യക്ഷി

0
799

girl1
സന്ധ്യക്ക് പെയ്യുന്ന ചാറ്റമഴയിലൂടെ നടക്കാന്‍ എന്തൊരു രസമാണ് ….

ആകാശത്തിന്റെ കുങ്കുമവര്ണം ഒപ്പിയെടുത്ത് മണ്ണിലേക്ക് വിരുന്നു വരുന്ന മഴത്തുള്ളികളുടെ സൌന്ദര്യം ആസ്വദിച്ചു കൊണ്ട് പാടവരമ്പിലൂടെ ഞാന്‍ നടന്നു….

ഈ പാടം കഴിഞ്ഞാല് കുന്നിന്‌ചെരുവായി, ബാല്യവും കൌമാരവും സ്വപ്നങ്ങളുടെ വര്‍ണ്ണങ്ങള്‍ നിറച്ച്….. കുയിലിന്റെയും കുരുവിയുടെയും പാട്ടിന്റെ താളത്തില്‍, അണ്ണാറക്കണ്ണനും കാലിക്കിടാങ്ങളും കാട്ടുന്ന കുസൃതിക്കള്‌ക്കൊപ്പം ഞാന്‍ ഓടിക്കളിച്ചു വളര്ന്ന എന്റെ കുന്നിന്‌ചെരുവ്.

കാലം ഒരുപാട് മാറി….. ആ കുന്നിന്‌ചെരുവും

കൂട്ടുകാരൊന്നിച്ചു കളിക്കുവാന്‍ തിരഞ്ഞെടുത്തിരുന്ന പറങ്കിമാവിന്റെ ചാഞ്ഞു കിടന്നിരുന്ന കൈകളും, മഴക്കാലത്തെ തണുപ്പുള്ള ചെറുകാറ്റില്‍ രുചിയുള്ള മാമ്പഴം പൊഴിച്ച് തന്നിരുന്ന നാട്ടുമാവും ഇന്നില്ല….

കൊന്നപ്പൂവിന്റെയും കൈതച്ചക്കയുടെയും മണമുള്ള മന്ദമാരുതനും കുന്നിന്‌ചെരുവിനോട് യാത്ര പറഞ്ഞു പൊയിരിക്കുന്നു….

പച്ചപ്പുല്ലും കാട്ടുപൂക്കളും കൊണ്ട് സമൃദ്ധമായിരുന്ന അവിടം ഇന്ന് വെറും തരിശുഭൂമി….

എങ്കിലും എനിക്കിഷ്ടമാണ്, ഇന്നും അവിടെ പൊയിരിക്കാന്‍…… ജോലിത്തിരക്കിനിടയില്‍ വീണു കിട്ടുന്ന അവധികളില്‍ നാട്ടിലേക്ക് ഓടിയെത്തുമ്പോള്‍ എന്റെ സന്ധ്യകള്ക്ക് ഇന്നും ഈ കുന്നിന്‌ചെരുവാണ് കൂട്ട്…..

അമ്മ ചോദിക്കും ‘ന്തു കാണാനാ കുട്ടീ നീയിപ്പഴും അങ്ങട്ട് പൊണേ…..രാത്രിയായാല്‍ യക്ഷിയും മറുതയും ക്കെ കറങ്ങണ ഇടാ അത്, സൂക്ഷിച്ചോളൂ ട്ടോ’

ആദ്യമൊക്കെ എനിക്ക് അത്ഭുതമായിരുന്നു, ഇത് കേള്‍ക്കുമ്പൊള്‍….. പിന്നെ നാട്ടില്‍ അതൊരു പാട്ടായി മാറി, അതിനു കാരണം അവിടെ നടന്ന ചില ദുര്‍മരണങ്ങള്‍ ആയിരുന്നു….

കോവിലകത്തെ തമ്പുരാട്ടിയും പാണന്റെ മകന്‍ രാമുവും അടുത്തടുത്ത ദിവസങ്ങളില്‍ അവിടെ മരണപ്പെട്ടപ്പോള്‍ കോവിലകത്തെ തിരുമേനിയാണ് പണിക്കരെ വരുത്തി പ്രശ്‌നം വെയ്പ്പിച്ചത്.

