പോപ് ഇതിഹാസം മൈക്കിള്‍ ജാക്സണ് വിടവാങ്ങിയിട്ട് ഇന്ന് ആറ് വര്‍ഷം തികയുന്നു. 2009 ജൂണ്‍ ഇരുപത്തിയഞ്ചിനാണ് അമിതമായ മരുന്നുപയോഗം കാരണം അദ്ദേഹം അന്തരിച്ചത്. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും പോപ് സംഗീത ചക്രവര്‍ത്തിയെന്ന സ്ഥാനം അലങ്കരിക്കാന്‍ അദ്ദേഹത്തിന് പകരക്കാരനില്ല.
സംഗീതവും നൃത്തവും ഫാഷനും ഒന്നുചേരുന്ന ജാക്സണ് സംഗീതം ജനഹൃദയങ്ങളെ കീഴടക്കി. ജാക്സന്റെ മൂണ്‍ വോക്ക് നൃത്തച്ചുവടുകള്‍ അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസുകളായിരുന്നു. വിവാദങ്ങള്‍ അദ്ധേഹത്തിന്റെ ജീവിതത്തില്‍ എന്നും ഉണ്ടായിരുന്നു.
1958 ആഗസ്റ്റ് 29 ന് ഇന്ത്യാനയിലെ സാധാരണ തൊഴിലാളി കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്.. ആറാം വയസ്സില്‍ സഹോദരന്മാരുടെ സംഗീത ട്രൂപ്പില്‍ പാടിക്കൊണ്ടാണ് ജാക്സണ് സംഗീത ലോകത്തില്‍ ചുവടുറപ്പിക്കുന്നത്.. പിന്നീടങ്ങോട്ട് നിരവധി സംഗീത ആല്‍ബങ്ങളും പോപ്പ് ഗാനങ്ങളും കൊണ്ട് പാട്ടിന്റെ മായിക ലോകം തീര്‍ത്തു.. റോബോട്ട്, മൂണ്‍ വോക്ക് തുടങ്ങിയ നൃത്തചുവടുകളിലൂടെ ആരാധകരുടെ മനസ്സില്‍ വലിയൊരു സ്ഥാനം മൈക്കിള്‍ ജാക്സണനു ലഭിച്ചു..1982ല്‍ പുറത്തിറങ്ങിയ ത്രില്ലര്‍ എന്ന സംഗീത ആല്‍ബം ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ആല്‍ബങ്ങളില്‍ ഒന്നായി.. 79ല്‍ പുറത്തിറങ്ങിയ ഓഫ് ദ വോള്‍, 87ല്‍ ഇറങ്ങിയ ബാഡ്, 91ല്‍ പുറത്തിറങ്ങിയ ഡെയ്ഞ്ചറസ്, 95ല്‍ ഇറങ്ങിയ ഹിസ്റ്ററി എന്നിവയും അദ്ധേഹത്തിന്റെ മറ്റ് ആല്‍ബങ്ങളാണ്…
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ജാക്സണ് സജീവ സാന്നിധ്യമായിരുന്നു. 39 സാമൂഹ്യക്ഷേമ സംഘടനകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ഡെയ്ഞ്ചറസ് എന്ന പേരില്‍ നടത്തിയ സംഗീത പരിപാടിയില്‍ നിന്ന് ലഭിച്ച തുകയിലെ പകുതിയും പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണ് അദ്ദേഹം ചിലവാക്കിയത്. എട്ട് ഗിന്നസ് റെക്കോര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തി. പതിമൂന്ന് ഗ്രാമി അവാര്‍ഡുകളും ലഭിച്ചു.
2009ല്‍ ദിസ് ഈസ് ഇറ്റ് എന്ന ആല്‍ബത്തിന്റെ നിര്‍മ്മാണത്തിനിടെയാണ് മൈക്കിള്‍ ജാക്സണ് അന്തരിക്കുന്നത്. വിട വാങ്ങി ആറ് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ചെയ്തു പൂര്‍ത്തീകരിച്ച പാട്ടുകളിലൂടെ ഇന്നും ആരാധക മനസില്‍ ഈ പോപ്പ് താരം നിറഞ്ഞ് നില്ക്കുന്നു. . ഇനിയും ആ സംഗീത വിസ്മയം ജീവിച്ചിരുന്നുവെങ്കില്‍ എന്നാഗ്രഹിക്കുന്നവരാണ് ലോകത്തിലെ സംഗീത പ്രേമികള്‍.