Share The Article

എഴുതിയത്: മീരാകൃഷ്ണ

അറിയാന്‍ വായനക്കാരന് അവകാശമുണ്ട്. അറിയിക്കുവാന്‍ മാധ്യമങ്ങള്‍ക്ക് ബാദ്ധ്യതയുമുണ്ട്. ബഹുജന മാധ്യമങ്ങളിലെ ആശയവിനിമയ പ്രക്രിയയെ വിശകലനം ചെയ്യുമ്പോള്‍ ‘മാധ്യമധാര്‍മ്മികത’ ചര്‍ച്ചാവിഷയമായി മാറുകയാണ്. പ്രചരണം മാത്രം ലക്ഷ്യമാക്കിക്കൊണ്ടുള്ള മാധ്യമപ്രവര്‍ത്തനങ്ങളില്‍ സ്വയം ഒരു ധാര്‍മ്മിക പരിശോധന അനിവാര്യമാണ്. വാര്‍ത്തകള്‍ രസപ്രദമാക്കുവാന്‍ സത്യത്തെ വളച്ചൊടിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.

മീരാകൃഷ്ണ
മീരാകൃഷ്ണ

‘അതിര്‍ത്തികളില്ലാത്ത മാധ്യമങ്ങളില്‍ മുന്‍വിധികള്‍ക്കും അതിരുകളില്ല’ എന്നു പറഞ്ഞത് പ്രസിദ്ധമാധ്യമ വിചക്ഷണനും ചിന്തകനുമായ ഡെനീസ് മാക്വയില്‍ (Denis Macquail) ആണ്. സമകാല പ്രശ്‌നങ്ങളെ വിലയിരുത്തുമ്പോള്‍ അത് സത്യമാണെന്ന് കാണാം. വായില്‍ തോന്നിയതൊക്കെ വിളിച്ചു പറയാനും എഴുതാനും കാണിക്കാനുമുള്ള സ്വാതന്ത്ര്യമല്ല, മാധ്യമ സ്വാതന്ത്ര്യം. എല്ലാ പൗരന്മാര്‍ക്കും ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നുണ്ടെങ്കിലും അതിനു നീതിപൂര്‍വ്വമായ നിയന്ത്രണങ്ങള്‍ നിയമം മൂലം ഏര്‍പ്പെടുത്താവുന്നതാണെന്ന് ഇന്ത്യന്‍ ഭരണഘടനയില്‍ 19(1)അ യില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. കച്ചവട കണ്ണുകളോടെയും സ്വാര്‍ത്ഥതാല്‍പര്യങ്ങളോടെയും വിളമ്പുന്ന മാധ്യമ വാര്‍ത്തകള്‍ പലപ്പോഴും വെറും ഭാവനയുടെ നിറക്കൂട്ടുകളായി മാറുന്നത് കാണാറുണ്ട്. മാധ്യമങ്ങള്‍ വിളമ്പുന്നതെല്ലാം അപ്പാടെ വാരിവിഴുങ്ങുന്ന ഒരു സംസ്‌കാരമാണ് ഇന്നിവിടെയുള്ളത്. ഭാഷയാകട്ടെ, വാര്‍ത്തയാകട്ടെ, പരസ്യമാകട്ടെ, അതാണ് ശരി, അതുമാത്രമാണ് ശരി എന്നുള്ള ചിന്ത സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കുകയാണ് നമ്മുടെ മാധ്യമ വാര്‍ത്താവില്‍പനക്കാര്‍.

