മസ്രയില്‍ കാണാതായ പ്രവാസി !!

  258

  അല്ഫായിജ് എന്നത് കുന്ഫുധയില്‍ നിന്നും കിലോമീറ്റര്‍ അകലെയുള്ള ഒരു ഉള്‍ഗ്രാമമാണ് റോഡിനു ഇരുവശവും ഏക്കര്‍ കണക്കിന് കൃഷിയിടങ്ങള്‍  ജോലിയുടെ ഭാഗമായി പലതവണ ഞാനവിടെ പോയിട്ടുണ്ട്. ദൂരം കൂടുതലായതിനാലും ശരിയായ വഴിയല്ലാത്തതിനാലും ഫോര്‍വീല്‍ ഡ്രൈവ് വാഹനത്തില്‍ വേണം അവിടെയെത്താന്‍. ഒരിക്കല്‍ അല്‍വതനിയ പേപ്പര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനിയിലെ കൂട്ടുകാരന്‍ അഷറഫുമായി അവിടെപ്പോയി വരുമ്പോള്‍ അവിടെ കണ്ട മസ്രയില്‍ (കൃഷി തോട്ടം) ഞങ്ങളിറങ്ങി.

  തോട്ടം പണിക്കാരന്‍ ഒരു ഈജിപ്ത് കാരനായിരുന്നു. മസ്രയിലെ വിശേഷങ്ങളറിയാന്‍ ഞങ്ങള്‍ അടുത്ത് കൂടി. അയാളെയൊന്നു സന്തോഷിപ്പിക്കാനായി അഷ്‌റഫ് തന്റെ വണ്ടിയില്‍ നിന്നും പഴയ ഈജിപ്ഷ്യന്‍ മാസികയും രണ്ടു നാള്‍ പഴക്കമുള്ള ന്യൂസ് പേപ്പറും കൊടുത്തപ്പോള്‍ താല്‍പര്യത്തോടെ വാങ്ങി. ഏറെക്കാലത്തിനു ശേഷമായിരിക്കും അയാള്‍ നാട്ടിലെ വാര്‍ത്തകള്‍ വായിക്കുന്നതെന്ന് ആ മുഖഭാവം കണ്ടാലറിയാം. മാസികയും ന്യൂസ്‌പേപ്പറും അയാളുടെ കുടില്‍ പോലെയുള്ള ഷെഡ്ല്‍ കൊണ്ടുവെച്ചു അയാള്‍ ചോദിച്ചു

  ‘നിങ്ങള്‍ ഹിന്ദി യാണോ അതോ ബംഗാളി ??

  ഷര്‍ട്ടും പാന്റുമിട്ടവരെ കണ്ടാല്‍ ഗള്‍ഫില്‍ ചോദിക്കുന്ന ഒരു സാധാരണ ചോദ്യമാണിത് ആദ്യമൊക്കെ ഇത് കേള്‍ക്കുമ്പോള്‍ വല്ലാത്ത ദേഷ്യമായിരുന്നു. ജാതി ചോദിക്കരുത്.. നാട് ചോദിക്കരുത് എന്നൊക്കെ പറയാന്‍ നമ്മള്‍ ശ്രീനാരായണഗുരു വിന്റെ നാട്ടില്‍ ഒന്നുമല്ലല്ലോ ബംഗാളി അല്ല എന്ന് സ്ഥാപിക്കാന്‍ വേണ്ടിയാവും അഷ്‌റഫ് നെഞ്ച് വിരിച്ചു പറഞ്ഞു.

  ‘ഞങ്ങള്‍ ഹിന്ദികളാണ് ‘..

  ‘മാഷാ അല്ലഹ്…ഇവിടയും ഒരു ഹിന്ദിയുണ്ട്. ദാ ആതോട്ടത്തിലുണ്ടാവും അയാളോട് പറഞ്ഞു ആവശ്യമുള്ള പച്ചക്കറികള്‍ വാങ്ങിക്കോ’
  ‘ഹിന്ദി ആണെങ്കില്‍ അത് മലയാളിയാവും ഉറപ്പാ’ അഷ്‌റഫ് പറഞ്ഞു
  ‘ആളും മനുഷ്യനും കുറവായ ഈ മരുഭൂമിയിലും ഒരു മലയാളിയോ??.എങ്കില്‍ ഈ പാവത്തിനെയാരോ വിസ കൊടുത്തു പറ്റിച്ചതാവും വാ പോയിനോക്കാം ‘. ഞങ്ങള്‍ ‘ഹിന്ദി’ യെക്കാണാനായി മസ്രയിലെക്കിറങ്ങി .

