Literature
മൈക്കാട് ചന്ദ്രന് (നര്‍മ്മം) – അന്നൂസ്
‘എടുക്കല്ലേടി…മരിക്കുന്നതിനു തലേ ദിവസം ഞാന്‍ അവനെ തെറി വിളിച്ചായിരുന്നു….. അവന്റെ പ്രേതം….അതിന്റെ പ്രതികാരം….’
173 total views

നാലഞ്ചു വര്‍ഷമായി മേസ്തിരി സോമന്റെ കൂടെയാണ് ചന്ദ്രന് ജോലി. മൈക്കാടുപണി. മിക്കവാറും ദിവസങ്ങളില്‍ പണികഴിയുമ്പോള്‍ ആറു മണിയെങ്കിലും ആകും. ഷാപ്പിലൊന്ന് കേറും. എട്ടെട്ടര വരെ ഇരിക്കും. ഒരു കുപ്പി അടിക്കും. ഒരു പ്ലേറ്റ് പന്നിക്കറിയും. അതാ പതിവ്. എല്ലാ ദിവസവും കൂട്ടത്തില്‍ പുഷ്പ്പാകരനുണ്ടാകും.
അന്ന് പണി ഇല്ലായിരുന്നു. എന്നിട്ടും ഷാപ്പില് പോയി. രണ്ടു കുപ്പി കഴിച്ചു. പന്നിക്കറി വേണ്ടെന്നു വച്ചു. പതിവിനു വിപരീതമായിരുന്നു എല്ലാം. അന്നത്തെ കൂട്ടുകക്ഷി പത്രോസ്സു ചേട്ടനായിരുന്നു. പുഷ്പ്പാകരന്റെ മരണത്തെപ്പറ്റിയായിരുന്നു ഇരുവരും പറഞ്ഞതൊക്കെയും.
‘നിങ്ങളെ രണ്ടു പേരെയും ഒരുമിച്ചേ ഞാന്‍ കണ്ടിട്ടുള്ളു… നിങ്ങള്‍ വല്ല്യ അടുപ്പത്തിലയിരുന്നല്ലേ ടാ ചന്ദ്രാ..’
‘അതെ പത്രോസ്സേട്ടാ…അഞ്ചു വര്‍ഷമായി ഒരുമിച്ചല്ലേ പണി…മരിച്ചിട്ടിപ്പം നാല് ദിവസം….കഴിഞ്ഞാഴ്ച ഇതേ ദിവസ്സം ദേ ഇതേ പോലെ ഒരുമിച്ചിരുന്നു കുടിച്ചതല്ലേ…ഓര്‍ക്കുംബം…..’ കള്ളും ഗദ്ഗദവും ഇഴപിരിഞ്ഞു.
‘മനുഷ്യന്റെ കാര്യം അത്രേള്ളൂടാ….ഒരു അറ്റാക്ക്…..എന്നാലും ഇച്ചിരി കടന്നു പോയി….നാല്പ്പത്തിയെട്ടെന്നു പറഞ്ഞാ അതത്ര വല്ല്യ ഒരു പ്രായമാണോടാ’ പത്രോസ്സു ചേട്ടന് ഒരു ഗ്ലാസ് മോന്തി, മീന്കറിയില് വിരലുമുക്കി നക്കികൊണ്ട് ഫിലോസഫി അടിച്ചു.
‘മരിക്കുന്നതിന്റെ തലേദിവസം ഒരിക്കലും പതിവില്ലാതെ ഞങ്ങള്‍ തമ്മില്‍ ഒന്നുംരണ്ടും പറഞ്ഞു വഴക്കുണ്ടായി……ഞാന്‍ കുറെ ചീത്ത അവനെ വിളിച്ചു. അതോര്‍ത്തിട്ടാ എനിക്ക് സങ്കടം…..’ ചന്ദ്രന് വിതുമ്പി…
അന്ന്! ഷാപ്പീന്ന് പിരിയുമ്പോള്‍ രാത്രി പത്തുമണി.
‘ആടുന്നുണ്ടല്ലോടാ… കൊണ്ടെ വിടണോ..? ‘ പത്രോസ്ചേട്ടന്‍ സ്നേഹം ചൊരിഞ്ഞു.
