മാരക്കാനയിലെ സ്മാരകശിലകള്‍…

0
400

_67260430_52034670(1)

ഫുട്‌ബോള്‍…അതൊരു വേറിട്ട അനുഭവമാണ്. ഒരു പക്ഷെ മറ്റൊരു ഗെയിമിനും പകര്‍ന്നു തരാന്‍ കഴിയാത്ത ആവേശം . ലോകത്തിന്റെ ഏതോ ഒരു കോണില്‍ ഏതൊക്കെയോ രാജ്യങ്ങള്‍ കളിക്കുന്ന ഈ ഫുട്‌ബോള്‍ ലോകകപ്പ് ഇനിയൊരു ലോകകപ്പ് കളിക്കുക എന്നത് വിദൂര സ്വപ്നം മാത്രമായ നമ്മുടെ ഇന്ത്യയിലും, മലയാളികള്‍ക്കിടയില്‍ പൊതുവെയും സൃഷ്ടിക്കുന്ന ആവേശം വിവരിക്കുക എന്നത് അസാദ്ധ്യമാണ്. ഈ ഭ്രാന്തിനെ പരിഹസിക്കുന്നവരോട് ഒന്ന് മാത്രമേ പറയാനുള്ളൂ . ജീവിതത്തില്‍ ഒരിക്കലെങ്കിലും ഏതെങ്കിലുമൊരു പാടത്തോ പറമ്പിലോ ഒരു പന്തിനെ കാല്‍ കൊണ്ട് സ്പര്‍ശിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെങ്കില്‍ ,ഈ കളിയുടെ ആത്മാവറിയുന്ന ഒരു കാഴ്ചക്കാരന്‍ എങ്കിലുമാകാന്‍ നിങ്ങള്‍ക്ക് ആയിട്ടില്ലെങ്കില്‍, നിങ്ങള്‍ക്ക് ഈ ആവേശം തിരിച്ചറിയാന്‍ കഴിയാത്തതില്‍ അദ്ഭുതമില്ല.

ഈയൊരു പന്തിനോടൊപ്പം ലോകം വളരെ ചെറുതാവുന്ന കാഴ്ച കണ്ടിരിക്കുന്നത് തന്നെ ഒരനുഭൂതിയാണ്. ഫുട്‌ബോള്‍ ഒരുപാട് മാറിയിരിക്കുന്നു. പെലെയും മാരഡോണയും ,സിദാനുമൊക്കെ കാഴ്ച വച്ച സുന്ദരമായ ഗെയിം ഇന്നിപ്പോ കാണാന്‍ കിട്ടുന്നെയില്ല. സുന്ദരമായി കളിച്ചു കൊണ്ട് തോല്‍ക്കുന്നതില്‍ അര്‍ത്ഥമില്ല എന്ന് മനസ്സിലാക്കിയത് കൊണ്ടാകാം ടീമുകള്‍ ഇപ്പോള്‍ ജയിക്കാന്‍ വേണ്ടി മാത്രമാണ് ഫുട്‌ബോള്‍ കളിക്കുന്നത്. ഹോളണ്ട് ടോട്ടല്‍ ഫുട്‌ബോളും ബ്രസീലും അര്‍ജന്റീനയും ലാറ്റിനമേരിക്കന്‍ വശ്യതയും മാറ്റി വച്ച് പ്രതിരോധാത്മക ഫുട്‌ബോളിലേക്ക് മാറുകയാണ്. സ്‌പെയിന്റെ മനോഹരമായ ടിക്കിടാക്ക ദയനീയമായി തകര്‍ന്നടിയുകയും ചെയ്തു. ഈ ലോകകപ്പില്‍ സുന്ദരമായ മത്സരങ്ങള്‍ വളരെ കുറച്ചു മാത്രമായിരുന്നു. അതും ഗ്രൂപ്പ് മത്സരങ്ങളില്‍ മാത്രം . പോര്‍ച്ചുഗല്‍ഘാന ,ഫ്രാന്‍സ്‌സ്വിറ്റ്‌സര്‍ലന്‍ഡ് ,ഇംഗ്ലണ്ട്ഇറ്റലി,ഹോളണ്ട്ഓസ്‌ട്രേലിയ എന്നിങ്ങനെ ഒരു പിടി മത്സരങ്ങള്‍ നിലവാരം പുലര്‍ത്തി. പ്രീ ക്വാര്‍ട്ടര്‍ മുതലുള്ള മത്സരങ്ങളെല്ലാം വിരസമായ ഫുട്‌ബോളിന്റെ കെട്ടുകാഴ്ചകള്‍ മാത്രമായിരുന്നു. അതില്‍ ബെല്‍ജിയംയുഎസ്എ പ്രീ ക്വാര്‍ട്ടര്‍ ഈ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച മത്സരമായിരുന്നു.