മൂവി റിവ്യൂ – സപ്‌തമശ്രീ തസ്‌കരാ:..

0
1067

ഓഗസ്റ്റ്‌ സിനിമാസിന്‍റെ ബാനറില്‍ പ്രിത്വിരാജ്, ഷാജി നടേശന്‍, സന്തോഷ്‌ ശിവന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിച്ച്‌ അനില്‍ രാധാകൃഷ്ണ മേനോന്‍ എഴുതി സംവിധാനം ചെയ്യ്ത ചിത്രമാണ് ‘സപ്‌തമശ്രീ തസ്‌കരാ:’. പ്രിത്വിരാജ്, ആസിഫ് അലി, നെടുമുടിവേണു, സനുഷ, റീനു മാത്യൂസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി അണിനിരക്കുന്നു.

ഒറ്റനോട്ടത്തില്‍

‘ഐശ്വര്യം ഉള്ള ഏഴു കള്ളന്മാര്‍’ എന്നാണത്രേ ചിത്രത്തിന്‍റെ പേരിന്‍റെ അര്‍ഥം. ടൈറ്റിലിന്‍റെ അടിയില്‍ അര്‍ഥം എഴുതി വെയ്ച്ചത് നന്നായി. ഇല്ലായിരുന്നെങ്കില്‍ അര്‍ഥം ആലോചിച്ചു പ്രേക്ഷകര്‍ കുഴങ്ങിയേനെ. മലയാള സിനിമയുടെ പേരുകള്‍ മലയാളത്തില്‍ തന്നെ വേണമെന്ന് വാശി പിടിക്കുന്നവരുടെ കരണത്ത് അടിക്കുന്നത് പോലെ ആണ് ഈ സംസ്കൃത നാമകരണം.

പേര് സൂചിപ്പിക്കുന്നത് പോലെ ഏഴു കള്ളന്മാരുടെ കഥ തന്നെ ആണ് ഈ ചിത്രം. നവയുഗ മലയാള ചിത്രങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ഏഴു കള്ളന്മാരുടെയും പശ്ചാത്തലം വിശദമായി തന്നെ ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. ഈ ഏഴു തടവ്‌പുള്ളികള്‍ കൂടി ഒരുമിച്ചു ഒരു മോഷണ പദ്ധതി തയ്യാറാക്കുന്നു.തുടര്‍ന്ന് അവര്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും പ്രതിബന്ധങ്ങളും ചിത്രത്തെ മുന്നോട്ട് നയിക്കുന്നു.

ഒഴിവാക്കാനാകാത്ത സ്ഥിരം ചേരുവകള്‍

ഈ ”ഹീസ്റ്റ്” ജെനറില്‍ പെടുന്ന ചിത്രങ്ങള്‍ക്ക് ഉള്ള ചില സ്ഥിരം ചേരുവകള്‍ ഉണ്ട്. അല്ലെങ്കില്‍ ഇത്തരം ചിത്രങ്ങള്‍ അണിയിച്ചു ഒരുക്കുമ്പോള്‍ പിന്നണി പ്രവര്‍ത്തകര്‍ അറിഞ്ഞോ അറിയാതെയോ പിന്തുടരുന്ന ചില കീഴ്വഴക്കങ്ങള്‍. അവ ഈ ചിത്രത്തിലും പതിവ് തെറ്റാതെ പാലിക്കപ്പെടുന്നുണ്ട്.

