01

നിങ്ങളില്‍ പലരും കേട്ടൊരു ചൊല്ലുണ്ട്, എല്ലാ മുസ്ലിംകളും തീവ്രവാദികള്‍ അല്ല.. എന്നാല്‍ എല്ലാ തീവ്രവാദികളും മുസ്ലിംകള്‍ ആണെന്ന ചൊല്ല്. എല്ലാ മതങ്ങളിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും ചെറിയൊരു വിഭാഗം തീവ്രവാദത്തെയും അക്രമത്തേയും വര്‍ഗീയ വാദത്തെയും പിന്തുണയ്ക്കുന്നുവെങ്കിലും മുകളില്‍ പറഞ്ഞ ചൊല്ല് മാധ്യമങ്ങള്‍ ജനങ്ങളെ പഠിപ്പിച്ചതാണ്. അതിനു ഏറ്റവും നല്ല ഉദാഹരണമാണ് ഈ വീഡിയോ എന്ന് അത് കണ്ടാല്‍  നിങ്ങള്‍ക്ക് മനസ്സിലാകും. യൂട്യൂബ് സ്റ്റാറുകള്‍ ആയ ആദം സലേഹും ഷെയിഖ് അക്ബറും ആണ് ഈ വൈറല്‍ വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്.

സ്ഥലം ന്യൂ യോര്‍ക്ക്‌ തെരുവ്. അവിടെ ഡ്യൂട്ടിയില്‍ ആയിരുന്ന ഒരു പോലിസ് ഓഫീസറുടെ മുന്‍പിലേക്ക് രണ്ടു പാശ്ചാത്യ വേഷം ധരിച്ച യുവാക്കള്‍ പരസ്പരം തര്‍ക്കിച്ചു കൊണ്ട് കടന്നു വരുന്നു. പരസ്പരം അടിയാകും എന്ന ഘട്ടത്തില്‍ വരെ പോലിസ് ഉദ്യോഗസ്ഥന്‍ താനൊന്നും അറിയില്ലേ രാമ നാരായണ എന്ന തരത്തില്‍ നോക്കി നില്‍ക്കുകയാണ്. അതിനു ശേഷം 20 മിനുട്ട് കഴിഞ്ഞ് ഇതേ യുവാക്കള്‍ തന്നെ അറബ് മുസ്ലിം വേഷം ധരിച്ച് അങ്ങോട്ടേക്ക് കടന്നു വരികയാണ്. തര്‍ക്കം പഴയത് പോലെ തന്നെ. ഇവര്‍ തര്‍ക്കിക്കുമ്പോള്‍ നേരത്തെ അവിടെ ഉണ്ടായിരുന്ന പോലിസ് ഓഫീസര്‍ ഇവരുടെ അടുത്തേക്ക് കടന്നു വരികയാണ്.

ആ ഓഫീസര്‍ ഇവരില്‍ ഒരാളെ ചുമരിലേക്ക് ചേര്‍ത്ത് പിടിച്ചു ആക്രോശിച്ചു കൊണ്ട് അവരുടെ വസ്ത്രം പരിശോധിക്കുകയാണ്. വല്ല ആയുധങ്ങളും ഉണ്ടോ എന്ന് നോക്കുകയാണ് ഉദ്യോഗസ്ഥന്‍. തുടര്‍ന്ന് മറ്റേ യുവാവിനെയും പോലീസുകാരന്‍ ഇതേ പോലെ പരിശോധിക്കുകയാണ്. ആ സമയത്ത് അതിലൂടെ പോയ ഒരു യുവാവ് ഈ പോലീസുകാരനെതിരെ തിരിയുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ പോലീസുകാരന്‍ അയാളുടെ പണി നോക്കി പോകാന്‍ പറയുന്നു.

ആ സമയത്ത് തന്നെ യുവാക്കള്‍ തങ്ങളുടെ ഉദ്യമം വെളിപ്പെടുത്തുകയാണ്. 20 മിനുട്ട് മുന്‍പ് തങ്ങളായിരുന്നു ഇതേ സ്ഥലത്ത് വെച്ചു തര്‍ക്കിച്ചതെന്നും അപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു എന്നും പോലീസുകാരനോട്‌ ചോദിക്കുന്നതോടെ വീഡിയോ അവസാനിക്കുന്നു.

വായനക്കാരെ നിങ്ങള്‍ പറയൂ ? ഒരാളുടെ വേഷം അയാളെ കുറിച്ച് നിങ്ങളില്‍ ഭയമോ വിദ്വേഷമോ ഉണ്ടാക്കാറുണ്ടോ ? എങ്കില്‍ നിങ്ങള്‍ ഉടനെ സ്വയം നന്നവേണ്ടിയിരിക്കുന്നു.

Advertisements
സിനിമ, രാഷ്ട്രീയം എന്നിവ ലഹരിയാക്കിയ കേരളത്തിലെ ഒരു പാവം ബ്ലോഗ്ഗര്‍