മാനുഷരെല്ലാരും ഒന്ന് പോലെ
അറുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കേരളത്തിലെ കോട്ടയം ജില്ലയില്‍ പെട്ട ഒരു ഉള്‍നാടന്‍ ഗ്രാമം.ഇന്നത്തെ സാഹചര്യങ്ങളുമായി തട്ടിച്ചു നോക്കിയാല്‍ അപരിഷ്കൃതം എന്ന് ഒറ്റവാക്കില്‍ അക്കാലത്തെ വിശേഷിപ്പിക്കാം.ആളുകളുടെ പേരില്‍ പോലുമുണ്ട് പഴമയുടെ വിക്രിയകള്‍.
73 total views

അറുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കേരളത്തിലെ കോട്ടയം ജില്ലയില്‍ പെട്ട ഒരു ഉള്‍നാടന്‍ ഗ്രാമം.ഇന്നത്തെ സാഹചര്യങ്ങളുമായി തട്ടിച്ചു നോക്കിയാല്‍ അപരിഷ്കൃതം എന്ന് ഒറ്റവാക്കില്‍ അക്കാലത്തെ വിശേഷിപ്പിക്കാം.ആളുകളുടെ പേരില്‍ പോലുമുണ്ട് പഴമയുടെ വിക്രിയകള്‍.
ഒരിക്കല്‍ ആ ഗ്രാമത്തിലെ ഒരു പള്ളിയില്‍ ഒരു തിരുമേനി വന്ന് താമസമാക്കി.(മലങ്കര സുറിയാനി ക്രിസ്ത്യാനികള്‍ തങ്ങളുടെ ബിഷപ്പിനെ വിളിക്കുന്ന ബഹുമാന സൂചകമായ പദമാണ് തിരുമേനി എന്നത്). തിരുമേനിമാരൊക്കെ നാട്ടിന്‍പുറങ്ങളില്‍ വന്ന് താമസമാക്കുക എന്നത് അത്യപൂര്‍വമായതിനാല്‍ പ്രസ്തുത സംഭവം ആ കൊച്ചു രാജ്യത്ത് ഒരു വലിയ വാര്‍ത്തയായി.
അങ്ങനെയാണ് നമ്മുടെ കഥാനായകന്മാര്‍ക്കും തിരുമേനിയെ കാണണം സംസാരിക്കണം എന്നൊക്കെ ആഗ്രഹമുണ്ടായത്.
ഇനി കഥാനായകന്മാരെ പരിചയപ്പെടാം. എട്ടും, ഒന്‍പതും, പത്തും വയസു വീതം പ്രായമുള്ള മൂന്ന് ആണ്‍കുട്ടികളാണ് നമ്മുടെ ഈ കഥയിലെ നായകന്മാര്.അന്ത്രു, പാപ്പച്ചി, കൊച്ചിക്ക എന്നിങ്ങനെ ആയിരുന്നു അവരുടെ പേരുകള്‍.
കൂട്ടത്തില്‍ മുതിര്‍ന്നവനായ അന്ത്രു കാര്യങ്ങളെ തന്റേതായ യുക്തിയില്‍ വിശകലനം ചെയ്ത് അഭിപ്രായം പറയുന്നവനായിരുന്നു. രണ്ടാമനായ പാപ്പച്ചിയില്‍ നിന്നാണ് സംശയങ്ങളും കാര്യപരിപാടികളും രൂപപ്പെട്ടിരുന്നത്.കണ്ണടച്ച് എന്തിനെയും എതിര്ക്കുന്നവനായിരുന്നു ഇളയവനായ കൊച്ചിക്ക.
ഒരു തിരുമേനി നാട്ടില്‍ വന്നിട്ട് കാണാന്‍ പോയില്ലെങ്കില്‍ മോശമല്ലേ? എന്ന പാപ്പച്ചിയുടെ സംശയത്തിലൂന്നിയുള്ള കാര്യപരിപാടിയെ കൊച്ചിക്ക കാര്യമായി എതിര്‍ത്തില്ല.കണ്ടാല്‍ മാത്രം പോര പരിചയപ്പെട്ട് സംസാരിക്കണം എന്നായിരുന്നു അന്ത്രുവിന്റെ അഭിപ്രായം.ഏതായാലും തിരുമേനിയെ കാണാന്‍ പോകണമെന്ന് അവര്‍ തീരുമാനിച്ചു.
ഒരു ദിവസം ഉച്ച കഴിഞ്ഞ് മൂവരും കൂടി തിരുമേനിയെ കാണാന്‍ പുറപ്പെട്ടു. തന്നെ കാണാനും സംസാരിക്കാനും വന്ന കൊച്ചു കുട്ടികളെ തിരുമേനിക്ക് ഇഷ്ടമായി.സംസാര മദ്ധ്യേ അദ്ദേഹം കുട്ടികളോട് ചോദിച്ചു.
“നിങ്ങളില്‍ ആര്‍ക്കാണ് അച്ചനാകാന്‍ (വൈദികനാകാന്‍) ഇഷ്ടം?”