തിരമാലകള്‍ പോലെ ഇരു ടീമും ഇരമ്പിക്കയറി കളിച്ച ആ മത്സരം ആക്രമണ ഫുട്‌ബോളിനു അല്‍പം ജീവന്‍ കൂടെ ബാക്കിയുണ്ട് എന്ന് തോന്നിപ്പിച്ചു.ഒരു റെസ് ലിംഗ് മത്സരത്തിന്റെ നിലവാരത്തിലേക്ക് താഴ്ന്ന ബ്രസീല്‍കൊളംബിയ മത്സരം ഈ ടൂര്‍ണമെന്റിലെ ഏറ്റവും മോശം മത്സരമായിരുന്നു.

ജെയിംസ് റോഡ്രിഗസ് എന്ന കൊളംബിയക്കാരന്‍ ഈ ടൂര്‍ണമെന്റിലെ മറക്കാനാകാത്ത ഓര്‍മകളില്‍ ഒന്നായിരുന്നു.ഫുട്‌ബോള്‍ ജയിക്കാന്‍ വേണ്ടി മാത്രം കളിക്കുന്ന കളിയായി മാറിയ ഈ ലോകകപ്പില്‍ അയാളുടെ പ്രതിഭ പലവട്ടം പീലി വിടര്‍ത്തിയാടി .ഉറുഗ്വേക്കെതിരെ തന്റെ നേരെ ഉയര്‍ന്നു വന്ന പന്ത് നെഞ്ചില്‍ നിയന്ത്രിചെടുത്ത് നിമിഷനേരം കൊണ്ട് അയാള്‍ പായിച്ച ഇടം കാലന്‍ ഷോട്ട് വലയില്‍ വീണപ്പോള്‍ അതൊരു യുഗത്തിന്റെ തുടക്കമായി തോന്നി. ഒടുവില്‍ ക്വാര്‍ട്ടറില്‍ അയാള്‍ ഉയര്‍ത്തിയ വെല്ലുവിളി അതിജീവിക്കാന്‍ ബ്രസീലിനു കടുത്ത പരുക്കന്‍ കളി തന്നെ കളിക്കേണ്ടി വന്നു. അയാളുടെ കാലുകളില്‍ വിരിയാന്‍ വെമ്പി നിന്ന കവിതയെ ബ്രസീല്‍ പരുക്കന്‍ കളിയിലൂടെ കശക്കി കളഞ്ഞു. യാവിയര്‍ മഷരാനോ ഈ ലോകകപ്പില്‍ ഉടനീളം ശാന്തനായിരുന്നു. താന്‍ ചിന്തുന്ന വിയര്‍പ്പ് ആരും കാണില്ലെന്ന് അയാള്‍ക്കറിയാമായിരുന്നു എന്നിട്ടും അയാള്‍ അയാളുടെ ഫുട്‌ബോള്‍ ജീവിതത്തിലെ ഏറ്റവും മികച്ച കളി തന്നെ പുറത്തെടുത്തു. ഓരോ മത്സരത്തിനു ശേഷവും ക്യാമറ കണ്ണുകള്‍ ലയണല്‍ മെസ്സിയില്‍ സൂം ചെയ്യുമ്പോള്‍ മഷരാനോ മന്ദഹസിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. ആരും വലിയ സാദ്ധ്യതകള്‍ കല്പ്പിക്കാതിരുന്ന ഒരു ടീമിന് വേണ്ടി മഷരാനോ ഗ്രൌണ്ട് നിറഞ്ഞു കളിച്ചു. എറ്റവും നല്ല കളിക്കാരനുള്ള ബഹുമതി ലയണല്‍ മെസ്സി എറ്റു വാങ്ങുമ്പോള്‍ മഷരാനോയുടെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നിരുന്നു, ആത്മനിന്ദ വഴിഞ്ഞൊഴുകിയ ഒരു ചിരി. മെസ്സി തന്റെ മേല്‍ പതിഞ്ഞു കിടന്നിരുന്ന സ്വാര്‍ത്ഥതയുടെ കളങ്കങ്ങള്‍ കഴുകികളഞ്ഞ ലോകകപ്പായിരുന്നു അത്.