പൊതുജനങ്ങളുടെ ഭക്ഷണം, ഭാഷ, വേഷം, ചിന്ത ഇതൊക്കെ മാറ്റുവാനും നവീകരിക്കുവാനും ബഹുജനമാധ്യമങ്ങള്‍ മത്സരിക്കുക തന്നെയാണ്. വര്‍ത്തമാന സമൂഹത്തിന് ഇവയില്‍ ശരിയും തെറ്റും വേര്‍തിരിച്ചറിയാനുള്ള നേര്‍ബുദ്ധിയാണ് ഉദിക്കേണ്ടത്. സമൂഹത്തിന്റെ ചിന്താധാരയെ രൂപപ്പെടുത്തുന്നതില്‍ വലിയൊരു പങ്കാണ് മാധ്യമങ്ങള്‍ക്കുള്ളത്. വാര്‍ത്തകളെ വിവേകത്തോടെ സമീപിക്കുവാനുള്ള പക്വത മാധ്യമസ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഉണ്ടായില്ലെങ്കില്‍ ദുഃഖകരമായ സ്ഥിതി വിശേഷങ്ങള്‍ സമൂഹത്തില്‍ സംജാതമാകും. മാധ്യമപ്രവര്‍ത്തനം കച്ചവടമായി തീരാതിരിക്കുന്നതിന് ഗാന്ധിജി നടത്തിയ പരിശ്രമവും, കച്ചവടമായി തീരാതിരിക്കാനുള്ള സ്വാതന്ത്ര്യമാണ് മാധ്യമപ്രവര്‍ത്തനത്തിന്റെ പ്രഥമ സ്വാതന്ത്ര്യം എന്ന കാറല്‍ മാക്‌സിന്റെ വാക്കുകളും ഇവിടെ സ്മരിക്കുകയാണ്. വ്യത്യസ്ഥ ചിന്താഗതിക്കാരായ ഈ രണ്ടു മഹാന്മാരും മാധ്യമങ്ങള്‍ സമൂഹനന്മയ്ക്കായിരിക്കണം എന്ന ബോധമാണ് നമുക്ക് പകര്‍ന്നു തന്നത്.

1986ല്‍ ഇന്ത്യന്‍ എക്‌സ്പ്രസും ഇന്ത്യാ ഗവണ്‍മന്റും തമ്മിലുണ്ടായ കേസില്‍ സുപ്രീംകോടതിക്കുവേണ്ടി വിധിപറഞ്ഞ ജസ്റ്റിസ് ഇ. എസ്. വേങ്കിട്ടരാമയ്യ നാലു വിശാലമായ സാമൂഹ്യലക്ഷ്യങ്ങള്‍ സംസാര സ്വാതന്ത്ര്യത്തിലൂടെ നിര്‍വഹിക്കപ്പെട്ടെന്നു പറയുന്നുണ്ട്.

  1. ഒരു വ്യക്തിയുടെ ആത്മസാക്ഷാത്കാരത്തെ സഹായിക്കുക.
  2. സത്യം കണ്ടെത്തുന്നതിനു കളമൊരുക്കുക.
  3. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഓരോ വ്യക്തിക്കുമുള്ള കഴിവ് ശക്തിപ്പെടുത്തുക.
  4. സാമൂഹ്യപരിവര്‍ത്തനവും സന്തുലിതാവസ്ഥയും സ്ഥാപിക്കുന്നതിന് സംവിധാനം ഉണ്ടാക്കുക.

അന്നു കോടതി പറഞ്ഞത് ‘ആവിഷ്‌കാരം ആത്മാവാകുമ്പോള്‍ അച്ചടിക്കടലാസ് ശരീരമാകണമെന്നാണ.?!്’
റേഡിയോയും കമ്പ്യൂട്ടറും ടെലിവിഷനുമൊക്കെ നിത്യോപയോഗ വസ്തുക്കളായപ്പോള്‍ ഇന്ന് വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ തന്നെയുണ്ട്. ഇക്കാലത്ത് 35 ലക്ഷത്തിലധികം പത്രവായനക്കാരുണ്ട്. ആനുകാലിക പ്രസിദ്ധീകരണങ്ങളുടെയും എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. അങ്ങനെ വിവരസാങ്കേതികവിദ്യ വികസിച്ചു കൊണ്ടിരിക്കുന്നു. പക്ഷേ ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന നിയമപരിരക്ഷ ഉള്ളതുകൊണ്ട് എന്തു പറയാനും എഴുതാനും പ്രദര്‍ശിപ്പിക്കാനുമുള്ള വാര്‍ത്താവീക്ഷണ, വിനോദ, പ്രതികാര വ്യവസായമായി മാറിക്കഴിഞ്ഞിരിക്കുന്നു ഇന്നത്തെ മാധ്യമപ്രവര്‍ത്തനങ്ങള്‍. രാഷ്ട്രീയ സംഘട്ടനങ്ങളില്‍, വര്‍ഗ്ഗീയ ലഹളകളില്‍ കൊല്ലുന്നു, മരിക്കുന്നു. കൊല്ലുന്നവരുടെയും മരിക്കുന്നവരുടെയും ചേരികളില്‍ പക്ഷം തിരിഞ്ഞുനിന്ന് രോക്ഷാകുലമായ അണികളിലേക്ക് പ്രതികാരാഗ്‌നി പടര്‍ത്തുന്ന കാഴ്ചയാണ് ഇന്നു മാധ്യമങ്ങള്‍ കാഴ്ചവെക്കുന്നത്. ‘എരിതീയില്‍ എണ്ണയൊഴിക്കുക’ എന്ന പഴഞ്ചൊല്ല് ഇവിടെ ചേരും. കുത്തഴിഞ്ഞ രാഷ്ട്രീയത്തിന്റെ കുത്തൊഴുക്കില്‍ പെട്ടിരിക്കുകയാണ് സമകാല മാധ്യമപ്രവര്‍ത്തനം. ഇവിടെ എന്താണ് സംഭവിക്കുന്നത് എന്ന് ചിന്തിക്കുവാനുള്ള അവസരം ജനങ്ങള്‍ക്ക് കൊടുക്കുന്നില്ല. കാരണം മാധ്യമങ്ങള്‍ ആരുടെയൊക്കെയോ പക്ഷം പിടിക്കുന്നു. ഇന്ത്യയിലെ നിയമവ്യവസ്ഥയില്‍ പറയുന്നത് ശിക്ഷിക്കപ്പെടുന്നതുവരെ കുറ്റവാളിയെ നിരപരാധിയായി കാണണമെന്നാണ്. മുഴുവന്‍ സത്യം പറഞ്ഞില്ലെങ്കിലും കാണണമെന്നാണ്. മുഴുവന്‍ സത്യം പറഞ്ഞില്ലെങ്കിലും പറയുന്നത് സത്യമായിരിക്കണം. ഇന്ന് മാധ്യമങ്ങള്‍ ആണ് വിധി നിര്‍ണ്ണയിക്കുന്നത്.

