Malayalam Cinema
മൂവി റിവ്യൂ – “മുന്നറിയിപ്പ്” പറയാതെ പറയുന്നത്…

ഗോള്‍ഡ് കോയിന് മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ മമ്മൂട്ടിയെയും അപര്‍ണ്ണ ഗോപിനാഥിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വേണു സംവിധാനം ചെയ്ത ചിത്രം ആണ് ‘മുന്നറിയിപ്പ്’.വേണുവിന്റെ തന്നെ കഥയ്ക്ക് തിരക്കഥ എഴുതിയത് ഉണ്ണി.ആര് ആണ്.എഡിറ്റിംഗ് ബീനാ പോള്‍. ചായാഗ്രഹണം വേണു തന്നെ ആണ് നിര്‍വഹിച്ചിരിക്കുന്നത്. സംഗീതം ബിജിബാലും.
കഥാസംഗ്രഹം…
അഞ്ജലി അറക്കല്‍ എന്ന ഫ്രീലാന്‍സ് പത്രപ്രവര്‍ത്തക രാമമൂര്‍ത്തി എന്ന പോലീസുകാരന്റെ ആത്മകഥയുടെ ഗോസ്റ്റ് റൈറ്റര്‍ ആകാമെന്ന് ഏല്ക്കുന്നു. അതിന്റെ ഡീറ്റയില്‍സ് സ്വരൂപിക്കാനായി ജയിലില്‍ എത്തുന്ന അഞ്ജലി സി.കെ രാഘവന് എന്ന തടവ്പുള്ളിയെ പരിചയപ്പെടുന്നു.
കാലാവധി കഴിഞ്ഞിട്ടും പുറത്തിറങ്ങാന്‍ ശ്രമിക്കാത്ത രാഘവനെ പറ്റി കൂടുതല്‍ അറിയുന്ന അഞ്ജലി അയാളുമായി സൌഹൃദം സ്ഥാപിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്
ചില നിരീക്ഷണങ്ങള്‍…
സിനിമള്‍ രണ്ടു വിധം ഉണ്ടെന്നു പറയാം. ഒന്ന് പ്രേക്ഷകനോട് അടുത്ത് നിന്ന് കൊണ്ട് കാര്യങ്ങള്‍ വളരെ ലളിതമായി പറയുന്നവ. രണ്ട് – പ്രേക്ഷക ബുദ്ധിയെ പരീക്ഷിക്കുന്നവ. സിനിമയില്‍ ഉടനീളം ഇന്‍ഫര്‍മേഷന്‍ വളരെ പരിമിതം ആയിരിക്കും. ഈ പരിമിതമായ ഇന്ഫോര്മേഷനിലൂടെ ആണ് ചിത്രം പ്രേക്ഷകനുമായി സംവദിക്കുന്നത്. ആദ്യം സൂചിപ്പിച്ച തരം ചിത്രത്തിലേയ്ക്ക് പ്രേക്ഷകന് വളരെ എളുപ്പം ലയിച്ചു ചേരും.എന്നാല്‍ രണ്ടാമത് പറഞ്ഞ തരം ചിത്രങ്ങള്‍ പ്രേക്ഷകനെ സിനിമയിലേയ്ക്ക് ഇറങ്ങി വരാന്‍ നിര്‍ബന്ധിതരാക്കുന്നു.’ മുന്നറിയിപ്പ്’ ഈ രണ്ടാമത് പറഞ്ഞ കൂട്ടത്തില്‍ പെടുന്ന ചിത്രം ആണ്. അത് കൊണ്ട് തന്നെ ആണ് ചിത്രം കാണുന്ന പ്രേക്ഷകന് ചിത്രത്തിലെ ഓരോ ഷോട്ടും ഓരോ സംഭാഷണവും വീണ്ടും അപഗ്രഥിക്കേണ്ടി വരുന്നത്,അല്ലെങ്കില്‍ പ്രേക്ഷകനെ കൊണ്ട് സംവിധായകന് അങ്ങനെ ചെയ്യിപ്പിക്കുന്നു. അവിടെ ആണ് ഈ ചിത്രത്തിന്റെ വിജയം.