യാതൊരു താല്പര്യവും ഇല്ലാത്തതിനാല്‍ മൂന്നു പേരും ഒന്നും മിണ്ടിയില്ല. തിരുമേനി ചോദ്യം വീണ്ടും ആവര്‍ത്തിച്ചു. മറുപടി പറഞ്ഞില്ലെങ്കില്‍ മോശമാകുമല്ലോ എന്ന് കരുതി പാപ്പച്ചി കൊച്ചിക്കയെ ചൂണ്ടിപ്പറഞ്ഞു,”ഇവന് അച്ചനാകാന്‍ ആഗ്രഹമുണ്ട്”.
ഞെട്ടിപ്പോയ കൊച്ചിക്കയുടെ മറുപടിയും പെട്ടന്നായിരുന്നു.”ഇല്ല എനിക്കാഗ്രഹമില്ല, എനിക്ക് കല്യാണം കഴിക്കണം”.
ഇത് കേട്ട് തിരുമേനിയും ചിരിച്ചുപോയി. ചിരി അടക്കിക്കൊണ്ട് അദ്ദേഹം ചോദിച്ചു. “എന്തിനാടാ കല്യാണം കഴിക്കുന്നത്”?
കൊച്ചിക്ക മടി കൂടാതെ പറഞ്ഞു, “കൊച്ചുങ്ങളുണ്ടാകാനാണ് കല്യാണം കഴിക്കുന്നത്”.
ഇപ്പോള്‍ ഞെട്ടിയത് തിരുമേനിയാണ്.തുടര്‍ന്ന് അദ്ദേഹം സംസാരം അധികം ദീര്‍ഘിപ്പിച്ചില്ല.തന്റെ കനത്ത ലോഹക്കുരിശ് കുട്ടികളുടെ തലയില്‍ വെച്ച് പ്രാര്‍ത്ഥിച്ചതിനു ശേഷം അദ്ദേഹം അവരെ യാത്രയാക്കി.
കുരിശു കൊണ്ട് വേദനിച്ചത് കൊണ്ടോ എന്തോ, തലയും തിരുമ്മിയാണ് കൊച്ചിക്ക നടന്നത്.
അപ്പോഴാണ് പാപ്പച്ചിയുടെ ശ്രദ്ധയില്‍ പുതിയ ഒരു കാഴ്ച വന്നു പെട്ടത്.പള്ളിപ്പറമ്പിലെ ഒരു കോണില്‍ ഓല മറച്ചു കെട്ടിയിരിക്കുന്നു.സംശയം ബാക്കി നിര്‍ത്താതെ പാപ്പച്ചി ചോദിച്ചു.
“എന്താ അത്?”
“ഏത്?” അന്ത്രു തിരക്കി.
ചൂണ്ടിക്കാണിച്ചുകൊണ്ട് പാപ്പച്ചി ശ്രദ്ധ ക്ഷണിച്ചു. “കണ്ടില്ലേ ഓല കൊണ്ട് മറച്ചു കെട്ടിയത്.”
“ഓ അതോ, അതാണ് മറപ്പുര”.അന്ത്രു പറഞ്ഞു.
“മറപ്പുരയോ? എന്ന് വെച്ചാല്‍ എന്താ?” പാപ്പച്ചിയുടെ സംശയം തീര്‍ന്നില്ല.
“അത് തിരുമേനിക്ക് വെളിക്കിറങ്ങാന്‍ വേണ്ടി ഉണ്ടാക്കിയതാണ്.”അന്ത്രു തന്റെ അറിവ് മറച്ചു വെച്ചില്ല.
_ പണ്ടൊന്നും ഇന്നത്തെ പോലെ കക്കൂസുകള്‍ ഉണ്ടായിരുന്നില്ല.വിജനമായ പറമ്പുകള്‍ കുറ്റിക്കാടുകള്‍ തൊണ്ടുകള്‍ പാറയിടുക്കുകള്‍ തുടങ്ങിയവ ആയിരുന്നു അന്ന് ഗ്രാമങ്ങളിലെ കക്കൂസുകള്‍.., പ്രകൃതിയുടെ വിളിക്ക് ഉത്തരം നല്കുവാന് വെളിമ്പ്രദേശങ്ങള്‍ തിരഞ്ഞെടുത്തതില്‍ നിന്നാണ് ആ പ്രക്രിയക്ക് വെളിക്കിരിക്കുക എന്ന ഒരു പര്യായപദം പോലുമുണ്ടായത്. മറപ്പുര എന്നത് വിശിഷ്ട അതിഥികള്‍ക്ക് തയ്യാര്‍ ചെയ്തു കൊടുക്കുന്ന ഒരു സംവിധാനം ആയിരുന്നു.ഒരു കുഴിയും അതിനു മുകളില്‍ കുന്തിച്ചിരിക്കാന്‍ പാകത്തിന് രണ്ട് തടിക്കഷണങ്ങളും, ചുറ്റും ഓല കൊണ്ടുള്ള മറയും കൂടിയായാല്‍ മറപ്പുരയായി.
