Featured
മുന്നറിയിപ്പ്: കാണുന്ന വണ്ടിക്കെല്ലാം കൈകാണിക്കരുത്
പോസ്റ്റിന്റെ തലക്കെട്ട്കണ്ട് അധികം തലപുകഞ്ഞ് അത് സൈക്കൊസില്നിന്നും ചിത്തഭ്രമമായി അവസാനം അല്ഷിമേസായിപ്പോകേണ്ട. ‘വണ്ടി എന്നുദേശിച്ചത് ലേഡിസിനെക്കുറിച്ചല്ല. ഒറിജിനല്‍ വണ്ടി, അതായത് വാഹനം.
128 total views

പോസ്റ്റിന്റെ തലക്കെട്ട്കണ്ട് അധികം തലപുകഞ്ഞ് അത് സൈക്കൊസില്നിന്നും ചിത്തഭ്രമമായി അവസാനം അല്ഷിമേസായിപ്പോകേണ്ട. ‘വണ്ടി എന്നുദേശിച്ചത് ലേഡിസിനെക്കുറിച്ചല്ല. ഒറിജിനല്‍ വണ്ടി, അതായത് വാഹനം.
കേരളത്തിലെ ഏറ്റവും തിരക്കേറിയ ജങ്ങ്ഷന് വൈറ്റില. വൈകുന്നേരം നാലുമണിയോടെ വീട്ടിലേയ്ക്ക് തിരികെപ്പോകാന്‍ ബസ്സുകാത്തു നില്പ്പുതുടങ്ങിയതാണ്. മണിക്കൂറൊന്നായി. സര്‍ക്കാരിന്റെ മയില്‍വാഹനം കെ.എസ്.ആര്.ടി. സി. ഇന്നേവരെ ഞാന്‍ കൈകാണിച്ചിട്ടവിടെ നിര്‍ത്തിയ ചരിത്രമില്ല. ലോകത്തിലേറ്റവും ‘തലതെറിച്ചവന്മ്മാര്’ െ്രെഡവറും കിളിയുമായിട്ടുള്ള എറണാകുളത്തെ െ്രെപവറ്റ് ബസ്സാണേലൊട്ടു നിര്ത്തണുമില്ല. എല്ലാത്തിലും ഒടുക്കത്തെ തിരക്കെങ്കിലും ഒന്ന് പറയാതിരിക്കാനൊക്കത്തില്ല. ഈ മരണപ്പാച്ചില്‍ നോക്കിനില്ക്കുന്നവനാരായാലും എന്തിന് സാക്ഷാല്‍ മഹാത്മജിയോ മാര്പ്പപ്പയോ പോലും പ്രസ്തുത ‘െ്രെഡവര്കിളിമക്കളുടെ’ മാതാവിനെയും പിതാവിനെയും മനസുകൊണ്ടൊന്നു ‘സ്മരിക്കാ’തിരിക്കില്ല. അവരൊക്കെ മനുഷ്യരാണെന്നുവെയ്ക്കാം എന്നാല്‍ എന്നും വെളുപ്പിനെ ഇടപ്പള്ളി ഗീവര്ഗീസ്പുണ്യാളന്റെ കുരിശടിയില്‍ പ്രാര്‍ത്ഥനാനിര്‍ഭരരായി അണ്ണാക്കില്‍ തംബാക്കും വച്ച് ഓടുന്നവണ്ടിക്കൊരുമുഴംമുന്നേ പാഞ്ഞുചെന്ന് പോക്കറ്റില്നിന്നുകിട്ടുന്ന തുട്ടും, ശംഭു ഹാന്‍സ് പാക്കറ്റ് ഉള്‍പടെ നേര്ച്ചപ്പെട്ടിയില് തളളുന്ന ഈ ‘കഴുവേറികളെ’ കൈപ്പാങ്ങിനു കിട്ടിയിട്ടും കൈതീര്ത്തോരണ്ണം പുള്ളി കൊടുക്കുന്നില്ലല്ലോ എന്നതില്‍ ഇന്നും എനിക്ക് അതിയായ ദുഖമുണ്ട്.
