മാറാലകള്‍

0
1197

dffffffffffdfddf

“ആരും‌ല്ല്യേ ബ്‌ടെ?”

പുറത്താരുടേയോ ശബ്ദം കേട്ടാണ് പാറുക്കുട്ട്യമ്മ വാതില്‍ തുറന്നത്. പഴയ വാതിലാകയാല്‍ തുറക്കാനിത്തിരി പാടുപെട്ടു. പുറത്ത് ഇരുട്ടിലേക്കു നോക്കി, വിളിച്ച ആളെ തിരിച്ചറിയാനാവാതെ പാറുക്കുട്ട്യമ്മ നിന്നു.

“ആരാണാവോ ഈ അസമയത്ത്”?

“ഇതെന്താ പാറുക്കുട്ട്യേ, എന്റെ ശബ്ദം കൂടി മറന്നോ നീയ്യ്?”

“അയ്യോ, അച്ഛാ…മറന്നതല്ല, പെട്ടെന്ന് കേട്ടപ്പോ ഒരു സംഭ്രമം“ ശബ്ദം പാറുക്കുട്ടിയമ്മയുടെ തൊണ്ടയില്‍ത്തന്നെ ഉരുണ്ടു കളിച്ചു.

“അച്ഛനെന്താ അവിടെത്തന്നെ നിന്നു കളഞ്ഞത്? കയറി വാ”

“ഇവിടെത്തന്നെ നില്‍ക്കണതാ മോളേ സൌകര്യം“.

മുറ്റത്തു നിന്നും കുളിര്‍മ്മയാര്‍ന്നൊരു കാറ്റ് മെല്ലെ പാറുക്കുട്ടിയമ്മയെ തഴുകി, നെറുകയില്‍ ഉമ്മ വച്ചു. സ്നേഹത്തിന്റെ പറഞ്ഞറിയിക്കാനാവാത്ത ഒരു പരിമളം അവിടെ പരക്കുന്നത് അവരറിഞ്ഞു. അതിലേക്ക് സ്വയം മറന്ന് ലയിക്കുമ്പോഴേക്കും അച്ഛന്റെ ശബ്ദം ഒരു സ്വപ്നത്തിലെന്ന വണ്ണം കേട്ടു.

“കുട്ടിക്കാലത്ത്, ഒറങ്ങണേനു മുന്ന്, നീയെന്റെ മുത്തം പിടിച്ചു മേടിക്കാറുണ്ടായിരുന്നത് ഓര്‍മ്മെണ്ടോ?”

“പിന്നില്ല്യാതിരിക്ക്വോ അച്ഛാ? കണ്ണടയ്ക്കാന്‍ പറഞ്ഞിട്ട് ഞാനച്ഛന്റെ ചെവി രണ്ടും പിടിക്കുമായിരുന്നതു കൂടി ഓര്‍മ്മെണ്ട് ”

“വിടു കുട്ടീ, എനിക്ക് വേദനിക്കിണുണ്ട്ട്ടോ”

അച്ഛന്റെ ശബ്ദം ഇപ്പോഴും പഴയതു പോലെത്തന്നെ. പാവാടയുടുത്ത കൊച്ചു കുട്ടിയായി പാറുക്കുട്ടി വാതില്‍ക്കല്‍ത്തന്നെ നിന്നു. അവളുടെ വിടര്‍ന്ന കുസൃതിക്കണ്ണുകളില്‍ അച്ഛന്‍ നിറഞ്ഞു നിന്നു.

“നിന്റെ മക്കളാരെങ്കിലുമൊക്കെ വരാറായോ”? വീണ്ടും അച്ഛന്റെ ചോദ്യം. പാറുക്കുട്ടി പൊടുന്നനെ വൃദ്ധയായ പാറുക്കുട്ട്യമ്മയായി.

“ധര്‍മ്മന്‍ ഇന്നലെ ദുബായീന്ന് വിളിച്ചിരുന്നു. അധികം സംസാരിച്ചില്ല. അവനു ചോദിക്കാനൊന്നും ഇല്ലാത്തതു പോലെ. എന്റെ ഉള്ളില്‍ക്കിടന്നു വിങ്ങുന്നതൊക്കെ അവനോട് ഫോണിലൂടെ പറയാനാവ്വോ? വരുന്ന കാര്യം ഒന്നും പറഞ്ഞില്ല. ഇളയവന്‍ അങ്ങ് അമേരിക്കയിലല്ലെ. അശ്വതി ഭര്‍ത്താവുമൊന്നിച്ച് ആസ്ട്രേലിയായിലും. രണ്ടു പേരും വിളി കൊറവാ”. പറഞ്ഞു കഴിഞ്ഞപ്പോഴേക്കും രണ്ടു നീര്‍ത്തുള്ളികള്‍ അവരുടെ കണ്ണുവെട്ടിച്ച് താഴെ വീണു.

