മാലാഖമാര്‍ കൈവെടിഞ്ഞ താഴ്‌വാര

0
500

_58955657_fabfive_getty

എത്ര തിരഞ്ഞിട്ടും എനിക്കാ കാഴ്ചകള്‍ കാണാന്‍ കഴിയുന്നില്ലെങ്കില്‍ അതെന്‍റെ മാത്രം കുഴപ്പമാകാം. കുലീനതയും സൌന്ദര്യവും നഷ്ടപ്പെടുത്തിയ കെട്ടുകാഴ്ച്ചകളില്‍ നിന്നും മാറി സഞ്ചരിക്കാന്‍ കഴിയാത്തതില്‍ ഞാന്‍ പഴിക്കുന്നത് കാലത്തിനോടൊപ്പം മാറാന്‍ ഇഷ്ടപ്പെടാത്ത ഒരു മനസ്സിനെ അടക്കി വച്ച് കൊണ്ട് പുറത്തു കാപട്യത്തോടെ പെരുമാറുന്ന എന്നെത്തന്നെയാണ്. ആത്മാവ് നഷ്ടപ്പെടുത്തിയ ഈ ഗെയിമില്‍ ഞാനിനിയും തിരയുന്നത് കൈത്തിരി വെട്ടങ്ങളെ തന്നെയാണ്. ക്രിക്കറ്റ് എനിക്കൊരു കാലത്ത് സമ്മാനിച്ച അനുഭൂതികള്‍ ഇന്നിനി തിരയുന്നതില്‍ അര്‍ത്ഥമില്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ സുന്ദരമായ സ്ട്രെയിറ്റ് ഡ്രൈവിനെ ഞാന്‍ അന്വോഷിച്ചിറങ്ങുകയാണ്.

ക്രിക്കറ്റ് മൈതാനങ്ങളില്‍ നിന്നും അപ്രത്യക്ഷമായി കഴിഞ്ഞു മനസ്സിനെ ആഴത്തില്‍ സ്പര്‍ശിച്ച ഒരു കൂട്ടം ക്രിക്കറ്റര്‍മാര്‍. ക്രിക്കറ്റ് ഇവിടെയുണ്ട് ,മാറ്റങ്ങള്‍ക്ക് വിധേയമായി കൊണ്ട് ..പഴയ കളിക്കാരുടെ വിടവാങ്ങല്‍ കൊണ്ട് ക്രിക്കറ്റ് ഇല്ലാതായി എന്ന് ഒരിക്കലും തോന്നിയിട്ടില്ല. രാജ്യത്തിന്‍റെ അതിര്‍വരമ്പുകള്‍ മനസ്സുകളില്‍ ഉണ്ടായിട്ടു പോലും ചിലരെ സ്നേഹിച്ചു പോയത് അതിനപ്പുറത്തെക്ക് അവര്‍ തങ്ങളുടെ ഗെയിമിനെ വളര്‍ത്തിയത് കൊണ്ട് തന്നെയാണ്. ടെണ്ടുല്‍ക്കര്‍ എന്ന പേരുച്ചരിക്കുന്ന ബഹുമാനത്തോടെ വസിം അക്രം എന്നോ ഷെയിന്‍ വോണ്‍ എന്നോ ഉച്ചരിക്കുന്ന ഒരു തലമുറയും ഇവരോടൊപ്പം തന്നെ ഗാലറികളിലും ടെലിവിഷന്‍ സെറ്റുകളുടെ മുന്നിലും വളര്‍ന്നു വന്നിരുന്നു. അവരില്‍ ചിലരെ ഇവിടെ കണ്ടത് കൊണ്ട് മാത്രം ഇതെഴുതുന്നു.