  വലിയ ഒരു മസ്രയായിരുന്നു അത്. സൂര്യകാന്തിക്ക് പുറമേ കയ്പ്പയും വെണ്ടയും പയറും തക്കാളിമൊക്കെയായി തോട്ടം പച്ചക്കറികള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. മസ്ര ക്ക് നടുക്കുള്ള വലിയ ഒരു കിണറില്‍ നിന്നാണ് ആവശ്യമുള്ള ജലം എടുക്കുന്നത്. നാട്ടിലെപ്പോലെ മഴയൊന്നും കിട്ടാത്ത ചുട്ടു പൊള്ളുന്ന മരുഭൂമിയിലെ ഈ പച്ചപ്പുള്ള കൃഷിത്തോട്ടം ഈജിപ്ഷ്യന്‍ കാരെന്റെയും ഹിന്ദിയുടെയും വിട്ടുവീഴ്ചയില്ലാത്ത അധ്വാനത്തിന്റെ ഫലമാണന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാകും.

  അറബിക്കഥ യിലെ ശ്രീനിവാസനെപ്പോലെ നീണ്ട തോപ്പും പണ്ടത്തെ കാജാ ബീഡിയിലെ പരസ്യം പോലെ ഒരു തലേക്കെട്ടുമായിരുന്നു അയാളുടെ വേഷം, ഒറ്റനോട്ടത്തില്‍ അയാളൊരു മലയാളിയാണെന്ന് മനസ്സിലാക്കാന്‍ പ്രയാസം തന്നെ പാകമായ വെണ്ട ഒരു ചാക്കില്‍ നിറയ്ക്കുകയാണ് അയാള്‍ .

  ‘അസ്സലാമുഅലൈക്കും’ അഷ്‌റഫ് സലാം ചൊല്ലി .അപരിചിത ശബ്ദം കേട്ടപ്പോള്‍ അയാള്‍ തിരഞ്ഞു നോക്കി
  ‘വ അലൈക്കുമുസ്സലാം’ എവിടുന്നാ ങ്ങള്‍ രണ്ടാളും ‘
  ഞങ്ങള്‍ കുന്ഫുധയില്‍ന്നാണ്.. അല്ഫായിജിയില്‍ കുറച്ചു പണിയുണ്ടായിരുന്നു, അത് കഴിഞ്ഞു വരുമ്പോള്‍ ഒന്നിറങ്ങിയതാ ‘
  ‘എവിടെയാ നാട്ടില്‍?
  ‘ഞാന്‍ ഊര്ക്കടവില്‍ ഇവന്‍ കൊടുവള്ളിയിലും’ ‘ഇക്ക എവിടെയാണ് ?’ ഞാന്‍ ചോദിച്ചു
  ‘ഞാന്‍ പെരിന്തല്‍മണ്ണ പള്ളിപ്പടിയില്‍ ,അറിയുമോ’ ?
  ‘ഇല്ല പെരിന്തല്‍മണ്ണ വന്നിട്ടുണ്ട് പിന്നെ കുന്ഫുധയില്‍ പെരിന്തല്‍മണ്ണക്കാരാണ് കൂടുതല്‍ ‘

  അയാള്‍ ഞങ്ങളെയും കൂട്ടി റൂമിലേക്ക് വന്നു, അവിടേയ്ക്കുള്ള നടത്തത്തില്‍ ഞാനയാളെ ശ്രദ്ധിച്ചു നോക്കി. എവിടെയോ ഇയാളെ ഞാന്‍ കണ്ടിട്ടുണ്ട്.  മനസ്സില്‍ തോന്നിയ ഒരു സംശയം ഉറപ്പിക്കാന്‍ വേണ്ടി ഞാനയാളോട് ചോദിച്ചു.

  ‘നിങ്ങള്‍ നാട്ടില്‍ നിന്നും വന്നിട്ട് എത്ര വര്‍ഷമായി ?’

  അതിനു മറുപടി ഒരു ചിരിയായിരുന്നു.

