‘മേരാ ബേട്ടാ ഗലത് കാംനഹീ കരേഗ’: ഫഖീര്‍ സാബ് – കഥ
ഇവിടുന്നു ശ്രീകാകുളം പോയി അവിടെനിന്നു ബംഗ്ലൂര് വഴി നാട്ടിലേക്ക് പോവാന്‍ കയ്യിലുണ്ടായിരുന്ന ബാഗ് എടുത്ത് സിമന്റു ബെഞ്ചില്‍ വെച്ച് അതിലേക്ക് തല ചായിക്കാന്‍ ഒരുങ്ങുമ്പോഴാണ് ആ ശബ്ദം കേട്ടത്.
”മേരാ ബേട്ടാ ഗലത് കാംനഹീ കരേഗ ”(എന്റെ മകന് തെറ്റായിട്ടൊന്നും ചെയ്യില്ല )
196 total views

ഭൂമിയെ വിറപ്പിച്ച് ഒരു തീവണ്ടി കൂടി പാഞ്ഞു പോയി, ഫ്ലാറ്റ് ഫോമിലെ അണഞ്ഞും കത്തിയും ഇരുന്ന ഒരുവിളക്ക് നിശ്ചലമായി, വിളക്കിനു ചുറ്റും പൊതിഞ്ഞിരുന്ന ഈയാം പാറ്റകള്‍ അടുത്തതിലേക്ക് കൂട്ടത്തോടെ പറന്നു, ആറര മണി കഴിഞ്ഞതേയുള്ളൂ ഇരുട്ടിത്തുടങ്ങിയിരിക്കുന്നു. ദൂരെ നിന്നെവിടെയോ അമ്പലത്തിലെ കീര്‍ത്തനം കേള്‍ക്കാം. ഫ്ലാറ്റ് ഫോമിലൂടെ ആളുകള്‍ ധൃതിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു നീങ്ങുന്നുണ്ട് .റെയില്‍വേ യിലെ മുഷിപ്പിക്കുന്ന ഗന്ധം കാറ്റിലലിഞ്ഞു വീശുന്നു,
ഇനിയുമുണ്ട് ഒരുപാട് സമയം തീവണ്ടിക്ക്, ആന്ദ്രയിലെ പാര്‍വ്വതിപുരം റെയില്‍വേ സ്റ്റേഷന് ആണ് സ്ഥലം. ഇവിടുന്നു ശ്രീകാകുളം പോയി അവിടെനിന്നു ബംഗ്ലൂര് വഴി നാട്ടിലേക്ക് പോവാന്‍ കയ്യിലുണ്ടായിരുന്ന ബാഗ് എടുത്ത് സിമന്റു ബെഞ്ചില്‍ വെച്ച് അതിലേക്ക് തല ചായിക്കാന്‍ ഒരുങ്ങുമ്പോഴാണ് ആ ശബ്ദം കേട്ടത്.
”മേരാ ബേട്ടാ ഗലത് കാംനഹീ കരേഗ ”(എന്റെ മകന് തെറ്റായിട്ടൊന്നും ചെയ്യില്ല )
ഞാന്‍ ചെവി കൂര്പിച്ചു. പിന്നെയും അതേ വാക്കുകള്‍ !!!
ഒന്നു പകച്ചു, ഒരു നിമിഷംചിന്തകള് വര്‍ഷങ്ങള്‍ക്ക് പിന്നിലേക്കോടി, കിതപ്പുകള്‍ നിലവിളികള്‍ പൊടിപടലങ്ങള്‍, ഇരമ്പുന്ന പോലീസ് വാഹനങ്ങള്‍ അതിനിടയില്‍ തേങ്ങലിനൊപ്പം അലിഞ്ഞു ചിലമ്പിച്ച ആ വാക്കുകള്‍
‘സാബ് മേരാബേട്ടാ നഹീ കരേഗ അയിസ കാം’ ( എന്റെ മകന് അങ്ങനെയൊന്നും ചെയ്യില്ല സാര്‍ )
ഒരു കുതിപ്പിന് ആ ശബ്ദത്തിന് അരികിലെത്തി. ഒരു വയോധികന്..!!.