ആരാധന അതിര്‍ത്തികള്‍ കടക്കുമ്പോള്‍ തന്നെയാണ് ഇതിഹാസങ്ങള്‍ ജനിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്നേ മൊഹാലിയില്‍ കടുത്ത പുറം വേദന കൊണ്ട് കഷ്ടപ്പെടുമ്പോഴും ചോരയുടെ ഗന്ധം ശ്വസിച്ചു വേട്ടക്കിറങ്ങിയ ഒരു കൂട്ടം ഓസ്ട്രേലിയന്‍ ബൌളര്‍മാര്‍ക്ക് നിറയെ സുഷിരങ്ങള്‍ വീണ ഒരു മതിലിനു ഇപ്പുറം നിന്നു കൊണ്ട് വിജയം നിഷേധിച്ച വി.വി .എസ് ലക്ഷ്മണ്‍ എന്ന പ്രതിഭാശാലിയെ കണ്ടിരിക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന പാക്കിസ്ഥാനി ആരാധകന്‍ ചോദിച്ചത് ഓര്‍മയുണ്ട് ഇപ്പോഴും. മിച്ചല്‍ ജോണ്‍സന്റെ ത്രോട്ട് ലെവലില്‍ ഉയര്‍ന്നു വരുന്ന ഷോര്‍ട്ട് പിച്ച് പന്തിനെ (പുള്‍ ഷോട്ടിനെ പ്രതിരോധിക്കാന്‍ പോണ്ടിംഗ് നിര്‍ത്തിയ ഡീപ് മിഡ് വിക്കറ്റിനെയും ഡീപ് സ്ക്വയര്‍ ലെഗിനെയും കാഴ്ചക്കാരാക്കി നിര്‍ത്തി കൊണ്ട് ) റിസ്റ്റ് റോള്‍ ചെയ്തു കൊണ്ടൊരു മനോഹരമായ പുള്‍ ഷോട്ടിലൂടെ അതിര്‍ത്തി കടത്തുന്ന കാഴ്ച അദ്ഭുതത്തോടെ കണ്ടിരിക്കുമ്പോള്‍ ആ സുഹ്ര്യത്തിന്‍റെ ചോദ്യം കടന്നു വന്നു. എങ്ങനെയാണ് ഈ മനുഷ്യനെ നിങ്ങള്‍ക്ക് മാറ്റി നിര്‍ത്താന്‍ കഴിയുന്നത് എന്ന ചോദ്യത്തിന് മറുപടി എന്‍റെ പക്കല്‍ ഉണ്ടായിരുന്നില്ല.

ആ കൈത്തണ്ടകളില്‍ വിലങ്ങുകളുടെ ഭാരം അണിയിച്ചത് നിങ്ങള്‍ തന്നെയാണല്ലോ എന്ന അയാളുടെ വാക്കുകള്‍ അര്‍ഹതയെ തീണ്ടാപ്പാടകലെ നിര്‍ത്തുന്ന തമ്പുരാക്കന്മാരുടെ ഓര്‍മകളിലേക്ക് കൊണ്ട് പോയി എന്ന് മാത്രം.സില്‍ക്ക് കൊണ്ട് പണി തീര്‍ത്തെടുത്ത കൈതണ്ടകള്‍ക്ക് അപ്പുറത്ത് കടുപ്പമുള്ള ഒരു മനസ്സും അയാള്‍ക്ക് ഉണ്ടായിരുന്നു. അയാളുടെ പ്രതിഭയെ മറച്ചു പിടിക്കാന്‍ ശ്രമിച്ചവരോട് ,അയാളെ നിരന്തരം അവഗണിച്ചവരോട് ,ഇടക്കിടക്ക് അയാളെ കറിവേപ്പില പോലെ എടുത്തു കളഞ്ഞു കൊണ്ടിരുന്നവരോട് അയാളുടെ മറുപടി എന്നും ബാറ്റ് കൊണ്ടായിരുന്നു