ഓരോ മാധ്യമപ്രസ്ഥാനവും ഒരു വ്യവസായ സാമ്രാജ്യം തന്നെ പടുത്തുയര്‍ത്തിയിരിക്കുകയാണ്. ആദര്‍ശധീരതയോടെ സംയമനത്തോടെ പ്രവര്‍ത്തിക്കുന്ന എത്ര മാധ്യമ പ്രവര്‍ത്തകരുണ്ട്? ഇവിടെ കാണാന്‍ സാധിക്കുന്നത് നിലനില്‍പിന്റെ പ്രശ്‌നമാണ്. ഈ അടുത്തയിട ഒരു പ്രമുഖ മലയാള ദിനപത്രത്തില്‍ ഏറ്റവും പരസ്യം കൊടുത്തവര്‍ക്കുള്ള അവാര്‍ഡിനെപ്പറ്റി വിളംബരം ചെയ്തിരിക്കുന്നതു കണ്ടു. വ്യവസായം എന്ന നിലയ്ക്കുള്ള ഭദ്രത ഉറപ്പുവരുത്തുമ്പോള്‍ അതില്‍ ആദര്‍ശങ്ങളും മൂല്യങ്ങളും ചവിട്ടിമെതിക്കപ്പെടുകയാണ്. മാധ്യമ റിപ്പോര്‍ട്ടര്‍മാരുടെ നേരെയുള്ള അക്രമങ്ങള്‍ക്ക് പ്രധാന കാരണം ഓരോ മാധ്യമപ്രസ്ഥാനവും ഓരോ രാഷ്ട്രീയ സാമുദായിക താല്‍പര്യങ്ങളാണ് സംരക്ഷിക്കുന്നത് എന്നുള്ളതുകൊണ്ടാണ്. ഇവിടെ പലപ്പോഴും റിപ്പോര്‍ട്ടര്‍മാര്‍ ജീവന്‍പോലും പണയം വെച്ച് ചാവേറുകളെപ്പോലെ ഇടിച്ചുകയറുന്ന കാഴ്ചയാണ് കാണുന്നത്.