ഒരുദാഹരണം പറയാം. ചിത്രത്തിന്റെ ആദ്യ സീന്‍ ഓര്‍ക്കുക- കാറിലെ ഡാഷ്ബോര്‍ഡില്‍ ഇരിക്കുന്ന ഫോണ്‍ ആണ് ഓപ്പണിംഗ് ഷോട്ട്. മുന്നിലൂടെ മിന്നി മറയുന്ന വഴിയോര കാഴ്ചകള്‍ ഡീഫോകസ്ട് ആണ്. അഞ്ജലിയുടെ ലൈഫിനെ കുറിച്ചുള്ള നയം ആണ് സൂചിപ്പിക്കുന്നത്. ‘ലിവ് ഇന്‍ ദി പ്രെസന്റ്. ഐ നെവെര്‍ കെയര്‍ എബൌട്ട് ദി ഫ്യൂച്ചര്‍’ എന്നൊരു മനസ്ഥിതി. ഫോണ്‍ റിംഗ് ചെയ്യുമ്പോള്‍ അഞ്ജലി കാള്‍ അറ്റന്‍ഡ് ചെയ്യുന്നു.’ഡ്രൈവ് ചെയ്യുക ആണേല്‍ പിന്നെ വിളിക്കാം’ എന്ന് പറയുന്ന സുഹൃത്തിനോട് ഒന്നും സംഭവിക്കില്ല എന്ന മട്ടില്‍ മറുപടി കൊടുക്കുന്നു. കുറച്ച് നിമിഷങ്ങള്‍ക്ക് അകം ഡ്രൈവ് ചെയ്യുമ്പോള്‍ മൊബൈല്‍ യൂസ് ചെയ്തതിനു പോലീസ് അവരില്‍ നിന്നും പിഴ ഈടാക്കുന്നു. തീര്‍ത്തും അനാവശ്യം എന്ന് തോന്നാവുന്ന ഒരു രംഗം ആണിത്. എന്നാല്‍ തിരക്കഥാകൃത്ത് ഇവിടെ ബുദ്ധിപരമായി അഞ്ജലിയുടെ കഥാപാത്രത്തെ പ്രേക്ഷകന് പരിചയപ്പെടുത്തുന്നു അഥവാ അവരുടെ ക്യാരക്ടര്‍ എസ്ടാബ്ലിഷ് ചെയ്യുന്നു. എസ്.ഐ ആയുള്ള സംഭാഷണങ്ങളും അതിനിടയില്‍ രണ്‍ജി പണിക്കരുമായുള്ള ഫോണ്‍ സംഭാഷണവും ഒക്കെ ഇതിനായി ഉപയോഗിക്കുന്നു.
ശേഷം അടുത്ത സീനിലെയ്ക്കുള്ള ട്രാന്സിഷന് വളരെ സിമ്പിള്‍ ആയ ഒരു കട്ട് ആണ്. അതും ഒരു ലോങ്ങ് ഷോട്ട്-ചന്ദ്രാജിയുടെ പാര്‍ട്ടി മുഖ്യധാര മലയാള സിനിമയോട് ഈ ചിത്രം എത്ര മാത്രം പുറം തിരിഞ്ഞു നില്ക്കുന്നു എന്നതിന്റെ പ്രഥമോദാഹരണം. സാധാരണ ഒരു മലയാള സിനിമയില്‍ ഇങ്ങനെ ഒരു പാര്‍ട്ടി ഒരു ക്രെയിന്‍ ഷോട്ടിലോ ഭക്ഷണ സാധനങ്ങളുടെ ഒരു വൈബ്രന്റ് എക്സ്ട്രീം ക്ലോസ് അപ്പിലോ ആയിരിക്കും ഓപ്പണ്‍ ചെയ്യുന്നത്. എന്നാലിവിടെ അതില്‍ നിന്നെല്ലാം വിഭിന്നമായി വളരെ ലളിതമായ ഒരു കട്ട്. മുഖ്യ കഥാപാത്രമായ രാഘവനെ ആദ്യമായി കാണിക്കുന്ന ഷോട്ടിലും ഉണ്ട് പ്രത്യേകത. രണ്ടോ മൂന്നോ സെക്കന്‍ഡ് മാത്രം നീണ്ടു നില്ക്കുന്ന ഒരു ലോങ്ങ് ഷോട്ട്. അതും അഞ്ജലിയുടെ നോട്ടത്തില്‍ (പി.ഒ.വി).
തിരക്കഥാ രചനയിലും പ്രേക്ഷകരെ മിസ് ലീഡ് ചെയ്യുന്ന അല്ലെങ്കില്‍ കബളിപ്പിക്കുന്ന ഒരു പാട് കാര്യങ്ങളുണ്ട്. അത് സാങ്കേതികത്വത്തിലുമുണ്ട് എന്നതാണ് രസകരം. അഞ്ജലിയുടെ പോയിന്റ് ഓഫ് വ്യൂവിലൂടെ വികസിക്കുന്ന കഥ പിന്നീട് ഒരു റിയല്‍ ടൈം നരേഷനിലെയ്ക്ക് മാറുന്നു. കൃത്യമായി പറഞ്ഞാല്‍ അവരുടെ ജയിലില്‍ വെച്ചുള്ള കൂടികാഴ്ചയ്ക്ക് ശേഷം.