ഓസ്ട്രേലിയ-ഇന്ത്യ ടെസ്റ്റ്‌ മത്സരം. ഗ്ലെന്‍ മഗ്രാത്തിന്‍റെ ഒരോവര്‍ ..ആദ്യ പന്ത് ഓഫ് സ്റ്റമ്പിനു പുറത്ത്, ക്രീസിലുള്ള ബാറ്റ്സ്മാന്‍ ലീവ് ചെയ്യുന്നു ,വീണ്ടും അതേപോലെ തന്നെയുള്ള അഞ്ചു പന്തുകള്‍ ,ബാറ്റ്സ്മാന്‍ യാതൊരു മടിയും കൂടാതെ ഓവറിലെ ആറു പന്തും ലീവ് ചെയ്യുന്നു. ഗില്ലസ്പിയുടെ അടുത്ത ഓവറിനു ശേഷം വീണ്ടും മഗ്രാത്ത് ആ ബാറ്റ്സ്മാന് നേരെ പന്തെറിയുന്നു. ഓഫ് സ്റ്റമ്പിനു പുറത്തു ലോകത്തെ മറ്റേതൊരു ബാറ്റ്സ്മാനെയും പ്രലോഭിപ്പിക്കുന്ന 6 പന്തുകള്‍.ബാറ്റ്സ്മാന്‍ അചഞ്ചലനായി 6 പന്തും ലീവ് ചെയ്യുന്നു.തന്‍റെ ഓഫ് സ്റ്റമ്പ് എവിടെയെന്നു അയാള്‍ക്ക് ക്ര്യത്യമായ ധാരണയുണ്ട്.മഗ്രാത്ത് ഇടക്ക് നിയന്ത്രണം നഷ്ടപ്പെട്ടു താന്‍ ഓഫ് സ്റ്റമ്പിനു പുറത്തു പോകുന്ന പന്തുകള്‍ കളിക്കില്ലെ എന്ന് ചോദിക്കുന്നുണ്ട്.പക്ഷെ ബാറ്റ്സ്മാന്‍ ഒരു യോഗിയെ പോലെ ശാന്തനാണ്. .രാഹുല്‍ ശരദ് ദ്രാവിഡ് ക്രീസില്‍ ചിലവഴിച്ച സമയം ഇന്ത്യന്‍ ക്രിക്കറ്റിനു നന്ദിയോടെ മാത്രമേ എന്നും സ്മരിക്കാന്‍ കഴിയൂ.അയാള്‍ ഒഴിവാക്കിയ പന്തുകള്‍ പലപ്പോഴും മറ്റു പലര്‍ക്കും ഒഴിവാക്കാന്‍ കഴിഞ്ഞിരുന്നില്ല..അവര്‍ ഷോട്ടുകള്‍ കളിച്ചു കൊണ്ടിരുന്നു ,ചിലപ്പോള്‍ പന്ത് ബൌണ്ടറി കടന്നിരുന്നു,ചിലപ്പോള്‍ ഫീല്‍ഡര്‍മാരുടെ കൈകളില്‍ ഒതുങ്ങിയിരുന്നു. സ്ട്രോക്കുകള്‍ കളിക്കാതെ ഇരിക്കുന്നത് അയാളുടെ കഴിവ് കേടായി കരുതിയവര്‍ ധാരാളം ഉണ്ടായിരുന്നു.

അതങ്ങനെ ആയിരുന്നില്ല ,ഒഴിവാക്കി വിട്ട പന്തുകളുടെ കൂടെ ബലത്തില്‍ ചെറിയ ഇഷ്ടിക കഷണങ്ങള്‍ അടുക്കി വച്ച് മന്ത്രവിദ്യകള്‍ വശമില്ലാത്ത ആശാരിയെ പോലെ അയാള്‍ മതില്‍ പണിതു കൊണ്ടിരുന്നു.ചുറ്റുമുള്ളവര്‍ അതെപ്പോള്‍ പൂര്‍ത്തിയാകും എന്നോര്‍ത്ത് ആശ്ചര്യപ്പെട്ടിരുന്നപ്പോഴും പരിഹസിച്ചപ്പോഴും അയാളുടെ എകാഗ്രതക്ക് ഭംഗം സംഭവിച്ചില്ല. ദ്രാവിഡ് ക്രിക്കറ്റ് എന്ന ഗെയിമില്‍ പന്ത് ലീവ് ചെയ്യുന്നത് ഒരു കഴിവ് തന്നെയാണ് എന്നോര്‍മിപ്പിച്ചു കൊണ്ടിരുന്നു. കാലം ചെന്നപ്പോള്‍ അടുക്കി വച്ചിരുന്ന ഇഷ്ടികകള്‍ക്ക് ഇടയിലെ വിടവുകള്‍ക്ക് വലുപ്പം കൂടിയത് ആദ്യമായി തിരിച്ചറിഞ്ഞതും അയാള്‍ തന്നെയായിരുന്നു.തന്‍റെ പണിയെ കുറ്റം പറയാന്‍ അധികമാരെയും അനുവദിക്കാതെ അയാള്‍ നിശബ്ദനായി കളമൊഴിഞ്ഞു..ചെയ്തു കൊണ്ടിരുന്നത് നന്ദി കെട്ട പണിയായിരുന്നു എന്നയാള്‍ക്കറിയാമായിരുന്നു ..അയാള്‍ നന്ദി പ്രതീക്ഷിച്ചിരുന്നതുമില്ല .