വ്യത്യസ്ത കഴിവുകളുള്ള ഏഴു പേര്‍ ഒരുമിക്കുന്നു. അതില്‍ സ്വാഭാവികം ആയും ഒരാള്‍ ഒരു ഇലക്ട്രോണിക്സ് / കമ്പ്യൂട്ടര്‍ ഭീകരന്‍ ആയിരിക്കും എന്നത് പ്രത്യേകം എടുത്ത് പറയേണ്ടല്ലോ! അവരെല്ലാവരും ചേര്‍ന്ന് ഒരു തയ്യാറാക്കുന്ന ഒരു പ്ലാന്‍. തുടര്‍ന്ന് അതിന്‍റെ എക്സിക്യൂഷന്‍. പിന്നീട് ക്ലൈമാക്സ് ട്വിസ്റ്റും രക്ഷപ്പെടലും. ഹോളിവുഡ് ഹീസ്റ്റ് ചിത്രങ്ങള്‍ വര്‍ഷങ്ങളായി വിജയകരമായി പരീക്ഷിച്ചു വിജയിച്ച ഈ ഒരു പാറ്റെണ്‍ (ടീമിംഗ്,പ്ലാനിംഗ് + എക്സിക്യൂഷന്‍,എസ്കേപ്പ്) തന്നെ ആണ് ഈ ചിത്രം. ടീമിങ്ങിനും കാരക്ടര്‍ ബില്‍ട് അപ്പിനും ഒന്നാം പകുതി മുഴുവന്‍ മാറ്റി വെയ്ച്ചപ്പോള്‍ മര്‍മ്മ പ്രധാനമായ രണ്ടാമത്തെ ആക്റ്റ് സംവിധായകന്‍ ഉഴപ്പി കളഞ്ഞു. ഫലമോ ചിത്രത്തില്‍ ഉടനീളം തുടരുന്ന അവ്യക്തത പ്രേക്ഷകനെ സാരമായി ബാധിക്കുന്നുണ്ട്.

ഓഷ്യന്‍സ് ഇലവന്‍, ദി ഇറ്റാലിയന്‍ ജോബ്‌ തുടങ്ങിയ ചിത്രങ്ങള്‍ കണ്ടിട്ടില്ലാത്തവര്‍ക്ക് ഇതിലെ പ്ലാനിങ്ങും റോബറിയും ഒക്കെ കണ്ടാല്‍ ഒരു പക്ഷെ ത്രില്‍ അടിച്ചേക്കാം. വളരെ സിമ്പിള്‍ ആയ പ്ലാനും അതിലും സിമ്പിള്‍ ആയ എക്സിക്യൂഷനും ഒരു അവിശ്വസനീയത സൃഷ്ടിക്കുന്നുണ്ട്. ഉദാഹരണത്തിന് കാഴ്ചയില്‍ പൊട്ടി പൊളിഞ്ഞിരിക്കുന്ന ആശുപത്രി സെന്‍ട്രലൈസ്ട് AC ആണത്രേ.

സിനിമ മുന്നോട്ട് പോകുമ്പോള്‍ ഓരോ നിമിഷവും പ്രേക്ഷകര്‍ ഒരു ചെറിയൊരു വഴിത്തിരിവ് പലയിടത്തും പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ രചയിതാവിന് തന്റെ കഥാപാത്രങ്ങളോടുള്ള അമിത ലാളന കാരണം ആകാം ഒരു തരത്തിലുള്ള പ്രതിബന്ധങ്ങളും അവര്‍ നേരിടുന്നില്ല. ‘മോഷണം അത്ര എളുപ്പമുള്ള പണി അല്ല’ എന്ന ചെമ്പന്‍ വിനോദിന്‍റെ കഥാപാത്രം പറയുന്ന തത്വത്തെ പല്ലിളിച്ചു കാട്ടി കൊണ്ട് ചിത്രം മുന്നേറുന്നു. ഒടുക്കം ഹീസ്റ്റ് ത്രില്ലേര്‍സിന് ഒഴിച്ച് കൂട്ടാന്‍ ആകാത്ത സര്‍പ്രൈസ് എലിമെന്‍റ് ആയി സംവിധായകന്‍ കരുതി വെയ്ച്ചത് ഒരു ശരാശരി പ്രേക്ഷകന് നേരത്തെ ഊഹിക്കാന്‍ ആകുന്നതാണ്.