ഓരോ കളിയിലും അയാള്‍ തന്റെ പ്രതിഭയുടെ ധാരാളിത്തം പ്രകടമാക്കി. അര്‍ജന്റീനയുടെ മൂര്‍ച്ച നഷ്ടപ്പെട്ട മുന്നേറ്റ നിര ഗ്രൗണ്ടില്‍ ഉഴലുന്നത് കണ്ടപ്പോള്‍ ഒരു നിമിഷം കാര്‍ലോസ് ടെവസിനെ ഓര്‍ക്കാതിരുന്നവര്‍ കുറവായിരിക്കും. അവര്‍ക്ക് വേണ്ടതെല്ലാം അയാളുടെ കാലുകളില്‍ നിറഞ്ഞു കിടക്കുന്നുണ്ടായിരുന്നിട്ടും നിഷ്‌കരുണം അവര്‍ അയാളെ തഴഞ്ഞു. ഹോളണ്ട് ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തി. ഹോളണ്ടിന്റെ വീഴ്ച കളിയുടെ സൌന്ദര്യത്തെ ഉപാസിക്കുന്നവരെ നിരാശരാക്കി.. അവര്‍ കളിച്ചത് ഹൃദയം കൊണ്ടായിരുന്നു. അര്‍ജന്റീനക്കെതിരെ സെമിഫൈനല്‍ തോറ്റ ശേഷം വാന്‍പേഴ്‌സി നിശബ്ദനായിരുന്നു. അയാളുടെ കാലുകള്‍ക്ക് ഭാരം കൂടിയതു പോലെ തോന്നി. നിര്‍ണായകമായ ഒരു പെനാല്‍റ്റി പാഴാക്കിയ വെസ്ലി സ്‌നൈഡര്‍ കുറച്ചു നിമിഷം ഗ്രൌണ്ടില്‍ കാലുകള്‍ക്കിടയില്‍ മുഖം പൂഴ്ത്തി ഇരുന്നു . എഴുന്നേല്‍ക്കുമ്പോള്‍ അയാളുടെ കവിളുകളില്‍ കണ്ണുനീരിന്റെ ഉപ്പു രസം പടര്‍ന്നിരുന്നു. തനിക്കു ഇനിയും ഒരങ്കത്തിനു ബാല്യം ഇല്ലെന്ന തിരിച്ചറിവ് സ്‌നൈഡറെ തളര്‍ത്തിയോ? കണ്ണുനീര്‍ അയാളുടെ കാഴ്ച്ചയെ മറച്ച പൊലെ തോന്നി. ഇടറിയ കാല്‍ വയ്പുകളുമായി സ്‌നൈഡര്‍ പുറത്തേക്കു നടന്നു.

