മൊബൈല്‍ഫോണ്‍ റെയിഡ് – സുരാജ് രവീന്ദ്രന്‍

215

 Dental-and-Maxillofacial-Surgery

 

കുറച്ചു ദിവസം മുന്‍പ് കോളേജില്‍ മൊബൈല്‍ഫോണ്‍ റെയിഡ് . . !

മുകളിലത്തെ നിലയില്‍ നിന്നാണ് ചെക്കിംഗ് തുടങ്ങിയത്. റെയിഡ് വിവരം 3ജി സ്പീഡില്‍ താഴെ എത്തി. എല്ലാവരും മൊബൈല്‍ഫോണ്‍ ഒളിപ്പിക്കാനായി തട്ടിന്‍ പുറത്തെ പെരുച്ചാഴികളെ പോലെ പരക്കം പാഞ്ഞു. സ്‌കൂട്ടിയുടെയും ബൈക്കിന്റെയും സീറ്റിന്റെ അടിയില്‍ വിരിയാന്‍ വച്ച മുട്ട പോലെ മൊബൈല്‍ഫോണുകള്‍ നിറഞ്ഞു.

എന്നിട്ടും ഫോണുകള്‍ ബാക്കി. എവിടെ ഒളിപ്പിക്കും ? മോനെ മനസ്സില്‍ ഒരു നോട്ടിഫികേഷന്‍ വന്നു. അരയ്ക്കിറക്കാം. എന്റെ ചെറിയ ഫോണ്‍ ആയതുകൊണ്ട് അരയിലേക്ക് ഇറക്കി. ബാക്കി ഉള്ളവന്റെയൊക്കെ സ്ലേറ്റ് പോലുള്ള മുന്തിയ ടച്ച് ഫോണുകള്‍. അവസാനം എല്ലാം കൂടി പൊതിഞ്ഞ് ടോയലെറ്റിന്റെ പിറകില്‍ കൊണ്ട് വച്ചു. ആരും തൊടാതിരിക്കാന്‍ ചുറ്റും തുപ്പി കൂട്ടി.

അന്വേഷകസംഘം ക്ലാസ്സില്‍ എത്തി സി ബി ഐ സ്‌റ്റൈലില്‍ പരിശോധന തുടങ്ങി. എന്നെ എഴുന്നേറ്റ് നിര്‍ത്തിച്ച ശേഷം ബാഗ് പരിശോധിച്ചു. ഒന്നും കിട്ടിയില്ല. കീശയില്‍ കയ്യിട്ടു. ഒരു കിടുങ്ങാ മണിയുടെ വ്യത്യാസത്തില്‍ നുമ്മ രക്ഷപ്പെട്ടു. ഒരു മാഷ് സംശയത്തോടെ പുറത്തേക്ക് പോയി. റെയിഡ് സീനിനു കട്ട് പറഞ്ഞൂന്ന് വിചാരിച്ചതാ അപ്പോഴേക്കും ട്വിസ്റ്റ്. ദേ പോയ മാഷ് ദാ വന്നിരിക്കുന്നു. വിത്ത് ദി കെട്ട് ഓഫ് മൊബൈല്‍സ്. എല്ലാരും ഞെട്ടി. ഇതെങ്ങനെ എന്റെ സാറേ എന്ന് ചോദിച്ചപ്പോ മാഷിന്റെ പഞ്ച് ഡയലോഗ്

‘ നിങ്ങള്‍ പഠിക്കുന്ന കോളേജിലെ മാഷാടാ ഞാന്‍ ‘

എന്നിട്ട് ഒരു പോക്ക്. ആ നടത്തം സ്ലോ മോഷനില്‍ ആക്കി ബിഗ് ബിയിലെ ട്യൂണും ഇട്ടു കൊടുത്തിരുന്നേല്‍ കിടു സീന്‍ ആയേനെ.. . .