കുന്നിന്‌ചെരുവിലൊരു നാഗയക്ഷി ഉണ്ടത്രെ…… അസമയത്ത് അവിടെ പെട്ട് പോയ അവരെ വകവരുത്തിയത് ആ യക്ഷിയാണെന്നു പണിക്കര് വിധി എഴുതിയപ്പോള്‍ തമ്പുരാന്റെ നോട്ടുകെട്ടിന്റെ ബലത്തില്‍ പോലിസേമാന്മാരും അത് ശരി വച്ചു…..പരിഷ്‌കാരം എന്തെന്നറിയാത്ത പാവം ഗ്രാമീണര്‍ അത് വിശ്വസിച്ചു, കാലികളെ മേയ്ക്കാന്‍ പോലും ആ വഴി പോകാതെയായി

അതോടെ അവിടം തമ്പുരാന്റെ ശിങ്കിടികളുടെ താവളം ആയി…. അതില്പ്പിന്നെ ഇടയ്ക്കിടെ അവിടെ നടന്ന ദുര്‍മരണങ്ങള്‍ എല്ലാം യക്ഷിയുടെ അക്കൌണ്ടില്‍ എഴുതിച്ചേര്‍ക്കാനായിരുന്നു നാട്ടുകാര്ക്കും കൂടുതല്‍ താല്പര്യം.

ഇടയില് ചില പുരോഗമനവാദികളായ ചെറുപ്പക്കാര് രംഗത്ത് വന്നെങ്കിലും, അവരില് ചിലരെ കൂടി ‘യക്ഷി’ കൊന്നതോടെ മറ്റുള്ളവരും മിണ്ടാതെയായി……എല്ലാറ്റിലും വലുത് ജീവന്‍ അല്ലെ?

പിന്നെ പിന്നെ എന്റെ പോക്കിന് ഒരാഗ്രഹം കൂടി ഉണ്ടായിരുന്നു….. ഈ യക്ഷിയെ ഒന്ന് നേരില്‍ കാണാനുള്ള ആഗ്രഹം.

രണ്ടു വര്ഷം മുന്പാണ് അത് സാധിച്ചത്…..

പതിവ് പോലെ അസ്തമയ സൂര്യനോട് കുശലം പറഞ്ഞിരുന്ന എന്നെ ഞെട്ടിച്ചു കൊണ്ട് അവള്‍ കുന്നിന്മുകളിലൂടെ ഒഴുകിയിറങ്ങിയെത്തി….

കസവുസാരിയുടുത്തു, പനങ്കുല പോലെയുള്ള മുടിയും അഴിച്ചിട്ടു, നക്ഷത്ര തിളക്കമുള്ള കണ്ണും ചുവന്ന ചുണ്ടുകളുടെ കോണില്‍ വശ്യമായ ചിരിയും ……അറിയാതെ ഞാന്‍ എഴുനേറ്റു പോയി, തൊണ്ട വരണ്ടത് പേടിച്ചിട്ടാണോ അതോ അവളുടെ സൌന്ദര്യം കണ്ടിട്ടാണോ?

‘എന്താ മനുവേട്ടാ ഇങ്ങനെ നൊക്കണേ…. ന്നെ മനസിലായില്ലാന്നുണ്ടോ’

‘യക്ഷി…… നാഗയക്ഷി’

അത് കേട്ട് അവള്‍ പൊട്ടിച്ചിരിച്ചു…..

‘ന്റെ ഭഗോതീ, ന്നെ കാത്തോളണേ……’ അവളുടെ ചിരി കണ്ട എന്റെ ആത്മഗതം ഉച്ചത്തിലായിപ്പോയി.

‘ന്റെ മനുവേട്ടാ….പട്ടണത്തിലൊക്കെ പഠിച്ചിട്ടും ജോലി ചെയ്തിട്ടും പ്പഴും പത്താം നൂറ്റാണ്ടിലാ, ആള്ക്കാരൊക്കെ ഓരോന്ന് പറഞ്ഞുണ്ടാക്കണേ മനുവേട്ടനും വിശ്വസിച്ചു നടക്ക്വാ…. ന്നാ പ്പിന്നെ ന്തിനാ ഈ നേരത്ത് ഇവിടെ വന്നിരിക്കണേ’

ഞാന്‍ ഒന്നും മിണ്ടിയില്ല…. അതിനു കഴിഞ്ഞില്ല എന്നുള്ളതാണ് സത്യം.

‘മനുവേട്ടന് ന്നെ മനസിലായില്യാ ല്ലേ….?’ എന്റെ നില്പു കണ്ട് അവള്‍ ചോദിച്ചു.

‘അങ്ങട്ട് പിടി കിട്ടണില്യാ………കുട്ടി ഏതാ?’

‘നളിനി………..’ ചെറിയൊരു നാണത്തോടെ അവള്‍ പറഞ്ഞു ‘ജാനൂന്റെ മോള്……..’

‘ന്റെ ഭഗോതീ…….നളിനിയോ’ എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കുട്ടിക്കാലത്ത് മൂക്കളേം ഒലിപ്പിച്ചു മന്വേട്ടാ മന്വേട്ടാ ന്നു വിളിച്ചു തന്റെ പുറകേ നടന്നിരുന്ന, വീട്ടിലെ ജോലിക്കാരി ജാനൂന്റെ മോളാണോ ഇത്……..ഈശ്വരന്റെ ഓരോ ലീലാവിലാസങ്ങളേയ്.