‘ഒന്ന് പോ പത്രോസ്സു ചേട്ടാ…’ അയാള്‍ ആട്ടം ശരിപ്പെടുത്തി. ഇരുവരും ഇരുദിശയില്‍ കുഴഞ്ഞു നടന്നു.
ഗള്ഗ്ലു..ഗ്ല…ഗ്ലൂഉ……..
അങ്ങോട്ടുമിങ്ങോട്ടുമോന്നും നോക്കണ്ട…. ശബ്ദം വയറ്റീന്നാ. മീന്‍കറി പണ്ടേ പഥ്യമല്ല. പന്നിക്കറി വാങ്ങിയാല്‍ മതിയാരുന്നു. പത്രോസ്സുചെട്ടന്റെ നിര്‍ബന്ധത്തിനു വഴങ്ങണ്ടായിരുന്നു.
വീട്ടിലേക്ക് ഇനിയും ദൂരമുണ്ട്. കയറ്റം തുടങ്ങിയതെ ഉള്ളു. വയറ്റില്‍ ക്ഷോഭം രൂക്ഷമായി. താങ്ങാന്‍ കഴിയുന്നില്ല. ചുറ്റും നല്ല ഇരുട്ടാണ്. പൊന്തക്കാട് തന്നെ ശരണം.
പടര്പ്പുകള് വകഞ്ഞു മാറ്റി ചെറിയൊരു പാറക്കല്ലില്‍ അഭയം കണ്ടെത്തി.
‘…….ഹാവൂ…..’ ആമാശയഭാരം ഇറക്കി വച്ച് അയാള്‍ നിര്‍വൃതി പൂണ്ടു. നെറ്റിക്ക് കൈകളൂന്നി കണ്ണുകളടച്ച് ധ്യാനത്തിലിരിക്കുംപോഴാണ് എളിയില്‍ തിരുകിയിരുന്ന മൊബൈല്‍ അടിച്ചു തുടങ്ങിയത്….
‘ലല്ലലം ചൊല്ലുന്ന കുഞ്ഞിക്കിളികളെ……
വേടന്കുരുക്കും കടങ്കഥയിക്കഥ…..അക്കഥ…..’
അത്രേം എത്തിയപ്പോള്‍ മൊബൈല്‍ തപ്പിയെടുത്ത് ഉറയ്ക്കാത്ത കണ്ണുകള്‍ മൊബൈല്‍ സ്ക്രീനില്‍ ഉറപ്പിച്ചു നിര്‍ത്തി. മൊബൈലില്‍ ദൃഷ്ടി ഉറച്ചപ്പോള്‍ ചന്ദ്രന്റെ കണ്ണ് തള്ളി.
‘pushpakaran calling….. …… ……. ……’
ങേ…!!! ഞെട്ടി. അണ്ടകടാഹം മുഴുവന്‍ ഞെട്ടി…! ഒരു നിമിഷം കൊണ്ട് ചിന്തകള്‍ കാട് കയറി തല്യ്ക്കകം മരവിച്ചു…..അവന് സ്വര്‍ഗത്തീന്നാണോ..?’
ഭയം കൊടുംകാറ്റു പോലെ ആര്‍ത്തലച്ചു വന്ന്! പൊന്തക്കാടിന് ചുറ്റും ചുറ്റിത്തിരിഞ്ഞു ചുഴി തീര്‍ത്തു. പിന്നെ താമസ്സിച്ചില്ല. സര്‍വ്വവും വാരിപ്പിടിച്ചു ഓടി. ‘ലല്ലലം..’ ഒരു തവണ ചൊല്ലിത്തീര്‍ന്നു മൊബൈല്‍ നിശബ്ദമായി. ഓട്ടത്തിനിടയില്‍ അത് വല്ല്യൊരു ആശ്വാസമായിരുന്നു.
‘എടിയേ………..അമ്മിണിയെ………എന്നെ പുഷ്പ്പാകാരന്‍ വിളിച്ചെടിയേ….’
അലറികൊണ്ടാണ് അയാള്‍ വീട്ടിനുള്ളിലേക്ക് പാഞ്ഞു കയറിയത്.