  ‘അധികം ഒന്നുമില്ല മോനെ ഒരു പതിനെട്ടു വര്ഷം’ .

  എന്റെ സംശയം ശരിയായിരുന്നു,അപ്പോള്‍ ഇയാള്‍ ഞാന്‍ വിചാരിച്ച ആള്‍ തന്നെയാണ്, പ്രവാസ ജീവിതത്തിന്റെ തുടക്കം മുതലേ ഞാന്‍ കാണുന്ന ഒരു ടി വി പ്രോഗ്രാമാണ് കൈരളി ടി വി യിലെ പ്രവാസലോകം എന്ന പരിപാടി, ഗള്‍ഫില്‍ കാണാതാവുന്നവരെ ക്കുറിച്ച് അന്വേഷിക്കുകയും .അവരെ കണ്ടെത്തി നാട്ടിലെത്തിക്കുകയും ചെയ്യുന്ന ഒരു നല്ല ഷോ എന്ന നിലയില്‍ അത് മുടങ്ങാതെ കാണാറുണ്ട് .അതില്‍ ഇയാളെക്കുറിച്ച് ഒരിക്കല്‍ വന്നിരുന്നു ,അയാളുടെ ഭാര്യയും കെട്ടിക്കാന്‍ പ്രായമായ ഒരു മകളും ക്യാമറക്ക് മുന്നില്‍ നിന്നും കരയുന്ന രംഗം മനസ്സിലേക്കോടിയെത്തി. അതെ ഇതയാള്‍ തന്നെ. ഞാന്‍ അഷറഫിനോട് സ്വകാര്യത്തില്‍ പറഞു.

  ‘എടാ ഭാഗ്യമുണ്ടെങ്കില്‍ നമുക്ക് രണ്ടു പേര്‍ക്കും ടി വി യില്‍ മുഖം കാണിക്കാം ,ലോകം മുഴുവന്‍ നമ്മളെയറിയാനുള്ള വഴിയാണ് ഈ മുന്നില്‍ പോകുന്നത് .ടി വിയില്‍ ഇയാളെ കണ്ട കാര്യം പറഞ്ഞപ്പോള്‍ അവനും താല്പര്യം കൂടി ,ഞാന്‍ ചോദിച്ചു
  ‘ഇക്ക പതിനെട്ടു വര്‍ഷമായിട്ടും എന്താ നിങ്ങള് നാട്ടില്‍ പോവാത്തത് ? അവിടെ നിങ്ങള്‍ക്ക് ആരും ഇല്ലേ ?
  എല്ലാരും ഉണ്ട് ഭാര്യയും കുട്ടിയുമൊക്കെ പക്ഷെ ഞാന്‍ പോണില്ല അത്ര തന്നെ ‘.ആ മറുപടിയില്‍ എനിക്ക് വലിയ അത്ഭുതമൊന്നും തോന്നിയില്ല ,ഗള്‍ഫില്‍ ഇത്തരം കഥകള്‍ ഒരു പാട് കേള്‍ക്കാറുണ്ട് ,
  ‘.എന്താ കാര്യം ? കഫീല്‍ (സ്‌പോണ്‌സര്‍ ) വിടാഞ്ഞിട്ടാണോ ,എങ്കില്‍ നമുക്ക് പരിഹാരമുണ്ടാക്കാം’
  ‘അല്ല ഞാന്‍ കഫീലിനെ വിടാഞ്ഞിട്ടാണ്’
  ‘ഡാ മൂപ്പര് നമ്മളെ ആക്കിയതാ ട്ടോ ,വിട്ടേക്ക് ‘..അഷറഫ് പറഞ്ഞു ,,
  ‘എടാ എന്നാലും അങ്ങിനെ വിടാന്‍ പറ്റുമോ ,,ഞാനാപരിപാടി അന്ന് കണ്ടതാ ഒരു ഹെല്‍പ് ചെയ്താല്‍ രണ്ടുണ്ട് കാര്യം ,ഒന്ന് ഒരു പുണ്യകര്‍മ്മം ,രണ്ടാമത്തെതു ടിവിയില്‍ വരും ,പ്രവാസലോകത്തിലെ ഞങ്ങളുടെ പ്രധിനിധി ഫൈസല്‍ ബാബു കുന്ഫുധയില്‍ നിന്നും നല്‍കുന്ന വിവരം എന്ന ടി വി വാര്‍ത്ത ,അത് റെക്കോഡ് ചെയ്തു ഗ്രൂപ്പായ ഗ്രൂപ്പില്‍ ലിങ്കും കൊടുത്തു ആയിരം ലൈക്കും കമന്റുമായി ഞാന്‍ ഞെളിഞ്ഞു നില്‍ക്കുന്നത് ,,ഹോ എനിക്ക് വയ്യ ,,എടാ പൊന്‍മുട്ടയിടുന്ന ഈ കാക്കാനെ വിടല്ലേ ,,ഇത് പുറം ലോകം അറിയണം ,,അയാളെ നാട്ടിലെത്തിക്കക്കണം ,നീ ഒന്നു കൂടെ നിന്നാല്‍ മതി ബാക്കി ഞാനേറ്റു’ ,,