ഭാരമേറിയ ബാറ്റുമായി ,അതിലേറെ പ്രതീക്ഷകളുടെ ഭാരം ചുമലുകളില്‍ വഹിച്ചു കൊണ്ട് ക്രീസില്‍ നിന്നിരുന്ന മനുഷ്യന്‍ കളിച്ചിട്ടുള്ള അസ്ത്രത്തിന്റെ കണിശതയുള്ള സ്ട്രെയിറ്റ് ഡ്രൈവുകളുടെ ഭംഗി കോപ്പി ബുക്കില്‍ വിവരിക്കപ്പെട്ടതിനും മേലെയായിരുന്നു.അയാളെ നിര്‍വചിക്കുന്നത് ഈ ഗെയിമിനെ നിര്‍വചിക്കുന്നതിന് തുല്യമാണ് എന്നതിനപ്പുറം വാക്കുകള്‍ കൊണ്ട് അയാളെ അമ്മാനമാടെണ്ട കാര്യമില്ല. ഒരു ഫുള്‍ ടോസ് ബൌണ്ടറി കടത്തുന്നതിന് ഒരു പക്ഷെ ഒരു ഇഷാന്ത് ശര്‍മയുടെ ബാറ്റിംഗ് മികവ് മാത്രമേ ആവശ്യമായി വരുകയുള്ളൂ എന്നിരിക്കെ ഒരു ബൌളര്‍ എങ്ങനെ എറിഞ്ഞാലും പന്ത് ബൌണ്ടറി കടത്താന്‍ കഴിവുണ്ടായിരുന്ന ഒരു മനുഷ്യന്‍ നമ്മളെ വിസ്മയിപ്പിച്ചു കൊണ്ട് ഇവിടെയുണ്ടായിരുന്നു. പ്രതിഭയുടെ ധാരാളിത്തവുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് മൈതാനങ്ങളില്‍ തന്‍റെ കയ്യൊപ്പ് അവശേഷിപ്പിച്ചു കടന്നു പോയി.അയാള്‍ വിടപറയുമ്പോള്‍ ടെലിവിഷന്‍ സെറ്റുകള്‍ക്ക് മുന്നില്‍ ചടഞ്ഞിരുന്നവരുടെ കണ്ണില്‍ നിന്നുതിര്‍ന്നു വീണ നീര്‍മണികള്‍ സ്വപ്നതുല്യമായ ആ കരിയറിനോടുള്ള ആദരവായിരുന്നു.ദൈവമല്ലായിരുന്നു അയാള്‍ ,ജീനിയസായിരുന്നു..ഒരു പുഷ്പം മാത്രം ചോദിച്ചവര്‍ക്ക് ഒരു പൂക്കാലം തന്നെ നല്‍കിയ ബാറ്റ്സ്മാന്‍.