അമിതം ആകുന്ന ലാളിത്യം

അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ എന്ന സംവിധായകന്‍റെ പ്രത്യേകത അദ്ദേഹം മേക്കിങ്ങില്‍ പുലര്‍ത്തുന്ന ലാളിത്യം ആണ്. ആവശ്യമില്ലാത്ത കട്ട്സ് വളരെ വിരളം ആണ് അദ്ദേഹത്തിന്റെ രണ്ടു സിനിമകളിലും (ആദ്യത്തേത് നോര്‍ത്ത് 24 കാതം). വളരെ ബുദ്ധിപൂര്‍വമായ എന്നാല്‍ അതെ സമയം നിശിതമായ അര്‍ഥങ്ങള്‍ ഒളിപ്പിച്ചു വെയ്ക്കുന്ന ഷോട്ട് ഡിവിഷന്‍! എന്നാല്‍ ഈ ലാളിത്യം അദ്ദേഹം തിരക്കഥാ രചനയിലും വെയ്ച്ചു പുലര്‍ത്തിയത് ആണ് ഈ ചിത്രത്തില്‍ അദ്ദേഹത്തിനു പറ്റിയ കൈഅബദ്ധം. എന്നാല്‍ കഥാപാത്രങ്ങളുടെ പശ്ചാത്തലം വിശദീകരിച്ചു പ്രേക്ഷകരുമായി ഒരു മാനസികമായ അടുപ്പം രൂപപ്പെടുത്താനുള്ള ശ്രമം വിജയിച്ചു.പലപ്പോഴും അവയ്ക്ക് പ്രേക്ഷകനെ ചിരിപ്പിക്കാന്‍ കഴിയുന്നുമുണ്ട്.

ഒട്ടും ജീവനില്ലാത്ത ഫ്രെയിമുകള്‍ ചിത്രത്തിന്‍റെ മറ്റൊരു ന്യൂനയായി തോന്നി. മനോജ്‌ കന്നോതിന്‍റെ എഡിറ്റിംഗ് നിലവാരം പുലര്‍ത്തി. റെക്സ് വിജയന്‍ സംഗീതം നല്‍കിയ ഗാനങ്ങള്‍ ചിത്രത്തിന്‍റെ സന്ദര്‍ഭവുമായി ഇണങ്ങുന്നതായിരുന്നു. സുഷിന്‍റെ പശ്ചാത്തല സംഗീതവും മികച്ച നിലവാരം പുലര്‍ത്തി.പതിഞ്ഞ താളത്തില്‍ പാളി പോയേക്കാവുന്ന പല സീനുകള്‍ക്കും ജീവനേകിയത് സുഷിന്‍റെ ബി.ജി.എം തന്നെ ആണ് എന്ന് നിസ്സംശയം പറയാം.

പ്രിത്വിരാജ്, ആസിഫ് അലി, നെടുമുടി വേണു എന്നീ നടന്മാരെ വെല്ലുവിളിക്കാന്‍ മാത്രം മെച്ചം ഒന്നും അവര്‍ ചെയ്ത വേഷങ്ങള്‍ക്ക് ഇല്ലായിരുന്നു. ചെമ്പന്‍ വിനോദും, സുധീര്‍ കരമനയും, നീരജ് മാധവും തങ്ങളുടെ വേഷങ്ങള്‍ ഗംഭീരമാക്കി.

ചുരുക്കത്തില്‍

ഹോളിവുഡ് ഹീസ്റ്റ് ത്രില്ലെര്‍സ് കണ്ടു ശീലിച്ചവര്‍ക്ക് ഇതു ചിലപ്പോള്‍ ഇഷ്ടപ്പെട്ടേക്കില്ല. എങ്കിലും ഓണക്കാലത്ത് റിലീസ് ആയ മറ്റു ചവരുകലുമായി തട്ടിച്ചു നോക്കുമ്പോള്‍ ‘സപ്‌തമശ്രീ തസ്‌കരാ:’ എന്ന ഈ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ ചിത്രം ഏറെ മെച്ചം ആണ്…. ശരാശരിയിലും മുകളില്‍ നില്‍ക്കുന്ന സിനിമ!

വാല്‍

പോസ്റ്റ്‌ ക്രെഡിറ്റ്‌സ് സീന്‍ കൊണ്ട് സംവിധായകന്‍ ഉദ്ദേശിച്ചത് എന്താ?