മാധ്യമ പ്രവര്‍ത്തകരായാല്‍ മുന്നില്‍ ഇരിക്കുന്നവരെ കടിച്ചു കീറി കൊന്നു തിന്നണം.!

313

Newsreaders-season-two

“മുന്നില്‍ ഇരിക്കുന്നവരെ കടിച്ചു കീറി കൊന്നു തിന്നണം” അതാണ്‌ ഇപ്പോള്‍ മാധ്യമ ലോകം അടക്കി ഭരിക്കാന്‍ ആഗ്രഹിക്കുന്ന ഓരോ മാധ്യമപ്രവര്‍ത്തകന്‍റെയും ലക്ഷ്യം.! മുന്നില്‍ ഇരിക്കുന്ന അഥിതി പറയുന്നത് എന്തുമാകട്ടെ, അതു കളവാണ് എന്ന് തെളിയിക്കാന്‍ അവര്‍ പല്ലും നഖവും ഉപയോഗിച്ച് പോരാടും. മാധ്യമപ്രവര്‍ത്തകന് വേണ്ടത് ചൂടനായ ഒരു ലോക്കല്‍ എസ്ഐയുടെ മുഖമാണ് എന്നാണ് ഇപ്പോഴത്തെ ചില ന്യൂജനറേഷന്‍ വാര്‍ത്ത വായനക്കാരുടെ അടക്കം വിചാരം.!

ഒരു വിഷയത്തില്‍ ഉണ്ടായ മുഴുവന്‍ ജനരോക്ഷവും തന്നിലേക്ക് ആവാഹിച്, അതില്‍ നിന്നും ആവേശം ഉള്‍കൊണ്ടാണ് ഇവരുടെ പോരാട്ടം, അല്ല ചര്‍ച്ചകള്‍. എന്നും രാത്രി 8 മണിക്ക് ശേഷം വിവധ ചാനലുകളുടെ സ്റ്റുഡിയോകളില്‍ കയറി ഇരുന്നു ഇങ്ങനെ പോരാടാന്‍ അവര്‍ക്ക് പുതിയ പുതിയ വിഷയങ്ങള്‍ ലഭിക്കുകയും ചെയ്യും.

അഥിതിയെ വെല്ലുന്ന ശബ്ദത്തില്‍ സംസാരിക്കുക, അവര്‍ പറയുന്ന കാര്യങ്ങളെ എതിര്‍ക്കുക, അവസാനം അവര്‍ പറഞ്ഞു വരുന്നത് ശരിയാകും എന്ന് തോന്നല്‍ വരുമ്പോള്‍ “താങ്കളിലേക്ക് ഉടന്‍ തിരിച്ചു വരാം” എന്ന് പറഞ്ഞു അടുത്ത അഥിതിയെ തേടി പോവുക. ഇതാണ് ഇപ്പോള്‍ കണ്ടു വരുന്ന പ്രധാന രീതി.

ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വന്തമായി ഒരു അഭിപ്രായം കാണില്ല. ഒരേ ചര്‍ച്ചയില്‍ രണ്ട് പക്ഷത്ത് നിന്ന് അവര്‍ സംസാരിച്ചു കളയും. അവസാനം ഈ ചര്‍ച്ചകള്‍ കണ്ടു അത്താഴം കഴിക്കുന്ന നമ്മള്‍ വണ്ടര്‍ അടിച്ചു കിടക്കയിലേക്ക് പോകേണ്ട സ്ഥിതിയില്‍ ചര്‍ച്ചകള്‍ അവസാനിക്കുകയും ചെയ്യും.

പറഞ്ഞു വന്നത് മാധ്യമ പ്രവര്‍ത്തകരുടെ ഉശിരിനെ പറ്റിയാണല്ലോ, പക്ഷെ ഇവര്‍ വേണ്ടതിനും വേണ്ടാതതിനും ഒക്കെ ഉശിര് കാണിക്കും. ക്രൂരയായ അമ്മായിഅമ്മയുടെ മുന്നില്‍ വന്നുപെട്ട ഒരു മരുമകളുടെ അവസ്ഥയാണ് ഇവരുടെ മുന്നില്‍ വന്നുപെടുന്ന അഥിതികള്‍ അനുഭവിക്കേണ്ടി വരുന്നത്. പറയാന്‍ വേണ്ടി വരുന്നത് ഒന്നും ഇവര്‍ പറയാനും അനുവദിക്കില്ല, പറയാത്ത പലതും തങ്ങള്‍ പറഞ്ഞുവെന്ന് ഇവര്‍ വരുത്തി തീര്‍ക്കുകയും ചെയ്യും.

ഇനി ഇവരുടെ ജനരോക്ഷം, എന്നും രാത്രി സ്റ്റുഡിയോയുടെ ശീതികരിച്ച മുറിയില്‍ ഇരുന്നു ചര്‍ച്ച ചെയ്യുന്ന ഇവര്‍ ഏതെങ്കിലും പൊതുജന പ്രശ്നത്തില്‍ ഇടപ്പെടുന്നുണ്ടോ ? ഇങ്ങനെയാണ് അവരുടെ ഇടപ്പെടലുകള്‍ എങ്കില്‍ ആ വാര്‍ത്ത എന്ത് കൊണ്ട് ഒരു രാത്രി അല്ലെങ്കില്‍ രണ്ട് രാത്രി കൊണ്ട് അവസാനിക്കുന്നു, പിന്നെ അവര്‍ അതിനെ പറ്റി സംസാരിക്കാത്തത് എന്താണ് ? ഇവര്‍ക്ക് വേണ്ടത് ഹോട്ട്, ബ്രേക്കിംഗ് ന്യൂസ്‌ മാത്രമാണ്, അതിന്റെ കാലാവധി 1-2 ദിവസം മാത്രവും..അപ്പോള്‍ പിന്നെ ഇവര്‍ ഈ കടിച്ചുകീറുന്നത് എന്തിനാണ് ? വെറുതെ കണ്ടിരിക്കുന്ന നമ്മളെ അവരും പ്രതികരിക്കുന്നുവെന്ന് കാണിക്കാന്‍ വേണ്ടി മാത്രം, പിന്നെ ഇവര്‍ക്ക് വേണ്ടി ഒരു വാക്ക്, “നിലപാടുകള്‍ ഇടപ്പെടലുകളിലൂടെയാണ്” അല്ലാതെ എന്നും രാത്രി കുറെ ചര്‍ച്ച ചെയ്ത് ഒരു ഉത്തരവും കിട്ടാതെ അവസാനിക്കുമ്പോള്‍ അല്ല.!

അടികുറിപ്പ് : “സമയകുറവ് കൊണ്ട് ഈ ചര്‍ച്ച ഇവിടെ അവസാനിപ്പിക്കുന്നു. നന്ദി” എന്ന് പറഞ്ഞാണ് ദേശിയ മാധ്യമങ്ങള്‍ വരെ ചര്‍ച്ചകള്‍ അവസാനിപ്പിക്കുന്നത്. ഈ ചര്‍ച്ചയില്‍ നിന്നും എന്താണ് മനസിലായത്, മാധ്യമത്തിന്റെ അല്ലെങ്കില്‍ ആ മാധ്യമ പ്രവര്‍ത്തകന്റെ വിഷയത്തിലെ നിലപ്പാട് എന്താണ് എന്ന് ഒന്നും ഒരു ചര്‍ച്ചയിലും ആരും പറയാറില്ല.”

തല്‍ക്കാലം വിട, അടുത്ത ചാനല്‍ ചര്‍ച്ചയ്ക്ക് സമയമായി…