കയ്യിലെ തസ്ബീഹ് മാല , തലയില്‍ മുഷിഞ്ഞ തലപ്പാവ് , നെറ്റിയില്‍ നിസ്കാര തഴമ്പ് , നീട്ടി വളര്‍ത്തിയ നരച്ചതാടി, തോളില്‍ ഒരു തുണി സഞ്ചി , കറുത്ത് നരച്ച വേഷം. അത് അയാള്‍ തന്നെ ! ഫഖീര്‍ സാബ് എന്ന് വിളിക്കുന്ന ”നിസാംഅലി ഫഖീര്‍ ‘
വര്‍ഷങ്ങള്‍ക്കു ശേഷം ഇവിടെ പിന്നെയും എന്റെ മുന്നില്‍. ഒരുപാട് മാറ്റമുണ്ട് , അന്നത്തെ ആരോഗ്യമൊന്നുമില്ല , ആകെ മുഷിഞ്ഞ കോലം. ചലിക്കുന്ന ചുണ്ടില്‍ അന്ന് പോലീസ് പിടിച്ചു തള്ളുമ്പോഴും അതെ വാക്കുകള്‍ ആയിരുന്നു
”എന്റെ മകന് തെറ്റായിട്ടൊന്നും ചെയ്യില്ല ”
നടന്നു വന്നതിന്റെ കിതപ്പ് ഒന്ന് മാറ്റാന്‍ അയാള്‍ കൈ ഇടുപ്പില്‍ കുത്തി ശ്വാസം ആഞ്ഞു വലിച്ചു, ശേഷം സഞ്ചി നിലത്തിട്ടു അതിനു മുകളില്‍ ഇരുന്നു, ഞാന്‍ വിറയ്ക്കുന്ന കാല്പാദം വലിച്ചു നടന്നു ചെന്ന് ഫഖീര്‍ സാബിന് മുന്നിലിരുന്നു.
”സാബ്” , നേര്‍ത്ത ശബ്ദത്തില്‍ വിളിച്ചു അയാളില്‍ ഒരു ചലനവും സൃഷ്ടിച്ചില്ല. ശ്വാസ നിശ്വാസത്തിന്റെ മൂളല്‍ ഒരിരമ്പല് പോലെ അയാളില്‍ നിന്ന് ഉയര്‍ന്നു കൊണ്ടിരുന്നു.
ഫഖീര്‍ സാബ് ” എന്റെ വിളിയുടെ ഒച്ചതുലോം ഉയര്‍ന്നു.
തല ചെരിച്ചു എന്നെ നോക്കി, ചത്തമീനിന്റെ കണ്ണുകള്‍ പോലെയുള്ള കണ്ണ് കൊണ്ട് നിര്‍വികാരനായി,
സാബ് എന്താ ഇവിടെ ..??
ചോദ്യം കേട്ട് എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി
ചുണ്ടില്‍ എന്തിനോ ഒരു ചിരി വിടര്‍ന്നു. അടുത്ത നിമിഷം അത് അസ്തമിക്കുകയും ചെയ്തു. ഞാന്‍ സ്വയം പരിചയപ്പെടുത്തി ..
ഓര്‍മകളില്‍ അലയാനെന്നപോലെ തലപ്പാവിനു മുകളിലൂടെ തല തടവി , പിന്നെ തലയാട്ടുക മാത്രം ചെയ്തു ചില നിമിഷത്തെ നിശബ്ദതക്കു ശേഷം ഫഖീര്‍ സാബ് സംസാരിച്ചു
“മകനെ ഇവിടടുത്തു ആരോ കണ്ടൂന്നു പറഞ്ഞു അങ്ങനെവന്നതാ” ചിലമ്പിച്ചവാക്കുകള്
എന്നിട്ട് കണ്ടോ .?? ഉദ്യോഗത്തോടെ ഞാന്‍ ചോദിച്ചുപോയി. പൊതുവെ തളര്‍ന്ന മുഖത്തു ദയനീയമായൊരു ഭാവം നിഴലിച്ചു
നീല ഞരമ്പുകള്‍ പ്രത്യക്ഷമായ കൈകള്‍ മലര്‍ത്തി കാണിച്ചു, എന്ത് പറയണമെന്നറിയാതെ ഇരുന്നു ഞാന്‍.
