മൂപ്പിലാന് റീലോഡ്
മുകള്‍ ഭാഗം തുറന്ന ഒരു ചുവന്ന നിറത്തില്‍ ഉള്ള ഒരു കിടിലന്‍ കാര്‍ മലഞ്ചരിവിലൂടെ പാഞ്ഞു വരുന്നു…..അതില്‍ നാലഞ്ചു ചെറുപ്പക്കാര്‍….പെട്ടെന്ന് അതാ ടാറിട്ട റോഡിന്റെ നടുവിലായ് ഒരു കൊച്ചു പെണ്‍കുട്ടി പച്ച നിറത്തില്‍ ഉള്ള ഒരു വലിയ പന്ത് എറിഞ്ഞു കളിക്കുന്നു…..
138 total views

മുകള്‍ ഭാഗം തുറന്ന ഒരു ചുവന്ന നിറത്തില്‍ ഉള്ള ഒരു കിടിലന്‍ കാര്‍ മലഞ്ചരിവിലൂടെ പാഞ്ഞു വരുന്നു…..അതില്‍ നാലഞ്ചു ചെറുപ്പക്കാര്‍….പെട്ടെന്ന് അതാ ടാറിട്ട റോഡിന്റെ നടുവിലായ് ഒരു കൊച്ചു പെണ്‍കുട്ടി പച്ച നിറത്തില്‍ ഉള്ള ഒരു വലിയ പന്ത് എറിഞ്ഞു കളിക്കുന്നു…..
‘ബ്രെക്കെവിടെ…ബ്രെക്കെവിടെ..’ എന്നും പറഞ്ഞു കാലിട്ടടിച്ച െ്രെഡവര്‍ മോന് ഒരു സത്യം മനസ്സിലാക്കുന്നു….ബ്രേക്ക് പോയിട്ട് കാക്ക തൂവല്‍ പോലും ഇല്ല….
ഇനി ഒറ്റ വഴിയെ ഉള്ളു….
ലവന് തന്റെ ‘ആക്ഷന്‍ ഷൂസ്’ ഇട്ട കാലു ടാറിട്ട റോഡില്‍ അമര്‍ത്തി ചവുട്ടി…..
ജയനെയും രജനി അണ്ണനെയും വെല്ലുന്ന സ്ടണ്ട്….
വണ്ടിയുടെ വേഗം കുറഞ്ഞു….ഷൂസ് ഉരഞ്ഞെന്കിലും അത് തേയുന്നില്ല…..അവസാനം കുട്ടിയുടെ തൊട്ടടുത്തായി വണ്ടി നില്കുന്നു…അവള് തിരിഞ്ഞു നോക്കിക്കൊണ്ട് ആ പന്ത് കാറിന്റെ ബോണറ്റില്‍ എറിഞ്ഞു പിടിക്കുന്നു…..എല്ലാരും ആശ്വാസത്തോടെ ആ കുട്ടിയെ പൊക്കി എടുക്കുമ്പോള്‍ പരസ്യം തീരുന്നു…
‘ആക്ഷന്‍ ഷൂസ്…’
========================
എന്നെ പോലെ അക്കാലത്ത് പലരെയും ആകര്‍ഷിച്ച ഒരു പരസ്യം ആണ് മുകളില്‍ പറഞ്ഞത്….
അന്ന് ടീവിയിലും സിനിമയിലും ഒക്കെ കാണുന്നത് ജീവിതത്തില്‍ പകര്‍ത്തുന്ന ഒരു വല്ലഭന് ആരുന്നല്ലോ ഞാനും..(മോനാരാ……യേത്….)
😉
അങ്ങനെ ഞാനും അജ്മലും ആ പരസ്യവും ജീവിതത്തില്‍ പരീക്ഷിക്കാന്‍ ഉള്ള തയ്യാറെടുപ്പ് തുടങ്ങി…
പരസ്യത്തിലുള്ള എല്ലാ ഐടംസും കിട്ടില്ല…..എന്നാലും അതിനു തുല്യമായി കൊക്കില്‍ ഒതുങ്ങാവുന്ന സാധനങ്ങളുമായി ഞങ്ങള്‍ ചക്ക വേരില്‍ കായിപ്പിക്കാന്‍ തുടങ്ങി…..
മുകള്‍ ഭാഗം തുറന്ന…ചുവന്ന നിറമുള്ള ഓപ്പണ്‍ ബോഡി കാര്‍ കിട്ടില്ല..