പിന്നെ എന്റെയീ നില്‍പ്പിന്റെ കാര്യം. ആദ്യമൊക്കെ ഇത്തിരി ഉപേക്ഷ വിചാരിച്ചു എന്നതിനെ നഗ്നമായസത്യം എന്നൊന്നും പറയാനൊക്കുകേലങ്കിലും സംഗതി വാസ്തവമാണ്. വീട്ടിലോട്ടങ്ങ് തള്ളിക്കേറി ചെന്നിട്ട് ഇതെന്നാ കാണിക്കാനാ? എന്നുകരുതി ഇത്തിരി ‘കളെഴ്സ്’ഒക്കെക്കണ്ടു കായലിന്റെ കാറ്റുമേറ്റ്നിന്ന് അവസാനം പണിപാളി.നേരമിരുട്ടിത്തുടങ്ങി. ‘വിട്ട’ പലസാധനവും പോയ ബുദ്ധിയും പിടിച്ചാ കിട്ടില്ലന്നല്ലേ മുന്‍ഷിയിലെ മുതുമൂപ്പിലാന് പറഞ്ഞിരിക്കുന്നത്.
ഇത് എനിക്ക് പുത്തരിയോന്നുമല്ല. ഗള്‍ഫ് സ്വപ്നവും മനസിലിട്ട് കേരളത്തിലുടനീളം എല്ലാ ട്രാവല്‍ എജെന്സികളും കയറിയിറങ്ങി സി.വി കൊടുത്ത് അവസാനം കൊച്ചിയില്‍ വിശ്വാസമര്‍പ്പിച്ച് ആഴ്ചയില്‍ രണ്ടുതവണ എന്നകണക്കിനു മുടങ്ങാതെ നേര്‍ച്ചയായി ആ അവിഞ്ഞ നാറ്റവും പട്ടാപ്പകലുപോലുമുള്ള മുട്ടന്‍ കൊതുകുകടിയും ആസ്വദിച്ചില്ലെങ്കില്‍ എനിക്കുറക്കംവരില്ല എന്നായി. അക്കാലത്തെ എന്റെയൊരു ‘റേഞ്ച്’വച്ച് തിരുവനന്തപുരം മുതല്‍ കൊച്ചിവരെ മാത്രമാണ് ‘കേരളത്തിലുടനീളം’ എന്നു ഞാന്‍ പറഞ്ഞത്. കോഴിക്കോട് ബസ്ടാന്റിലൊന്നും ഈ നില്‍പ്പ് അധികനേരം നില്‍ക്കാനൊക്കില്ലല്ലോ………ഹമ്മോ… ഓര്‍ക്കാന്‍കൂടി വയ്യ! വനഭൂമിയും വൃഷ്ടിപ്രദേശവും വരെ കയ്യേറി വെളുപ്പിച്ചെടുക്കുന്നവരാ……..ജീന്‍സ് അന്നുമിന്നും ഒരു രക്ഷാകവചം തന്നെയാണ്!