  ‘എന്താ ങ്ങള് പിറുപിറു ക്കുന്നത് ? ദാ സുലൈമാനി കുടിക്കൂ ,,,അയാള്‍ നീട്ടിയ കട്ടന്‍ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ വീണ്ടും ചോദിച്ചു ‘ഈ മസ്രയും ആടും ഒക്കെയായി കഴിഞ്ഞാല്‍ മതിയോ ,നാട്ടില്‍ നിങ്ങളെക്കാത്ത് ഒരു കുടുംബമുണ്ട് , ഭാര്യയുണ്ട് മകളുണ്ട് ,,അതൊന്നും എന്താ ആലോചിക്കാത്തത്.’?

  ‘എന്റെ മനസ്സില്‍ ഇപ്പോഴതൊന്നുമില്ല ,,ഇനിപ്പം ഈ വയസ്സുകാലത്ത് അവിടെപ്പോയാല്‍ തന്നെ ആരും ഇന്നേ അറിയൂല ,,അതൊക്കെ എല്ലാരെയും പറഞ്ഞു മനസ്സിലാക്കുമ്പോഴേക്കും അസ്രായീല് ന്നെയും കൊണ്ട് പോകും ,,ഇങ്ങള്‍ക്ക് വേറെ എന്തേലും പറയാനുണ്ടോ ‘ .ഞങ്ങളെ സംസാരം അയാളെ മുഷിപ്പിച്ചു എന്ന് ആ വാക്കില്‍ ഉണ്ട് എന്നാലും വേണ്ടീല ,,ഒരു നല്ല കാര്യത്തിനല്ലേ ,ഞാന്‍ പിന്മാറില്ല ,,ശെരി , നിങ്ങള്‍ നാട്ടില്‍ പോവേണ്ട എന്നാലും എന്തേലും ഒരു കാരണം ഉണ്ടാകുമല്ലോ,, നാട്ടില്‍ പോകാതിരിക്കാന്‍ അതൊന്നു പറഞ്ഞൂടെ,നിങ്ങളെങ്ങിനെയാ ഈ പട്ടിക്കാട്ടിലെത്തി ന്നെങ്കിലും ?

  ‘എനിക്ക് ഇങ്ങട്ട് വരാന്‍ തീരെ ഇഷാട്ടമുണ്ടായിട്ടല്ല ,,എന്നെ ഉന്തി തള്ളി ഇങ്ങട്ട് വിട്ടതാ ,,ആദ്യം ന്റെ അമ്മോന്‍ ന്നെ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ കൊണ്ടോന്നു വണ്ടി കേറ്റി,,അവര് കുടീല് എത്തുന്നതിനു മുമ്പേ ഞാന്‍ കെട്ട്യോളെ അടുത്തെത്തി ,അങ്ങിനെ അത് കാന്‍സല്‍ ആയി ,,പിന്നെ കൊണ്ടോട്ടിന്നു അക്ബര്‍ ട്രാവല്‍സിന്റെ ബസ്സില്‍ കേറ്റി വിട്ടു ,, കണ്ണൂരില്‍ ഭക്ഷണം കഴിക്കാന്‍ ബസ്സ് നിര്‍ത്തിയപ്പോള്‍ ഞാന്‍ കോഴിക്കോട് ബസ്സില്‍ക്ക് മാറിക്കേറി ,,ന്നിട്ടും ഓല് വിട്ടില്ല ,മൂന്നാമത്തെ തവണ അമ്മോനും ,അമ്മോഷനും കൂടി ഇടത്തും വലത്തും നിന്ന് ,ബോംബെ വരെ കൂടെ വന്നു പ്ലയിനില്‍ കേറ്റി ,,ആ വരവ് വന്നിട്ട് പിന്നെ പോയില്ല ‘

