മോഡേണ്‍ മെഡിസിന് അലോപ്പതി എന്ന പരിഹാസപ്പേരിട്ടത് ഹോമിയോപ്പതിയുടെ പിതാവോ ?

0
903

00205_371331

സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് ശ്രീ കെപി സുകുമാരന്‍ അഞ്ചരക്കണ്ടി തന്റെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത വാക്കുകള്‍ ആണ് ചുവടെ.

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം, രോഗിക്ക് ബോധം തെളിഞ്ഞു. ഇത്തരത്തില്‍ കേരളത്തിലെ ആദ്യശസ്ത്രക്രിയയാണിത്. ആധുനികവൈദ്യശാസ്ത്രം പരിധികളില്ലാതെ അനവരതം പുരോഗമിക്കുകയാണു. എന്നാലും ആളുകള്‍ പക്ഷെ ആയുര്‍വേദത്തിലും ഹോമിയോയിലും മാത്രമേ വിശ്വസിക്കൂ. അലോപ്പതി എന്ന പരിഹാസപ്പേരില്‍ മോഡേണ്‍ മെഡിസിനെ പുച്ഛിക്കുകയും ചെയ്യും. ഹോമിയോ എന്ന തട്ടിപ്പ് ചികിത്സ തട്ടിക്കൂട്ടിയ ശാമുവല്‍ ഹാനിമാനാണു തന്റെ ദിവ്യചികിത്സയ്ക്ക് എതിരായ മോഡേണ്‍ മെഡിസിനെ അലോപ്പതി എന്ന് പേരിട്ടത്. അലോപ്പതി എന്ന പ്രയോഗം മോഡേണ്‍ മെഡിസിനെ പരിഹസിക്കാന്‍ ഉദ്ദേശിക്കപ്പെട്ട പ്രയോഗമാണു. ഹോമിയോപ്പതി മാത്രമാണു ശരിയായ ചികിത്സ എന്ന് വിചാരിക്കുന്നവരാണു മോഡേണ്‍ മെഡിസിനെ അലോപ്പതി എന്ന് പറഞ്ഞ് പുച്ഛിക്കുക.

ഇന്ന് പക്ഷെ സകല മാധ്യമക്കാരും മോഡേണ്‍ മെഡിസിനെ അലോപ്പതി എന്ന് എഴുതി അപമാനിക്കുകയാണു. വിവരം ഇല്ലാത്തത്‌കൊണ്ടാണു ഇങ്ങനെ ചെയ്യുന്നത്. ഇപ്പോഴത്തെ മാധ്യമാക്കാര്‍ക്ക് സാമാന്യവിവരം കുറവാണു. എഴുത്തിലും പറച്ചിലിലും വായാടിത്തം മാത്രമാണു അവരുടെ കൈമുതല്‍. ശാസ്ത്രീയമായി ചിന്തിക്കാന്‍ കഴിയുന്നവര്‍ മാധ്യമക്കാരില്‍ ഇല്ല എന്ന് തന്നെ പറയാം. മനുഷ്യശരീരത്തിനു സംഭവിക്കുന്ന കേടുപാടുകള്‍ പരിഹരിക്കാന്‍ ഒരേ വഴി ആധുനികവൈദ്യശാസ്ത്രം മാത്രമാണു. നിരന്തരമായ ഗവേഷണങ്ങളിലൂടെയാണു ആധുനികവൈദ്യശാസ്ത്രം വളരുന്നത്. മറ്റ് എല്ലാ ശാസ്ത്രശാഖകളുടെയും പിന്തുണ ഈ മോഡേണ്‍ മെഡിസിനു ഉണ്ട് താനും. ഇന്ന് കണ്ടുപിടിക്കാത്ത പലതും നാ!ളെ കണ്ടുപിടിക്കുക തന്നെ ചെയ്യും. കണ്ടുപിടുത്തങ്ങള്‍ അവസാനിക്കുന്നില്ല.