ഇവള്‍ക്ക് പന്ത്രണ്ടു വയസുള്ളപ്പോള്‍ ആണെന്നു തോന്നുന്നു താന്‍ ഇവളെ അവസാനമായി കണ്ടത്, അന്ന് തനിക്കു പതിനെട്ടു വയസ്……….ഉപരിപഠനത്തിനായി താന്‍ പിന്നെ പട്ടണത്തിലേക്ക് പോയി.

‘മ്മടെ ജാനൂന്റെ കെട്ട്യോന്‍ ദുബായ്ക്ക് പോയി മോനെ………പ്പോ അവള് പണിക്കു വരണില്യാ, പകരം ഒരാളെ അവളു തന്നെ ഏര്‍പ്പാടാക്കിത്തന്നു’ എന്ന് ആയിടക്കു അമ്മ വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു. അതില്‍ പിന്നെ നാട്ടിലെത്തിയാലും അധികം നില്‍ക്കാത്തതു കൊണ്ട് ഇവരുടെ വിശേഷങ്ങള്‍ ഒന്നും അറിയാന്‍ കഴിഞ്ഞിരുന്നില്ല.

‘ന്തേയ്, പ്പോഴും മനസിലായില്ല്യാന്നുണ്ടോ?’ അവളുടെ ചോദ്യമാണ് എന്നെ ചിന്തയില്‍ നിന്നും ഉണര്‍ത്തിയത്.

‘നീയെപ്പഴാ യക്ഷി ആയത്’

‘ങേ………ന്താ ചോദിച്ചേ’ എന്റെ ചോദ്യം കേട്ട് അവള്‍ അമ്പരന്നു.

‘അതോ, അതേ പോലെയല്ലേ നിന്റെ നടപ്പ്………’ ആദ്യത്തെ പേടി മാറിയ എനിക്ക് വെറുതേ അവളോട് എന്തെങ്കിലുമൊക്കെ സംസാരിക്കുവാനാണ് അപ്പോള്‍ തോന്നിയത്.

‘ന്നു പോ മനുവേട്ടാ, ചുമ്മാ കളിയാക്കാതെ………’ അവളുടെ മുഖത്ത് ആ പഴയ കുട്ടിയുടെ കൊഞ്ചല്‍….

‘അല്ലെടീ, സത്യം……….ഈ ഞാന്‍ വരെ പേടിച്ചു പോയില്ലേ നിന്റെ വരവ് കണ്ട്. കുന്നിറങ്ങിയുള്ള ആ വരവ് കണ്ടപ്പോള്‍ ഏതോ അപ്‌സരസ് ആകാശത്തു നിന്നും ഒഴുകിയിറങ്ങി വരുന്ന പോലാ എനിക്ക് തോന്നിയേ………’ അവളുടെ മുഖത്ത് നാണം വിരിഞ്ഞു തുടങ്ങിയത് ഞാന്‍ അറിഞ്ഞു. ‘ പണ്ട് കാരണമില്ലാതെ കരഞ്ഞും മൂക്കള ഒലിപ്പിച്ചും, എപ്പോഴും ചിലച്ചോണ്ട് ന്റെ പിന്നാലെ നടന്ന കാക്കക്കുഞ്ഞാണിതെന്നു വിശ്വസിക്കാന്‍ പറ്റണില്യാ …..’

‘ഞാന്‍ കാക്കക്കുഞ്ഞൊന്നുമല്ല……….’ വര്‍ഷങ്ങള്‍ക്കുശേഷം അവളുടെ കളിപ്പേര് വിളിച്ചപ്പോള്‍ അവള്‍ക്കു പരിഭവം

‘ന്നാലും ന്റെ നളിനീ………നീയെങ്ങനെയാ ഇത്രേം സുന്ദരി ആയേ. നീ സന്തൂറാ ഉപയോഗിക്കണേ ‘

അവളുടെ മുഖത്ത് നാണം കലര്‍ന്ന ചിരി വിടര്‍ന്നു…….’ആ, നിയ്ക്കറിയൂലാ’

പിന്നെ ആ കൂടിക്കാഴ്ചകള്‍ പതിവായി…….ചെയ്തു കൂട്ടിയ പാപങ്ങളുടെ പ്രതിഫലം പോലെ ഇല്ലത്തെ തിരുമേനി തളര്‍വാതം പിടിച്ചു കിടപ്പിലായത് കാരണം തിരുമേനിയുടെ ശിങ്കിടികളും ആ കുന്നിന്‌ചെരുവിനെ കയ്യൊഴിഞ്ഞിരുന്നുതു കൊണ്ട് ഞങ്ങള്‍ക്ക് ആരേയും പേടിക്കാനില്ലായിരുന്നു.