തികഞ്ഞ നിശബ്ദതയിലേക്ക് അടുത്ത ട്രെയിന്‍ വരുന്നതിന്റെ അനൌണ്സ് മുഴങ്ങി. അത് നിലച്ചപ്പോള്‍ ഞാന്‍ ചോദിച്ചു. അപ്പോള്‍ നൂര്ജബാബി എവിടെയുണ്ട് ??
എന്റെ ചോദ്യം കേട്ട് വൈദ്യുതി പ്രവാഹമേറ്റ പോലെ ആ ശരീരം ഒന്ന് പിടഞ്ഞ പോലെ തോന്നി. കണ്ണുകള്‍ ശൂന്യതയില്‍ നിന്ന് അടര്‍ത്തി മുകളിലേക്ക് നോക്കി കൈകള്‍ രണ്ടും ആകാശത്തേക്ക് ഉയര്‍ത്തി.
”ആരും ആരുംഇല്ല ഞാന്‍ മാത്രം ഉണ്ട് , ഇങ്ങനെ അലഞ്ഞുകൊണ്ട് എന്റെ സമയം ആയിട്ടില്ല”
ഒന്നും ചോദിക്കാനോ പറയാനോ തോന്നിയില്ല
അകലെ നിന്ന് വണ്ടി വരുന്നതിന്റെ ചൂളം വിളി കേട്ടു, നിമിഷങ്ങള്‍ക്കകം അത് സ്റ്റേഷനില്‍ വന്നു കിതച്ചു നിന്നു. പ്രയാസപ്പെട്ടു എഴുനേറ്റു ഫഖീര്‍ സാബ് പിന്നെ നടന്നു തുടങ്ങി ,
എങ്ങോട്ടാ സാബ് പോവുന്നെ ,,??
”അറിയില്ല ഒരറ്റത്ത് എത്തുന്നത് വരെ പോകും എന്റെ മോനെ അന്വേഷിച്ച് ഇനി അങ്ങനെ കുറെ കാലം കാണില്ല.. പോവ്വാ ,,, ഖുദാഫിസ് ”
അയാള്‍ വേച്ചുവേച്ചു നടന്നു നീങ്ങി ഒരു കമ്പാര്‍ട്ട് മെന്റില്‍ കയറി
ഞാന്‍ നിന്നിടത്തു നിന്ന് അനങ്ങാനാവാതെ ചില നിമിഷം നിന്നു
എന്നെ കടന്നു ആ ട്രെയിന്‍ ചലിച്ചു തുടങ്ങി ”നിസാം അലി ഫഖീര്‍” എന്ന ഫഖീര്‍ സാബിനെയും വഹിച്ച് ..
****
വണ്ടിയുടെ നേര്‍ത്ത മൂളല്‍ എന്നെ അലോസരപ്പെടുത്തി , ഉറക്കിന്റെ കണിക പോലും കണ്ണിലില്ല. പുറത്തെ നിറഞ്ഞ ഇരുളില്‍ ഇടയ്ക്കിടെ പൂച്ചയുടെ കണ്ണുകള്‍പോലെ വെളിച്ചം തിളങ്ങുന്നത് കാണാം. എന്തിനായിരിക്കും ”നിസാം അലി ഫഖീര്‍’ എന്ന ആ മനുഷ്യന് , പിന്നെയുംഎന്റെ മുന്പില് എത്തപ്പെട്ടത് ..?? ഒരുപാട് കാലങ്ങള്‍ക്ക് ശേഷം. ഉത്തരമില്ലാതെ എന്റെ മനസ്സിലെ ചോദ്യങ്ങള്‍ ഇരുളില്‍ വീണു ചിതറി മറഞ്ഞു.
