animal_vision2
“മൃഗങ്ങള്‍ക്ക് നിറങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുമോ?” ഈ ചോദ്യത്തിന് ഉത്തരം അറിയാമോ? ഒരുപക്ഷെ, വളരെയധികം അബദ്ധധാരണകള്‍ പലരും വച്ചുപുലര്‍ത്തുന്ന ഒരു മേഖലയാവും ഇത്. എന്നാല്‍, ഈ ചോദ്യത്തിന് വളരെ കൃത്യമായ ഉത്തരം ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. മൃഗങ്ങള്‍ക്കും നിറങ്ങള്‍ തിരിച്ചറിയുവാന്‍ കഴിയും. അപ്പോള്‍ അടുത്ത ചോദ്യം എത്തുകയായി. മനുഷ്യര്‍ കാണുന്നത് പോലെ നിറങ്ങള്‍ കാണാന്‍ മൃഗങ്ങള്‍ക്ക് പറ്റുമോ? അതൊരു ഒന്നൊന്നര ചോദ്യമാണ് അല്ലേ? മരിച്ചുകഴിയുമ്പോള്‍ നമ്മുക്ക് എന്ത് വികാരമാണ് അനുഭവപ്പെടുക എന്നതുപോലെയുള്ള ഒരു മണ്ടന്‍ ചോദ്യം എന്ന് തോന്നുമെങ്കിലും അതിനുമുണ്ട് കൃത്യമായ ഉത്തരം ശാസ്ത്രഞ്ജന്‍മാര്‍ക്ക്. മൃഗങ്ങളുടെ കാഴ്ചശക്തിയെക്കുറിച്ച് നമ്മുക്ക് പൊതുവേയുള്ള ചില അബദ്ധധാരണകളും അവയുടെ ശരിയായ വിശദീകരണങ്ങളും നമ്മുക്ക് കാണാം.

മൃഗങ്ങള്‍ക്ക് കറുപ്പും വെളുപ്പും മാത്രമേ കാണാന്‍ സാധിക്കൂ.

തെറ്റ്. എങ്ങനെയാണ് അത് തെറ്റാകുന്നത് എന്നറിയണമെങ്കില്‍ എങ്ങനെയാണ് നമ്മുക്ക് നിറങ്ങള്‍ തിരിച്ചറിയുവാന്‍ കഴിയുന്നത് എന്ന് മനസിലാക്കണം. നാം കാണുന്ന നിറങ്ങള്‍ എല്ലാം ചുവപ്പ്, പച്ച, നീല എന്നീ അടിസ്ഥാന നിറങ്ങളുടെ സംയുക്തങ്ങള്‍ ആണെന്ന് അറിയാമല്ലോ. ഈ മൂന്നു നിറങ്ങളെയും തിരിച്ചറിയുവാന്‍ കഴിയുള്ള കോണ്‍ ഫോട്ടോറിസപ്‌റ്റേഴ്‌സ് നമ്മുടെ കണ്ണില്‍ ഉള്ളതുകൊണ്ടാണ് എല്ലാ നിറങ്ങളും നമ്മുക്ക് കാണാന്‍ കഴിയുന്നത്. പൂച്ച, പട്ടി മുതലായ മൃഗങ്ങള്‍ക്ക് ഇവയില്‍ നീല,പച്ച എന്നീ നിറങ്ങള്‍ മാത്രമേ തിരിച്ചറിയുവാന്‍ കഴിയൂ. മറ്റ് മൃഗങ്ങളില്‍ ഏതൊക്കെകോണ്‍ ഫോട്ടോറിസപ്‌റ്റേഴ്‌സ് ഉണ്ടെന്നതിനെ ആശ്രയിച്ചായിരിക്കും അവയ്ക്ക് വ്യത്യസ്ത നിറങ്ങള്‍ തിരിച്ചറിയാന്‍ ആവുക.

പൂച്ചയ്ക്കും പട്ടിക്കും കൂരിരുട്ടിലും കാഴ്ചശക്തിയുണ്ട്

മനുഷ്യന്‍റെ കാഴ്ചയും പൂച്ചയുടെ കാഴ്ചയും;  കടപ്പാട് : ബിസിനസ്ഇന്‍സൈഡര്‍

തെറ്റ്. ഇവയ്ക്കു മനുഷ്യരേക്കാള്‍ കാഴ്ചശക്തി ഇരുട്ടില്‍ ഉണ്ടാവും എന്നത് സത്യമാണ്. കാരണം, ഇര തേടാന്‍ ഇവയ്ക്കു രാത്രി കാഴ്ചശക്തി അനിവാര്യമാണ്. പൂച്ചയ്ക്ക് വിശേഷിച്ചും കൂടുതല്‍ കാഴ്ചശക്തി ഉണ്ട്. മനുഷ്യര്‍ക്ക് കാണാന്‍ ആവശ്യമായ വെളിച്ചത്തിന്റെ 15 ശതമാനം മാത്രം മതി ഇവയ്ക്ക്. എന്നാല്‍ പൂര്‍ണമായും ഇരുട്ടായാല്‍ ഏത് പൂച്ചയും കുഴങ്ങിപ്പോകും. വെളിച്ചമില്ലാതെ കാഴ്ചയില്ല എന്ന് പണ്ട് പഠിച്ചത് ഓര്‍ത്താല്‍ മാത്രം മതി!

ഇതൊക്കെയാണെങ്കിലും നിറങ്ങള്‍ ഒന്നും കാണാന്‍ കഴിയാത്ത ഒരു ജീവി ഉണ്ട് കേട്ടോ. സ്‌കേറ്റ് എന്ന മീന്‍ ആണ് ആ ഹതഭാഗ്യവാന്‍. കോണ്‍ ഫോട്ടോറിസപ്‌റ്റേഴ്‌സ് ഇല്ലാത്തതാണ് ഇവയുടെ പ്രശ്‌നം. കാഴ്ചയില്‍ തിരണ്ടിയെപ്പോലെ ഇരിക്കുമെങ്കിലും ഇവര്‍ക്ക് തമ്മില്‍ കാഴ്ചയില്‍ മാത്രമേ സാമ്യം ഉള്ളൂ എന്നതാണ് സത്യം.

Advertisements