അതിനു പകരം…അതുമായി ഒരുകാര്യത്തില്‍ മാത്രം സാമ്യം ഉള്ള (ഓപ്പണ്‍ ബോഡി) നീല നിറത്തിലെ ബീ.എസ്.ഏ. സൈക്കിള്‍…..
വെളുപ്പില്‍ ചുവന്ന ഡിസൈന്‍ ഉള്ള കിടിലന്‍ ആക്ഷന്‍ ഷൂസിന് പകരം…..വെളുപ്പില്‍ നീല വള്ളി ഉള്ള പാരഗന്‍ സ്ലിപ്പര്‍…..
മലഞ്ചരിവിലെ ടാറിട്ട റോഡിനു പകരം മലമൂത്രതാല് വര്‍ണാഭമായ ഒരു ഇട റോഡ്……
സോറി..ഒരു കാര്യം മറന്നു……….റോഡില്‍ ടാറില്ല…
റോഡിനു നടുവില്‍ പച്ച നിറത്തില്‍ ഉള്ള പന്തുമായി കളിക്കുന്ന കുട്ടിക്ക് പകരം പച്ചില തിന്നു നടക്കുന്ന കുറെ ആടും..പച്ച തെറികള്‍ കൊണ്ട് സമ്പന്നമായ ഒരു മതിലും….
സിറ്റുവേഷന് ക്രിയെട്ടട്….
പിന്നെ..ബ്രേക്കിന്റെ കാര്യം…
ഡോള്‍ബി കമ്പനിയുമായി ഒരു ടൈ അപ്പില്‍ മോഡിഫിക്കേഷന് ചെയ്തെടുത്ത സൈക്കിള്‍ ആയത് കൊണ്ട് ബെല്‍ ഒഴികെ എല്ലാത്തിനും നല്ല സൗണ്ട് ആരുന്നു…ചെയിനും പെടലും ഒക്കെ കൂടി സംയോജിച്ചുള്ള ആ ശബ്ദ സൌകുമാര്യത്തില്‍ ബെല്ലിന്റെ ‘കിണി കിണിം..’ സൌണ്ടിനു വല്ലാര്‍പാടം ടെര്‍മിനല്‍ ഉത്ഘാടനതിനു പോയ മുഖ്യന്റെ അവസ്ഥയെക്കാള്‍ കഷ്ടമാരുന്നു…
അങ്ങനെ ഞങ്ങള്‍ മുകളില്‍ പറഞ്ഞ പരസ്യം ജീവിതത്തില്‍ പകര്‍ത്തി പോന്നു….സ്പീഡില്‍ പോകുകയും നിര്‍ത്തണ്ട ടെസ്ടിനെഷന്‍ മുന്‍പേ പാരഗന്‍ ഇട്ട കാലു നിലത്ത് ചവുട്ടി അതിന്റെ ഗ്രിപ്പില്‍ വണ്ടി നിര്‍ത്തുകയും പരസ്പരം തോളില്‍ തട്ടി അഭിനന്ദിക്കുകയും ചെയ്തു പോന്നു….
അങ്ങനിരിക്കെ ഒരിക്കല്‍…,പരിചയമില്ലാത്ത വഴികളില്‍ ഒക്കെ ഞങ്ങള്‍ ഈ പരീക്ഷണം നടത്തി സസുഖം വാഴവേ….ഞങ്ങള്‍ ഒരു മത്സരം വച്ചു…..
വണ്ടിയുടെ കണ്ടീഷന്‍ നോക്കിയപ്പോള്‍ ..കിടിലന്‍…
അജ്മലിന്റെ ബ്രേക്കിന്റെ കേബിള്‍ ..ഒന്നോ രണ്ടോ നാരിന്റെ ബലത്തില്‍ ആണ് നില്കുന്നത്..ഏതാണ്ട് ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥ……പിന്നെ ചെരുപ്പു ആണെങ്കില്‍ തേഞ്ഞു തേഞ്ഞു പെന്‍സിലിന്റെ മുന ചെത്താവുന്ന അത്ര മൂര്‍ച്ച ആയി…
അങ്ങനെ ഞങ്ങള്‍ പുതിയ ഒരു വഴിയില്‍ മത്സരം തുടങ്ങി…
കുറെ അധികം വളവുകള്‍ ഉള്ള ഒരു ലെയിന്‍…..
