മോഡി, സച്ചിന്‍, ബച്ചന്‍, അംബാനി പിന്നെ ബോളിവുഡിലെ ഖാന്‍മാര്‍ : ഇവര്‍ക്ക് മുംബൈ മോഡലിന്റെ തുറന്ന കത്ത്; പീഡനവീരന്മാരെ വെടിവച്ചു കൊല്ലണം.!

  154

  21647_633417

  എംടിവി അവതാരകയും അഭിനേത്രിയുമായ ഷഹ്‌നാസ് ട്രഷറി എഴുതിയ ഒരു കത്ത് ഇപ്പോള്‍ ഇവിടെ ചര്‍ച്ച വിഷയമായി മാറുകയാണ്. അവരുടെ ഈ തുറന്ന കത്ത് ചില പ്രധാനപ്പെട്ട ഇന്ത്യക്കാര്‍ക്കാണ് അയച്ചിരിക്കുന്നത്. നരേന്ദ്ര മോദി, അമിതാഭ് ബച്ചന്‍, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, അനില്‍ അംബാനിതുടങ്ങിയ വ്യക്തികള്‍ക്ക് അയച്ച കത്തില്‍ പറയുന്ന പ്രധാന വിഷയം ഇത്രമാത്രം ” കില്‍ ദി റേപ്പിസ്റ്റ്”.!

  ഡല്‍ഹി യൂബര്‍ കാബ് ബലാത്സംഗക്കേസിന്റെ പശ്ചാത്തലത്തിലാണ് ഷഹ്നാസ് എഴുതിയ കത്ത് ഇന്ത്യയിലെ സ്ത്രീകള്‍ അനുദിനം അനുഭവിക്കുന്ന ഉപദ്രവങ്ങളിലേക്കും അവരുടെ മാനസിക സംഘര്‍ഷങ്ങളിലേക്കും വെളിച്ചം വീശുന്നത്. അവരുടെ കത്ത് തുടങ്ങുന്നത് ഇങ്ങനെയാണ്…

  “പ്രിയപ്പെട്ട നരേന്ദ്ര മോദി, അമിതാഭ് ബച്ചന്‍, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, അനില്‍ അംബാനി, നമ്മുടെ രാജ്യത്തെ അധികാരമുളളവരും ഏറ്റവുമധികം സ്വാധീനം ചെലുത്താന്‍ കഴിയുന്നവരും ആയ പുരുഷന്മാര്‍ നിങ്ങളായതുകൊണ്ടാണ് ഞാന്‍ നിങ്ങള്‍ക്കിതെഴുതുന്നത്. മുംബൈയിലെ ഒരു മധ്യവര്‍ത്തി കുടംബത്തില്‍ ജനിച്ചു വളര്‍ന്ന സ്ത്രീയായാണ് ഞാനിതെഴുതുന്നത്. നിങ്ങളുടെ സഹായമഭ്യര്‍ത്ഥിച്ചുകൊണ്ടാണ് ഞാനിതെഴുതുന്നത്. ഒരുപക്ഷേ എന്റെ മാതാപിതാക്കള്‍ക്ക് ഞാനിതെല്ലാം പറയുന്നത് ഇഷ്ടപ്പെടില്ല. ഇതവര്‍ വായിക്കുന്നുണ്ടെങ്കില്‍ ഞാന്‍ അവരോട് മാപ്പുചോദിക്കുന്നു.”

  സ്വന്തം അനുഭവം മാത്രമല്ല തന്റെ സഹോദരിയുടേയും അമ്മയുടേയും സുഹൃത്തിന്റേയും ദുരനുഭവങ്ങളും അവള്‍ കത്തില്‍ വിശദമായി വിവരിക്കുന്നുണ്ട്.

  പതിമൂന്നു വയസ്സിലായിരുന്നു അവളുടെ മനസ്സിനെ മുറിവേല്‍പ്പിച്ച ‘ആ അനുഭവം’ ആദ്യമുണ്ടാകുന്നത്. അമ്മക്കൊപ്പം പച്ചക്കറി മാര്‍ക്കറ്റില്‍ പോയതായിരുന്നു ഷഹ്‌നാസ്. ഇഷ്ടപ്പെടാത്ത രീതിയില്‍ മുടി മുറിച്ചതിന് അമ്മയോട് ദേഷ്യപ്പെട്ട് അമ്മക്കു പിറകിലായി നടക്കുകയായിരുന്നു അവള്‍. പെട്ടെന്നാണ് ഒരു പുരുഷന്‍ സഭ്യമല്ലാത്ത രീതിയില്‍ അവളുടെ ശരീരത്തിലേക്ക് കൈകടത്തിയത്.