ക്ലാസ് യാന്‍ ഹണ്ട് ലര്‍ നിര്‍വികാരനായിരുന്നു. തന്റെ പ്രതിഭയെ പലപ്പോഴും പകരക്കാരന്റെ റോളില്‍ സൈഡ് ബഞ്ചില്‍ തളച്ചിട്ട കോച്ചിന്റെ പാളിയ തന്ത്രങ്ങള്‍ക്കെതിരെയുള്ള അമര്‍ഷം അയാളുടെ മുഖത്ത് നിഴലിച്ചിരുന്നുവോ? ആര്യന്‍ റോബന്‍ കരയാതിരിക്കാന്‍ പാടു പെട്ടു കൊണ്ട് വേഗത്തില്‍ നടന്നു പോയി. ഹോളണ്ടിന്റെ വിധി കാവ്യനീതിയായിരുന്നു . മെക്‌സിക്കന്‍ സ്വപ്നങ്ങളെ തന്റെ അഭിനയ പാടവം കൊണ്ട് ചവിട്ടി മെതിച്ച ആര്യന്‍ റോബന്‍ ഒരു പക്ഷെ അതര്‍ഹിച്ചിരുന്നു എന്ന് തോന്നിപ്പോയി. റാഫേല്‍ മാര്‍ക്കസിന്റെ കണ്ണുനീരിന്റെ വില റോബനു മനസിലായി കാണണം . അടുത്ത മത്സരത്തില്‍ അര്‍ജന്റീനക്കെതിരെ റോബന്‍ മാന്യതയുള്ള കളിയാണ് പുറത്തെടുത്തത്.
ആന്ദ്രെ പിര്‍ലോ , എങ്ങനെയാണയാളെ വിസ്മരിക്കുക ? ഇറ്റാലിയന്‍ മധ്യനിരയില്‍ മന്ദ താളത്തില്‍ അലസമായി ഒഴുകി നടന്ന ചെപ്പടി വിദ്യക്കാരന്‍. ഇതയാളുടെ അവസാനത്തെ ലോകകപ്പായിരുന്നു. പിര്‍ലോക്ക് ഇത്തവണ തന്റെ മാജിക് പുറത്തെടുക്കാനായില്ല. എങ്കിലും ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ അയാള്‍ പതിവുപോലെ മധ്യനിരയിലെ മാന്ത്രിക സാന്നിദ്ധ്യം തന്നെയായിരുന്നു. ഇംഗ്ലീഷ് മധ്യനിര കൊടുങ്കാറ്റിന്റെ വേഗത്തില്‍ ആഞ്ഞടിച്ചപ്പോഴും പിര്‍ലോ അദ്ഭുതകരമായി തന്നെ കളി നിയന്ത്രിച്ചു.സ്വപ്നത്തിലെന്നോണം അയാള്‍ ഒരിക്കല്‍ക്കൂടി നീലനിറമണിഞ്ഞ് പിഴക്കാത്ത പാസ്സുകളുടെ ഇന്ദ്രജാലം തീര്‍ത്തു. അവസാന ഗ്രൂപ്പ് മത്സരത്തില്‍ പക്ഷെ ഉറുഗ്വെയുടെ പ്രതിരോധനിര പിര്‍ലോയുടെ കളിയെ വരിഞ്ഞു മുറുക്കി കളഞ്ഞു. ആദ്യ റൌണ്ടില്‍ തന്നെ ഇറ്റലി പുറത്തായപ്പോഴും തല ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് തന്നെയാണ് അയാള്‍ പുറത്തേക്ക് നടന്നത്. രാജ്യത്തിനു വേണ്ടി കളിക്കുമ്പോള്‍ കളി മറക്കുന്നവര്‍ക്കിടയില്‍ എന്നും അയാള്‍ വ്യത്യസ്തനായിരുന്നു . അയാള്‍ക്കൊരിക്കലും നിരാശ തോന്നേണ്ട കാര്യവുമില്ല.മിഡ് ഫീല്‍ഡ് മാസ്‌ട്രോ എന്ന വിളിപ്പെരിനെ അന്വര്‍ഥമാക്കിയ കളിക്കാരന്‍.