അവധി കഴിഞ്ഞു പോയപ്പോള്‍ കത്തുകളിലൂടെ പരസ്പരം കഥകള്‍ പറഞ്ഞു. സൗഹൃദം പ്രണയത്തിനു വഴി മാറിയത് എപ്പോഴാണെന്ന് അറിയില്ല……എങ്കിലും തുറന്നു പറയാന്‍ മടി ആയിരുന്നു…….അവള്‍ എന്ത് വിചാരിക്കും?

കഴിഞ്ഞ അവധിക്കു വന്നപ്പോള്‍ ഒരു ദിവസം അവള്‍ ചോദിച്ചു……….’മനുവേട്ടന്‍ ഇപ്പോഴും ന്നേ പഴേ ജോലിക്കാരീടെ മോളായിട്ടാണോ കാണണേ……….?’

‘ന്തേ പ്പോ ങ്ങിനെ ഒരു ചോദ്യം’

‘ഒന്നിനും അല്ല, വെറുതേ ചോദിച്ചൂന്നേയുള്ളൂ’ അങ്ങിനെ പറഞ്ഞെങ്കിലും അവളുടെ ചോദ്യത്തിനു ആയിരം അര്‍ത്ഥങ്ങളുണ്ടെന്ന് എനിക്ക് മനസിലായി.

‘നിന്റെ ആഗ്രഹം എന്താ………?’ ഞാന്‍ മറുചോദ്യം എറിഞ്ഞു ‘ഞാന്‍ നിന്നെ എങ്ങിനെ കാണാനാണ് നീ ആഗ്രഹിക്കുന്നത്’

‘അറിയില്ല……………’ അവള്‍ ദൂരെ അസ്തമയസൂര്യനെ നോക്കിയിരുന്നു.

‘ഗ്രാമത്തിലെ സന്ധ്യകള്‍ക്ക് എന്ത് ഭംഗിയാണല്ലേ…………’അവള്‍ തിരിഞ്ഞു എന്റെ മുഖത്തേക്ക് നോക്കി’ എന്റെ യക്ഷിയെപ്പോലെ………..’

‘വെറുതെ മോഹിക്കണോന്നാ ന്റെ പേടി……….’അവളുടെ കണ്ണുകള്‍ നിറഞ്ഞു ‘എത്രയായാലും ഞാന്‍ നിങ്ങടെ പഴേ ജോലിക്കാരീടെ മോളല്ലേ……..ആരും അംഗീകരിക്കില്ല’

പ്രണയം പറയാതെ പറഞ്ഞ ഞങ്ങള്‍ക്കിടയില്‍ കുറച്ചു നിമിഷങ്ങള്‍ നിശബ്ദമായി കടന്നു പോയി.

അവസാനം ഞാന്‍ തന്നെ ധൈര്യം സംഭരിച്ചു, അവളുടെ കൈകള്‍ എന്റെ കൈകള്‍ക്കുള്ളിലാക്കിക്കൊണ്ട് പറഞ്ഞു ‘എന്തൊക്കെ സംഭവിച്ചാലും ന്റെ പഴയ ഈ കാക്കക്കുഞ്ഞിനെ എനിക്ക് തന്നെ വേണം…..ആരെതിര്‍ത്താലും വിട്ടു കളയില്ല ഞാന്‍’

നിറകണ്ണുകളോടെ അവള്‍ എന്റെ തോളിലേക്ക് ചാഞ്ഞു……

ഇനിയിപ്പോ ഈ യക്ഷിയുടെ കഥ അമ്മയുടെ മുന്‍പില്‍ എങ്ങിനെ അവതരിപ്പിക്കും എന്നതാണ് എന്റെ ഏക പ്രശ്‌നം, എന്റെ ഒരാഗ്രഹത്തിനും എതിര് നില്‍ക്കാത്ത അമ്മ ഇതിനും സമ്മതിക്കുമെന്ന് അറിയാമെങ്കിലും ……….

ഇപ്പൊ എന്നെ കാത്തു ആ കുന്നിന്‍ ചെരുവില്‍ ഇരിക്കുന്നുണ്ടാവും അവള്‍, എന്റെ സ്വന്തം യക്ഷി.

ഈ ഗ്രാമസന്ധ്യയുടെ ഭംഗി എന്റെ കൂടെ ആ കുന്നിന്‍ചെരുവിലിരുന്നു ആസ്വദിക്കുവാന്‍…..