലാലേട്ടന് ആരാധകര്‍ അധികമാവാന്‍ കാരണം താരതമ്യേന ‘ചളുക്കാ പുളുക്കാ’ ആയ ലാലേട്ടന്റെ ശരീരഘടന കൊണ്ടു കൂടിയാവാം എന്ന് കരുതാം. റീയാസ് ഖാന് തന്റെ ‘ജിംബോഡി’ കാരണം മലയാളത്തില്‍ നായകനാവുക പ്രയാസകരമാണെന്ന് നമുക്കെല്ലാം അറിയാവുന്നതാണ്.

മൃദുലതയോടുള്ള മലയാളിയുടെ ഈ അഭിനിവേശം വെറും സിനിമയില്‍ ഒതുങ്ങുന്നില്ല. ഭക്ഷണത്തിലും വസ്ത്രത്തിലും അത് പ്രകടമാണ്. ഉത്തരേന്ത്യക്കാരന്‍ റബര്‍ പോലിരിക്കുന്ന ഗോതമ്പ് റൊട്ടിയോടും മറ്റും മല്ലിടുമ്പോള്‍ മലയാളി സോഫ്റ്റായ വെള്ളയപ്പവും കാഴ്ചയില്‍ സങ്കീര്‍ണമെങ്കിലും കറി കോരിയൊഴിച്ചാല്‍ തരളിതമാകുന്ന നൂല്‍പ്പുട്ടും ഒക്കെയാണ് ഇഷ്ടപ്പെടുന്നത്. വസ്ത്രധാരണത്തിലാവട്ടെ, പുറമേ നിന്നുള്ള കെട്ടുബന്ധങ്ങള്‍ ഒന്നുമില്ലാത്ത, സദാ സമയവും കാറ്റു കയറുന്ന കൈലിമുണ്ടുടുക്കുമ്പോള്‍ അനുഭവിക്കുന്ന നിര്‍വൃതി മറ്റെവിടുന്നും മലയാളിക്ക് കിട്ടില്ല.

മസില്‍രാഹിത്യത്തിന്റെ ഈ ലോജിക്ക് സംഘടനകള്‍ക്കും ബാധകമാണ് എന്നാണ് തോന്നുന്നത്. കേരളീയ ചുറ്റുപാടില്‍ മസിലു പെരുപ്പിച്ച് മയമില്ലാതെ പെരുമാറുന്ന സംഘടനകളെയൊന്നും മലയാളി അത്രപെട്ടെന്ന് സ്വീകരിക്കില്ല. ഇത് നമ്മള്‍ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഒക്കെ കണ്ടതാണ്. അതുകൊണ്ട് തന്നെ പല മസില്‍ സംഘടനകളും കേരളത്തില്‍ പ്രത്യക്ഷപ്പെടുന്നത് മസില്‍ മറയ്ക്കുന്ന ഡിസൈനര്‍ ഷര്‍ട്ടുകള്‍ ഇട്ടുകൊണ്ടാണ്. ദേശീയതലത്തില്‍ മസില്‍ പാര്‍ട്ടിയായ ബിജേപ്പി കേരളത്തിലെ തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥി ആക്കാന്‍ താല്പര്യപ്പെടുന്നത് പാര്‍ട്ടിയിലെ തന്നെ മസില്‍ കുറഞ്ഞ ആളുകളെയാണ്. രാജഗോപാലിന് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ടുകളില്‍ പകുതിയില്‍ അധികവും അദ്ദേഹത്തിന്റെ മസില്‍ ഇല്ലായ്മയെ മുന്‍നിര്‍ത്തിയാണ്. എസ് ഡി പി ഐയെപ്പോലെ മസിലില്‍ പച്ചകുത്തി നടക്കുന്ന ടീമുകള്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ പച്ചതൊടാന്‍ ആവാത്തത് ഇവിടെ പ്രത്യേകം പ്രസ്താവിക്കേണ്ടിയിരിക്കുന്നു. സി പി എമ്മിന്റെ ജനപിന്തുണ ഗണ്യമായി കുറഞ്ഞതിന്റെ ഒരു കാരണം അവര്‍ അവരുടെ മസിലിന്റെ പെരുക്കം പല അവസരങ്ങളിലായി പുറത്തു കാണിച്ചതാണ്.

സംഘടനകള്‍ തമ്മില്‍ മസിലുപിടിച്ചു നില്‍ക്കുക ഓരോ സംഘടനയെ സംബന്ധിച്ചും കേരളീയ പശ്ചാത്തലത്തില്‍ വലിയ വെല്ലുവിളിയാണ്. ബദ്ധവൈരികളായ സംഘടനകള്‍ ഒരേ വേദി പങ്കിടുന്നത് കേരളത്തില്‍ സ്ഥിരം കാഴ്ചയാവുന്നത് അതൊക്കെക്കൊണ്ട് കൂടിയാണ്.

1 1436598754
ലേഖകന്‍

‘മസിലു പിടിക്കുന്നവര്‍ക്കെതിരെ മസിലു പിടിക്കുക’ എന്ന കേരളീയന്റെ മാനസികാവസ്ഥയെ മനസ്സിലാക്കിക്കൊണ്ടല്ലാതെ ഏതെങ്കിലും സംഘടനയ്ക്ക് ഈ മണ്ണില്‍ മുന്നോട്ടു പോകാന്‍ പ്രയാസമായിരിക്കും. അതുകൊണ്ടുതന്നെ ഓരോ സംഘടനകളും ഇവിടെ മമ്മൂക്കയും ലാലേട്ടനും ജയറാമും ദിലീപും ഒക്കെയായി മാറാന്‍ ഓരോ നിമിഷവും നിര്‍ബന്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.