Featured
മാറുന്ന വേഷം.. മറക്കുന്ന ഭാഷ
വേഷം കൊണ്ടും ഭാഷ കൊണ്ടും ആളുകളെ തിരിച്ചറിഞ്ഞതൊക്കെ പഴയ കഥ. കാലത്തിനൊപ്പം മാഞ്ഞുപോകുന്ന വയനാടന്‍ കാഴ്ചയില്‍ ഇവയൊക്കെയും ഗൃഹാതുരമായ ഓര്മയാകാം. ആശയവിനിമയത്തിന് സ്വന്തമായൊരു ഭാഷ… തിരിച്ചറിയാന്‍ മറ്റാര്‍ക്കുമില്ലാത്ത വസ്ത്രധാരണരീതി. നൂറ്റാണ്ടുകളായി ശീലിച്ച ഈ വൈവിധ്യങ്ങള്‍ ഗോത്രകുലങ്ങള്ക്കിടയില് നിന്നുപോലും മാറുകയാണ്. ആധുനികതയുടെ പരിവേഷത്തില്‍ ഏറ്റവും പുതിയ ഫാഷന്‍ അനുകരിക്കാന്‍ വയനാടന്‍ ജനതയും പിന്നിലല്ല. കൈത്തറിമുണ്ടും സെറ്റ് സാരിയും വിശേഷദിവസങ്ങളില്പ്പോലും അപൂര്‍വമായി മാത്രം. ചുരിദാറും ലാച്ചയും ഷെര്‍വാണിയും പിന്നെ ടൈറ്റ് ജീന്‍സും ആകര്‍ഷണീയമായ വേഷമായി പുതിയ തലമുറകള്‍ സ്വീകരിക്കുന്നു.
252 total views

നൂറ്റാണ്ടുകളുടെ ചരിത്രത്തിലേക്കാണ് വയനാട്ടിലെ ആദിവാസികളുടെ വസ്ത്രധാരണരീതി വിരല്‍ചൂണ്ടുന്നത്. മുക്കുപണ്ടങ്ങളും കല്ലുമാലകളും ഇരുകൈയില്‍ നിറയെ ഇരുമ്പുവളകളും വലിയ കാതില്‍ മഞ്ചാടിക്കമ്മലും. ഇതിലൊതുങ്ങുന്നതാണ് ആദിവാസികളുടെ ആഭരണപ്പൊലിമ. മുട്ടോളമെത്തുന്ന മുണ്ടും ചുവന്ന അരപ്പട്ടയും ഒരു തോളിലേക്ക് ചെരിച്ചുകെട്ടിയ മേല്‍മുണ്ടും പണിയകുലത്തിലെ സ്ത്രീകളുടെ തലമുറകളായി കണ്ടുപതിഞ്ഞ വേഷമാണിത്. കേരളത്തിലെ പാരമ്പര്യവേഷ വൈജാത്യങ്ങള്‍ക്കിടയില്‍ ഇവയൊക്കെയും ഒരു കാലത്ത് വേറിട്ടുനിന്നു. ആരും പഠിപ്പിക്കാത്ത സ്വയം ശീലിച്ചെടുത്ത ഈ വേഷസംവിധാനങ്ങള്, പുതിയ തലമുറ മുഖം തിരിച്ചതോടെ ഗോത്രഭൂമിയില്‍ നിന്ന് അന്യമാവുകയാണ്.
പാരമ്പര്യത്തനിമ നിലനിര്‍ത്തുന്നതിന് കുലത്തിന് സ്വന്തമായൊരു വസ്ത്രധാരണരീതി അത്യാവശ്യമാണെന്ന് ഗോത്രകുലങ്ങള്‍ വിശ്വസിച്ചിരുന്നു. ഇവ കൃത്യമായി പാലിക്കാന്‍ ആദിവാസികള്‍ നിര്‍ബന്ധിതരായിരുന്നു. തനത് സാംസ്കാരികമുദ്രകളെന്ന നിലയില്‍ ഇവയൊക്കെയും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. മുടി വളര്‍ത്തി കുടുമ കെട്ടി മുട്ടോളം മുണ്ടുടുക്കുന്നതാണ് കുറിച്യ കാരണവരുടെ വേഷം. നീല മേല്‍മുണ്ടും കാതില്‍ തോടയും കുറിച്യ സ്ത്രീകളുടെ മാത്രം അലിഖിത വേഷവിധാനമാണ്. അടിയ, കുറുമ, കാട്ടുനായ്ക്കര്‍ എന്നിവര്‍ക്കിടയിലും തനതു വേഷ പാരമ്പര്യമുണ്ടായിരുന്നു.