ലവന് വച്ചലക്കി….മര്യാദക്ക് പതുക്കെ പോകുവാണെങ്കില്‍ രണ്ടു സൈക്കിളിന് പാരലല്‍ ആയി പോകാന്‍ പറ്റും..പക്ഷെ സ്പീഡില്‍ ആയത് കൊണ്ട് ചിലപ്പോ കൊരുക്കാന്‍ സാധ്യത ഉണ്ട് എന്ന് ഉള്ളത് കൊണ്ട് ഞാന്‍ ഒരു ഗ്യാപ് കിട്ടിയിട്ട് ഓവര്‍ ടെക് ചെയ്യാം എന്ന് കരുതി അവന്റെ പുറകെ വച്ചു പിടിച്ചു….
ഒരു വളവു വളഞ്ഞതും…
‘അള്ളോ!!!!!! ശൂ…..മാറ് …….അമ്മാവാ……എന്റെളിയാ……ബ്രേക്ക് പൊട്ടിയെടാ……’
പിന്നെ കുറച്ചു മെറ്റല്‍ ഉരയുന്ന സൌണ്ടും കുറെ കമ്പുകള്‍ ഒടിയുന്ന ഒച്ചയും കേട്ട്….ഞാന്‍ വളവു തിരിഞ്ഞതും…ഒരു തേഞ്ഞു തീരാറായ അപ്പൂപ്പന് പുള്ളിയെക്കാള്‍ പ്രായമുള്ള ഒരു സൈക്കിളുമായി താഴെ കിടക്കുന്നു…
ലവനെ കാണുന്നില്ല….
ഞാന്‍ സൈടിലോട്ടു നോക്കിയപ്പോള്‍ വേലി ഒക്കെ പൊളിച്ചു അവനും സൈക്കിളും ആരുടെയോ പറമ്പില്‍ കിടക്കുന്നു….അവന്റെ ചെരുപ്പ് ,വള്ളി പൊട്ടിയ നിലയില്‍ അപകടം നടന്ന സ്ഥലത്തിനും ഒരു മൂന്ന്! അടി അകലത്തില്‍ കിടക്കുന്നു…
ഞാന്‍ ലവനെ പൊക്കി എടുത്തു….
സൈക്കിള്‍ നോക്കിയപ്പോള്‍ ടയര്‍ നേരെയും ഹാന്‍ഡില്‍ ഇടത്തോട്ടും ആയി ഒരുമാതിരി നടുവിന് അടി കിട്ടിയ പട്ടിയുടെ ശേയ്പ്പില് …….
അത് നേരെ ആക്കുന്നതിന് മുന്നേ ലവന് അപ്പൂപ്പനോട് ബഹളം വച്ചു കൊണ്ട് ചെന്നു…
‘വിളിച്ചു കൂവിയത് കേട്ടില്ലേ കൂവേ….വല്ലതും പറ്റിയിരുന്നെങ്കിലോ…(ഇനി എന്തോന്ന് പറ്റാന്‍)..’
ഇത് ഞങ്ങടെ ഒരു സ്ഥിരം നമ്പര്‍ ആരുന്നു…നമ്മള് തെറ്റ് ചെയ്താലും അങ്ങോട്ടങ്ങു ചൂടാവുക….അപ്പോള്‍ അവരുടെ ദേഷ്യം ചിലപ്പോള്‍ (മാത്രം) ഒതുങ്ങും…
സൈക്കിള്‍ നേരെ ആക്കി ഞാന്‍ അപ്പൂപ്പന്റെ സ്ഥിതി അറിയാനായ് ചെന്ന്..
നോക്കിയപ്പോള്‍ സൈക്കിളിന്റെ മട്ഗാടും ബോടിയുമായി ലവലേശം ബന്ധമില്ല..ഒന്ന് രണ്ടു കമ്പികള്‍ പൊട്ടിയിട്ടുമുണ്ട്….അപ്പോള്‍ പണി നമുക്ക് ആവും…
ഞാന്‍ ഉടനെ പ്ലെയിറ്റ് മാറ്റി…..
പാവമായ്….
‘അമ്മാവാ..എണീക്ക്….’
ഞാന്‍ മര്യാദ ആയത് കണ്ട ഉടനെ ലവനും മനസ്സിലായ് ..ഞങ്ങക്ക് പണി കിട്ടാനുള്ള വകുപ്പ് ഉണ്ട്..അത് കൊണ്ട് മര്യാദ ആയെ പറ്റുകയുള്ളൂ….
ഞാന്‍ പറഞ്ഞു:’ഡേയ്..നീ അമ്മാവനെ ഒന്ന് നോക്കിക്കേ..ഞാന്‍ സൈക്കിള്‍ എടുത്തു വെക്കാം..’