“തിരുമേനിക്ക് വെളിക്കിറങ്ങാനോ? അതിനു അവരൊക്കെ അങ്ങനെ ചെയ്യുമോ?” സംശയം പാപ്പച്ചിയുടെതാണ്.
“പിന്നേ,തിരുമേനിമാരും വെളിക്കിറങ്ങാറുണ്ട്”.അന്ത്രു മറുപടി പറഞ്ഞു.
അത് കേട്ട് കുരിശു കൊണ്ടേറ്റ മുട്ടിന്റെ വേദനയെ അവഗണിച്ചു കൊണ്ട് കൊച്ചിക്ക പറഞ്ഞു, “ഒന്ന് പോടാ വിവരക്കേട് പറയാതെ.തിരുമേനിമാര് നമ്മളെപ്പോലെയൊന്നും അല്ല.അവര്‍ക്ക് വയറ്റില്‍ നിന്ന് പോകാന്‍ ഒന്നുമില്ല. കാരണം അവര്‍ നമ്മളെപ്പോലെ കപ്പയും കഞ്ഞിയും ഒന്നും കഴിക്കാറില്ല. അവര്‍ സാധാരണ കഴിക്കുന്ന പഴങ്ങള്‍, പാല്, പഴച്ചാറുകള്‍ തുടങ്ങിയതെല്ലാം ദഹിച്ചു ശരീരത്തില്‍ ചേരുന്നതിനാല്‍ അവര്‍ക്ക് പുറത്തേക്ക് പോകാന്‍ ഒന്നുമില്ല. മാത്രമല്ല ആത്മീയര്‍ക്ക് അങ്ങനെയുള്ളതൊന്നും ഇല്ല.” ഇത്രയും പറഞ്ഞതിന് ശേഷം ഒരു ദീര്‍ഘശ്വാസം വിട്ടുകൊണ്ട് കൊച്ചിക്ക ചോദ്യഭാവത്തില്‍ അന്ത്രുവിനെ നോക്കി.
കൊച്ചിക്കയുടെ വിശദീകരണത്തില്‍ ഒന്ന് പതറി എങ്കിലും യുക്തി കൈവിടാതെ അന്ത്രു പറഞ്ഞു.”പാല് മാത്രം കുടിക്കുന്ന കൊച്ചു പിള്ളേരുടെയും വയറ്റില്‍ നിന്ന് പോകാറുണ്ടല്ലോ? അതുകൊണ്ട് കൊച്ചിക്ക പറഞ്ഞത് മുഴുവന്‍ ശരിയല്ല. തിരുമേനിമാര് സ്വാമിമാര്‍ തുടങ്ങിയ ദൈവമനുഷ്യരും വെളിക്കിറങ്ങാറുണ്ട്.പക്ഷെ സാധാരണക്കാരെ പോലെയല്ല. അവരുടേത് ഒരു പ്രത്യേക തരമാണ്.അതിനു നാറ്റമില്ല, അതുണ്ടന്നുപോലും അറിയില്ല…”
“ഇനി സ്വര്‍ണമോ മറ്റോ ആയിരിക്കുമോ?” സംശയം പാപ്പച്ചിയുടെതാണ്.
ഈ ഭേദഗതികളെല്ലാം കൊച്ചിക്ക പുശ്ചിച്ചു തള്ളി.
തര്‍ക്കം അതിരൂക്ഷമായി. അവസാനം സംഘട്ടനം ഉണ്ടാകുമെന്ന അവസ്ഥയെത്തിയപ്പോള്‍ പാപ്പച്ചി പറഞ്ഞു. “എന്തിനാ തര്‍ക്കിച്ചു നേരം കളയുന്നത്. നമ്മുക്ക് പോയി നോക്കാം.”
അങ്ങനെ മൂന്നു പേരും കൂടി ആത്മീയ വിസര്‍ജ്യം പരിശോധിക്കുവാന്‍ മരപ്പുരയിലേക്ക് നീങ്ങി.
ഒന്നും കാണില്ല എന്ന വിശ്വാസത്തില്‍ കൊച്ചിക്ക മുന്പില് നടന്നു.
മറപ്പുരയിലേക്ക് കയറിയതും ഓക്കാനിച്ചു കൊണ്ട് മൂന്നു പേരും കൂടി പുറത്തേക്ക് ചാടി. അവര്‍ ആകുന്നത്ര വേഗത്തില്‍ ഓടി.
ഓട്ടത്തിനിടയില്‍ അന്ത്രു വിളിച്ചു പറഞ്ഞു,”അതിനു വല്യ പ്രത്യേകത ഒന്നും ഇല്ലടാ”…
“ഒന്ന് പോടാ, അത് നമ്മുടേതിനെക്കാള്‍ ഭയങ്കരമാണ്”…കൊച്ചിക്ക വീണ്ടും എതിര്‍ക്കുവാന്‍ ആരംഭിച്ചിരുന്നു.
74 total views, 1 views today