ഒരുകണക്കിന് വീട്ടിലിരിക്കുന്നതിലും എത്രയോ ഭേദമാണ് ഈ നില്‍പ്പ്. ‘വെറുതെയിരിക്കുകാണേല് മുറ്റത്തെ പുല്ലെങ്കിലും ചെത്തെടാ അത്രെയെന്കിലും ആകുമല്ലോ’എന്ന അപ്പന്റെ വക ആ ആക്കിയ ശകാരമില്ല . ആട്ടെ, അടിയുംതടയും സിവിലും പഠിച്ചതിനാല്‍ വല്ല സ്ഥലമളക്കലോ വീടുവാര്ക്കാന് സൂപ്രവിഷനോ ഒക്കെയായി ആരെങ്കിലും കൂട്ടിക്കൊണ്ടുപോയി അവസാനം ഉടുതുണി കീറിനാറി, ഉള്ള തൊലിയുംപോയി പിച്ചക്കാരനെപ്പോലെ വീട്ടില്‍ തിരിച്ചുവരുമ്പോള്‍ ‘നായ് നടന്നിട്ട് കാര്യോല്യാ നായിക്കിരിക്കാന് നെരോല്യാ’ എന്ന് അമ്മയുടെ പതിവ് പല്ലവി കേള്ക്കുകയുംവേണ്ട. സൂപ്രവൈസരെന്നു ആദ്യം പറയും, പതിയെ കോണ്‍ക്രീറ്റ് കുത്താന്‍ ഒരു കമ്പി തരും, പിന്നെ ഒരു ചട്ടി സിമന്റ് തലയില്തരും. അവസാനം തനി വാര്ക്കപ്പനിണിക്കാരനാകും. ഒടുവില്‍ നമുക്കൊഴിച്ചു എല്ലാവര്ക്കും കൂലി. അവന് നമ്മുടെ സ്വന്തം പയ്യനല്ലേ എന്നൊരു ‘ഊക്ളിച്ച’ ഡയലോഗും. അമ്മയെ കുറ്റംപറഞ്ഞിട്ട് വല്ല കാര്യോവുണ്ടോ?? പുതിയ സിവില്‍ എന്ജിനീയര്മ്മാരെ നാട്ടുകാര്‍ ‘വാര്‍ത്തെടുക്കുന്നത്’ ഇങ്ങനോക്കെയാണ് സുഹൃത്തുക്കളെ!
ഗള്‍ഫുകാരനാകാന്‍ ഒരുമ്പിട്ടിറങ്ങിയതില് പിന്നെ ആലപ്പുഴ എറണാകുളം വണ്ടിക്കാശും, ഒരുനേരം ‘ഞംഞ’മടിക്കാനുമുള്ള കാശും വീട്ടില്നിന്നുകിട്ടും. അങ്ങനെയെങ്കിലും ഒന്ന് രക്ഷപെട്ടു (സ്ഥലമോഴിഞ്ഞു) കണ്ടാല്‍ മതിയല്ലോ! എന്നാല്‍ ഈയുള്ളവന് കിട്ടിയത് തൂത്തുവാരി, അന്ന് പട്ടിണികിടന്നായാലുംവേണ്ട ഒരു സിനിമാടിക്കറ്റിനുള്ള വകുപ്പുണ്ടാക്കാനായി കൂട്ടിയ ആ മനക്കണക്ക് പള്ളിക്കൂടത്തില്പോയകാലത്ത് കൂട്ടിയിരുന്നേല്‍ ഇന്നു വല്ല ചാര്‍ട്ടേര്‍ഡ് അക്കൌന്ടന്റും ആയിപ്പോയെനെ എന്ന് ഞാന്‍ ഭയക്കുന്നു! അങ്ങനെയാണ് കാണുന്ന വണ്ടിക്കെല്ലാം കൈകാണിച്ച്, ‘ലിഫ്റ്റ്’ ഒപ്പിച്ച്, പത്തുകാശു മിച്ചംവച്ച് പ്രസ്തുത പരിപാടികള്‍ പ്ലാന്‍ ചെയ്തിരുന്നത്.
ഓരോ യാത്രയും ഓരോ കഥയാണെന്ന് ആരോ പറഞ്ഞത് ഈ നിമിഷത്തില്‍ അനുസ്മരിക്കുന്നതോടോപ്പം ആ പറഞ്ഞയാത്മാവിന്റെ പാവനസ്മരനക്കുമുന്പില് എന്റെ രണ്ടു ‘ഞെട്ടലുകളും’ സമര്‍പ്പിക്കുന്നു. പല പാണ്ടിലോറിയിലും വലിഞ്ഞുകേറി, തമിഴന് കിളിയുടെയും െ്രെഡവറുടെയും ഇടക്ക് അടപോലെയിരുന്ന്, അവിഞ്ഞ നാറ്റവും സഹിച്ചു എത്രയെത്ര യാത്രകള്‍. .!! ഇന്നുവല്ലോമായിരുന്നേല് മുല്ലപ്പെരിയാറിന്റെ പേരില്‍ അവരെന്റെ അണക്കെട്ടും തടയണയും തകര്ത്തെനെ!എങ്കിലും ജീന്‍സ്………..അത് കണ്ടുപിടിച്ചവനെ ഒന്നുകൂടി സ്മരിച്ചോട്ടെ.