രാഘവന്റെ ഭൂതകാലം വിവരിച്ചില്ല എന്നൊരു പരാതി കുറച്ചു പേരിലെങ്കിലും ഉണ്ടായിരിക്കാം.എന്നാല്‍ ഇവിടെ ആണ് രചയിതാവിന്റെ ക്രാഫ്റ്റ്മാന്‍ഷിപ്പ് വ്യക്തമാകുന്നത്. രാഘവന്റെ ഭൂതകാലത്തെ പറ്റി പറയാതെ പറയുന്നുണ്ട് ഇതില്‍ പലയിടത്തും. സൂക്ഷമായി പരിശോധിച്ചാല്‍ അയാളെ പറ്റിയുള്ള വ്യക്തമായ ചിത്രം ഇതിലൂടെ ലഭിക്കും. പക്ഷെ അത് പ്രേക്ഷകന്റെ കാഴ്ചപ്പാടിനെ ആശ്രയിച്ചിരിക്കും എന്നതാണ് പ്രത്യേകത. ചിത്രം ചര്‍ച്ച ചെയ്യുന്നതും വ്യത്യസ്തമായ കാഴ്ചപ്പാടുകളുടെ സംഘര്‍ഷം തന്നെ ആണ്. കൂടുതല്‍ ഫോക്കസ് ചെയ്യുന്നത് രാഘവന്റെ സ്വാതന്ത്ര്യം എന്നതിനെ കുറിച്ചുള്ള ദര്‍ശനം ആണെന്ന് മാത്രം.
ഇരുപത് കൊല്ലം ജയില്‍ മുറിയില്‍ കിടന്നിട്ടും അയാള്‍ക്ക് പാരതന്ത്ര്യം അനുഭവപ്പെടുന്നില്ല. ആ ജീവിതത്തെ അയാള്‍ ആസ്വദിച്ചു. അഴികള്‍ക്കിടയിലൂടെ കാണുന്ന നിലാവ് അയാള്‍ക്ക് ഏറെ പ്രിയപ്പെടതായിരുന്നു. പുറത്ത് കാവല്‍ നില്ക്കുന്ന പോലീസുകാര്‍ അയാള്‍ക്ക് ഒരു ബാദ്ധ്യതയേ അല്ലായിരുന്നു. കാരണം അവര്‍ ആരും തന്നെ അയാളുടെ സ്വകാര്യതയെയോ വ്യക്തി സ്വാതന്ത്ര്യത്തെയോ ഖണ്ഡിക്കുന്നില്ല. (ബാര്‍ സീനില്‍ അയാള്‍ സ്വാതന്ത്ര്യത്തെ കുറിച്ച് പറഞ്ഞത് ഓര്‍ക്കുക). അത് കൊണ്ടാകാം ഒരു കുടുസ്സു മുറിയില്‍ അയാളെ കൊണ്ട് പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ താമസിപ്പിച്ചിട്ടും അയാള്‍ ആദ്യമൊക്കെ ആ ജീവിതത്തെ ഇഷ്ടപ്പെട്ടത്. (രാത്രിയിലത്തെ ഭക്ഷണം നല്കിയപ്പോള് അയാള്‍ ജയില്‍ ജീവിതവുമായി അതിനെ താരതമ്യം ചെയ്തത് ഓര്‍ക്കുക)
ചിത്രം കണ്ടിറങ്ങുമ്പോള്‍ ഒരു തരം തരിപ്പാണ് ഭൂരിഭാഗം പ്രേക്ഷകര്‍ക്കും അനുഭവപ്പെടുക. അത് ക്ലൈമാക്സ് എന്തെന്ന് നേരത്തെ കണക്ക് കൂട്ടിയവര്ക്കും അല്ലാത്തവര്‍ക്കും സമാനമാണ്. ക്ലൈമാക്സ് എന്താകും എന്ന സൂചന പലയിടത്തായി രാഘവന്റെ സംഭാഷണങ്ങളിലൂടെയും ഭാവങ്ങളിലൂടെയും സംവിധായകന് നല്‍കുന്നുണ്ട്. രാഘവന്റെ അവസാന ഭാഗത്തെ പല സംഭാഷങ്ങള്‍ക്കും ഒരു ആന്തരാര്‍ത്ഥം ഒളിഞ്ഞിരിപ്പുണ്ട്. ക്ലൈമാക്സ് പ്രവചിച്ചവര്‍ക്ക് ആ മുന്നറിയിപ്പുകള്‍ എന്തെന്ന് മനസ്സിലാക്കുവാന്‍ സാധിച്ചു. അല്ലാത്തവര്‍ അഞ്ജലിയോടൊപ്പം ആണ് സിനിമയില്‍ സഞ്ചരിച്ചത്.
‘ക്യൂബയില്‍ ആയാലും കുടുംബത്ത് ആയാലും വിപ്ലവം നടന്നാല്‍ ചോര വീഴും!’
751 total views, 8 views today