ലോജിക്കുകള്‍,നിയമങ്ങള്‍,ധാരണകള്‍ എല്ലാം ലംഘിക്കുന്നവര്‍ ആ കാലത്ത് വളരെ കുറവായിരുന്നു.നജഫ് ഗഡില്‍ നിന്നും വന്ന ചെറുപ്പക്കാരന് പതിവ് രീതികള്‍ അത്ര പഥ്യമായിരുന്നില്ല.മറ്റുള്ളവര്‍ ചെയ്യാന്‍ മടിച്ചു നില്‍ക്കുന്നത് അയാള്‍ അനായാസമായി ചെയ്തു.സച്ചിന്‍ ടെണ്ടുല്‍ക്കറാകാന്‍ കൊതിച്ചു നജഫ് ഗഡില്‍ നിന്നും യാത്ര തുടങ്ങിയ പയ്യന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ബ്ലൂഫൌണ്ടേയിനിലെ പേസി ട്രാക്കില്‍ (സ്ട്രോക്ക് ഫോര്‍ സ്ട്രോക്ക് ) മാസ്റ്ററെ മാച്ച് ചെയ്യുന്ന കാഴ്ച അദ്ഭുതകരം തന്നെയായിരുന്നു.വീരേന്ദ്ര സെവാഗിന്‍റെ കരുത്ത് തന്നെയാണ് കരിയറിന്റെ ഇങ്ങേയറ്റത്ത് അയാളുടെ ദൌര്‍ബല്യമായി മറനീക്കി പുറത്തു വന്നത് എന്ന യാഥാര്‍ത്ഥ്യം മാറ്റി നിര്‍ത്തിയാല്‍ അയാളുടെ സുവര്‍ണകാലം ഇന്ത്യന്‍ ക്രിക്കറ്റിന്റെ സുവര്‍ണകാലമായിരുന്നു. 2003 ഡിസംബര്‍ ,ബോക്സിംഗ് ഡേ ടെസ്റ്റ്‌ …ബ്രെറ്റ് ലീയുടെ ഒരു ബൌണ്‍സര്‍ സെവാഗിന്‍റെ ഹെല്‍മറ്റില്‍ ഇടിക്കുന്നു.അടുത്ത പന്തില്‍ സിംഗിള്‍ എടുത്ത് നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ സുരക്ഷിതനായി നില്‍ക്കാമായിരുന്നു എങ്കിലും സെവാഗ് ഡബിള്‍ ആണ് എടുത്തത്. അതൊരു സന്ദേശമായിരുന്നു,നോണ്‍ സ്ട്രൈക്കര്‍ എന്‍ഡിലെ സുരക്ഷിതത്വം എനിക്കാവശ്യമില്ല എന്ന സന്ദേശം .ചങ്കൂറ്റമുള്ള ഒരിന്ത്യന്‍ ഓപ്പണറുടെ യുദ്ധപ്രഖ്യാപനം .ഷോര്‍ട്ട് പിച്ച് പന്തുകള്‍ കളിക്കുന്നതില്‍ ഉള്ള ദൌര്‍ബല്യം പരീക്ഷിക്കപ്പെട്ട ആ ദിവസം തുടക്കത്തിലെ ശാന്തതക്ക് ശേഷം സെവാഗ് ആക്രമണം അഴിച്ചു വിടുകയായിരുന്നു.195 റണ്‍സിന്‍റെ തകര്‍പ്പന്‍ ഇന്നിംഗ്സ് ,അതവസാനിച്ച രീതി .. എങ്ങനെ മറക്കാനാകും ആ കാഴ്ചകള്‍ ? ആഗ്രഹിച്ചു കൂടെ നമുക്ക് അത്തരമൊരു ഇന്നിംഗ്സ് യൂട്യുബിലല്ലാതെ …ലൈവ് ആയിട്ട് കാണാന്‍ ..ഒരിക്കല്‍ കൂടി മാത്രം? മറുവശത്ത് ലോര്‍ഡ്സില്‍ തന്‍റെ ജേഴ്സി വലിച്ചൂരി കൊണ്ട് അലറിയ നായകന്‍ പ്രതിഷേധിച്ചത് മാന്യന്മാരുടെ ഗെയിം എന്ന് പേരിട്ടു വിളിക്കുന്ന ഈ ഗെയിമില്‍ മാന്യത കാട്ടാനുള്ള ധാര്‍മിക ഉത്തരവാദിത്വം കുറച്ചു രാജ്യങ്ങള്‍ക്ക് മാത്രമായി ഒതുക്കി വച്ചിരിക്കുന്ന നിയമസംഹിതകള്‍ക്കെതിരെയായിരുന്നു. അത്തരമൊരു മാന്യതയുടെ മൂടുപടം അയാള്‍ക്ക് ആവശ്യമില്ലായിരുന്നു.ഉറക്കെ ചിരിക്കാന്‍ പോലും മടിയുള്ള അഭിജാതരായ ലോര്‍ഡ്സിലെ കുലീനരായ കാണികള്‍ക്ക് ഗാംഗുലി അഹങ്കാരിയായിരുന്നെങ്കിലും ഇടതു കയ്യന്‍ ബാറ്റ്സ്മാന്റെ കുലീനത സ്റ്റാമ്പ് ചെയ്തു വച്ച ഷോട്ടുകളുമായി അയാള്‍ കയറിച്ചെന്നത് ആരാധകരുടെ മനസ്സുകളിലേക്കായിരുന്നു .ദൌര്‍ബല്യങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും ഫോമിലുള്ള ദിവസം എന്തിനാണ് നിങ്ങളെന്‍റെ പോരായ്മകളെ കുറിച്ച് ചിന്തിക്കുന്നത് എന്ന് ചോദിക്കാതെ ചോദിച്ചുകൊണ്ട് സൌരവ് മനോഹരമായി കളിച്ചു കൊണ്ടിരുന്നു. ഓര്‍മകള്‍ക്ക് നഷ്ടങ്ങളുടെ സുഗന്ധമാണ് .ഇനിയൊരിക്കലും തിരിച്ചു വരാത്ത ഒരു കാലത്തിന്‍റെ ,ഒരു സുവര്‍ണ തലമുറയുടെ പ്രതിനിധികള്‍ .അവസാനിച്ചു കഴിഞ്ഞു ഈ കാഴ്ചകള്‍..ക്രിക്കറ്റ് ഇപ്പോഴും ഇവിടെയുണ്ട്.വിരാട് കോഹ്ലിമാരും രോഹിത് ശര്‍മമാരും പുതിയ കാലഘട്ടത്തിന്റെ പ്രതിനിധികളായി ഗാലറികളെ ചൂട് പിടിപ്പിക്കുന്നു.ഞാനും കണ്ടു കൊണ്ടിരിക്കുകയാണ് ഈ കാഴ്ചകള്‍.ഒരു കാര്യം മാത്രമേ ഉറപ്പുള്ളൂ ,ഒന്നും ഒന്നിനും പകരമാകുന്നില്ല..