മുംബൈ നഗരത്തിന്റെ സാധാരണ ജീവിതത്തിലേക്കു ഒരശനിപാതമായി പിന്നെയും ആക്രമണമുണ്ടായി രണ്ടായിരത്തി ആറില്‍ , ഏഴിടത്താണ് ഒരേ സമയംട്രെയിനില് ബോംബ് പൊട്ടിയത് . മരിച്ചവരും പരിക്കേറ്റവരും അനവധി , അതിലേറെ പേരെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ട് പോയി , സംശയത്തിന്റെ നിഴലില്‍, അതിനു രണ്ടു ദിവസം കഴിഞ്ഞ് ബോറിവലി യിലെ ഫ്ലാറ്റില്‍ അന്ന് ഞങ്ങള്‍ എല്ലാവരും ഉണ്ടായിരുന്നു തൊട്ടു അപ്പുറത്ത് താമസിക്കുന്ന ഫഖീര്‍ സാബും , ആരോ നാട്ടില്‍ നിന്നും കൊണ്ടുവന്ന പലഹാരം കഴിക്കുന്നതിനിടയിലാണ് ഫഖീര്‍ സാബിന്റെ ബീവി നൂര്ജഹാന്കിതച്ചു വന്നത്
”വേഗം വാവീട് പോലീസ് ”വെപ്രാളത്തോടെ അവര്‍ പറഞ്ഞു കൊണ്ടിരുന്നു
ഫഖീര്‍ സാബും ഞങ്ങളും അങ്ങോട്ട് ഓടി. അവിടെയെത്തുമ്പോള്‍ അദ്ദേഹത്തിന്റെ മകന് നൗഷാദ് അലിഫഖീറിനെ വലിച്ചു കൊണ്ട് പുറത്തിറങ്ങുന്ന പോലീസുകാരെയാണ് കണ്ടത്. അവന് അന്ന് ഇരുപതോ മറ്റോ ആണ് പ്രായം , കംബ്യുട്ടര്‍ സയന്‍സ് രണ്ടാം വര്‍ഷ വിദ്യാര്‍ഥി ”
എന്താ എന്താ ,,നിങ്ങള്‍ എന്താ ഈ കാണിക്കുന്നേ ,,?? കിതപ്പോടെ ഫഖീര്‍ സാബിന്റെ ശബ്ദം അവര്‍ക്കു നേരെ ഉയര്‍ന്നു
നിങ്ങള്‍ ആരാ , ഒരാള്‍ അദേഹത്തിന് നേരെ തിരിഞ്ഞു.
ഞാന്‍ ഇവന്റെ അച്ഛന് നിസാം അലി ഫഖീര്‍
ശരി , കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണത്തില്‍ നിങ്ങളുടെ മകന് പങ്കുള്ളതായി സംശയിക്കുന്നു , നേരിട്ടല്ല നെറ്റ്വര്‍ക്ക് വഴി , അതുകൊണ്ട് ചോദ്യം ചെയ്യലിനായി കൊണ്ടുപോവ്വാ
ഒരു നടുക്കമുണ്ടായി ഭീകരാക്രമണത്തില്‍ നൗഷാദിനു പങ്കുണ്ടെന്ന് !!