നിങ്ങളാരെങ്കിലും പാണ്ടിലോറിയില്‍ എന്നെപ്പോലെ സവാരിഗിരിഗിരി നടത്തിയിട്ടുണ്ടോ എന്നെനിക്കറിയില്ല. ഒരിക്കല്‍ ഒരു വലിയ കരിങ്കല്ലിന് കഷ്ണം െ്രെഡവര്‍ സീറ്റിനടിയില്‍ കണ്ടു ഞാന്‍ വെറുതെ ചോദിച്ചു
‘അണ്ണാ അത് യെതുക്ക്?
‘അതോ,….. നൈറ്റില്‍ തൂക്കം വരുമ്പോള്‍…അതു തൂക്കി, ആക്സിലേറ്ററില്‍ പോട്ട്, നമ്മ സ്ടിയെരിങ്ങില് കാലുപോട്ട് ഫ്രീയായി തൂങ്ങിടും’!!
(രാത്രിയില്‍ ഉറക്കം വരുമ്പോള്‍ ഈ കല്ല് ആക്സിലേറ്ററില്‍ എടുത്തുവച്ച് ഞാന്‍ കാല് സ്ടിയെരിങ്ങില് ഫ്രീയായി വച്ച് ഉറങ്ങും!)
അന്നത്തോടുകൂടി പാണ്ടിലോറി യാത്ര ഞാന്‍ നിര്‍ത്തിയതാണ്. അതുകൊണ്ടാണ് ഈ നില്പ്പത്രയും നില്‍ക്കേണ്ടി വന്നതും. നിന്ന് കാലുതളര്‍ന്നു, പോരാത്തതിന് പട്ടിണിയും. എങ്കിലും ആ കാശുമിച്ചംവച്ച് ഒരു സിനിമാ കണ്ടതിന്റെ ചാരിതാര്‍ത്ഥ്യം എനിക്കുണ്ട്. അവസാനം എന്റെ പ്രാര്‍ഥനയോ ആമാശയത്തിന്റെ നിലവിളിയോ കേട്ട് ദൈവം അയച്ചുതന്ന ഒരു അംബാസിഡര്‍കാര്‍ മുന്നില്‍ ചവിട്ടിനിര്‍ത്തി. അതിനുള്ളിലെ ദൈവദൂതന് മുറുക്കാന്‍ ചവച്ച് മുന്‍പിലത്തെ മൂന്നു പല്ല്ല്ലില്ലാതെ എന്നോട് ചോദിച്ചു ‘ആലപ്പുഴയ്ക്കാ കേറുന്നോ’?
ആ കൊള്ളാം… നല്ല കളിയായി, ചോദ്യം മുഴുവിക്കേണ്ട അതിനുമുന്‍പ് ഞാന്‍ ഫ്രന്റ് സീറ്റില്‍ ഇരിപ്പുറപ്പിച്ചു. ഞങ്ങള്‍ രണ്ടുപേര്‍ ഇരുന്ന സ്ഥലമോഴിച്ച് സകലമാനയിടത്തും മുകളിലും നിറയെ സാധനങ്ങള്‍ വച്ചുകെട്ടിയും കുത്തിനിറച്ചുമിരിക്കുന്നു. ചേട്ടന് ഏതോ കുഗ്രാമാത്തിലുള്ള തന്റെ കടയിലേയ്ക്കു കൊച്ചിയില്‍നിന്ന് സാധനം കൊണ്ടുപോവുകയാണെന്നു കണ്ടാലയറിയാം. സാധാരണയായി െ്രെഡവര്‍മാര്‍ വഴിയില്‍ നിന്നെടുക്കുന്ന നമ്മളോട് അധികം അടുപ്പം കാട്ടാറില്ല. കാരണം കേറി കമ്പനിയായാല്‍ അവസാനം പത്തുരൂപ ചോദിയ്ക്കാന്‍ പറ്റില്ലല്ലോ! പക്ഷെ ഈ ദൈവദൂതന് എന്നെത്തേടിവന്നതാകയാല് സന്തോഷം തെല്ലും മറച്ചുവച്ചില്ല. കുശലാന്വേഷണങ്ങള്‍ നടത്തി, ആലപ്പുഴവരെയല്ല അമ്പലപ്പുഴവരെ ഇരുന്നോളാന്‍ സമ്മതിച്ചു. എന്നിട്ട് പറഞ്ഞു.
