01

ഇന്ത്യ സന്ദര്‍ശനത്തിനു ശേഷം അബ്ദുള്ള രാജാവിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുവാനായി സൌദിയില്‍ എത്തിയ അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമയും പ്രഥമ വനിത മിഷേല്‍ ഒബാമയും ഇസ്ലാമിക രാജ്യമായ സൌദിയില്‍ അല്ലറ ചില്ലറ വിവാദങ്ങള്‍ ഉണ്ടാക്കിയാണ് മടങ്ങിയത് എന്നത് നിങ്ങള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞു കാണും. വസ്ത്രധാരണത്തില്‍ കണിശത പുലര്‍ത്തുന്ന ഒരു രാജ്യത്ത് തല മറക്കാതെ വന്നതും അവര്‍ക്ക് മുന്‍പിലേക്ക് സൗദി രാജകുടുംബം ഒന്നാകെ മടി കൂടാതെ വന്നതും സൗദി സോഷ്യല്‍ മീഡിയ രംഗത്ത് വിവാദ കൊടുങ്കാറ്റ് ആണ് ഉണ്ടാക്കിയത്.

തല മറക്കാതെ സൗദി സന്ദര്‍ശിക്കുവാന്‍ ധൈര്യം കാണിച്ച പ്രഥമ വനിതയുടെ നടപടിയെക്കുറിച്ച് വാഷിംഗ്‌ടണ്‍ പോസ്റ്റ്‌ വിശേഷിപ്പിച്ചത്, “Make no mistake: Michelle Obama just made a bold political statement in Saudi Arabia.” എന്നായിരുന്നു. അതില്‍ നിന്ന് തന്നെ മിഷേലിന്റെ ആ തീരുമാനം എത്രമാത്രം വിവാദപരമായിരുന്നു എന്ന് മനസ്സിലാക്കാവുന്നതാണ്.

തല മറക്കാതെ പൊതു സ്ഥലങ്ങളില്‍ വരുവാന്‍ സൗദി നിയമം സ്ത്രീകളെ അനുവദിക്കുന്നില്ല. മുഖം മറക്കണം എന്ന് നിയമത്തില്‍ ഇല്ലെങ്കിലും അതും ചെയ്യുന്നവരുണ്ട്. തല മറക്കാതെ വരുന്നവരെ സൗദി മതകാര്യ പോലിസ് പിടികൂടും. എന്നാല്‍ ഇങ്ങനെയൊക്കെ ആണെങ്കിലും സൗദി സന്ദര്‍ശിക്കുന്ന വിദേശ പ്രതിനിധികളുടെ മേല്‍ ഈ നിയമം അടിച്ചേല്‍പ്പിക്കാന്‍ സൗദി അധികാരികള്‍ ശ്രമിക്കാറില്ല എന്നാണ് താഴെ കാണുന്ന ചിത്രങ്ങള്‍ നമ്മോടു പറയുക.

മിഷേല്‍ ഒബാമയ്ക്ക് മുന്‍പേ സൗദി സന്ദര്‍ശിച്ച വിദേശ വനിത പ്രതിനിധികളില്‍ പലരും തല മറച്ചിരുന്നില്ല എന്നും അവരുടെ മുന്‍പില്‍ വരാന്‍ സൗദി രാജാവ്‌ അടക്കമുള്ളവര്‍ ധൈര്യം കാണിച്ചിരുന്നു എന്നും ഈ ചിത്രങ്ങള്‍ നമ്മോടു പറയും.

02
2010 ല്‍ സൗദി കൊട്ടാരം സന്ദര്‍ശിക്കുന്ന ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ അബ്ദുള്ള രാജാവിനൊപ്പം തല മറക്കാതെ
03
യു എസ്സ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഹിലരി ക്ലിന്‍റണ്‍ തല മറക്കാതെ സൗദി വിദേശകാര്യ മന്ത്രി സൌദ്‌ അല്‍ ഫൈസല്‍ രാജകുമാരനും കുവൈറ്റ്‌ വിദേശകാര്യ മന്ത്രിക്കും ഒപ്പം 2012 മാര്‍ച്ചില്‍
04
മെയ്‌ 2008 ല്‍ സൗദി രാജാവിനൊപ്പം തല മറക്കാതെ ഇരുന്നു ചായ കുടിക്കുന്ന അന്നത്തെ പ്രഥമ വനിത ലോറ ബുഷ്‌
05
2007 ല്‍ ജിദ്ദ സന്ദര്‍ശിച്ചപ്പോള്‍ അബായ ധരിച്ചും ലോറ ബുഷ്‌ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു
06
2007 ല്‍ ജിദ്ദയില്‍ എത്തിയ കോണ്ടലീസ റൈസ്. റൈസും തല മറച്ചിരുന്നില്ല.
07
2008 ല്‍ സൗദി വിദേശകാര്യ മന്ത്രി സൌദ്‌ അല്‍ ഫൈസല്‍ രാജകുമാരന് ഹസ്തദാനം ചെയ്യുന്ന കോണ്ടലീസ റൈസ്

അതെ സമയം മിഷേല്‍ ഒബാമ തലമറച്ചില്ലെന്ന വിവാദം അനാവശ്യമാണെന്ന് സഊദി എംബസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ദേശീയ ടെലിവിഷന്‍ ചാനലില്‍ മിഷേലിന്റെ ചിത്രം അവ്യക്തമായി കാണിച്ചുവെന്ന റിപ്പോര്‍ട്ടും എംബസി നിഷേധിച്ചു.

ഫേസ്ബുക്ക് അല്ല വസ്തുതകളാണ് പരിശോധിക്കേണ്ടതെന്ന് സഊദി എംബസി ട്വീറ്റ് ചെയ്തു. മിഷേല്‍ ഒബാമയുടെ ചിത്രം അവ്യക്തമായി കാണിച്ചുകൊണ്ട് സഈദി ടെലിവിഷന്‍ സംപ്രേക്ഷണം നടത്തിയതായുള്ള വീഡിയോ യു ട്യൂബില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ദൃശ്യം കണ്ടുകൊണ്ടിരുന്ന ജനങ്ങള്‍ അങ്ങനെ ഒരു സംഭവമുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

സ്ത്രീകള്‍ക്ക് കര്‍ശന ഡ്രസ്സ് കോഡ് പാലിക്കുന്ന സഊദിയില്‍ മിഷേല്‍ ഒബാമ തലമറയ്ക്കാന്‍ തയ്യാറായില്ലെന്ന തരത്തില്‍ വിവാദങ്ങളുണ്ടായിരുന്നു. കാല്‍മുട്ട് വരെ നീളമുള്ള ഉടുപ്പ് ധരിച്ച് വിമാനത്താവളത്തിലെത്തിയ മിഷേല്‍ പിന്നീട് പാദം മറയ്ക്കുന്ന വസ്ത്രം ധരിച്ചാണ് പൊതു വേദികളില്‍ പ്രത്യക്ഷപ്പെട്ടത്.

സഊദിയില്‍ സ്ത്രീകള്‍ക്ക് തലമറച്ച് മാത്രമേ പുറത്ത് പോവാന്‍ അനുവാദമുള്ളുവെങ്കിലും രാജ്യം സന്ദര്‍ശിക്കുന്ന വിദേശി നേതാക്കള്‍ക്ക് ഇത് നിര്‍ബന്ധമല്ല.

Advertisements