മാരത്തോണ്‍ – കഥ

126

1

തന്റെ സ്വപ്നമായിരുന്ന ടീച്ചര്‍ ജോലി കിട്ടി ആദ്യമായി ആ സ്‌കൂളില്‍ അനിത ചേര്‍ന്നത് അന്നായിരുന്നു. കുട്ടികളെ ഭാവിയിലെ പൗരന്മാരക്കുന്ന ഉത്തരവാദിത്വമുള്ള ആ ജോലി എന്നും അവളുടെ സ്വപ്നമായിരുന്നു.

ഇന്റര്‍വെല്‍ സമയത്ത് ഗ്രൗണ്ടില്‍ കളിച്ചു നടക്കുന്ന കുട്ടികളെ നോക്കി അവള്‍ നിന്നു .

‘ ആഹാ ! ടീച്ചര്‍ ഇതുവരെ സ്റ്റാഫ് റൂമിലേക്ക് പോയില്ലേ? , വരൂ ഞാന്‍ കാണിച്ചു തരാം ‘ പൊട്ടിയ സ്പീക്കറില്‍ നിന്നും വന്ന പോലുള്ള ആ ചിലമ്പിയ ശബ്ദം കേട്ട് ഞെട്ടി തിരിഞ്ഞു നോക്കിയപ്പോള്‍ പൊക്കം കുറഞ്ഞു കറുത്ത ഒരു സ്ത്രീ കയ്യില്‍ ഒരു രജിസ്റ്റരുമായി നില്‍ക്കുന്നു. ഇത്ര ആജ്ഞാ ശക്തിയോടെ സംസാരിക്കുന്ന ഇവര്‍ ആരായിരിക്കും? എന്തായാലും ബഹുമാനത്തോടെ അവരുടെ പിന്നാലെ നടന്നു. സ്റ്റാഫ് റൂം എന്നെഴുതിയ ഒരു ഹാളില്‍ ചെന്നപ്പോള്‍ അവിടെ ഒരു പോതുയോഗത്തുനു ഉള്ളത് പോലെ നിറയെ റ്റീച്ചര്മാരും മാഷുമാരും ഒരുങ്ങി ചമഞ്ഞു സൊറ പറഞ്ഞും ചായ കുടിച്ചും ഇരിക്കുന്നു.

ആ സ്ത്രീയെ കണ്ടയുടന്‍ കുറെ റ്റീച്ചര്മാര് അവരുടെ ചുറ്റും കൂടി ആ ബുക്ക് വാങ്ങി അതില്‍ ഒപ്പിടുന്നതും ചിരിക്കുന്നതും കുശലം പറയുന്നതും കണ്ടു.

കുറച്ചു സമയം ആരും അനിതയെ മൈന്‍ഡ് ചെയ്തു പോലുമില്ല . പിന്നീട് ഒരു സീനിയര്‍ ടീച്ചര്‍ വന്ന് പേരും മറ്റു വിവരങ്ങളും ചോദിച്ച ശേഷം ഇരിക്കാന്‍ ഒരിടം കാട്ടി തന്നു. ഒരു തൂണിന്റെ മറവിലാണ്, എന്നാലും ആശ്വാസം തോന്നി .ഒന്നിരിക്കമല്ലോ !.

അപ്പോള്‍ ബല്ല് അടിക്കുന്ന ശബ്ദം കേട്ടു . ചായ കുടിച്ചുകൊണ്ടിരുന്നവരില്‍ നിന്നും ഒരാള്‍ പെട്ടന്ന് പുറത്തേക്ക് ഓടുന്നത് കണ്ടു. തുടര്‍ന്ന് ഒരോത്തരായി എല്ലാവരും ഓടുകയാണ് . ഒടുവില്‍ അനിത തനിച്ച് ആയി ആ റൂമില്‍… .. അവള്‍ക്കു ആധിയായി , എന്തെങ്കിലും പ്രശ്‌നമുണ്ടോ ? ഒടുവില്‍ കയ്യില്‍ കിട്ടിയ ഒരു ബുക്കുമായി അവളും വരാന്തയിലേക്ക് ഓടിയിറങ്ങി .

‘ടീച്ചര്‍ എങ്ങോട്ടാ ഓടുന്നത് ‘?

ഞെട്ടി തിരിഞ്ഞു നോക്കിയപ്പോള്‍ ഹെഡ് മാസ്റ്റര്‍ .
‘ അത്, ഞാന്‍ എല്ലാവരും ഓടിയത് കണ്ടു ഓടിയതാണ് ‘
‘ടീച്ചര്‍ തല്ക്കാലം ആ സ്റ്റാഫ് റൂമില്‍ ഇരി ക്കൂ . ടീച്ച റുടെ വര്‍ക്ക് അലോട്ടുമെന്റ് അവിടെ കൊണ്ട് തരും ‘
അതും പറഞ്ഞു അദ്ദേഹം നടന്നു.
തിരികെ റൂമില്‍ എത്തിയപ്പോള്‍ ആ തടിച്ച സ്ത്രീ വീണ്ടും രാജിസ് റ്ററുമായി എത്തി. ‘ ടീച്ചറിനുള്ള റ്റൈം ടേബിള്‍ തയാറാവുന്നത്തെ യുള്ളു .അത് വരെ തല്‍ക്കാലം ഈ ക്ലാസ്സില്‍ പോയാല്‍ മതി’.

അപ്പോഴാണ് അവര്‍ ആ സ്‌കൂളിലെ പ്യുണ്‍ ആണെന്നും ഫ്രീ പീരീഡ് ഉള്ളവര്‍ ക്കുള്ള ക്ലാസ്സ് വര്‍ക്ക് അസൈന്‍ ചെയ്യാനാണ് മുന്പ് വന്നതെന്നും അനിത ചമ്മലോടെ മനസിലാക്കിയത്.

ബാല്ലടി ച്ചിട്ടും ക്ലാസില്‍ പോകാതിരിക്കുന്ന ടീച്ചേഴ്‌സിനെ തിരക്കി ഇറങ്ങിയ ഹെഡ് മാസ്റ്ററെ കണ്ടതായിരുന്നു ആ മാരത്തോണ്‍ ഓട്ടത്തിന്റെ രഹസ്യം എന്നവള്‍ ഒരു പുഞ്ചിരിയോടെ ഇന്നും ഓര്‍മ്മിക്കാറുണ്ട് .