എന്തിനാണ് ഈ മഹാരഥന്മാരുടെ ഇടയിലേക്ക് ഇയാളെ കൊണ്ട് വന്നു നിര്‍ത്തുന്നത് എന്ന് ചോദിച്ചാല്‍ വ്യക്തമായ ഉത്തരമുണ്ട്.അദ്ദേഹത്തിന്‍റെ ആരാധകരെ ത്ര്യപ്തിപെടുത്താനല്ല .പേര്‍സണലി എനിക്ക് താല്‍പര്യമില്ലാത്ത ഒരു ക്രിക്കറ്റര്‍.പക്ഷെ ആരൊക്കെ എങ്ങനെയൊക്കെ ശ്രമിച്ചാലും അയാളെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ നിന്നും ഒഴിച്ച് നിര്‍ത്താനാവില്ല.അയാള്‍ കളി നിര്‍ത്തുമ്പോള്‍ അയാളെ മിസ്‌ ചെയ്യുന്നവര്‍ കുറവായിരിക്കും. ഞാനയാളെ മിസ്‌ ചെയ്യില്ല എന്നുറപ്പുണ്ട് . ഞാന്‍ മിസ്‌ ചെയ്യുന്നവരുടെ ഇടയിലേക്ക് അയാളെ കൊണ്ട് വരുന്നത് അയാളെ അവഗണിക്കാന്‍ കഴിയില്ല എന്നുറപ്പുള്ളത് കൊണ്ട് മാത്രമാണ്.മഹാരഥന്മാരുടെ ഇടയിലേക്ക് വഴി തെറ്റി വന്നവനെപ്പോലെ എത്തിപ്പെട്ട ചെറുപ്പക്കാരന്‍ അധികനാള്‍ പകച്ചു നിന്നില്ല.ശൈലീ മന്നന്മാരുടെ ഇടയില്‍ പെട്ട് ദിക്കറിയാതെ പകച്ചു പോകും എന്ന് കരുതിയവന്‍ താന്‍ വെട്ടിത്തെളിച്ച വഴിയിലൂടെ സഞ്ചരിക്കാന്‍ തീരുമാനിച്ചു.അയാളുടെ പാദചലനങ്ങള്‍ ശരിയല്ലെന്ന് പറഞ്ഞവര്‍ കണ്ണടച്ച് തുറക്കുമ്പോള്‍ ബൌളര്‍മാരുടെ പന്തുകള്‍ ഗാലറിയില്‍ വിശ്രമിക്കുകയായിരുന്നു. സ്ട്രോക്കുകളുടെ ഭംഗിയില്ലായ്മ കണ്ടു നെറ്റി ചുളിച്ചവരുടെ ചുളിവുകള്‍ നിവര്‍ത്താന്‍ മെനക്കെടാതെ മഹേന്ദ്രസിംഗ് ധോണി നിയമങ്ങളുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചു കൊണ്ടിരുന്നു.ഒടുവില്‍ 2011 ഏപ്രില്‍ രണ്ടിന് അയാള്‍ ഒരു പന്ത് ഗാലറിയില്‍ എത്തിച്ചപ്പോള്‍ ആദ്യമായി ഒരു ജനത അയാള്‍ കളിച്ച ഷോട്ടിന്റെ ഭംഗി നോക്കാന്‍ മറന്നു പോയി..ആ ഷോട്ടിനു ഇന്ത്യന്‍ ക്രിക്കറ്റിന്റെ 28 കൊല്ലം നീണ്ട കാത്തിരിപ്പിന്‍റെ ,നഷ്ടങ്ങളുടെ രൂപമായിരുന്നു ..ചരിത്രം മാറ്റിയെഴുതിയവനാണ് അയാള്‍ ..