മാര്‍ക്സ് അല്ല; മതമാണ് ശരി!
ഈ കഴിഞ്ഞ സി. പി. എം സംസ്ഥാന സമ്മേളനത്തിന്റെ മുഖ്യ ചര്‍ച്ചാ വിഷയമായിരുന്നു ‘മാര്‍ക്സാണ് ശരി’ എന്ന പ്രമേയം. 2007 ല്‍ അമേരിക്കയില്‍ തുടങ്ങി ഇന്നും ലോകമെങ്ങും കെടാതെ അലയടിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ ആദ്യ നാളുകള്‍ മുതല്‍ ‘മാര്‍ക്സിയന്‍ ഫാന്‍സ്’ ആഹ്ലാദത്തിമര്‍പ്പിലാണ്. മാര്‍ക്സിയന്‍ വാദങ്ങള്‍ ലോകം അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു എന്ന ‘ഉന്മാദാവസ്ഥയില്’ അഭിരമിക്കുകയാണവര്.
75 total views
ഈ കഴിഞ്ഞ സി. പി. എം സംസ്ഥാന സമ്മേളനത്തിന്റെ മുഖ്യ ചര്‍ച്ചാ വിഷയമായിരുന്നു ‘മാര്‍ക്സാണ് ശരി’ എന്ന പ്രമേയം. 2007 ല്‍ അമേരിക്കയില്‍ തുടങ്ങി ഇന്നും ലോകമെങ്ങും കെടാതെ അലയടിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ ആദ്യ നാളുകള്‍ മുതല്‍ ‘മാര്‍ക്സിയന്‍ ഫാന്‍സ്’ ആഹ്ലാദത്തിമര്‍പ്പിലാണ്. മാര്‍ക്സിയന്‍ വാദങ്ങള്‍ ലോകം അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു എന്ന ‘ഉന്മാദാവസ്ഥയില്’ അഭിരമിക്കുകയാണവര്.
സാമ്പത്തിക മാന്ദ്യത്തിലൂടെ മുതലാളിത്ത വ്യവസ്ഥയുടെ തകര്‍ച്ചയാണ് കാണിക്കുന്നതെന്നും മാര്‍ക്സിയന്‍ ചിന്താ രീതികളിലൂടെ മാത്രമേ ഇതിനൊരു മോചനം സാധ്യമാവുകയുള്ളൂ എന്നും പറഞ്ഞു വെക്കുന്നു അവര്‍. എന്തിനധികം മുതലാളിത്തത്തിന്റെ വത്തിക്കാനായ വാല്സ്ട്രീറ്റില് നിന്നും അതേ പേരില്‍ പുറത്തിറങ്ങുന്ന വാള്‍സ്ട്രീറ്റ് ജേണലില്‍ പോലും മാര്‍ക്സ് പറഞ്ഞതെല്ലാം ശരിയായിരുന്നു എന്ന് അഭിമുഖത്തിനിടെ അസന്നിഗ്ദമായി പ്രഖ്യാപിക്കുന്നത് മറ്റാരുമല്ല; അമേരിക്കയിലെ റിയല്‍ എസ്റ്റെറ്റ് കുമിള വൈകാതെ പൊട്ടിത്തകരുമെന്നു സാമ്പത്തിക മാന്ദ്യം ആരംഭിക്കുന്നതിനും കൃത്യം രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് മുന്നറിയിപ്പ് നല്കിയ സാമ്പത്തിക വിദഗ്ദന് ഡോ. നൂറിയേല്‍ റൂബിനി.
