മൊഞ്ചുള്ള പെണ്ണേ… നിനക്കായൊരു മൈലാഞ്ചി കഥ

739


മൈലാഞ്ചി ഇഷ്ടപ്പെടാത്തവര്‍ ആരെങ്കിലും ഉണ്ടാകുമോ?. ഏത് പ്രായത്തിലും മൈലാഞ്ചിയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്. വ്യത്യസ്തമായ ഡിസൈനിലുള്ള മൈലാഞ്ചിയിടാന്‍ പെണ്‍കുട്ടികള്‍ ബ്യൂട്ടിഷ്യന്മാരെ വരെ സമീപിക്കുന്ന കാലഘട്ടമാണിത്. കല്യാണചടങ്ങുകളില്‍ പോലും മൈലാഞ്ചിയ്ക്ക് വന്‍ആവശ്യക്കാരാണ്.

മുസ്ലീകളില്‍ മൈലാഞ്ചി കല്യാണത്തിന് വന്‍പ്രധാന്യമാണ്. പ്രായകൂടുന്തോറും മൈലാഞ്ചിയിടാന്‍ ആഗ്രഹം കൂടുമെന്നാണ് പൊതുവെയുള്ള പറച്ചില്‍. ഇലയിലുള്ള മൈലാഞ്ചി ഇപ്പോള്‍ കോണുകളിലും പല പായ്ക്കറ്റുകളിലും വിപണികളില്‍ സജീവമാണ്. വാങ്ങാന്‍ നിരവധി പേരും.

കാത്തിരുന്ന് കയ്യില്‍ പതിയുന്ന മൈലാഞ്ചി ചുവപ്പിന് പതിനാലാം രാവിന്റെ ഭംഗിയാണെന്നാണ് പണ്ടുള്ളവര്‍ പറയാറുള്ളത്. പലതരം മൈലാഞ്ചി ട്യൂബുകളാണ് വിപണിയിലുള്ളത്. അറഫ, സിംഗ് തുടങ്ങിയവയാണ് ന്യൂജനറേഷന്‍ ട്രെന്റായി നില്‍ക്കുന്ന മൈലാഞ്ചി ട്യൂബുകള്‍. പണ്ടു കാലത്ത് മൈലാഞ്ചിച്ചെടികളില്ലാത്ത വീടുകളുണ്ടായിരുന്നില്ല. എവിടെയും മൈലാഞ്ചി മരങ്ങള്‍ മാത്രം.

എല്ലാ വീട്ടിലും പെരുന്നാള്‍ അടുക്കുന്നതോടുകൂടി മൈലാഞ്ചിയും തയ്യാറാക്കുമായിരുന്നു. മൈലാഞ്ചിയില നുള്ളിയെടുത്ത് അരച്ച് കുഴമ്പുരൂപത്തിലാക്കി കയ്യില്‍ പൊതിഞ്ഞായിരുന്നു അന്ന് മൈലാഞ്ചി ഇട്ടിരുന്നത്. വീടുകളില്‍ ഉമ്മൂമ്മമാരായിരുന്നു മൈലാഞ്ചി അരക്കുന്നതിനും, കൈകളിലിടുന്നതിനും നേതൃത്വം നല്‍കിയിരുന്നത്. പെരുന്നാള്‍ തലേന്നും കല്യാണത്തലേന്നുമാണ് സാധാരണ മൈലാഞ്ചിരാവുകള്‍ അരങ്ങേറുന്നത്. ഇതില്‍ പെരുന്നാളിനോടനുബന്ധിച്ചുള്ള മൈലാഞ്ചി ചടങ്ങിന് ആഘോഷത്തിന്റെ നിറച്ചാര്‍ത്താണ്. എന്നാല്‍ കാലം മാറി.

അരച്ചെടുത്ത് കുഴമ്പുരൂപത്തിലാക്കി കൈകളില്‍ പൊതിഞ്ഞിരുന്നതില്‍ നിന്ന് ട്യൂബുകളിലും, സ്റ്റിക്കറുകളിലുമായി മൈലാഞ്ചി രംഗത്തെത്തി. പല നിറത്തിലുള്ള മൈലാഞ്ചിട്യൂബുകള്‍ പിന്നീട് വന്നു. ട്യൂബുപയോഗിച്ച് പല ഡിസൈനുകളിലും മൈലാഞ്ചി അണിയാന്‍ കഴിയുമെന്നത് ന്യൂജനറേഷനെ കൂടുതല്‍ മൈലാഞ്ചിമൊഞ്ചിലേക്ക് ആകര്‍ഷിച്ചു. എന്നാല്‍ പല രൂപത്തിലും മൈലാഞ്ചി വന്നെങ്കിലും പഴമക്കാര്‍ ഇന്നും പഴയപടി തന്നെ തുടരുന്നു.

അറബിക്, ഇറാനി, ഇന്ത്യന്‍, പാക്കിസ്ഥാനി തുടങ്ങിയവയാണ് മൈലാഞ്ചിയുടെ ഡിസൈനുകളില്‍ കൂടുതല്‍ ട്രെന്റായി നില്‍ക്കുന്നത്. പാക്കിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമാണ് മൈലാഞ്ചിട്യൂബുകള്‍ വിപണിയിലെത്തുന്നത്. വന്‍കിടകമ്പനികളും മൈലാഞ്ചി ട്യൂബുകള്‍ മാര്‍ക്കറ്റിലിറക്കുന്നുണ്ട്. 10 രൂപ മുതല്‍ 20 രൂപ വരെയാണ് ട്യൂബുകളുടെ വില.

നഗരത്തിലെ മിക്ക കടകളിലും ഇവ സുലഭവുമാണ്. കൂടാതെ മൈലാഞ്ചിയിടുന്നതിന് ന്യൂജറഷേറന്‍ കൂടുതലും ആശ്രയിക്കുന്നത് ബ്യൂട്ടിപാര്‍ലറുകളെയാണ്. പെരുന്നാളിനോടനുബന്ധിച്ച് പല സംഘടനകളും മൈലാഞ്ചിയിടല്‍ മത്സരങ്ങളും സംഘടിപ്പിച്ച് വരുന്നുണ്ട്. പഴയ ആര്‍ഭാടമില്ലെങ്കിലും ഇപ്പോഴും പെരുന്നാളിന് പതിവ് പോലെ മൈലാഞ്ചിയിടുന്ന കുടുംബങ്ങളുണ്ട്.