സ്‌പെയിന്റെ വീഴ്ച ഞെട്ടിച്ചു കളഞ്ഞു . ലോക ഫുട്‌ബോളിന്റെ നെറുകയില്‍ നിന്നും പെട്ടെന്നവര്‍ നാണക്കേടിന്റെ അഗാധതയിലേക്ക് പതിച്ചു. മന്ദമായി ഒഴുകുന്ന ഒരു അരുവി പോലെ അവര്‍ ടിക്കി ടാക്ക എന്നു ഓമനപേരിട്ടു വിളിക്കുന്ന കേളീശൈലിയില്‍ കളിച്ചിരുന്ന കാലം ഇനി ഓര്‍മകളില്‍ മാത്രം നിറഞ്ഞു നില്‍ക്കും. ഈ ലോകകപ്പില്‍ അവര്‍ തങ്ങളുടെ സിദ്ധികളുടെ മേല്‍ നിയന്ത്രണം നഷ്ടപ്പെട്ടവരെ പോലെയാണ് കളിച്ചത്. ഹോളണ്ട് പട അവരുടെ കളിയെ കശക്കി കളഞ്ഞു. സാവിയും ഇനിയസ്റ്റയും മാന്ത്രിക വിദ്യകള്‍ കൈമോശം വന്ന മന്ത്രവാദികളെ പോലെ തോന്നിച്ചു. ഡീഗോ കോസ്റ്റ പന്ത് തൊടുമ്പോഴെല്ലാം ബ്രസീലിയന്‍ കാണികള്‍ കൂക്കുവിളികളോടെ അയാളുടെ അസ്തിത്വം അയാളെ ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു. സ്വന്തം രാജ്യത്തിനു മേലെ സ്‌പെയിനെ തിരഞ്ഞെടുത്ത നിമിഷത്തെ അയാള്‍ ശപിച്ചു കാണും. ചിലി സ്‌പെയിന്റെ മാറിലേക്ക് 2 ഇരുമ്പാണികള്‍ തറച്ചു കയറ്റുമ്പോള്‍ ഗ്രൗണ്ടില്‍ അയാളെ കണ്ടില്ല. സാവിയെ. നന്ദികേടിന്റെ ബാക്കിപത്രമായി സാവി ഹെര്‍ണാണ്ടസ് നിര്‍വികാരനായി സ്‌പെയിന്റെ ബഞ്ചില്‍ ഇരിക്കുന്നത് കണ്ടപ്പോള്‍ ഉള്ളൊന്നു കാളിപ്പോയി . ലോകചാമ്പ്യന്‍മാരുടെ പതനം പുറത്തിരുന്നു കാണാന്‍ ആയിരുന്നു സ്‌പെയിന്‍ കണ്ട എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളുടെ വിധി.

സ്‌പെയിന്റെ സമീപകാല സാബി അലോണ്‍സോയും സെര്‍ജിയോ ബസ്‌കറ്റസും ചിലിക്കെതിരെ ദയനീയ പ്രകടനം നടത്തുമ്പോള്‍ സാവി ഹെര്‍നാണ്ടസ് വികാരങ്ങള്‍ ഒളിപ്പിച്ചു വച്ച മുഖവുമായി ബെഞ്ചില്‍ ഇരിക്കുകയായിരുന്നു. അതൊരിക്കലും നീതിയായിരുന്നില്ല എന്നത് കൊണ്ട് തന്നെ സ്‌പെയിന്റെ യാത്രയും പുറത്തെക്കായിരുന്നു. സാവി ഹെര്‍ണാണ്ടസ് ഒരു പ്രതീകമാണ് ,കാലത്തിനെ ആര്‍ക്കും തടഞ്ഞു നിര്‍ത്താനാകില്ല എന്ന് നമ്മളെ ഓര്‍മിപ്പിക്കുന്ന പ്രതീകം.