അവനു മനസ്സിലായി..അപ്പൊ അമ്മാവനല്ല…സൈക്കിളിന് സാരമായി എന്തോ പറ്റി…
ഞാന്‍ അമ്മാവന്റെ സൈക്കിള്‍ മൊത്തമായ് പൊക്കി എടുത്തു…മട്ഗാര്ഡ് ഇളകി വീഴാതെ മതിലില്‍ ചാരി വെച്ച്….
ലവന് അമ്മാവനെ എഴുന്നെപ്പിച്ചിട്ടു ലങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നടത്തിച്ചു….
ഉഷാറായ ഉടനെ മാമന് സംഭാഷണം തുടങ്ങി…
..#@#$$#…എന്ത് വരവാടാ #@@@…നേ….ആര്‍ക്കു വായുഗുളിക @#@#@ പോകുവാടാ..##$$@@@@…
സര്‍വ സാധാരണമായ വാക്കുകള്‍….,ഞങ്ങള്‍ക്ക് പുതുമ ഒന്നും തോന്നിയില്ല….ഞാന്‍ എന്റെ സൈക്കിളില്‍ കയറി….ലവന്റെ പൊട്ടിയ ചെരുപ്പും എടുത്തു…അവനും സൈക്കിളില്‍ കയറി….
‘സോറി അമ്മാവാ….’ എന്ന് ഒരു ഡയലോഗും വിട്ടിട്ട് ഒരു വിടീല് വിട്ടു….കുറച്ചു ചെന്നതും നേരത്തെ കേട്ടതിലും മുഴുത്ത ഒരെണ്ണം അമ്മാവന്റെ സ്വന്തം ശബ്ദത്തില്‍ തന്നെ ഹൈ വോളിയത്തില്‍ കേട്ടു….
സൈക്കിള്‍ എടുത്തപ്പോള്‍ മട്ഗാര്ഡ് ഇളകി വീണതിന്റെ റിയാക്ഷന് ആവണം…ഞാന്‍ ഊഹിച്ചു…
ലവന് ചോദിച്ചു..:’ഡേയ്..എന്താ പറ്റിയത്…നീ ഡീസന്റാവുന്ന കണ്ടപ്പോളേ മനസ്സിലായ് എന്തോ കുരുക്കുണ്ടെന്നു…’
ഞാന്‍ പറഞ്ഞു:’ഡാ നമ്മളെക്കാള്‍ കോഞ്ഞാട്ട ആയത് അമ്മാവന്റെ സൈക്കിളാ..നീ ആ കമ്പി പൊട്ടിയതോന്നും കണ്ടില്ലേ..’
ലവന്:’ ആ ….ഇതൊക്കെ ആര് നോക്കുന്നു..’
ഞങ്ങള്‍ വീട്ടിലെത്തി….ആരുമറിയാതെ ലവന്റെ ദേഹത്തെ പാച് വര്‍ക്ക് ഒക്കെ നടത്തി…
അങ്ങനെ ആഴ്ചകള്‍ കടന്നു പോയി….
ഞങ്ങള്‍ പുതിയ ഒരു കളി കണ്ടു പിടിച്ചു…..നല്ല ദൂരത്തു നിന്ന് പന്ത് എറിഞ്ഞു പിടിക്കുക….അവന് എറിയുന്ന പന്ത് എന്നെ കടന്നു പോയാല്‍ അവനു പോയിന്റ് ….
അതിനു ആളൊഴിഞ്ഞ ഒരു റോഡ് കണ്ടു പിടിച്ചു….
ഞങ്ങടെ സ്കൂളിന്റെ പടിഞ്ഞാറ് ഉള്ള റോഡു…അവന് റോഡിന്റെ (ഇംഗ്ലീഷിലെ ‘ടി’ ശേയിപ്പുള്ള ) അറ്റത്തു നില്കുന്നു….ഞാന്‍ കുറെ വടക്കോട്ട് മാറിയും നില്കുന്നു….എന്റെ സൈക്കിള്‍ എന്റടുതും…ലവന്റെ സൈക്കിള്‍ അവന്റെ അടുത്തും ….
കുറെ നേരം കളിച്ചു…ഇടയ്ക്ക് വല്ലപ്പോളും ഒരു സൈക്കിളോ സ്കൂട്ടറോ വന്നാല്‍ ഞങ്ങള്‍ ഏറു നിര്‍ത്തും..അത് പോകുമ്പോ പിന്നെയും തുടങ്ങും…
അങ്ങനെ..കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു സൈക്കിള്‍ ബെല്‍ കേട്ടു ഞാന്‍ ഏറു നിര്‍ത്തി….
