മുഹമ്മദ്‌ നബിയുടെ കബര്‍ പൊളിച്ചു മാറ്റുവാന്‍ സൗദി നീക്കമെന്ന് ബ്രിട്ടിഷ് പത്രം !

791

01

മുസ്ലിംകളുടെ രണ്ടാമത്തെ വിശുദ്ധ ദേവാലയമായി കണക്കാക്കപ്പെടുന്ന സൌദിഅറേബ്യയിലെ മദീനയില്‍ സ്ഥിതി ചെയ്യുന്ന മസ്ജിദുന്നബവി പള്ളിയില്‍ സ്ഥിതി ചെയ്യുന്ന പ്രവാചകന്‍ മുഹമ്മദിന്റെ കബറിടം പൊളിച്ചു നീക്കി മറ്റൊരു അജ്ഞാത സ്ഥലത്തേക്ക് മാറ്റുവാന്‍ സൗദി സര്‍ക്കാര്‍ പദ്ധതി ആവിഷ്കരിക്കുന്നതായി യുകെയിലെ ഇന്‍ഡിപെന്‍ഡന്റ് പത്രം റിപ്പോര്‍ട്ട്‌ ചെയ്തു. വാര്‍ത്ത‍ പുറത്ത് വന്നതോടെ സംഭവത്തിന്റെ സത്യാവസ്ഥ അന്വേഷിച്ചു കൊണ്ട് മുസ്‌ലിം ലോകം ഇന്റര്‍നെറ്റില്‍ പരതുകയാണ്.

മസ്ജിദുന്നബവി സൂപ്പര്‍വൈസര്‍മാര്‍ക്കിടയില്‍ കൂടിയാലോചനക്ക് വേണ്ടി ഒരു ഉന്നത പണ്ഡിതന്‍ വിതരണം ചെയ്ത ഡോക്യുമെന്റിലാണ് ഈ വിവരങ്ങള്‍ അടങ്ങിയിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ട്‌. എല്ലാ വര്‍ഷവും ഹജ്ജിന്റെയും ഉംറയുടെയും ഭാഗമായി ലക്ഷക്കണക്കിന്‌ ആളുകളാണ് നബവിയിലെ പച്ച കുബ്ബ പോലെ തോന്നിക്കുന്ന പ്രവാചകന്റെ കബര്‍ സ്ഥിതി ചെയ്യുന്ന സ്ഥലം സന്ദര്‍ശിച്ചു മടങ്ങുന്നത്. പ്രവാചകന്റെ പ്രധാന സഹാചാരികളുടെയും കബറിടം അവിടെയാണ് സ്ഥിതി ചെയ്യുന്നത്.

02

മറ്റൊരു സൗദി പണ്ഡിതന്‍ തന്നെയാണ് തങ്ങള്‍ക്ക് ഈ വിവരങ്ങള്‍ തന്നത് എന്നാണു ഇന്‍ഡിപെന്‍ഡന്റ് പത്രം പറയുന്നത്. സൗദി വിരുദ്ധ ചേരിയില്‍ പെടുന്ന ശിആ വിഭാഗക്കാര്‍  ഇവിടെ പ്രാര്‍ത്ഥന നടത്താറുണ്ട്‌ എന്നത് കൊണ്ടാണത്രെ ഇങ്ങനെ ഒരു കാര്യം ചെയ്യാന്‍ സൗദി തീരുമാനിച്ചിരിക്കുന്നത്.

61 പേജുള്ള ഡോക്യുമെന്റില്‍ പ്രവാചകന്റെ കബറിലെ ശേഷിപ്പുകള്‍ അടുത്തുള്ള അല്‍ ബാഖി കബറിടത്തിലേക്ക് മാറ്റണമെന്നും പറയുന്നുണ്ട്. അവിടെ അജ്ഞാത സ്ഥലത്ത് മറവു ചെയ്യണം എന്നാണ് ഈ ഡോക്യുമെന്റ് ആവശ്യപ്പെടുന്നത്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് സൗദി ഇതുവരെ എന്തെങ്കിലും തീരുമാനം കൈകൊണ്ടിട്ടുള്ളതായി ഡോക്യുമെന്റില്‍ പറയുന്നില്ല. ഇക്കാര്യത്തെ കുറിച്ച് സൗദി മുന്പ് പറഞ്ഞിരുന്നത് വിശുദ്ധ സ്ഥലങ്ങളിലെ എന്തെങ്കിലും മാറ്റങ്ങള്‍ തങ്ങള്‍ അതീവ ശ്രദ്ധയോടെയാണ് നടത്തുകയെന്നാണ്.

03
ജനങ്ങള്‍ പ്രാര്‍ത്ഥന നടത്തുന്നത് തടയുവാനായി കബറിടത്തിന്റെ ഗേറ്റില്‍ നിലയുറപ്പിച്ച സൗദി മതകാര്യ പോലിസ്

ഇന്‍ഡിപെന്‍ഡന്റ് പത്രത്തിന് ഈ വിവരങ്ങള്‍ നല്‍കിയ സൗദി ഇസ്ലാമിക്‌ ഹെരിറ്റേജ് റിസര്‍ച്ച് ഫൌണ്ടേഷന്‍ ഡയറക്ടര്‍ ഷിയാ ബന്ധമുള്ള പണ്ഡിതന്‍ ആണെന്നും അദ്ദേഹം തെറ്റിധാരണ പടര്‍ത്തുന്ന ആരോപണങ്ങള്‍ മുന്‍പും ഉന്നയിച്ചിട്ടുണ്ടെന്നും സൌദിഅറേബ്യയിലെ സലഫി പണ്ഡിതര്‍ ആരോപിച്ചു. ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ട് മേഖലയില്‍ ശിആ – സുന്നി പ്രശ്നങ്ങള്‍ വളര്‍ത്തുവാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.

പ്രവാചകന്റെ കബറിടത്തില്‍ പോയി അദ്ദേഹത്തോട് പ്രാര്‍ത്ഥന നടത്തുന്നതിനെ ബഹുദൈവത്വം അഥവാ ശിര്‍ക്ക് ആയാണ് സൗദി സര്‍ക്കാര്‍ കണക്കാക്കുന്നത്.

ചരിത്ര രേഖകള്‍ പറയുന്നത് പ്രകാരം എട്ടാം നൂറ്റാണ്ടിന് ശേഷം പ്രവാചകന്റെ കബറിടം ആരും കണ്ടിട്ടില്ല. ആ സമയത്ത് തീപിടുത്തം ഉണ്ടായപ്പോള്‍ അവിടം ദൃശ്യമായതല്ലാതെ ഇപ്പോള്‍ മൂന്നു കൂറ്റന്‍ മതിലുകള്‍ ഉയര്‍ത്തി സൗദി സര്‍ക്കാര്‍ പ്രവാചകന്റെ കബറിടത്തെ മറച്ചിരിക്കുകയാണ്.