ചില നേരത്തെ നടുക്കത്തിന് ശേഷം, ഫഖീര്‍ സാബ് അവര്‍ക്ക് നേരെ ഓടി
”ഇല്ല സാബ് അവന് അങ്ങനെ ചെയ്യില്ല , അവന് കുട്ടിയാണ് , അവനുപേടിയാവും ഞാന്‍ കൂടെ വരാം ”
”അത് പറ്റില്ല , ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും ‘
‘
അവര്‍ അദ്ദേഹത്തെ തള്ളിമാറ്റി , നൗഷാദ് ബാബാ ബാബാ എന്ന് ഉറക്കെ വിളിച്ചു കരഞ്ഞുകൊണ്ടിരുന്നു
പിറകില്‍ നൂര്ജഹാന് തളര്‍ന്നു വീണു, ആരൊക്കെയോ അവരെ താങ്ങി ഇരുത്തി. ഫഖീര്‍ സാബ് അപ്പോഴും പോലീസുകാരോട് യാചിച്ചു കൊണ്ടിരുന്നു
” സാബ് മേരാബേട്ടാ നഹീ കരേഗ അയിസ കാം”
ഒടുക്കം പോലീസുകാരന്റെ കാലില്പിടിച്ചു കരഞ്ഞു
”അവനെ കൊണ്ട് പോവരുത് ഞങ്ങള്‍ക്ക് അവനേ ഉള്ളൂ ”
അയാള്‍ കാല് കുടഞ്ഞപ്പോള്‍ ഫഖീര്‍ സാബ് തെറിച്ചു വീണു
ഞങ്ങള്‍ ഓടിയെത്തി എഴുന്നേല്പിച്ചെങ്കിലും ഞങ്ങളെ തള്ളി മാറ്റി നീങ്ങി തുടങ്ങിയ പോലീസ് വണ്ടികള്‍ക്കു പിറകെ ഓടി ..
വണ്ടികള്‍ പൊടിപറത്തിപാഞ്ഞു പോയി. നൂര്‍ജഹാന്റെ നിലവിളി മാത്രംഉയര്ന്നു കേള്‍ക്കാമായിരുന്നു , ഫഖീര്‍ സാബ് ആ മണ്ണില്‍ തളര്‍ന്നിരുന്നു ,,
ഫഖീര്‍ സാബിനൊപ്പം സ്റ്റേഷന് വരെ ഞങ്ങളുടെ കൂട്ടത്തില്‍ നിന്ന് ഒരാളും പോയിരുന്നു. പക്ഷെ നൗഷാദ് നെ കാണാനോ സംസാരിക്കാനോ കഴിഞ്ഞില്ല. അടുത്ത ദിവസം വക്കീലുമായി പോയെങ്കിലും ഫലമുണ്ടായില്ല.
ഓരോ ദിവസവും ഇത് തുടര്‍ന്നു , നൗഷാദിനെ ഏതോ ജയിലിലേക്ക് മാറ്റി എന്നറിഞ്ഞു .
ഫഖീര്‍ സാബും ബീവിയും ആകെ തളര്‍ന്നു , വക്കീലിന്റെ മുന്പില് അയാള്‍
മാനസിക നില തെറ്റിയവനെ പോലെ കരഞ്ഞു
‘മേരാ ബേട്ടാ ഗലത് കാംനഹീ കരേഗ സാബ്”
ഞങ്ങള്‍ക്ക് വിഷമത്തോടെ അത്നോക്കി നില്‍ക്കാനേ ആവുമായിരുന്നുള്ളൂ ,
”നാടിനു ദോഷം വരുന്നത് ഒന്നും അവന് ചെയ്യില്ല സാബ് ” വക്കീലിനെ നോക്കി അയാള്‍ പറഞ്ഞു കൊണ്ടിരുന്നു , ആശ്വസിപ്പിക്കും മട്ടില്‍ തോളത്തു തട്ടി വക്കീല്‍ പോയി.
