Narmam
മൂന്നു കോഴിമുട്ടയുടെ കഥ
അയമ്മദ് മുസ്ലിയാര്‍ക്ക് ഇപ്പോള്‍ നല്ല തിരക്കാണ്. മഹല്ലിലും, മഹല്ലിനു പുറത്തും പാതിര വരെ നീളുന്ന വഅളും, ലേലം വിളിയും കാരണം മുസ്ലിയാരുടെ നടുവൊടിഞ്ഞിട്ടുണ്ട്, എന്നാലും പോക്കറ്റ് വീര്‍ത്തിട്ടുണ്ട്, അതാണ് ആകെയുള്ള ഒരു സമാധാനം. എത്ര കിട്ടിയാലും മതി വരാത്ത ഈ ആര്‍ത്തി തന്നെയാണ് ലേലം വിളിക്കാന്‍ എല്ലാവരും അയമ്മദ് മുസ്ലിയാരെ തന്നെ തേടി വരാന്‍ കാരണവും.
146 total views

അയമ്മദ് മുസ്ലിയാര്‍ക്ക് ഇപ്പോള്‍ നല്ല തിരക്കാണ്. മഹല്ലിലും, മഹല്ലിനു പുറത്തും പാതിര വരെ നീളുന്ന വഅളും, ലേലം വിളിയും കാരണം മുസ്ലിയാരുടെ നടുവൊടിഞ്ഞിട്ടുണ്ട്, എന്നാലും പോക്കറ്റ് വീര്‍ത്തിട്ടുണ്ട്, അതാണ് ആകെയുള്ള ഒരു സമാധാനം. എത്ര കിട്ടിയാലും മതി വരാത്ത ഈ ആര്‍ത്തി തന്നെയാണ് ലേലം വിളിക്കാന്‍ എല്ലാവരും അയമ്മദ് മുസ്ലിയാരെ തന്നെ തേടി വരാന്‍ കാരണവും.
റമദാന് വന്നതോടെ മുസ്ലിയാര്‍ക്ക് തിരക്ക് കൂടി, അടുത്ത മഹല്ലുകളിലും വഅളും, ലേലം വിളിയും കൊഴുത്തതോടെ, ഉള്ള സമയം കൊണ്ട് ഓടി നടന്ന് എല്ലാ കമ്മിറ്റിക്കാരെയും തൃപ്തിപ്പെടുത്താനാണ് മുസ്ലിയാരുടെ പരിപാടി. ലേലം വിളിച്ചുകിട്ടുന്നതില് ഒരു ഓഹരി മുസ്ലിയാരുടെ പോക്കറ്റിലേക്കാണ്. അത് കൊണ്ട് തന്നെ ക്ഷണിക്കാന്‍ വരുന്ന ആരെയും അയമ്മദ് മുസ്ലിയാര് മടക്കി അയക്കാറുമില്ല.
റമദാനിലെ ആദ്യ ദിനങ്ങളില്‍ തൊട്ടടുത്ത മഹല്ലിലാണ് മുസ്ലിയാരുടെ പോരിശയാക്കപ്പെട്ട വഅളും, ലേലംവിളിയും നടക്കുന്നത്.. ഇത് കഴിഞ്ഞിട്ട് വേണം മുസ്ലിയാര്‍ക്ക് സ്വന്തം മഹല്ലിലെ വഅളിനു വേണ്ടി പോകാന്‍ . തിരക്കോട് തിരക്ക്…
വഅള് വേഗം നിറുത്തി മുസ്ലിയാര് ലേലം വിളിക്കാന്‍ തുടങ്ങി.. ലേലം വിളിക്കാന്‍ വേണ്ടി നിരത്തി വെച്ച സാധനങ്ങള്‍ ഓരോന്നായി എടുത്തു മുസ്ലിയാര് പേര് വിളിക്കുകയാണ്.. ആദ്യമായി കോഴിമുട്ടയാണ് ലേലത്തിനെടുത്തത്..