‘ആ ഡോറില്‍ ഒന്ന് മുറുകെപ്പിടിച്ചോ ഇളകി വീഴാതെ പിടിക്കാന്‍ ആരെയെങ്കിലും നോക്കിയിരിക്കുവായിരുന്നു’.
ഇത്രയും വലിയ കെണിയില്‍ എന്റെ ജീവിതത്തിലിന്നോളം ഞാന്‍ വീണിട്ടില്ല! അമ്മാതിരി ചെയ്ത്തായിരുന്നു അത്!
ഞാനാവണ്ടിയാകമാനം ഒന്ന് കണ്ണോടിച്ചതപ്പോഴാണ്. ഇതിലുംതുരുമ്പിച്ചതൊന്നും ഈ ജീവിതകാലത്ത് ഞാന്‍ കണ്ടിട്ടില്ല! കരിമരുന്നുപ്രയോഗം കഴിഞ്ഞമാതിരിയുള്ള പുക.
എന്റെ ഇരുപ്പിനെ വര്ന്നിച്ചാല്……..
ഓടുന്ന ട്രെയിനില്‍ കമ്പിയില്‍ പിടിച്ചു കക്കൂസില്‍ ഇരിക്കുന്ന മാതിരി!
ജാടയിലുള്ള ആദ്യത്തെ പിടുത്തത്തില്തന്നെ പിടിയുള്പടെ മുടിഞ്ഞ വെയിറ്റുള്ള സാധനം എന്റെ കയ്യിലായിയെന്നെനിക്ക് മനസിലായി. എന്റെ പുഞ്ചിരി സ്ലോമോഷനില്‍ മാഞ്ഞു. പിന്നെയത് ജഗദീഷിന്റെ ‘കാക്കതൂറിയ മോന്തായം മാതിരിയായി. പതിയെ കൈകിഴച്ചു. പിടലിഞരമ്പ് വലിഞ്ഞുമുറുകി. വെറുംവയറ്റില്‍ റോക്കറ്റ് വിക്ഷേപണത്തിന് മുന്പെത്തെ കൌന്റ്റ് ഡൌണ്‍ പോലെ എന്തോക്കയോ കേള്‍ക്കുന്നപോലെ തോന്നി. സര്‍വശക്തിയും ഒരുമണിക്കൂര്‍കൊണ്ട് ആവിയായി. ദുരഭിമാനം മാറ്റിവച്ചു ഞാന്‍ ചോദിച്ചു. ‘ചേട്ടാ ഒന്ന് നിര്‍ത്തുമോ’
അത് എത്ര മുന്‍പേ പ്രതീക്ഷിച്ചമാതിരി പുള്ളി പറഞ്ഞു.
‘ഇല്ല മോനെ… വഴിയില്‍ നിര്‍ത്തുന്ന പ്രശ്നമുദിക്കുന്നില്ല. സെയില്‍ ടാക്സ് വല്ലോം പിടിക്കാതെ ഈ സാധനോംകൊണ്ട് വല്ലവിധേനയും വീടുപറ്റാന്‍ നോക്കുമ്പോള്‍……… ബുക്കും പേപ്പറും ഉണ്ടേല്‍ പോലിസിനെയെങ്കിലും പേടിക്കെണ്ടായിരുന്നു’.
ദൈവദൂതന് എന്റെ യമദൂതനായോ……..
അമ്മച്ചി പഠിപ്പിച്ച സകലമാന പുന്യാലന്മ്മാരെയും വിളിച്ചു.