എന്നാല്‍ ആയുര്‍വേദത്തിലും ഹോമിയോയിലും എന്താണുള്ളത്. ആധുനികവൈദ്യശാസ്ത്രം വളര്‍ച്ച പ്രാപിക്കാത്ത കാലത്ത് അനുമാനങ്ങളുടെയും ഊഹങ്ങളുടെയും അടിസ്ഥാനത്തില്‍ ഉണ്ടായ ചികിത്സയാണു ആയുര്‍വേദം. ശരീരം പഞ്ചഭൂതങ്ങള്‍ കൊണ്ട് നിര്‍മ്മിച്ചതാണെന്നും രോഗം ത്രിദോഷങ്ങള്‍ മൂലം ഉണ്ടാകുന്നതാണെന്നുമാണു ആയുര്‍വേദസിദ്ധാന്തം. അന്ന് അങ്ങനെയേ ചിന്തിക്കാന്‍ പറ്റൂ. കാരണം സയന്‍സ് വികസിച്ചിരുന്നില്ല. ആറ്റങ്ങള്‍ കണ്ടുപിടിച്ചിരുന്നില്ല. എന്നാല്‍ അന്നത്തെ ആ അനുമാനങ്ങളെ ഇക്കാലത്തും വിശ്വസിക്കുന്നത് ബുദ്ധിമാന്ദ്യം ഒന്നുകൊണ്ട് മാത്രമാണു എന്നേ പറയാന്‍ പറ്റൂ. വിശ്വസിക്കാന്‍ എളുപ്പമാണു. എന്നാല്‍ സയന്‍സിലെ വിവരങ്ങള്‍ ഗ്രഹിക്കാന്‍ ബുദ്ധിപരമായ അധ്വാനം വേണം. ആളുകള്‍ അതിനു മെനക്കെടുന്നില്ല. ഹോമിയോപ്പതിയുടെ സിദ്ധാന്തം അതിലും വിചിത്രമാണു. ആധുനികശാസ്ത്രത്തിന്റെ എല്ലാ നേട്ടങ്ങളും അനുഗ്രഹങ്ങളും അനുഭവിച്ചുകൊണ്ടും ആസ്വദിച്ചുകൊണ്ടും ശാസ്ത്രത്തെ മൊത്തം എതിര്‍ക്കുകയും പഴഞ്ചന്‍ പുരാതനവിശ്വാസങ്ങളെ താലോലിക്കുകയും ചെയ്യുന്ന വിചിത്രസ്വഭാവക്കാരാണു ഇന്നത്തെ അധികം ആളുകളും.

അലോപ്പതിക്ക് സൈഡ് എഫക്റ്റ് എന്നാ!ണു പലരും പുച്ഛിക്കുക. ഈ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയിക്കുമ്പോള്‍ എവിടെയാണു ഇതില്‍ സൈഡ് എഫക്റ്റ് ഉള്ളത്. ഈ ശസ്ത്രക്രിയയ്ക്ക് വെറും കത്തി മാത്രമല്ല ഉപയോഗിക്കുക. ആന്റിബയോട്ടിക്ക് മരുന്ന് മുതല്‍ ആധുനികവൈദ്യശാസ്ത്രത്തിലെ എല്ലാ സങ്കേതങ്ങളും ഉപയോഗിക്കും. ഈ ശസ്ത്രക്രിയയില്‍ എവിടെയാണു സൈഡ് എഫക്ട്? എന്ത്‌കൊണ്ടാണു ഈ ശസ്ത്രക്രിയ വിജയിക്കുന്നു എന്ന് ചോദിച്ചാല്‍ ശരീരം എന്താണു, അത് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നൊക്കെയുള്ള പൂര്‍ണ്ണമായ അറിവ് പ്രയോജനപ്പെടുത്തിയിട്ടാണു ഇത് ചെയ്യുന്നത് എന്നാണു ഉത്തരം. ഇന്നത്തെ ആയുര്‍വേദക്കാര്‍ക്കും ഹോമിയോക്കാര്‍ക്കും അനാട്ടമിയും ഫിസിയോളജിയും ഒക്കെ അറിയുമായിരിക്കും. അതൊന്നും പക്ഷെ ആയുര്‍വേദത്തിലും ഹോമിയോയിലും ഇംപ്ലിമെന്റ് ചെയ്യാന്‍ പറ്റില്ല. കാരണം ആയുര്‍വേദസിദ്ധാന്തം പഴഞ്ചനും ഹോമിയോസിദ്ധാന്തം ഒരുമാതിരി ആത്മീയവുമാണു.

പലപ്പോഴും പറഞ്ഞ ഒരു വാചകം ആവര്‍ത്തിച്ചുകൊണ്ട് ഈ കുറിപ്പ് ഉപസംഹരിക്കട്ടെ. ആയുര്‍വേദഹോമിയോസിദ്ധയുനാനിപ്രകൃതി ചികിത്സകളില്ലെങ്കില്‍ ഒരു ചുക്കുമില്ല എന്നാല്‍ മോഡേണ്‍ മെഡിസിന്‍ ഇല്ലാതെ ഇന്നത്തെ കാലത്ത് ഒരു സെക്കന്റ് മനുഷ്യരാശിക്ക് ഭൂമിയില്‍ നിലനില്‍ക്കാനാവില്ല.