  സംസാരിക്കാന്‍ പോലും സാധിക്കാതെ ഞെട്ടിത്തിരിച്ച് നില്‍ക്കാനേ അവള്‍ക്കാദ്യം സാധിച്ചുളളൂ. കുറച്ചു നിമിഷത്തിനുശേഷം കരഞ്ഞുകൊണ്ട് അമ്മയോട് കാര്യമവതരിപ്പിച്ചപ്പോള്‍ ഒരു ഭ്രാന്തിയെ പോലെ അലറിവിളിച്ചുകൊണ്ട് ആ അമ്മ പച്ചക്കറി മാര്‍ക്കറ്റില്‍ ഓടിനടന്നു. പക്ഷേ തിരക്കില്‍ അയാള്‍ എവിടെയോ അപ്രത്യക്ഷനായിരുന്നു.

  അയാളുടെ മുഖം അവള്‍ക്കോര്‍മ്മയില്ല. പക്ഷേ ആ കൈകള്‍ ഇന്നും വ്യക്തമായി ഓര്‍മ്മയിലുണ്ട്. മനസ്സില്‍ വെറുപ്പുളവാക്കിയ ദുരനുഭവം കഴുകിക്കളയുന്നതിന് വേണ്ടി പലതവണയാണ് അന്ന് ഷഹ്നാസ് കുളിച്ചത്. പക്ഷേ ആ വികാരം ഒരിക്കലും മാഞ്ഞുപോയില്ല.

  ഇത്തരം ദുരനുഭവങ്ങള്‍ ഒരു തുടര്‍ക്കഥയായപ്പോള്‍ അവള്‍ സ്വയം പ്രതിരോധിക്കാന്‍ ശ്രമിച്ചു തുടങ്ങി. പലരേയും അടിക്കാന്‍ വരെ മുതിര്‍ന്നു. എതിരാളികളില്‍ നിന്നും പലപ്പോഴും തിരിച്ചടികളും നേരിട്ടു. തിരക്കിനിടയില്‍ അറിയാതെ സംഭവിച്ചുപോകുന്ന സ്പര്‍ശനങ്ങളെ പോലും തെറ്റായ രീതിയില്‍ മാത്രം കാണാന്‍ തുടങ്ങി. സഹജീവിയിലുളള വിശ്വാസം നഷ്ടപ്പെട്ടതോടെ അവരെ ഭയക്കാന്‍ തുടങ്ങി. ഓരോ സഭ്യമല്ലാത്ത സ്പര്‍ശത്തേയും അവളുടെ മാത്രം നാണക്കേടായി കാണാന്‍ തുടങ്ങി.

  പലപ്പോഴും ഇത്തരക്കാരെ ഒരു മെഷീന്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ച് കൊല്ലാന്‍ സാധിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിച്ചിരുന്നു ഷഹ്നാസ്. പക്ഷേ ഇത്തരക്കാരോട് പ്രതികരിക്കാന്‍ മുതിരരുതെന്നായിരുന്നു അമ്മ അവളോട് ആവശ്യപ്പെട്ടത്. കാരണം പ്രതികരണങ്ങള്‍ ഷഹ്നാസിനെതിരെയുളള ആസിഡ് ആക്രമണത്തിലേക്ക് വഴിവെച്ചേക്കുമോ എന്നവര്‍ ഭയപ്പെട്ടിരുന്നു.

  സ്വന്തം അനുഭവം മാത്രമല്ല തന്റെ സഹോദരിയുടേയും അമ്മയുടേയും സുഹൃത്തിന്റേയും ദുരനുഭവങ്ങളും അവള്‍ കത്തില്‍ വിശദമായി വിവരിക്കുന്നുണ്ട്. ഇതുപോലെയുളള ദുരനുഭവങ്ങളിലൂടെയാണ് ഓരോ സ്ത്രീയും ഓരോ ദിവസവും കടന്നു പോകുന്നതെന്ന് ഒരിക്കല്‍ക്കൂടി ഷഹ്നാസ് നമ്മെ ഓര്‍മ്മിപ്പിക്കുകയാണ്. ഇതിനെതിരെയുള്ള പോരാട്ടത്തില്‍ സ്ത്രീകളോടൊപ്പം പങ്കുചേരാനും ഇതിനെതിരെ പ്രവര്‍ത്തിക്കാനുമാണ് അവള്‍ പ്രമുഖരെ ക്ഷണിക്കുന്നത്.