  ‘എന്ത് പറ്റി ങ്ങളെ കഫീല്‍ നാട്ടിലേക്ക് വിടാഞ്ഞിട്ടാണോ ?
  എനിക്ക് കൂടുതല്‍ അയാളുടെ കഥ അറിയാന്‍ താല്പര്യമായി ,
  ‘ആദ്യം വന്നത് ഒരു ക്ലീനിംഗ് കമ്പനിയിലേക്കായിരുന്നു ,,അവിടെ ഒരു അഞ്ചു കൊല്ലം പണിയെടുത്തു ,നാട്ടിലെ കടങ്ങളൊക്കെ വീട്ടി ,നാട്ടിലേക്ക് പോവാനായി ഒരുങ്ങുമ്പോഴാണ് ആ കമ്പനി പൂട്ടുന്നത്,പിന്നെ കുറച്ചു കാലം പണിയൊന്നും കിട്ടിയില്ല ,,അതിനു ശേഷം കാറ് കഴുകിയും വെള്ളം വിറ്റും പണിയെടുത്തു കൊണ്ടിരിക്കുമ്പോഴാണ് ഈ കഫീലിനെ പരിചയപ്പെടുന്നതും ഈ മസ്രയില്‍ വരുന്നതും ,,ഞാന്‍ ഇവിടെ വന്നപ്പോള്‍ വെറും ഒരു മരുഭൂമിയായ ഈ തോട്ടം ഈ കാണുന്ന കോലത്തിലാക്കി വന്നപ്പോഴേയ്ക്കും കാലം കുറെ കടന്നു പോയി’ ..

  ‘എടാ ഇയാളുടെ ബ്ലാക്ക് ആന്റ് വൈറ്റ് കഥ കേള്‍ക്കാനാണോ നമ്മള്‍ വന്നത് ,വാ നമുക്ക് പോവാം’ ,അഷ്‌റഫ് തിരക്ക് കൂട്ടി ,
  ‘എന്തായാലും നിങ്ങള്‍ ചെയ്തത് തീരെ ശെരിയായില്ല ,നിങ്ങളെ ഭാര്യയെക്കാളും കുട്ടികളെക്കാളും വലുതാണോ ഈ മസ്ര?
  ഇത്രയും കാലം നിങ്ങളെ ഭാര്യ നിങ്ങളും വരുന്നതും കാത്തിരുന്നു ,അവര്‍ എങ്ങിനെ ജീവിക്കുന്നു എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ? ‘ ഞാന്‍ ചോദിച്ചു ,
  ‘അതൊന്നും എനിക്ക് ചിന്തിക്കണ്ട കാര്യല്ല ,,ഇത്രയും കാലം ഓള്‍ എങ്ങിനെ ജീവിച്ചോ അത് പോലെ ഇനിയും അങ്ങിനെയങ്ങ് പോയ്‌ക്കോളും നിങ്ങള്‍ രണ്ടു പേരും അതോര്‍ത്തു ബേജാരാവണ്ട മനസ്സിലായോ’ ?

  ‘നിങ്ങളെ കഫീല്‍ വിടാഞ്ഞിട്ടാണോ പോകാത്തത് ? അതോ പൈസ ഇല്ലാഞ്ഞിട്ടോ ?’
  അതോന്നും കൊണ്ടല്ല സ്വന്തം മക്കളെക്കാളും കാര്യമാ എന്നെ ,,എനിക്ക് താല്പര്യമില്ലാ എന്ന് പറഞ്ഞില്ലേ ?വേറെഎന്തേലും പറയന്നുണ്ടോ ,എനിക്ക് പണി കുറെ ബാക്കിയുണ്ട് ,അവറാന് ഇല്ലാത്ത ബേജാറ് അയമ്മു വിനു വേണ്ട മനസ്സിലായില്ലേ?’
  അയാള്‍ ദേഷ്യം കൊണ്ട് കയര്‍ത്തു ,
  ‘ചൂടായിട്ടു കാര്യമില്ല പ്രശസ്ത മാധ്യമ പ്രവര്‍ത്തകനാണ് ഞാന്‍ ,ഞാനിത് പേപ്പറില്‍ കൊടുത്തു എല്ലാരെയും അറിയിക്കും ‘

