മേതിൽ ദേവികയുടെ ‘സർപ്പ തത്വം’

559

മേതിൽ ദേവികയുടെ ‘സർപ്പ തത്വം’ എന്ന കോറിയോഗ്രാഫിയുടെ ഡോക്യുമെൻറേഷൻ മോഹിനിയാട്ടത്തിന്റെ വളർച്ചയുടെ പാതയ്ക്ക് വീതിയും നീളവും കൂട്ടും. ഈ ഡോക്യുമെന്ററിയുടെ കേരളത്തിലെ ആദ്യ പ്രദർശനമായിരുന്നു ഇന്ന് തിരുവനന്തപുരം ഗണേശം ബ്ലാക്ക്ബോക്സ് തിയേറ്ററിൽ നടന്നത്. ആഴത്തിലുള്ള അന്വേഷണവും ഗവേഷണത്തിൽ ഉഷ്ണിക്കുന്ന മസ്തിഷ്ക്കവും ദേവികയ്ക്കുണ്ടെന്ന് ഇതിനു മുമ്പും തെളിയിച്ചിട്ടുണ്ട്. ഇതര ക്ലാസിക് കലാരൂപങ്ങളെ അപേക്ഷിച്ച് വളരാനുള്ള ഇടം തീരെ കുറവായ മോഹിനിയാട്ടത്തിന്റെ വളർച്ചക്ക് ഇതുപോലുള്ള വിപ്ലവാത്മക സമീപനങ്ങൾ കരുത്തേകും.മോഹിനിയാട്ടത്തിന് ഉലഞ്ഞുയരാനുള്ള നവനിലകൾ ഇത്തരം സമീപനങ്ങൾ വിഭാവനം ചെയ്യും. അതു തന്നെയായിരിക്കും ഈ കലാരൂപത്തിനുള്ള പുഷ്പാഞ്ജലിയും.
പൊതുവേ വിഗ്രഹാരാധനക്കും ജാതീയതക്കുമെതിരായ സിദ്ധരിൽ, പതിനൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം പാതിയിൽ ജീവിച്ചെന്നു കരുതുന്ന പാണ്ഡ്യരാജ്യത്തിലെ കെങ്കേമനായിരുന്ന പാമ്പാട്ടി സിദ്ധന്റ 129 പാട്ടുകളും തുടങ്ങുന്നത് ആടുപാമ്പേ എന്നാണ്. പുതിയ കോറിയോഗ്രാഫിക്കായി ദേവിക തെരഞ്ഞെടുത്ത പാമ്പാട്ടിസിദ്ധന്റ ഗാനം സർപ്പ തത്വമെന്ന ചിന്തക്ക് ഏറ്റവും അനുയോജ്യം തന്നെ. പ്രത്യേകിച്ച് സർപ്പാരാധന പ്രബലമായ കേരളത്തിൽ വളർന്നു തിടം വയ്ക്കുന്ന മോഹിനിയാട്ടാവിഷ്ക്കാരത്തിന്.
പാമ്പാട്ടി സിദ്ധൻ യോഗാചാര്യനും ഫിലോസഫിയും മെറ്റാഫിസിക്കൽ തലങ്ങളും തന്റെ പാട്ടുകളിലും ജീവിതചര്യകളിലും ആലേഖനം ചെയ്തയാളുമായിരുന്നു.നാഗം വെറുമൊരുനാഗമല്ല മറിച്ച് ധിഷണയുടെ പരമ പ്രകാശമായ കുണ്ഡലിനിയാണെന്നുമുള്ള പാമ്പാട്ടി സിദ്ധന്റെ ഫിലോസഫിക്കൽ വാദത്തെ ദേവിക മോഹിനിയാട്ടത്തിലേക്ക് പരാവർത്തനം ചെയ്തു എന്നത് ചെറിയ കാര്യമല്ല. ഇത്തരം സംരഭങ്ങൾക്കേ ഈ കലാരുപത്തിന്റെ പരിണാമത്തിൽ പങ്കെടുക്കാനാവൂ. വൃത്തിയുള്ള അംഗചലനങ്ങളിൽ നടന നിയമങ്ങളും ജന്തുശാസ്ത്ര നിയമങ്ങളും യഥോചിതം സ്വാംശീകരിക്കപ്പെട്ടു. ഗവേഷണത്തിന്റേയും നിരീക്ഷണ പാടവത്തിന്റേയും കല ഒരു പോലെ സമ്മേളിച്ച നൃത്തവേദി. കോറിയോഗ്രാഫിയിലെ നവസുഗന്ധമെന്നതു പോൽ തന്നെ പാട്ടിലെ ചിട്ട വഴികളും ആഹാര്യത്തിലെ അനുചിത ഗാംഭീര്യവും പ്രേക്ഷകനെ നർത്തകിയോടടുപ്പിക്കും. ഡോക്യുമെന്റേഷനും നടനത്തെ അലോസരപ്പെടുത്താതെ കാവ്യാത്മകമായി.
മലയാള കവിതയുടെ അർത്ഥമറിയാതെ കോപ്രായങ്ങൾ കാണിച്ച് കോറിയോഗ്രാഫിയെന്ന നിലയിൽ അവതരിപ്പിക്കുന്ന നർത്തകിമാരും ചാവേറുകളേയും ക്വട്ടേഷൻ ടീമുകളേയും ഒപ്പം കൊണ്ടു നടക്കുന്ന മോഹിനിയാട്ട നർത്തകിമാർക്കും കണ്ടു പഠിക്കാൻ മേതിൽ ദേവികയിതാ പുതിയൊരു വാതിൽ തുറന്നിടുന്നു. എത്രയും പെട്ടെന്ന് സൗജന്യ പഠനത്തിന് ടിക്കറ്റെടുക്കാവുന്നതാണ്
Vinod Mankara

Previous article ഒരു രോഗത്തിന്റെ കഥ
Next articleഉർവത്ത് ബിൻ സുബൈറിന്റെ കൊട്ടാരം.
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.