ഏതു പകലിനെയും കാത്ത് അസ്തമനം എന്നൊന്നുണ്ടെന്നു പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ മിന്നി നില്‍ക്കുന്ന ഏതൊരു കായികതാരത്തെയും ഓര്‍മിപ്പിക്കുന്നു സാവിയുടെ വിധി .നിസ്സംഗതയുടെ മൂടുപടം എടുത്തണിഞ്ഞു തന്റെ ഭാവങ്ങള്‍ അയാള്‍ മറച്ചെങ്കിലും മൈതാനത്തില്‍ നിന്നും ആ സൈഡ് ബഞ്ചിലേക്കുള്ള ദൂരം വളരെ കൂടുതലാണെന്ന് അയാള്‍ തിരിച്ചറിഞ്ഞു കാണും.ഇംഗ്‌ളണ്ട് കൂട്ടം തെറ്റിയ ഒരു കൂട്ടം നാവികരെ പോലെ തോന്നിച്ചു.അവര്‍ക്ക് ലക്ഷ്യബോധമില്ലായിരുന്നു. സ്റ്റീവന്‍ ജെറാര്‍ഡ് എന്ന അവരുടെ കപ്പിത്താന്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും അവരുടെ പെട്ടകം മുങ്ങിപോയി.അദ്ഭുതമെന്നോണം ഇത്തവണ ഇംഗ്ലണ്ട് നന്നായി കളിച്ചിരുന്നു.നിര്‍ണായകമായ ഒരു നിമിഷത്തില്‍ ജെറാര്‍ഡിന്റെ ടീമിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയും അയാളുടെ തല കൊണ്ട് തന്നെയാണ് തറക്കപ്പെട്ടത്.

വെയിന്‍ റൂണി പെട്ടെന്നു താന്‍ കളിക്കുന്നത് മാഞ്ചസ്റ്ററിലല്ല എന്നു തിരിച്ചറിഞ്ഞു.നാലു ഭാഗത്തും പകച്ചു നോക്കിയിട്ടും അയാള്‍ക്ക് നാനിയെയോ ഗിഗ്‌സിനെയോ കണ്ടെത്താനായില്ല.ലൂയി സുവാരസ് ,ഈ ലോകകപ്പിലെ മികച്ച സ്‌ട്രൈക്കര്‍മാരിലൊരാള്‍ ആകെണ്ടവന്‍. നിര്‍ഭാഗ്യവശാല്‍ ഈ ലോകകപ്പിന് മേലെ വീണ ഒരു കളങ്കമായി മാറികഴിഞ്ഞു അയാള്‍.ഇറ്റലിക്കെതിരെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഒരു നിമിഷം അയാള്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടപ്പോള്‍ അയാളുടെ പല്ലുകള്‍ ഇറ്റാലിയന്‍ ഡിഫന്‍ഡറുടെ ചുമലില്‍ ആഴ്ന്നിറങ്ങി.ഒരു റെസ് ലിംഗ് മത്സരത്തില്‍പോലും അപൂര്‍വമായ ഈ കാഴ്ച തന്നെയാണ് ഈ ലോകകപ്പില്‍ എല്ലാവരും മറക്കാന്‍ ശ്രമിക്കുന്ന കാഴ്ചയും..