  അഷ്‌റഫ് അത് പറഞ്ഞപ്പോള്‍ എനിക്ക് ചിരിയാണ് വന്നത് ,അവനെ ന്നോട് പറഞ്ഞു ,’ചിരിക്കണ്ട പത്രം വിതരണം ചെയ്യുന്നതും മാധ്യമ പ്രവര്‍ത്തനം തന്നെയാണ് , ‘..
  ‘ഒന്ന് പോയ്‌ക്കൊളി ങ്ങള്‍ ,,എന്നെ നാറ്റിക്കാന്‍ ഓളും നാട്ടുകാരും ന്റെ ഫോട്ടോ ടിവിയില്‍ കൊടുത്തിട്ടുണ്ട് എന്നിട്ട് ഞാന്‍ പോയില്ല പിന്നെല്ല അന്റെ ഒലക്കമ്മലെ ഒരു പത്രം ‘
  ‘ഇക്ക നിങ്ങള്‍ ഈ പറഞ്ഞ ടിവി പരിപാടി ഞാനും കണ്ടതാ ,,കല്യാണം കഴിക്കാന്‍ പ്രായമായ നിങ്ങളെ മോളെയെങ്കിലും നിങ്ങള്‍ ഓര്‍ത്തു നോക്കൂ ,,ആ കുട്ടിയെ കല്യാണം കഴിച്ചു വിടെണ്ടെ’
  ‘ന്നെ പ്പറ്റി ടി വി യിലൊക്കെ കൊടുക്കാന്‍ ആളുണ്ടല്ലോ അവര് തന്നെ കല്യാണവും കഴിപ്പിച്ചോളും ‘.പരമാവധി ന്നെ നാണം കെടുത്താനല്ലേ അവര് അത് ചെയ്തത്.ഇനി എനിക്ക് നാട്ടില്‍ ഇറങ്ങി നടക്കാന്‍ പറ്റുമോ ? ഞാനെങ്ങനെ നാട്ടുകാരെ മുഖത്ത് നോക്കും ?.ഇനി നാട്ടുകാര് അതൊക്കെ മറക്കട്ടെ ,എന്നിട്ടാകാം ഇനി നാട്ടില്‍ പോണത് ,ഇനി ഞാന്‍ നാട്ടില്‍ പോകാന്നു തന്നെ വിചാരിച്ചോ എന്റെ ,തോട്ടം ,കൃഷി ഇതൊക്ക ആര് നോക്കും ‘
  അധികം ദൂരയല്ല്‌ലാത്ത അല്ഫായിജ് എന്ന ഗ്രാമത്തില്‍ അയാള്‍ ഇടയ്ക്കിടക്ക് പോവാറുണ്ട് ,അങ്ങിനെയാണ് അയാളാ ആ ടി വി പരിപാടി കാനാനിടയായത് എന്ന് പിന്നീടുള്ള സംസാരത്തില്‍ നിന്നും ഞങ്ങള്‍ക്ക് മനസ്സിലായി ,,വര്‍ഷങ്ങളായി അയാളുടെ ജീവിതവും ഈ മരുഭൂമിയിലെ മസ്രയും തമ്മില്‍ അത്രയ്ക്കും ഇഴകി ചേര്‍ന്നിരിക്കുന്നു .ഭാര്യ ,കുട്ടികള്‍ കുടുമ്പം ഒക്കെ ഇയാള്‍ക്ക് ഒരു ഓര്‍മ്മ മാത്രം ,ഇവരെക്കാളും അയാള്‍ക്ക് വലുതും അടുപ്പവുമുള്ളത് ഈ തോട്ടവും മസ്രയുമോക്കെയാണ് , ഇവിടെ ഞങ്ങള്‍ എന്ത് കുടുമ്പകാര്യം പറഞ്ഞാലും അയാളുടെ തലയില്‍ കയറില്ല ,മാത്രമല്ല എന്തു പറഞ്ഞാലും അതിനെ ന്യയീകരിക്കാന്‍ അയാള്‍ക്ക് മറുവാദങ്ങളും ഉണ്ടാവും ,അത്ര പെട്ടൊന്നും ഇയാളുടെ മനസ്സ് മാറ്റാന്‍ കഴിയില്ല എന്ന് ഞങ്ങള്‍ക്ക് മനസ്സിലായി .ഇനിയും കൂടുതല്‍ സമയം അയാള്‍ക്കൊപ്പം നില്‍ക്കാന്‍ ഞങ്ങള്‍ക്കാവില്ല ,നൂറ്റമ്പതു കിലോമീറ്ററില്‍ അധികം മരു ഭൂമിയില്‍ കൂടി ഞങ്ങള്‍ക്ക് യാത്ര ചെയ്യണം എന്നാലെ കുന്ഫുധയിലെത്താനാവൂ .,മാത്രമല്ല വഴിയില്‍ മണല്‍ കാറ്റ് വന്നാല്‍ വഴി മണല്‍ മൂടും പിന്നെ യാത്ര ദുസ്സഹമാണ് .അതൊക്കെ അഷ്‌റഫ് ഓര്‍മ്മിച്ചപ്പോള്‍ അയാളോട് സലാം പറഞ്ഞു ഞങ്ങള്‍ വണ്ടിയില്‍ കയറി .