ദിവസങ്ങള്‍ കൊഴിഞ്ഞു വീണു. ഫഖീര്‍ ഭായിയും ബീവിയും മരിച്ചു ജീവിക്കുന്ന രണ്ടു പേര് മാത്രമായി , ചുരുക്കം സമയം മാത്രം പുറത്തെ നടപ്പടിയില്‍ ഇരിക്കുന്നത് കാണാം , മിക്ക സമയവും പോലീസ് സ്റ്റെഷനിലൊ , മറ്റോ ആയിരിക്കും ,
രണ്ടു മാസത്തിനു ശേഷം നൗഷാദിനു ജാമ്യം അനുവദിച്ചു , ആ ദമ്പതികള്‍ക്കു ആത്മാവ് തിരിച്ചു കിട്ടിയത് പോലെ ആയിരുന്നു ,
പക്ഷെ അതിനു അധികം ആയുസ്സ് ഉണ്ടായില്ല
കാണുന്നവര്‍ ഭീകരജീവിയെ പോലെ നോക്കി അവനെ. കോളേജില്‍ നിന്ന് പുറത്താക്കി. പോലിസ് ഭീകരാക്രമണത്തിനു അറസ്റ്റ് ചെയ്ത ഒരു വിദ്യാര്‍ത്ഥിയെ പഠിപ്പിക്കാന്‍ അവര്‍ തയ്യാറായില്ല , ബന്ധുക്കള്‍ വെറുപ്പോടെ മുഖം തിരിച്ചു .. അതൊക്കെ കാരണമാവാം
മൂന്നാം നാള് നൗഷാദ് അലി ഫഖീര്‍ അപ്രത്യക്ഷനായി ”
എങ്ങോട്ട് പോയി എന്ന് ആര്‍ക്കും അറിയില്ല , അന്വേഷണം പലവഴിക്കു നടന്നെങ്കിലും ഫലമുണ്ടായില്ല
…
ഏതോ സ്റ്റേഷനില്‍ ട്രെയിന്‍ കിതപ്പോടെ നിന്നു , ഓര്‍മകളിലൂടെ ചലിച്ചത് കൊണ്ടാവാം എന്റെകണ്ണുകളില്‍ മയക്കം നിഴലിച്ചു തുടങ്ങിയത് , ചില മിനിറ്റുകള്‍ക്ക് ശേഷം വണ്ടി പിന്നെയും ഓടിത്തുടങ്ങി തൊട്ടപ്പുറത്തെ ബര്‍ത്തില്‍ കിടന്നുറങ്ങുന്നയാളുടെ കൂര്‍ക്കം വലി വണ്ടിയുടെ ശബ്ദത്തിനും മീതെ ഉയര്‍ന്നു കേട്ടു ,
അതിനു ശേഷം ഫഖീര്‍ സാബ് ഇങ്ങനെയാണ് ” എപ്പോഴും ചുണ്ടില്‍ മന്ത്രം പോലെ ആ വാക്കുകള്‍ മൊഴിഞ്ഞു കൊണ്ടിരിക്കും ,,
”എന്റെ മകന് തെറ്റായിട്ടൊന്നും ചെയ്യില്ല ”
ഋതു സംക്രമണത്തിന്റെ ഒഴുക്കില്‍ കാലമേറെ കഴിഞ്ഞിരിക്കുന്നു
ഭൂതകാലത്തിന്റെ നെടുവീര്‍പ്പുകളില്‍ അലിഞ്ഞു പോയ ഒരു ജീവിതമായി അവശേഷിക്കുന്നുണ്ട് ഇന്നും ”നീസാം അലി ഫഖീര്‍ ”
ആരോ ചെയ്തതെറ്റിന് ശിക്ഷിക്കപ്പെട്ട ഒരാള്‍ അല്ലെങ്കില്‍ മകന് ചെയ്ത തെറ്റിന് സ്വയം ശിക്ഷിക്കുന്ന അച്ഛന് ….!!!
ഒരു പക്ഷെ ജീവിതത്തിന്റെ ഏതെങ്കിലും ഒരു കോണില്‍ പിന്നെയും കണ്ടു മുട്ടിയേക്കാം പേരിനെ അന്വര്‍ത്ഥമാക്കിയ ആ ഫഖീറിനെ ,,
ചിലമ്പിച്ച ആ വാക്കുകളുമായി
”മേരാ ബേട്ടാ ഗലത് കാംനഹീ കരേഗ”
197 total views, 1 views today