മുതലാളിത്ത ചേരിയിലെ ഇത്തരം ഒറ്റപ്പെട്ട ശബ്ദങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ മാര്‍ക്സിന്റെ ‘തിരിച്ചു വരവ്’ ആഘോഷിക്കുന്നവരില്‍ ഒരു നിരാശക്കൂട്ടത്തെ കണ്ടെത്താന്‍ കഴിയും. മാര്‍ക്സിസത്തിന്റെ നല്ല കാലത്ത് സോഷ്യലിസ്റ്റ് സ്വര്‍ഗം നിര്‍മിക്കാന്‍ കഴിയാതെ പോയവര്‍; ഒപ്പം മാര്‍ക്സിന്റെ പ്രവചനങ്ങളുടെ പുലര്ച്ചയായി പ്രഘോഷണം ചെയ്യപ്പെട്ടിരുന്ന സോഷ്യലിസ്റ്റ് റഷ്യയുടെ പതനം സൃഷ്ടിച്ച ആഘാതത്താല്‍ മനസ്സ് തകര്‍ന്നു പോയവര്‍. എന്നാല്‍ മാര്‍ക്സും എന്ഗല്സും ലെനിനും പഠിപ്പിച്ച രീതിയിലുള്ള ഒരു വിപ്ലവത്തിന് ഇന്നത്തെ ലോക ക്രമത്തില്‍ സ്കോപ്പില്ലെന്നു ഇക്കൂട്ടര്‍ പോലും സമ്മതിക്കുമെന്നതാണ് വാസ്തവം.
യഥാര്‍ത്ഥത്തില്‍ മാര്‍ക്സ് പറഞ്ഞതപ്പടി ശരിയായിരുന്നോ? എങ്കില്‍ എന്ത് കൊണ്ട് അത് നടപ്പിലാക്കാന്‍ ശ്രമിച്ച റഷ്യയില്‍ തന്നെ അത് ‘പണ്ടാരമടങ്ങുന്നതും’ കാണേണ്ടി വന്നു? ഈ ചോദ്യങ്ങള്‍ക്ക് പക്ഷെ ഇന്ന് മാര്‍ക്സാണ് ശരി എന്ന് പറയുന്നവരുടെ പക്കല്‍ ഉത്തരമില്ല. അവിടെയാണ് മാര്‍ക്സിയന്‍ തത്വവാദത്തിന്റെ ഇരുളടഞ്ഞ മൂലകളില്‍ തപ്പിത്തടയുന്നവരോട് ചില അപ്രിയ സത്യങ്ങള്‍ തുറന്നു പറയേണ്ടി വരുന്നത്. ബ്രിട്ടീഷ് ലൈബ്രറിയുടെ അസംഖ്യം പുസ്തകക്കൂട്ടങ്ങളുടെ ഇടയില്‍ നിന്നും മാര്‍ക്സ് ചിന്തിച്ചു കൂട്ടിയത് എക്കാലത്തെയും പീഡിത വിഭാഗങ്ങള്‍ക്ക് വേണ്ടിയാണെന്നത് നേര്. പക്ഷെ പട്ടിണിയും പീഡനങ്ങളുമില്ലാത്ത സമത്വ സുന്ദര ലോകമെന്ന സങ്കല്പം വെച്ച് പുലര്‍ത്തിയിരുന്ന ഒന്നാമത്തെ ആളൊന്നുമായിരുന്നില്ല മാര്‍ക്സ്.
കൃഷി ഭൂമിയില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട ഇംഗ്ലണ്ടിലെ കര്‍ഷകര്‍ ഒരു നേരത്തെ ആഹാരത്തിനു വേണ്ടി നട്ടം തിരിയുന്ന വേദനാജനകമായ അവസ്ഥയിലാണ് തോമസ് മൂര്‍ തന്റെ ‘ഉട്ടോപിയ’ എന്ന നോവലുമായി കടന്നു വരുന്നത്. സ്വകാര്യ മൂലധനം എന്ന ‘വിപത്ത്’ ഇല്ലാതെ എല്ലാവരും താന്താങ്ങളുടെ ജോലിയില്‍ ഭംഗിയായി നിര്‍വഹിച്ച് അനല്പമായ സന്തോഷത്തിലും ആഹ്ലാദത്തിലും ജീവിച്ചു വരുന്ന ജനങ്ങളെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ ഏതാണ്ടെല്ലാ ഭാഷകളിലും ജനസമൂഹങ്ങളിലും കാണാന്‍ കഴിയും. ‘മാവേലി നാടി’ന്റെ ഇംഗ്ലീഷ് വേര്‍ഷനുകളായ ഉട്ടോപ്പിയയും തോമസ്സോ കാംപെനല്ലയുടെ ‘ദി സിറ്റി ഓഫ് സണ്ണും’ ഉദാഹരണങ്ങള്‍ മാത്രം. അത്തരമൊരു ലോകത്തെ എങ്ങിനെ കെട്ടിപ്പടുക്കാം എന്ന ആത്മാര്‍ഥമായ ആഗ്രഹത്തിന്റെ പരിണതിയായിരുന്നു മാര്‍ക്സ് അടക്കമുള്ള സൈദ്ധാന്തികര്‍ മുന്നോട്ടു വെച്ച ആശയങ്ങള്‍.