‘എന്താ മനുഷ്യേനെ…..നിങ്ങക്കെന്താ പറ്റീത്….’ ഭാര്യാസഹജമായ ആക്രാന്തത്തോടെ അമ്മിണി ഓടിയെത്തി ഭര്‍ത്താവിനെ കെട്ടിപ്പിടിച്ചു നിര്‍ത്തി.
‘എടീ….’ അയാള്‍ നിന്ന് കിതച്ചു. ‘ എടീ നീ നോക്ക്… എന്നെ മരിച്ചു പോയ പുഷ്പാകരന്‍ വിളിച്ചെടി…’ അയാള്‍ മൊബൈല്‍ അമ്മിണിക്ക് നീട്ടി ഒരു വിധം പറഞ്ഞൊപ്പിച്ചു.
അമ്മിണി സംശയത്തോടെ മൊബൈല്‍ വാങ്ങി തിരിച്ചും മറിച്ചും നോക്കുന്നതിനിടയില്‍ വീണ്ടും പുഷ്പ്പാകരന്റെ കോള്‍ വന്നു…! ഇത്തവണ ഇരുവരും ഒന്നിച്ചു ഞെട്ടി, ഒന്നിച്ചു നിലവിളിച്ചു…! അമ്മിണിയുടെ കൈയ്യില്‍ നിന്ന് മൊബൈല്‍ കട്ടിലിലേക്ക് തെറിച്ചുവീണ് അവിടെക്കിടന്നു ലല്ലലം പാടി.
സമനില വീണ്ടെടുത്ത് അമ്മിണി ഫോണ്‍ കൈയ്യിലെടുത്തു.
‘എടുക്കല്ലേടി…മരിക്കുന്നതിനു തലേ ദിവസം ഞാന്‍ അവനെ തെറി വിളിച്ചായിരുന്നു….. അവന്റെ പ്രേതം….അതിന്റെ പ്രതികാരം….’
‘ഒന്ന് മിണ്ടാതിരി മനുഷ്യേനെ…’ രണ്ടും കല്പ്പിച്ചു അമ്മിണി പച്ച ബട്ടണില്‍ ഞെക്കി.
‘ഹല്ലോ ….ആരാ….’ വിറച്ചു കൊണ്ട് അമ്മിണിയുടെ ചോദ്യം.
‘ങാ…ചേച്ചി ആരുന്നോ…? ചേച്ചീ ഞാന്‍ പുഷ്പ്പാകരന്ചെട്ടന്റെ ഭാര്യ സുശീലയാ….. ചന്ദ്രന് ചേട്ടന് അവിടുണ്ടോ…?’
‘ഉണ്ട്….എന്താ സുശീലേ…’
‘മറ്റന്നാള്‍ പുലകര്‍മ്മങ്ങള്‍ തുടങ്ങുകയാ….ഒന്ന് പറയാന്‍ വിളിച്ചതാ…’
‘ഞാന്‍ പറഞ്ഞേക്കാം സുശീലേ….’ അമ്മിണി കാള്‍ കട്ട് ചെയ്ത് അല്‍പ്പസമയം ഭര്‍ത്താവിനെ ദഹിപ്പിച്ചു നോക്കി നിന്നു.
‘ഒരു പരിധിയില്ലാതെ കള്ള് വലിച്ചു കേറ്റിയാല്‍ ഇതല്ല ഇതിലപ്പുറവും ഉണ്ടാകും….’
ചന്ദ്രന് ചമ്മി ‘നാറി’ നിന്നു.
‘എന്താ മനുഷ്യേനെ ഒരു വല്ലാത്ത നാറ്റം…? അമ്മിണി ഭര്‍ത്താവിനെ അടിമുടി ഉഴിഞ്ഞു നോക്കി.
‘അത്…ഞാന്‍ വെളിക്കിറങ്ങികൊണ്ടിരുന്നപ്പോഴാ……….’
‘പോയി കുളിക്ക് മനുഷ്യേനെ…..’ ഭര്‍ത്താവിനെ പുശ്ചിച്ചു അമ്മിണി അടുക്കളയിലേക്കു തവിട്ടിത്തുള്ളി പോകുമ്പോള്‍, അയാള്‍ ഇളിഭ്യനായി നിലംതൊടാതെ കുളിമുറിയിലേക്ക് നടന്നു………
174 total views, 1 views today