‘ഗള്‍ഫില്‍ പോയ ഭര്‍ത്താവ് തിരിച്ചു വരാന്‍ ഒരു സ്ത്രീ ഒരു മുട്ട, മറ്റൊരു സ്ത്രീ മറ്റൊരു മുട്ട..’ മുസ്ലിയാര് ആഞ്ഞു വിളിച്ചു കൊണ്ടിരുന്നു..രണ്ടു കയ്യിലും കൂടി കൂട്ടിപ്പിടിച്ച കോഴിമുട്ടകള്‍ മുസ്ലിയാര് ഉയര്‍ത്തി കാണിക്കാന്‍ തുടങ്ങി..ലേലം വിളി കൊഴുത്തു, ഓരോരുത്തരായി വില പറയുന്തോറും മൂന്നു രൂപ വിലയുള്ള കോഴിമുട്ടക്ക് വെച്ചടി വെച്ചു വില കേറാന്‍ തുടങ്ങി..
‘ഗള്‍ഫില്‍ പോയ ഭര്‍ത്താവ് തിരിച്ചു വരാന്‍ ഒരു സ്ത്രീ ഒരു മുട്ട, മറ്റൊരു സ്ത്രീ മറ്റൊരു മുട്ട..’ മുസ്ല്യാരാണെങ്കില് ഇടയ്ക്കിടെ ഇങ്ങനെ ഉച്ചത്തില്‍ പറയാനും തുടങ്ങിയതോടെ മഹല്ല് വാസിയായ പാത്തുമ്മുവിനു സംശയമായി. ഭര്‍ത്താവ് ഗള്‍ഫില്‍ പോയിട്ട് തിരിച്ചു വരാത്ത രണ്ടേ രണ്ടു പേരെ ഈ മഹല്ലിലുള്ളൂ, നഫീസയും, സൈനഭയും. പാതുമ്മു ആലോചിച്ചെടുത്തു . പത്തിരുപതു കൊല്ലം മുമ്പ് ഗള്‍ഫില്‍ പോയ ഭര്ത്താക്കന്മാരെ തിരിച്ചു കിട്ടാന്‍ വേണ്ടി കോഴിമുട്ട നേര്ച്ചയാക്കിയിരിക്കുന്നു.. !!! ഇത് തന്നെ തക്കം, പാത്തുമ്മുവും കാത്തു നിന്നില്ല..കോന്തലക്കുള്ളില്‍ കെട്ടിപ്പൊതിഞ്ഞു വെച്ച കടലാസും കോഴിമുട്ടയും പാത്തുമ്മു പുറത്തേക്ക് എടുത്തു. നേരെ സ്റ്റേജിനടുത്തേക്ക് നടന്നു.
രണ്ടു കയ്യിലും കോഴിമുട്ട ഉയര്‍ത്തിക്കാട്ടി അമ്പത് രൂപ ഒരു വട്ടം എന്ന് ഉച്ചത്തില്‍ വിളിച്ചു കൊണ്ടിരിക്കുകയാണ് അയമ്മദ് മുസ്ലിയാര് . സ്റ്റേജിനടുത്തെത്തിയ പാത്തുമ്മു കയ്യിലുള്ള കോഴിമുട്ടയും കടലാസും അയമ്മദ് മുസ്ലിയാരുടെ നേര്‍ക്ക് നീട്ടി, ലേലം വിളിയുടെ ആവേശത്തിനിടയില്‍ അയമ്മദ് മുസ്ല്യാര്‍ വേഗം ആ കോഴിമുട്ട കൂടി ഇടത്തേകയ്യില്‍ കൂട്ടി പ്പിടിച്ചു.. എന്നിട്ട് പാതുമ്മു കൊടുത്ത കടലാസിലേക്ക് നോക്കി മുസ്ല്യാര്‍ ഉച്ചത്തില്‍ വായിക്കാന്‍ തുടങ്ങി.. ‘മരിച്ചു പോയ ഭര്‍ത്താവ് തിരിച്ചു വരാന്‍ , പേര് പറയാന്‍ ആഗ്രഹിക്കാത്ത പാത്തുമ്മു ഇതാ ഒരു കോഴിമുട്ട നേര്ച്ചയാക്കിയിരിക്കുന്നു’ …’മരിച്ചു പോയ ഭര്‍ത്താവ് തിരിച്ചു വരാന്‍ , പേര് പറയാന്‍ ആഗ്രഹിക്കാത്ത പാത്തുമ്മു ഇതാ ഒരു കോഴിമുട്ട നേര്ച്ചയാക്കിയിരിക്കുന്നു’ ഇങ്ങനെ രണ്ടു തവണ വായിച്ചിട്ടും മുസ്ല്യാര്‍ക്ക് അമളി മനസ്സിലായിട്ടില്ല, ജനം ഊറിച്ചിരിക്കുന്നുണ്ടെങ്കിലും മുസ്ല്യാരുടെ ശ്രദ്ധ മുഴുവന്‍ കോഴിമുട്ടയിലായിരുന്നു. മൂന്നു കോഴിമുട്ടക്കും കൂടി എണ്പതു രൂപാ വെച്ച് അയമ്മദ് മുസ്ല്യാര്‍ വിളിക്കാന്‍ തുടങ്ങി.. ‘എണ്‍പത് രൂപാ ഒരു വട്ടം…’ ‘എണ്‍പത് രൂപാ ഒരു വട്ടം…’ ലേലം മുന്നോട്ടു പോകുകയാണ്.. ‘ബര്‍കത്താക്കപ്പെട്ട കോഴിമുട്ടയാണ് മക്കളെ….’ എന്നും പറഞ്ഞു കോഴിമുട്ടകളില്‍ മുസ്ല്യാര്‍ മുത്താന്‍ തുടങ്ങിയതോടെ വില കേറാന്‍ തുടങ്ങി..മൂന്നു കോഴിമുട്ടക്കും കൂടി ഇപ്പോള്‍ തൊണ്ണൂറു രൂപയില്‍ എത്തിയിരിക്കുകയാണ്.