ചരിത്രത്തിന്റെ ഇന്നലെകളില്‍ വാടിക്കൊഴിഞ്ഞു പോയ മാര്‍ക്സിസത്തെ ജീവലായനിയില് മുക്കി കൊണ്ടു വന്നാലൊന്നും ഇന്നത്തെ പ്രതിസന്ധികള്‍ക്ക് പരിഹാരമാവില്ലെന്ന് ബുദ്ധിയുള്ളവര്‍ സമ്മതിക്കുന്നു. മാര്‍ക്സിയന്‍ സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാനമായി വര്‍ത്തിക്കുന്നത് വൈരുധ്യവാദവും അതിലൂന്നിയുള്ള അതിന്റെ ചരിത്ര വ്യാഖ്യാനവുമാണ്. അത് തന്നെയാണ് അതിന്റെ പോരായ്മയും. ബിഗ് ബാങ്ങിന് തൊട്ടടുത്ത നിമിഷങ്ങളില്‍ നില നിന്നിരുന്നതായി കരുതപ്പെടുന്ന ഹിഗ്സ് ബോസ്സോണുകളെയും സൂപ്പര്‍ സിമ്മട്രിക്ക് പ്രകൃതിയിലെ സൂപ്പര്‍ പാര്‍ട്ണര്‍സിനെ വൈരുധ്യങ്ങളെയല്ല!) യും കണ്ടെത്തുവാന്‍ മാനവകുലം കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും വലിയ പരീക്ഷണം (Large Hadron Collider) നടത്തിക്കൊണ്ടിരിക്കുന്ന ആധുനിക കാലഘട്ടത്തില്‍ വൈരുദ്ധ്യങ്ങളുടെ സംഘട്ടനങ്ങളില്‍ നിന്നാണ് യഥാര്‍ത്ഥ ലോകത്തിന്റെ തന്നെ നിലനില്‍പ്പ് എന്ന് സിദ്ധാന്തവുമോതി വിമോചനം സ്വപ്നം കാണുന്നവര്‍ ‘എക്സ്പയറി ഡേറ്റ്’ എന്താണെന്നറിഞ്ഞു കൂടാത്ത പാവങ്ങളാണെന്നു മാത്രമേ പറയാനൊക്കൂ.
പ്രാകൃത കമ്യൂണിസം > അടിമത്തം > ഫ്യൂഡലിസം > മുതലാളിത്തം > സോഷ്യലിസം > കമ്മ്യൂണിസം എന്ന (സുന്ദരമായ നടക്കാത്ത) സ്വപ്നവും പേറി ചരിത്രത്തെ നിര്‍വചിച്ചതാണ് മാര്‍ക്സിനു സംഭവിച്ച ഒന്നാമത്തെ പിഴവ്. മനുഷ്യനെ കേവലം ഭൌതിക സാഹചര്യങ്ങള്‍ക്കനുസരിച്ച് പെരുമാറുന്ന ‘ഒരു ജന്തു’ വായിക്കണ്ടത് അദ്ദേഹത്തിന്റെ പിഴവുകളുടെ പൂര്‍ത്തീകരണം. മനുഷ്യന്റെ ഉള്ളിലെ ‘മനുഷ്യനെ’ കാണാന്‍ കഴിയാത്ത (ആത്മാവിനെ അംഗീകരിക്കാത്ത) ഒരു പ്രത്യയ ശാസ്ത്രത്തിനും നിലനില്പ്പില്ലെന്നു കമ്മ്യൂണിസത്തിന്റെ പതനം ലോകത്തോട് വിളിച്ചു പറഞ്ഞു.