സെമിയില്‍ ജര്‍മന്‍ ടാങ്കുകള്‍ ഇരച്ചു കയറിയത് ഒരു രാജ്യത്തിന്റെ പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും മീതെ കൂടെയായിരുന്നു.നായകനില്ലാതെ പൊരുതാന്‍ ഇറങ്ങിയ ബ്രസീലിന്റെ മാറ് പിളര്‍ന്നുകൊണ്ട് ജര്‍മന്‍ പോരാളികള്‍ 7 തീയുണ്ടകള്‍ വര്‍ഷിച്ചു.ടോണി ക്രൂസിന്റെ മൂന്നാം ഗോള്‍ വീണതോടെ ബ്രസീലിയന്‍ ആരാധകര്‍ അനിവാര്യമായ വിധി മുന്നില്‍ കണ്ടിരുന്നു.കൂട്ടം തെറ്റിയ ഒരു കൂട്ടം പടയാളികളെ പോലെ ബ്രസീല്‍ കളിക്കാര്‍ ഗ്രൗണ്ടില്‍ അലഞ്ഞു തിരിഞ്ഞു.അവരുടെ നട്ടെല്ലിനു പരുക്കേറ്റിരുന്നു. സാംബ താളത്തില്‍ മനോഹരമായി കളിച്ചു കൊണ്ട് അവര്‍ ജര്‍മനിയെ മറികടക്കുന്നത് കാണാന്‍ കാത്തിരുന്ന ലോകമെമ്പാടുമുള്ള ആരാധകര്‍ നിരാശരായിരുന്നു.ബ്രസീലിന്റെ കളിയില്‍ സാംബ താളം കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞില്ല.കളിയവസാനിക്കുമ്പോള്‍ ! മൈതാനം ബ്രസീലിനെ സ്‌നേഹിക്കുന്നവരുടെ കണ്ണുനീര്‍ കൊണ്ട് നനഞ്ഞിരുന്നു.ബെലെ ഹോറിസോണ്ടെയില്‍ അന്നൊരു ശപിക്കപ്പെട്ട ദിവസമായിരുന്നു.മാരക്കാനയില്‍ തങ്ങള്‍ ലോകകപ്പുയര്‍ത്തുന്നത് കാണാന്‍ കാത്തിരുന്ന ഒരു ജനതയുടെ മുന്നില്‍ ബ്രസീലിയന്‍ ഫുട്‌ബോള്‍ കശാപ്പ് ചെയ്യപ്പെട്ട ദിവസം.ഈ ലോകകപ്പില്‍ ബ്രസീലിനു വേണ്ടി കയ്യും മെയ്യും മറന്നു പൊരുതിയ ഡേവിഡ് ലൂയിസിന്റെ കണ്ണുനീര്‍ ഒരു നിമിഷത്തേക്ക് ബ്രസീലിന്റെ എതിരാളികളെ പോലും വികാരാധീനരാക്കിയിരിക്കും.ഈ തകര്‍ച്ച ബ്രസീലിനൊരിക്കലും മറക്കാനാകില്ല .രണ്ടാം പകുതിയില്‍ തങ്ങള്‍ മനപൂര്‍വം ബ്രസീലിന്റെ അപമാന ഭാരം കുറച്ചതാണെന്ന ഹമ്മല്‍സിന്റെ വാക്കുകള്‍ ബ്രസീലിന്റെ നെഞ്ചിലേറ്റ മുറിവിന്റെ ആഴം കൂട്ടി.

ഫൈനല്‍ ഒരു ആന്റി ക്ലൈമാക്‌സ് തന്നെയായിരുന്നു.ജര്‍മനി ഇറ്റലിയെ ആണോ നേരിടുന്നത് എന്ന ചോദ്യം മനസ്സില്‍ ഉയര്‍ന്നു വന്ന മത്സരം.അര്‍ജന്റീന തങ്ങളുടെ കളിയുടെ സൌന്ദര്യം ബലികഴിച്ചിരിക്കുന്നു.ജര്‍മന്‍ ആക്രമണങ്ങളെ പ്രതിരോധിക്കുക എന്നത് മാത്രം ലക്ഷ്യമിട്ടുള്ള ഗെയിം.ബ്രസീലിന്റെ അനുഭവം തന്നെയാകും തുറന്നു കളിക്കുന്നതില്‍ നിന്നും അവരെ തടഞ്ഞത്.