നാലു ദശകങ്ങള്‍ക്ക് മുമ്പ് കുടിയേറ്റ കാലത്ത് ചട്ടയും മുണ്ടും ധരിച്ച് കാതില്‍ വളയക്കമ്മലുമായി ചുരം കയറിയെത്തിയ കൃസ്ത്യാനി സ്ത്രീകള്‍ വയനാടിന് ഒരു പുതിയ കാഴ്ചയായിരുന്നു. കേവലം മൂന്ന് ദശകങ്ങള്‍ പിന്നിട്ടപ്പോഴേക്കും ഗോത്രഭൂമിയില്‍ വിരുന്നെത്തിയ ഈ വേഷങ്ങള്‍ കണ്ണില്‍നിന്നും മാഞ്ഞുതുടങ്ങി. തിരുവതാംകൂറിന്റെ പാരമ്പര്യം അവശേഷിപ്പിച്ചുകൊണ്ട് വിരളമായി മാത്രമാണ് ഇവിടെ ചട്ടയും മുണ്ടും ധരിച്ച കൃസ്ത്യന്‍ സ്ത്രീകളെ കാണാന്‍ കഴിയുക.
നാനാതരം വേഷവൈവിധ്യങ്ങള്ക്ക് പുറമെ ഭാഷാഭേദങ്ങളും വയനാടിന് സ്വന്തമായുണ്ടായിരുന്നു. ലിപിയില്ലാത്ത അഞ്ചോളം ഭാഷകള്‍ വിവിധ ഗോത്രവിഭാഗങ്ങളില്‍ നിലവിലുണ്ടായിരുന്നു. തെലുങ്കിനോടും കന്നടയോടും സാമ്യമുള്ള കാട്ടുനായ്ക്കരുടെ ഭാഷ ആശയവിനിമയത്തില്‍ മറ്റുള്ളവര്‍ക്ക് തിരിച്ചറിയാന്‍ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ചടുലവേഗതയില്‍ ഇവര്‍ തമ്മിലുള്ള സംസാരം ഏവരെയും അമ്പരപ്പിക്കും. വാമൊഴിയായി ശീലിച്ചെടുത്ത ഈ ഭാഷ മൃതഭാഷയുടെ ഗണത്തില്‍ ആദ്യം സ്ഥാനം പിടിച്ചു.
പുലയ, കുറിച്യ, അടിയ വിഭാഗത്തിലും വ്യത്യസ്തമായ ഭാഷാഭേദമുണ്ട്. നീട്ടിയും കുറുക്കിയുമുള്ള പരമ്പരാഗത ഭാഷാപ്രയോഗത്തില്‍നിന്ന് ഇവരും ഏറെ അകന്നുകഴിഞ്ഞു. സ്വന്തം വീടുകളില്‍പ്പോലും ഗോത്രഭാഷ സംസാരിക്കാന്‍ പുതിയ തലമുറക്ക് ഇപ്പോള്‍ താത്പര്യമില്ല. അന്യമായി കൊണ്ടിരിക്കുന്ന ഗോത്ര സംസ്കൃതിയില്‍ കാലങ്ങളോളം കണ്ടതെല്ലാം പഴയ കാഴ്ച. ആധുനികതയുടെ പരിവേഷത്തിനു മുന്നില്‍ ഇവയെല്ലാം വഴിമാറുമ്പോള്‍ കൊരമ്പക്കുട ചൂടിയ ആദിവാസി സ്ത്രീയും അവരുടെ സംസ്കാരവും വരുംകാലത്തിന്റെ ഓര്മചിത്രമാകും.
253 total views, 1 views today