മാര്‍ക്സിസ്റ്റ് വിശകലന പ്രകാരമുള്ള സോഷ്യലിസത്തില്‍ എത്തിച്ചേര്‍ന്ന രാഷ്ട്രങ്ങളായിരുന്നു റഷ്യയും ചൈനയും. സമ്പൂര്‍ണ കമ്മ്യൂണിസത്തിലേക്ക് നടന്നടുക്കുന്നതിനു പകരം ഗ്ലാസ്നോസ്ടും പെരിസ്ട്രോയിക്കയും കൊണ്ടു ‘വിമോചനം’ പൂര്‍ത്തിയാക്കിയ വൈരുദ്ധ്യത്തെ ഏതു സിദ്ധാന്തങ്ങള്‍ കൊണ്ടു മറച്ചു പിടിക്കാന്‍ കഴിയും? ലോകത്തെ ഒന്നാം നമ്പര്‍ ‘മുതലാളിത്ത രാജ്യ’മാവാന്‍ നെട്ടോട്ടമോടുന്ന ചൈന, പക്ഷെ ആ കുതിപ്പിനിടയില്‍ കുരുതി കൊടുക്കുന്നത് പാവം തൊഴിലാളികളെ തന്നെയാണെന്നത് മറന്നു കൂടാ! ലോകത്തേറ്റവും കൂടുതല്‍ തൊഴിലാളികളും അധസ്ഥിതരും നിരാലംബരുമായ ആളുകള്‍ കൊന്നൊടുക്കപ്പെട്ടിട്ടുള്ളത് ഇതേ പ്രത്യയ ശാസ്ത്രത്തിന്റെ പ്രയോക്താക്കളില്‍ നിന്നാണെന്ന വസ്തുത കൂടി പരിഗണിക്കുമ്പോള്‍ വിമോചനം എന്നത് ഈ ലോകത്ത് നിന്ന് തന്നെ പറഞ്ഞയക്കലാണെന്നു തോന്നിപ്പോകുന്നവരെ കുറ്റം പറയാനൊക്കില്ല.
മനുഷ്യ നിര്‍മിത നിയമങ്ങള്ക്കൊന്നിനും മനുഷ്യ സ്വഭാവത്തെ ആത്യന്തികമായി നിയന്ത്രിക്കാനോ വിശദീകരിക്കാനോ കഴിയില്ലെന്നിരിക്കെ ദൈവിക മാര്ഗദര്ശനങ്ങളിലേക്കുള്ള മടക്കമല്ലാതെ മറ്റു മാര്‍ഗങ്ങളില്ല. ശേഷിയില്ലാത്തവന്റെ ‘ശേഷിപ്പ്’ എന്ന് വിശദീകരിക്കപ്പെട്ട പ്രത്യയ ശാസ്ത്രങ്ങള്‍ ചരിത്രത്തിന്റെ ചവറ്റു കൊട്ടയില്‍ അന്ത്യ നിദ്ര പുല്കാന് ഇമവെട്ടി നില്‍ക്കുകയാണ്. അതിനെ പൊടി തട്ടിയെടുത്ത് ‘ശരിയാണ്..ശരിയാണ്’ എന്ന് പതിനായിരം വട്ടം വിളിച്ചു പറയുന്നത് കൊണ്ട് ‘സ്വയം വിഡ്ഢിപ്പട്ടം’ ചാര്ത്തിതരിക എന്നതില്ക്കൂടുതലൊന്നും ചരിത്രത്തിനു നിങ്ങള്‍ക്ക് നല്കാനുണ്ടാവില്ല. നഷ്ടപ്പെടാനുള്ള ചങ്ങലകള്‍ കൂടി പാര്‍ടിയുടെ അധീനതയിലായിരിക്കെ വിശേഷിച്ചും. ‘മുതലാളി’യും ‘തൊഴിലാളി’യും പരാജയപ്പെട്ടിടത്ത് മതത്തിന് ചിലത് പറയുവാനുണ്ട്. ഉട്ടോപ്പിയന്‍ സിദ്ധാന്തങ്ങളല്ല; പ്രയോഗിച്ചു തെളിയിച്ചു കഴിഞ്ഞ സത്യങ്ങള്‍. അതാണ് ശരി! ആത്യന്തികമായ ശരി!
ലാസ്റ്റ് ബോള്‍: റഷ്യയില്‍ പുടിന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
-വൈരുദ്ധ്യാത്മക ആവര്‍ത്തന വാദം!
76 total views, 1 views today