ഒരു കയ്യില്‍ ഒന്നും, മറുകയ്യില്‍ രണ്ടും കോഴിമുട്ടകള്‍ ഉയര്‍ത്തിപ്പിടിച്ച് അയമ്മദ് മുസ്ല്യാര്‍ ലേലം നിര്‍ത്താതെ വിളിക്കുകയാണ്.. ഗള്‍ഫില്‍ പോയ ഭര്‍ത്താവും, മരിച്ചു പോയ ഭര്‍ത്താവും ഒക്കെ തിരിച്ചു വരാനുള്ള കോഴിമുട്ടയാണ് മക്കളെ…തൊണ്ണൂറ്റഞ്ച് രൂപ ഒരു വട്ടം..മുസ്ല്യാര്‍ ആഞ്ഞു വിളിച്ചു… ജനത്തിനും ആവേശമായി… മൂന്നു കോഴിമുട്ടക്ക് ഇപ്പോള്‍ തൊണ്ണൂറ്റൊമ്പത് രൂപയില്‍ എത്തിയിരിക്കുകയാണ്.. ഇത് നൂറാക്കിയിട്ടു തന്നെ കാര്യം! അയമ്മദ് മുസ്ല്യാര്‍ കോഴിമുട്ടയില്‍ ആഞ്ഞു പിടിച്ചു കൊണ്ട് പറഞ്ഞു ‘ഇത് ഞാന്‍ നൂറാക്കും, ഇത് ഞാന്‍ നൂറാക്കും!
ലേലം വിളിക്കുമ്പോള്‍ പരിസരം മറക്കുന്ന അയമ്മദ് മുസ്ല്യാര്‍ കോഴിമുട്ടയില്‍ ഒന്ന് കൂടി ആഞ്ഞു പിടിച്ചു…ആര്‍പ്പുവിളികളോടെ ജനം ഒപ്പം കൂടി…മുസ്ല്യാര്‍ക്ക് ഒന്ന് കൂടി ആവേശമായി, ‘ ഇത് ഞാന്‍ നൂറാക്കും’ എന്ന് പറഞ്ഞു തീര്‍ന്നില്ല, അപ്പോഴേക്കും മുസ്ല്യാരുടെ കയ്യിലുള്ള കോഴിമുട്ടകള്‍ ‘ച്ലിം’ എന്ന ശബ്ദത്തോടെ പൊട്ടിയൊലിക്കുന്നുണ്ടായിരുന്നു…കയ്യിലൂടെ ഊര്‍ന്നിറങ്ങുന്ന കോഴിമുട്ടയുടെ അവശിഷ്ടങ്ങളിലേക്ക് നോക്കി മുസ്ല്യാര്‍ നെടുവീര്‍പ്പിടുമ്പോള്‍ നഫീസയും, സൈനബയും, ഒപ്പം പേര് പറയാന്‍ ആഗ്രഹിക്കാത്ത പാത്തുമ്മുവും ന്റെ കോഴിമുട്ടാ…ന്നും പറഞ്ഞു നെഞ്ചത്ത് കൈ വെക്കുന്നുണ്ടായിരുന്നു.. ജനം അപ്പോഴും ഊറിചിരിക്കുകയായിരുന്നു…
147 total views, 1 views today