ടെലിവിഷന്‍, ഇന്റര്‍നെറ്റ് മുതലായ സംഭവങ്ങളിലൂടെ ആനുകാലിക സംഭവങ്ങളെല്ലാം ഇന്ന് ലോകം മുഴുവന്‍ അറിയുന്നുണ്ട്. ലൈവായി ചാനലുകള്‍ വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യുമ്പോള്‍ കാഴ്ചക്കാണ് സമൂഹത്തില്‍ മുന്‍തൂക്കം എന്ന് തിരിച്ചറിഞ്ഞ് പത്രങ്ങളും വീക്ഷണങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്നു. കഴിഞ്ഞയിടെ ഒരു പത്രത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ അപകടം പറ്റിയെത്തിയ ഒരു മനുഷ്യന്റെ ഫോട്ടോ വളരെ കൃത്യമായി കൊടുത്തിരുന്നു. കഴുത്തിന്റെ പിന്നില്‍ക്കൂടി ഒരു വലിയ മരക്കമ്പ് കുത്തിക്കയറി വായില്‍ക്കൂടി വെളിയിലേക്കു നീണ്ടുനില്‍ക്കുന്ന ഭീകരദൃശ്യം. ആ അവസ്ഥയില്‍ ഇരിക്കുന്ന ആ രൂപം വളരെ ദയനീയമായിരുന്നു. ഈ ചിത്രം കണ്ട് എന്റെയൊരു സുഹൃത്ത് തലചുറ്റി വീണു.

മനഃസാക്ഷിയുള്ളവര്‍ക്കാര്‍ക്കും കണ്ടുനില്‍ക്കാനാവാത്ത ആ ദാരുണ ചിത്രം കാണുന്ന ആ മനുഷ്യന്റെ ഉറ്റവരുടെയും ഉടയവരുടെയും മാനസിക നിലയെപ്പറ്റി ഓര്‍ക്കേണ്ടതല്ലായിരുന്നോ? ആ അപകടത്തിന്റെ ദോഷമറിയാതെ ആ ചിത്രത്തെ അനുകരിക്കാന്‍ ശ്രമിക്കുന്ന കൊച്ചുവിരുതന്മാരും നമുക്കിടയിലുണ്ടെന്ന് ഓര്‍ക്കണം. ഏതപകടവും കച്ചവടക്കണ്ണുകളോടെ ക്യാമറക്കുള്ളിലാക്കി വില്‍ക്കപ്പെടുന്ന മാധ്യമസംസ്‌കാരമാണ് ഇവിടെ വളരുന്നത്. ആരുടെ ശരീരത്ത് വണ്ടികയറിയാലും ആരു മരിച്ചാലും ആരെ അപഹാസ്യനാക്കിയാലും ചൂടുള്ള വാര്‍ത്തയാണിവിടാവശ്യം.

സഹജീവികളെ മറന്നുകൊണ്ടുള്ള ഈ വാര്‍ത്തകള്‍ സമൂഹത്തിനെന്തിന്?

നീതിയുടെ പോരാളികളാകേണ്ടവരാണ് മാധ്യമപ്രവര്‍ത്തകര്‍. മാധ്യമസ്വാതന്ത്ര്യം മറ്റു സ്വാതന്ത്ര്യങ്ങളും കൂടി പരിരക്ഷിക്കപ്പെടാനുള്ള സ്വാതന്ത്ര്യംകൂടിയാണ്. മാധ്യമങ്ങളുടെ ധര്‍മ്മം അറിയിക്കലാണ്; അല്ലാതെ വിധിനിര്‍ണ്ണയിക്കല്ലല്ല. സത്യവും മാധ്യമങ്ങളിലെ സത്യവും പലപ്പോഴും ഇരുധ്രുവങ്ങളിലായിരിക്കും. വര്‍ത്തമാന സമൂഹം മാധ്യമങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തുവാന്‍ തുടങ്ങിയാല്‍ വാര്‍ത്തകളെ വിവേകത്തോടെ സമീപിക്കുവാനുള്ള പക്വത മാധ്യമപ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉണ്ടാവാന്‍ സാദ്ധ്യതയുണ്ട്.