“നിനക്ക് ഓരോരുത്തരുടെ കൂടെ മാറി മാറി നിന്നു കൂടെ? ഇവിടെ എന്തിനാ ഈ വലിയ വീട്ടില്‍ ഒറ്റയ്ക്ക്. പേടി കൂടാതെ ഒറങ്ങാന്‍ പറ്റാത്തെ കാലമല്ലേ?”

“അത് ശരിയാവില്ലച്ഛാ. എല്ലായിടത്തും പോയി, ആ പൂതീം തീര്‍ന്നു. ഇനി എങ്ങടും ഇല്ല. മ്മടെ വീട് തന്ന്യാ നല്ലത്. പിന്നെ മൂപ്പരും ഈ പുരയിടത്തില്‍ത്തന്നെയല്ലേ അച്ഛാ. അതോണ്ട് പേടി ഒട്ടും ഇല്ല. കണ്ണെടുക്കാതെ എന്നെ നോക്കി നിക്കണ്‌ണ്ടാവും ഏതു സമയത്തും”

അവരറിയാതെ അവരുടെ തൊണ്ടയിടറി. കണ്ണുകള്‍ വീടിന്റെ ഇടതു വശത്തേക്ക് പാഞ്ഞു. ഏതോ ഒരോര്‍മ്മ ഓടി വന്നതും അവരുടെ വരണ്ട മിഴികളെ നനച്ചു തിരിച്ചു പോയതും അവരറിഞ്ഞിരിക്കാനിടയില്ല.

“നീയിനി പോയിക്കിടന്നോ. രാത്രി വെറുതേ തണുപ്പടിക്കണ്ടാ. അസുഖമായാല്‍ ആരും നോക്കാനില്ലാത്തതാ. വാതിലടച്ചോളൂ, എനിക്കു പോകാനായി”

ഇരുളിലൂടെ ശബ്ദത്തിന്റെ കാല്പാടുകള്‍ അകന്നകന്നു പോകുമ്പോള്‍ പാറുക്കുട്ട്യമ്മ കയ്യിലിരുന്ന അച്ഛന്റെ പഴയ ഫോട്ടോയില്‍ മുഖം ചേര്‍ത്തു. പിന്നെ കട്ടിലിന്റെ തല ഭാഗത്ത് സ്റ്റൂളില്‍ ഭംഗിയായി നിരത്തി വച്ച, ജീവിച്ചിരിക്കുന്നവരുടേയും, മരിച്ചുപോയവരുടേയും ഫോട്ടോകള്‍ക്കിടയില്‍ ഒത്ത നടുവിലായി അതിനെ വീണ്ടും നിഷ്ടയോടെ പ്രതിഷ്ഠിച്ചു. കട്ടിലില്‍ നീണ്ടു നിവര്‍ന്ന് കിടക്കുമ്പോഴേയ്ക്കും അവരുടെ ഉള്ളില്‍ പതിയിരുന്ന ഒരു നെടുവീര്‍പ്പ് തളര്‍ന്ന കയ്യുയര്‍ത്തി ബെഡ് ലാമ്പിന്റെ വെളിച്ചം കുറച്ചു. നാമജപങ്ങള്‍ ചുണ്ടുകള്‍ക്കുള്ളിലേക്കു വലിഞ്ഞു. കണ്ണുകള്‍ സാക്ഷയടച്ചു.

ഗഹനമായൊരു ശൂന്യത പുതപ്പു പോലെ അവരെ മൂടി. പതുക്കെപ്പതുക്കെ അതാ വീടിനേയും, പറമ്പിനേയും, പിന്നെ അവിടെ തങ്ങി നിന്നിരുന്ന ശബ്ദത്തിന്റെ മാറാലകളേയും, സമയത്തിന്റെ മിടിപ്പുകളെയും വിഴുങ്ങി.