മെസ്സിയുടെ 86 ഗോളുകളും ഒറ്റ വീഡിയോയില്‍ കാണൂ

266

എഫ് സി ബാഴ്‌സലോണയുടെ ഗോളടി വീരന്‍ ലയണല്‍ മെസ്സി എന്ന അര്‍ജന്റീനിയന്‍ സോക്കര്‍ താരം ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 85 ഗോളെന്ന ജര്‍മ്മന്‍ ഇതിഹാസം ഗേര്‍ഡ് മുള്ളറുടെ റെക്കോര്‍ഡ് തകര്‍ത്ത് തന്റെ പേരില്‍ കുറിച്ച 86 ഗോളുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ നമ്മളിന്നലെ വായിച്ചു കാണുമല്ലോ. റയല്‍ ബെറ്റിസിനെതിരായ മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയതോടെയാണ് അര്‍ജന്റീനന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ മെസ്സി 40 വര്‍ഷം പഴക്കമുള്ള മുള്ളറുടെ റെക്കോര്‍ഡ് പഴങ്കഥയാക്കിയത്. 66 മത്സരങ്ങളില്‍ നിന്നാണ് മെസ്സി 86 ഗോള്‍ നേടിയത്.

മെസ്സി ഈ കലണ്ടര്‍ വര്‍ഷം നേടിയ 86 ഗോളുകളും ഓരോന്നായി ഒറ്റ വീഡിയോയില്‍ കാണാന്‍ കഴിഞ്ഞാല്‍ എന്തായിരിക്കും മെസ്സി ആരാധകരുടെ അവസ്ഥ. അത്തരം ഒരു വീഡിയോ ആണ് നമ്മളിവിടെ കാണിക്കുന്നത്. മെസ്സി ഈ കലണ്ടര്‍ വര്‍ഷം നേടിയ 86 ഗോളുകളും ഈ വീഡിയോയില്‍ കാണാം.

ബെറ്റിസിനെതിരായ മത്സരത്തിന്റെ പതിനാറാം മിനിറ്റില്‍ തന്നെ മെസ്സി 85 ഗോളെന്ന മുള്ളറുടെ റെക്കോര്‍ഡിനൊപ്പമെത്തി. അഡ്രിയാനോയില്‍ നിന്നും ലഭിച്ച പാസ് മെസ്സി ഇടങ്കാലന്‍ ഷോട്ടിലൂടെ വലയിലെത്തിക്കുകയായിരുന്നു. ഇരുപത്തഞ്ചുകാരനായ മെസ്സിയുടെ ചരിത്ര ഗോള്‍ പിറക്കുന്നത് ഇരുപത്തിയഞ്ചാം മിനിറ്റിലാണ്. ആന്ദ്ര ഇനിയെസ്റ്റയാണ് മെസ്സിക്ക് ഗോളടിക്കാനുള്ള അവസരം സൃഷ്ടിച്ചത്. മറ്റൊരു ഇടങ്കാലന്‍ ഷോട്ടിലൂടെ മെസ്സി ഗോളടിച്ചപ്പോള്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള റെക്കോര്‍ഡാണ് വഴിമാറിയത്.

കഴിഞ്ഞ ലാലിഗ സീസണില്‍ മെസ്സി 50 ഗോള്‍ നേടിയിരുന്നു. ബാഴ്‌സലോണയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന ബഹുമതിയും മെസ്സിക്ക് സ്വന്തമാണ്. ബാഴ്‌സലോണയ്ക്കായി 1940-50 കാലഘട്ടില്‍ സീസര്‍ റോഡ്രിഗസ് നേടിയ 232 ഗോളെന്ന റെക്കോര്‍ഡായിരുന്നു മെസ്സി തകര്‍ത്തത്. ചാമ്പ്യന്‍സ് ലീഗിലെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളെന്ന റെക്കോര്‍ഡും മെസ്സിയുടെ പേരിലാണ്.

ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന് പരിഗണിക്കുന്ന അവസാന മൂന്നംഗ പട്ടികയില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പിക്കുന്നതും മെസ്സിക്കാണ്. ഈ വര്‍ഷം ഇതുവരെ ബാഴ്‌സലോണയ്ക്കായി 74 ഗോളുകളും അര്‍ജന്റീനയ്ക്കായി 12 ഗോളുകളുമാണ് മെസ്സി നേടിയത്.