നോക്കിയപ്പോ അതാ വരുന്നു….കുറച്ചു നാള് മുന്നേ അജ്മലുമായി കൂട്ടി ഇടിച്ചു മണ്ണ് പരിശോധന നടത്തിയ ജഗജില്ലി…സെയിം സ്പെസിമന്‍…അതേ അമ്മാവന്…ഒരു മാറ്റവുമില്ലാതെ..റീലോഡഡ്….
ഞാന്‍ അങ്ങേര്‍ക്കു മുഖം കൊടുക്കാതെ ഒരു മൂളിപ്പാട്ട് പാടി തിരിഞ്ഞു നിന്നു…അങ്ങേര് എന്നെ കടന്നു പോയി….
ഉടനെ ഞാന്‍ ലവന് സിഗ്നല്‍ കൊടുത്തു…
‘അളിയാ…..നോക്കളിയാ…..’
ലവനും തിരിഞ്ഞു നിന്നു…(ആളെ മനസ്സിലായ് എന്ന് സാരം)
അമ്മാവന് അവനെ കടന്നതും അജ്മല്‍ കൂവി:’എറിയെടെയ്…’
ഞാന്‍ സകല ഊക്കോടും കൂടി ഒരു ഏറു എറിഞ്ഞു…
എന്റെ ഉന്നത്തിന്റെ ഗുണമോ അതോ അമ്മാവന്റെ ബെസ്റ്റ് ടയ്മോ….പന്ത് ഏതായാലും അമ്മാവന്റെ മുതുക് ലക്ഷ്യമാക്കി പാഞ്ഞു…
ഞാന്‍ കൂവി:’അളിയാ പിടി അളിയാ…കൈ വിട്ടു പോയെടെയ്..പണി പാളി…’
‘…ബ്ധോം…’
അമ്മാവന്റെ മുതുകില്‍ തന്നെ പന്ത് ക്രാഷ് ലാന്‍ഡ് നടത്തി….സൈമല്ടെനിയസ്ലീ ഞാന്‍ എന്റെ സൈക്കിളും എടുത്തു..ഒരു കൂവലും കൂവി..:’വിട്ടോ അളിയാ….’
തിരിഞ്ഞു നോക്കാതെ ഞാന്‍ സൈക്കിളില്‍ വടക്കോട്ട് വിട്ടു…ഇടയ്ക്കു നോക്കിയപ്പോള്‍ അജ്മല്‍ സൈക്കിളും കൊണ്ട് ഓടുന്നു….അമ്മാവന്റെ സൈക്കിള്‍ നിലത്ത് കിടക്കുന്നു…ഞാന്‍ നിര്‍ത്തി നോക്കി….അവന് സൈക്കിളില്‍ ചാടി കയറി…വളവു തിരിഞ്ഞു പടിഞ്ഞാട്ടോട്ടു വിടുന്നു…അമ്മാവന് പുറകെ ഓടുന്നു…നല്ല ആമ്പിയര്‍ ഉള്ള അമ്മാവന്…
അവര്‍ രണ്ടു പേരും മറഞ്ഞതും ഞാന്‍ ഓര്‍ത്തു…’ഓടിപ്പോയ് അമ്മാവന്റെ സൈക്കിള്‍ പൂട്ടി താക്കോല്‍ എടുത്തു എറിഞ്ഞാലോ ..അയാള്‍ പുറകെ വന്നു പിടിക്കാതിരിക്കാന്‍……..അല്ലെങ്കില്‍ വേണ്ട..പൂട്ടുന്ന സമയം അങ്ങേരു തിരിച്ചു വന്നാല്‍ പണിയാവും…
ഞാന്‍ നേരെ വച്ചു വിട്ടു…പടിഞ്ഞാട്ടോട്ടു പോയ സ്ഥിതിക്ക് അവന് ബീച്ചില്‍ കാണും….ഞാന്‍ ഡച് സ്ക്വയര്‍ വഴി ബീച്ചിലേക്ക് വിട്ടു…..അവനെ എങ്ങും കാണുന്നില്ല…അവസാനം റസ്റ്റ് ഹൌസിന്റെ അടുത്ത് എത്തിയപ്പോള്‍ അവനെ കണ്ടു…മാടക്കടയില്‍ നിന്നും ഒരു ഉപ്പിട്ട സോഡയും കുടിച്ചു കൊണ്ട് സൈക്കിളുല്പ്പെടെ മതിലില്‍ ചാരി ലവന് നില്കുന്നു…
ഞാന്‍ അവന്റെ അടുത്തെത്തി…
‘ഡേയ് എന്തായ്..അങ്ങേരു നിന്നെ പിടിച്ചോ….’