ദൈവം കനിഞ്ഞു നല്‍കിയ 2 തുറന്ന അവസരങ്ങളില്‍ ഒന്ന് പുറത്തേക്ക് അടിച്ചു കളഞ്ഞ ഗോണ്‍സാലോ ഹിഗ്വെയിന്‍ ഈ ലോകകപ്പിലെ അര്‍ജന്റീനയുടെ ദുരന്തമാണ്.മറുഭാഗത്ത് മാരിയോ ഗോട്‌സെ തന്റെ അവസരവും കാത്ത് ബെഞ്ചില്‍ ഇരിക്കുകയായിരുന്നു. ഒരു നിയോഗം പോലെ കോച്ച് അയാളെ വിളിച്ചു.ജര്‍മന്‍ ഫുട്‌ബോള്‍ ചരിത്രത്തിലേക്കായിരുന്നു ആ വിളി. വിധിയെഴുതാനുള്ള ഭാഗ്യം ജര്‍മനിയുടെ ആ ചെറു ബാല്യക്കാരന്റെ കാലുകള്‍ക്കായിരുന്നു ,ഈ ലോകകപ്പിലെ ഏറ്റവും നിര്‍ണായക ഗോള്‍ അയാളുടെ കാലുകള്‍ക്ക് വേണ്ടി ദൈവം കരുതി വച്ചു.വിംഗില്‍ നിന്നും വന്ന ക്രോസ് മനോഹരമായി നെഞ്ചില്‍ നിയന്ത്രിച്ചെടുത്ത് ഇടം കാല്‍ കൊണ്ട് അയാള്‍ ചരിത്രത്തിലേക്ക് നിറയൊഴിച്ചു.ഒരു നിമിഷം കൊണ്ട് ബെര്‍ലിനില്‍ വസന്തം വിരുന്നിനെത്തിയപ്പോള്‍ അര്‍ജന്റീനിയന്‍ ആരാധകര്‍ നിരാശയുടെ അഗാധ ഗര്‍ത്തത്തിലേക്ക് പതിച്ചു.

ജര്‍മന്‍ ആരാധകര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങളുടെ ഒഴിഞ്ഞ ചഷകങ്ങള്‍ നിറച്ചപ്പോള്‍ മാരക്കാനയിലെ ചരിത്രമുറങ്ങുന്ന സ്റ്റേഡിയം അര്‍ജന്റീനിയന്‍ ആരാധകരുടെ കണ്ണുനീര്‍ കൊണ്ട് നിറഞ്ഞു. ജര്‍മനി ഒരര്‍ത്ഥത്തില്‍ അതര്‍ഹിച്ചിരുന്നു.ഈ ടൂര്‍ണമെന്റില്‍ അവര്‍ കാട്ടിയ ഒത്തിണക്കം മറ്റൊരു ടീമും കാട്ടിയിരുന്നില്ല.അവരുടെ പാസ്സിംഗ് മികവു മറ്റു ടീമുകളെ വിസ്മയിപ്പിച്ചു. ബയേണ്‍ മ്യുണിക്കില്‍ ഒരുമിച്ചു കളിക്കുന്ന 7 കളിക്കാരുടെ സാന്നിദ്ധ്യം തന്നെയാണ് അവരുടെ ഒത്തിണക്കത്തിന്റെ രഹസ്യം.മാരിയോ ഗോട്‌സെ ,അയാള്‍ ജര്‍മന്‍ ഫുട്‌ബോളിന്റെ ഭാവിയാണ്. ക്ലോസെ മങ്ങുമ്പോള്‍ ഗോട്‌സെ ഉദിച്ചുയരുന്ന കാഴ്ച ,അതൊന്നു വേറെ തന്നെയാണ്.ഇനി നാല് കൊല്ലത്തിനു ശേഷം റഷ്യയില്‍ അടുത്ത ലോകകപ്പ് വരെ ഇടവേളയാണ് .ഈ ലോകകപ്പ് കളിച്ചവരെ പലരെയും നമ്മള്‍ അവിടെ കണ്ടെന്നു വരില്ല.ആന്ദ്രെ പിര്‍ലോ,സാവി ,സ്റ്റീവന്‍ ജെറാര്‍ഡ് ,ഡേവിഡ് വിയ എന്നിങ്ങനെ ഇനിയൊരങ്കത്തിനു ബാല്യമില്ലാത്ത ഒട്ടേറെ പേര്‍..നമുക്കിനി പുതിയ താരങ്ങളുടെ ഉദയത്തിനായി കാത്തിരിക്കാം…