  തിരിച്ചുള്ള യാത്രയില്‍ അയാളെ കുറിച്ചും കണ്ണീരോഴുക്കി ടി വി ക്ക് മുമ്പില്‍ വന്ന അയാളുടെ ഭാര്യ യുടെയും കെട്ടുപ്രായം കഴിഞ്ഞു നില്‍ക്കുന്ന അയാളുടെ മകളുടെ രൂപവും മാത്രമായിരുന്നു മനസ്സില്‍ .എന്നെങ്കിലും ഒരിക്കല്‍ വീണ്ടും അയാളെ കാണാന്‍ കഴിഞ്ഞാല്‍ ഒന്നും കൂടി പറഞ്ഞു നോക്കാം എന്നായിരുന്നു കരുതിയിരുന്നത് ,എന്നാല്‍ മൂന്നു മാസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും അവിടേക്കുള്ള യാത്ര തരപ്പെട്ടത് ,സാധാരണ അത്രയും ദൂരെയുള്ള യാത്ര ഇഷ്ടമല്ലായിരുന്നു എന്നാല്‍ ഇത്തവണ അയാളെ കാണാനുള്ള തിടുക്കത്തില്‍ ഞാന്‍ വേഗം പുറപ്പെട്ടു ,,മസ്രയില്‍ എത്തിയ ഞങ്ങള്‍ക്ക് പക്ഷെ ,അയാള്‍ ക്ക് പകരം മറ്റൊരു ബംഗാളി യായിരുന്നു കാണാന്‍ കഴിഞ്ഞത് ,അയാളെ കുറിച്ച് തിരക്കിയപ്പോള്‍ ബംഗാളിക്ക് ഒരു വിവരവും തരാന്‍ കഴിഞില്ല ,നിരാശയോടെ ഞങ്ങള്‍ അവിടെ നിന്നും മടങ്ങി ,

  എന്തു പറ്റിയിരിക്കും അയാള്‍ക്ക് എന്നറിയാന്‍ അല്ഫായിജിലും ഒന്ന് തിരക്കി ,അവിടെയുള്ളവരും അയാളെ കണ്ടിട്ട് ദിവസങ്ങളായിരുന്നു ,ഒരു പക്ഷെ അയാള്‍ താന്‍ പിടിക്കപെടും എന്ന് കരുതി ആരും കാണാത്ത മറ്റൊരു മസ്രയില്‍ ജോലി ചെയ്യുന്നുണ്ടാവാം ,അല്ലേല്‍ ഒരു വീണ്ടു വിചാരം വന്നു നാട്ടിലേക്ക് തിരിച്ചു പോയിക്കാണുമോ ,അതോ എന്തേലും അപകടം ? ആ മിസ്സിംഗ് ഇന്നും ദുരൂഹമായി തുടരുന്നു .അയാളെ ക്കുറിച്ചുള്ള എന്റെ അന്വഷണവും!!.