  രാജ്യത്തിന്റെ മുഴുവന്‍ നാണക്കേടായാണ് സ്ത്രീകള്‍ക്കെതിരെയുളള ഉപദ്രവങ്ങളെ ഷഹ്നാസ് ഉയര്‍ത്തിക്കാട്ടുന്നത്. സ്വന്തം മാതൃരാജ്യത്തില്‍ അതും തലസ്ഥാനമായ ഡല്‍ഹിയില്‍ പകല്‍വെളിച്ചത്തില്‍ പോലും ഇറങ്ങി നടക്കാനാകാത്തതിനെ ഷഹ്നാസ് അപലപിക്കുന്നു.

  കത്തില്‍ പ്രധാനമന്ത്രിയെ വിമര്‍ശിക്കാന്‍ വരെ ഷഹ്നാസ് മുതിരുന്നുണ്ട്. സ്വന്തം രാജ്യത്തില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യത്തോടെയും സുരക്ഷിത്വത്തോടെയും നടക്കാന്‍ സാധിക്കാതെ വരുമ്പോള്‍ അമേരിക്കയും ജപ്പാനും ആസ്‌ട്രേലിയയും ഉള്‍പ്പടെയുളള വിദേശ രാജ്യങ്ങളില്‍ വലിയ പ്രസംഗങ്ങള്‍ നടത്തിയിട്ട് എന്തുകാര്യമാണുള്ളതെന്ന് അവള്‍ പ്രധാനമന്ത്രിയോട് ചോദിക്കുന്നു.

  ‘ ഇതാണ് നമ്മുടെ പ്രധാന പ്രശ്‌നം. മറ്റെന്തിനേക്കാളും മുമ്പ് ഇതിന് തീര്‍പ്പ് കല്പിക്കൂ.’ അവള്‍ ആവശ്യപ്പെടുന്നു. ബലാത്സംഗ കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കാനാണ് തന്റെ കത്തിലൂടെ ഷഹ്നാസ് ആവശ്യപ്പെടുന്നത്. അതിനു കഴിയില്ലെങ്കില്‍ കുറഞ്ഞത് ജീവപര്യന്തമെങ്കിലും നല്‍കണമെന്നാണ് അവളുടെ ആവശ്യം. അല്ലെങ്കില്‍ യൂബര്‍ കാബ് ബലാത്സംഗക്കേസിലെ പ്രതിയെ പോലെ അവര്‍ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത തുടരുമെന്ന് ഷഹ്നാസ് ഭയപ്പെടുന്നു.

  പ്രശസ്തിയും പണവും സ്വാധീനശക്തിയും അധികാരവും ഇതിനുവേണ്ടി ഉപയോഗിക്കാന്‍ സൂപ്പര്‍സ്റ്റാറുകള്‍ ഉള്‍പ്പടെയുളള പ്രമുഖരോട് ഷഹ്നാസ് അഭ്യര്‍ത്ഥിക്കുകയാണ്. സൂപ്പര്‍ സ്റ്റാറുകളെ പോലെ ജനഹൃദയങ്ങളില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയുന്നവര്‍ അതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ തയ്യാറായാല്‍ രാജ്യം മുഴുവന്‍ ഇവര്‍ക്കൊപ്പം നില്‍ക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ഷഹ്നാസ്.

  ‘ ഞങ്ങളെ രക്ഷിക്കൂ, നിങ്ങളുടെ അമ്മയെ, മകളെ, സഹോദരിയെ ദയവുചെയ്ത് രക്ഷിക്കൂ.
  ഇത് ഞങ്ങളുടെ നാണക്കേടല്ല, നിങ്ങളുടേതാണ്.
  നിങ്ങളെ കുറിച്ച് ലജ്ജ തോന്നുന്നു.
  നിങ്ങളുടെ സ്ത്രീകളെ രക്ഷിക്കാനാവുന്നത് വരെ ഉറങ്ങാതിരിക്കൂ. ‘ എന്നു പറഞ്ഞാണ് ഷഹ്നാസ് തന്റെ കത്ത് അവസാനിപ്പിക്കുന്നത്.