അവന്:’ എന്തോ ഏറാഡാ നീ എറിഞ്ഞേ….ഹീ ഹീ…നീ ആ സൗണ്ട് കേട്ടാരുന്നോ?’
ഞാന്‍:’കേട്ടു..ശരിക്കും കൊണ്ടോടെയ്……,,ഛെ…പുതിയ പന്താരുന്നു….അതിന്റെ മണം പോലും പോയില്ല…’
അവന്:’ ഹ…നീ എന്താ കരുതിയെ….പന്ത് ഞാന്‍ എടുത്തെടെയ്…’
അവന് ക്യാരിയറില്‍ വച്ചിരുന്ന പന്ത് എടുത്തു കാണിച്ചു ..’
ഞാന്‍:’എടേ..നീ അതിനിടയില്‍ എങ്ങനെ എടുത്തു..’
അവന്:’ അയാടെ പുറത്തു കൊണ്ട് പന്ത് തെറിച്ചു വന്നത് എന്റടുത്തെക്കാ…അത് എടുക്കാന്‍ താമസിച്ചത് കൊണ്ടാ ഞാന്‍ സൈക്കിളും ഉരുട്ടി ഓടിയത്…ഭാഗ്യത്തിന് അങ്ങേരു ചെളിയില്‍ കൈ കുത്തി വീണു..ആ ഗ്യാപ്പില്‍ എല്ലാം നടന്നു…പക്ഷെ എന്നിട്ടും അങ്ങേരു എഴുന്നേറ്റു ഓടുമെന്ന് ഞാന്‍ കരുതിയില്ല…നല്ല ആരോഗ്യമാടാ..’
ഞാന്‍:’ആരോഗ്യമാരിക്കില്ലെടാ…ദേഷ്യം വന്നാല്‍ ആര്‍ക്കും അങ്ങനെ തോന്നില്ലേ..ഇതിപ്പോ രണ്ടാമത്തെ പ്രാവശ്യമല്ലേ…’
അവന്:’അല്ലേടാ ആരോഗ്യമുണ്ട്…അത് ഉറപ്പാ…എനിക്കറിയാം…’
ഞാന്‍:’ഉം…’
അവന്:’ഡാ..ഒരു സംശയം ചോദിക്കട്ടെ…’
ഞാന്‍:’ഉം…എന്താടെയ്..’
അവന്:’ ഈ ഉടുപ്പില്‍ ചെളി പറ്റിയാല്‍ പോകാന്‍ എന്ത് ചെയ്യണം…’
ഞാന്‍:’ സോപ്പ് പൊടിയില്‍ മുക്കി വെച്ചാ മതിയാരിക്കും..എന്താടാ..അയാള്‍ ചെളി വല്ലതും എടുത്തു എറിഞ്ഞോ..’
അവന്:’എറിഞ്ഞോന്നുമില്ല…സൈക്കിളില്‍ കയറുന്നതിനു മുന്നേ ഒന്ന് താങ്ങി..മിസ്സാവുമെന്നു കരുതിയതാ…പക്ഷെ കൊണ്ടെടെയ്.’
ഞാന്‍ ഉടുപ്പിന്റെ പുറകില്‍ നോക്കിയപ്പോള്‍ അഞ്ചു വിരലുകളും കൃത്യമായി പതിഞ്ഞിരിക്കുന്നു…..
മൂപ്പിലാന് നല്ല ആരോഗ്യം ഉണ്ടെന്നു അവന് പറഞ്ഞതിന്റെ മാനദണ്ഡം എനിക്ക് മനസ്സിലായി….
അവന് പറഞ്ഞു….:’ഇനി കുറച്ചു കാലം നമുക്ക് ഏരിയ ഒന്ന് മാറ്റണം..അയാള്‍ എവിടുന്നാ വരുന്നതെന്ന് പറയാന്‍ പറ്റില്ല….’
അങ്ങനെ കുറച്ചു കാലം മര്യാദ ഉള്ള കുഞ്ഞാടുകള്‍ ആയി ഞങ്ങള്‍ കുറച്ചു കാലം ജീവിച്ചു
139 total views, 1 views today