ഇവിടെ ചര്‍ച്ച ചെയ്യപ്പെടേണ്ട മറ്റൊരു വിഷയമാണ് സ്വകാര്യത. സ്വകാര്യത പരസ്യമാക്കുവാനുള്ളതല്ല. ഒരു വിഷയം പരസ്യമാകുന്ന നിമിഷം മുതല്‍ അതിന്റെ സ്വകാര്യത നഷ്ടപ്പെടുന്നു. വ്യക്തിമഹത്വത്തിനു കൊടുക്കേണ്ട വിലയാണ് അവരുടെ സ്വകാര്യതയെ മാനിക്കുക എന്നുള്ളത്. ചില മാസികകളില്‍ സ്വകാര്യം എന്ന പേജു തന്നെയുണ്ട്. ചില ചാനലുകള്‍ ദമ്പതികളെ വേദിയില്‍ വരുത്തി ലൈവായി അവരുടെ സ്വകാര്യതകളെ ആഘോഷമാക്കുന്നതു കാണാം. അടുത്തയിടെ സിനിമാരംഗത്തെ പ്രശസ്തയായ അനന്യയെയും ആഞ്ജനേയനെയും ജോണ്‍ ബ്രിട്ടാസ് ചോദ്യം ചെയ്യുന്നതു കണ്ടു. ജോണ്‍ ബ്രിട്ടാസിനെപ്പോലെയുള്ള ഒരു ധിഷണാശാലിക്ക് യോജിച്ച വേഷമല്ലായിരുന്നു അത്. വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള ഒരു കടന്നുകയറ്റമായി അതിനെ ദര്‍ശിക്കേണ്ടി വരും. ഇവിടെ വെറും പൈങ്കിളി നിലവാരത്തിലേക്ക് എത്തിനില്‍ക്കുകയാണ് മാധ്യമ സംസ്‌കാരം. താരസുന്ദരി കാവ്യമാധവന്റെ കവിതാരചനയെപ്പറ്റിയുള്ള മാധ്യമ വിശേഷങ്ങള്‍ വായിച്ചപ്പോള്‍ മലയാള കവിതാ സാഹിത്യശാഖയ്ക്ക് ഒ.എന്‍.വി. കുറുപ്പും അക്കിത്തവും സുഗതകുമാരിയും വിഷ്ണുനാരായണന്‍ നമ്പൂതിരിയും മധുസൂദനന്‍ നായരും ഒക്കെ ചെയ്ത സംഭാവനകള്‍ വളരെ ശുഷ്‌കമാണെന്ന് തോന്നി. വിശേഷണങ്ങളും അതിവിശേഷണങ്ങളുംകൊണ്ട് ആകെ വികൃതമാണിന്ന് മാധ്യമസംസ്‌കാരം. വാര്‍ത്തകളാല്‍ വാഴ്ത്തപ്പെടുന്നവരേക്കാള്‍ വീഴ്ത്തപ്പെടുന്നവരാണധികവും. പ്രതിബദ്ധതയും പക്ഷപാതവും വാര്‍ത്തകളുടെ പ്രകാശനത്തില്‍ നമുക്ക് കാണുവാന്‍ സാധിക്കുന്നു. ഇവിടെ വാര്‍ത്താവ്യവസായം ശൈലീബദ്ധതയേക്കാള്‍, സത്യസന്ധതയേക്കാള്‍, ഉല്‍പാദനക്ഷമതയ്ക്ക് വിലകല്‍പ്പിക്കുന്നു. കൂടുതല്‍ വാര്‍ത്ത, കൂടുതല്‍ സമയം എന്ന നിലയിലായി. 2009 നു ശേഷം വന്ന കടുത്ത വരള്‍ച്ചയെ ‘എല്‍നിനോ’ പ്രതിഭാസം എന്ന് കാലാവസ്ഥാ നിരീക്ഷണവിഭാഗം വിലയിരുത്തിയപ്പോള്‍, കള്ളകര്‍ക്കിടകമാസത്തില്‍പോലും ദാഹനീരിനായി ജനം വലഞ്ഞപ്പോള്‍, രോഗങ്ങള്‍ പടര്‍ന്നു പിടിച്ചപ്പോള്‍, അതൊന്നുമല്ലായിരുന്നു ഇവിടെ വിഷയം. ഭരിച്ചവനും ഭരിക്കുന്നവരും തമ്മിലുള്ള പോരാട്ടങ്ങളും അവരുടെ സ്വകാര്യതകളും കൊലപാതകങ്ങളും വീമ്പു പറച്ചിലുകളും ഹര്‍ത്താലുമെല്ലാം ആഘോഷമാക്കുകയായിരുന്നു ഇവിടുത്തെ മാധ്യമങ്ങള്‍. നമ്മള്‍ ദിവസവും കേള്‍ക്കുന്നത് ഓരോ വിഭാഗങ്ങളുടെ പക്ഷത്തുനിന്നുള്ള പരദൂഷണങ്ങളാണ്. ചാനലുകളും പത്രങ്ങളും മാസികകളുമൊക്കെ മാറിമാറി വീക്ഷിക്കുന്നവരുടെ മാനസികനില ആകെ തകരാറിലാകുമെന്നതിന് യാതൊരു സംശയവും വേണ്ട.