ചേര്‍ത്തല കാര്‍ത്ത്യായനി ക്ഷേത്രത്തില്‍ നിന്നോ മറ്റോ ‘ഈ നരകത്തീന്നെന്നെ കരകേറ്റിടണെ തിരുവൈക്കം വാഴും ശിവശംഭു’ എന്ന പാട്ട് കേട്ടമാതിരി തോന്നി.
ഏതായാലും രണ്ടര മണിക്കൂറിനുശേഷം വയറ്റില്‍ സുഖമില്ലന്നു പറഞ്ഞു ആലപ്പുഴകണ്ടപ്പോള് രണ്ടുംകല്പ്പിച്ച്ചു ഞാന്‍ ചാടി……ഡോറാണോ ആളാണോ ‘പടക്കേ……’ എന്നൊരു ശബ്ദംകേട്ടിട്ടും മുന്നുംപിന്നും നോക്കാതോടി……അടുത്തുകണ്ട മാടക്കടയില്‍നിന്നും വട്ടുപോട്ടിച്ചു സോഡാ മൂന്നെണ്ണം കേറ്റി…….കൌന്റ്റ് ഡൌണ്‍ കഴിഞ്ഞ റോക്കറ്റ് മൂന്നാലെണ്ണം മൂക്കിലൂടെയും വായിലൂടെയും മറ്റുപലടത്തൂടെയും എങ്ങോട്ടോ പാഞ്ഞുപോയി…… മുന്‍പ് പുച്ചിച്ചു തള്ളിയ അതേ മയില്‍വാഹന (കെ.എസ്.ആര്.ടി.സി) ബസ്സ്ടാന്ന്റിന്റെ സിമിന്റ് ബഞ്ചില്‍ നീണ്ടുനിവര്‍ന്നു കിടന്നു………
പിന്നെപ്പോഴാ വീടുപറ്റിയതെന്നറിയില്ല. അമ്മയുടെയും അപ്പന്റെയും വക പതിവ് പടി കിട്ടേണ്ടത് വാങ്ങി സംതൃപ്തിയോടെ കിടക്കയിലെയ്ക്ക് ചാഞ്ഞു.
ഗുണപാഠം:
- വൈറ്റിലയില്‍ വായിനോക്കി നില്‍ക്കരുത്. വായിലീച്ചകേറും എന്നല്ല വെയിലടി കൊതുകുകടി ഇവ വഴിയേ വരും.
- അങ്ങനെ നിന്നാല്‍ത്തന്നെ ‘കാണുന്ന വണ്ടിക്കെല്ലാം കൈ കാണിക്കരുത്’.
- പട്ടിണി കിടന്നു കിട്ടിയ കാശുകൊണ്ട് സിനിമാ കാണരുത്. അത് ദഹന വ്യവസ്ഥയെ കാര്യമായി ബാധിക്കും. പോരാതെ എട്ടിന്റെ പണി ഒടേതമ്പുരാനായിട്ടു വിളിച്ചു തരും.
- സിവില്‍ എഞ്ചിനീയര്‍മാര്‍ തൊട്ടടുത്ത വീട്ടില്‍ പോലും സൂപ്രവൈസിങ്ങിന് കസവുമുണ്ടും ജുബയുമോ, കല്യാണത്തിനിടുന്ന കൊട്ടോ ഇട്ടു മാത്രമേ പോകാവൂ. പണിക്കാരില്ലാത്ത കാലമാ, വേഷത്തെയെങ്കിലും ബഹുമാനിച്ച് സിമിന്റുചട്ടി തലയില്‍ തരത്തില്ല.
- എന്നെങ്കിലും എതിരെ പാണ്ടിലോറി വരുന്നത്കണ്ടാല് കാറിലായാലും നടന്നായാലും നിര്‍ത്തി, അത് പോയെന്നുറപ്പുവരുത്തി മൂതമൊഴിച്ചു സാവധാനം യാത്ര തുടരുക.
- വട്ടുസോഡാ ആണവ ഇന്ധനമായോ ഏവിയേഷന്‍ ഫുവെല്‍ ആയോ ഉപയോഗിക്കുന്നതാണ്.
129 total views, 1 views today