Syam Mohan
വികാരം വൃണപ്പെടുത്തുന്ന സിനിമ തന്നെയാണ് മാളികപ്പുറം. ഒരു അച്ഛനെന്ന നിലയിൽ, കുഞ്ഞു മാളികപ്പുരങ്ങൾക്ക് ഒരു മകളെന്ന നിലയിൽ വികാരം വൃണപ്പെട്ട നിമിഷങ്ങൾ ആയിരുന്നു സിനിമയുടെ ഒന്നാം പകുതി. നമ്മൾ പിന്തുടരുന്ന ഒരു മതവും, പഠിച്ച ഒരു മതഗ്രന്ഥവും അതിലേ ഒരു വചനങ്ങളും കഥാഗതിയിൽ പ്രത്യേകിച്ച് ഒരു സ്വാധീനവും ചെലുത്തുന്നില്ല എന്ന് മുന്നോട്ട് പോകും തോറും എനിക്ക് മനസിലായിക്കൊണ്ടിരുന്നു. നിങ്ങളൊരു വിശ്വാസിയോ അവിശ്വസിയോ അന്ധവിശ്വസിയോ ന്യൂട്രൽ വിശ്വസിയോ എന്തും ആയിക്കോട്ടെ ഈ സിനിമ കണ്ടുകൊണ്ടിരിക്കുന്ന അത്രേം സമയം കീറിമുറിക്കലിന് പോകാതെ വെറുതേ അത് അങ്ങ് കണ്ടിരുന്നോളും, ഇനിയിപ്പോ വല്ലോം തോന്നിയാലും ക്ലൈമാക്സ് വരെ അതിന് ആയുസ്സ് ഉണ്ടാവു എന്ന് തോന്നുന്നു, സിനിമ കഴിഞ്ഞാൽ വെളിയിൽ ഇറങ്ങീട്ട് പിന്നെ ഓരോരുത്തരുടെയും വിശ്വാസത്തിന് അനുസരിച്ച് പുനർവിശകലനം നടത്തി സംതൃപ്തി അടയാം.
ഒരു തീവ്രഹിന്ദു അജണ്ട കുത്തി വെക്കുന്ന സിനിമയായി റിലീസിന് മുമ്പേ പേര് എടുത്തിരുന്നു മാളികപ്പുറം, സത്യത്തിൽ ആ ഒരു മുൻവിധിയോടെ ആണ് ഞാനും സിനിമ കാണാൻ കയറിയത്, സ്നേഹത്തിന്റെയും പരസ്പരവിശ്വാസത്തിന്റെയും മുഖം എല്ലാ ജീവനും ഒരു പോലെ ആണെന്നും എല്ലാ മതങ്ങളും അതിലുപരി അതിലേ എല്ലാ ദൈവങ്ങളും മനുഷ്യനോട് പറഞ്ഞുവെക്കാൻ ശ്രമിക്കുന്ന ആ ഒരു കാര്യം, തത്വമസിയെ സിനിമയുടെ പ്രധാന രസച്ചരടുമായി ബന്ധിപ്പിക്കുന്നത് വഴി ഉണ്ടായ ആ പുതിയ മാനം ആണ് എല്ലാ അജണ്ടകളെയും അതുവഴി ഉണ്ടാകാവുന്ന വൈകാരിക തലങ്ങളെയും കാറ്റിൽ പറത്തിയത് എന്ന് തോന്നുന്നു.
ഉണ്ണി മുകുന്ദൻ എന്ന നടന് ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ breakthrough ആണ് മാളികപ്പുറം, പക്ഷേ ഈ സിനിമ മുഴുവൻ ഒറ്റക്ക് തോളിൽ താങ്ങാൻ ശ്രമിച്ച നമ്മുടെ കുഞ്ഞു മാളികപ്പുറത്തിന് ഒരു കൈത്താങ്ങായി മാത്രമാണ് അയ്യപ്പനേ കാണാൻ പറ്റിയത്, അത്പോലെ മനസ്സിൽ പതിഞ്ഞു പോയി ആ കുഞ്ഞിന്റെ സന്തോഷവും സങ്കടവുമൊക്കെ, സിനിമയുടെ പേര് അന്വർദ്ധമാക്കുന്ന അഭിനയം.പേരെടുത്ത് പറയാൻ ഒരുപാട് ഉണ്ടെങ്കിലും ടി ജി രവിയും ശ്രീജിത്ത് രവിയും സൈജു കുറുപ്പുമൊക്കെ ഭയം കലർന്ന സ്നേഹത്തിന്റെയും വെറുപ്പിന്റെയും നിസ്സഹായതയുടെയും ഒക്കെ മുഖങ്ങളായി നന്നായി മിന്നിത്തന്നേ മറഞ്ഞു.പരസ്പര സഹായത്തിൽ അധിഷ്ഠിതമായ ഈ പ്രപഞ്ചത്തിൽ ഞാൻ ദൈവത്തിൽ വിശ്വസിച്ചാൽ അത് കേൾക്കാൻ നീ ഉണ്ടാകും എന്നുള്ളതാകുന്നു പരമമായ ആ വിശ്വാസത്തിന്റെ അടിസ്ഥാനം, അതേ.. അത് നീ ആകുന്നു!