യാക്കുബിനെ തൂക്കിലേറ്റി..പക്ഷെ…

  179

  344494-yakub-memom

  1993 ലെ മുംബൈ സ്‌ഫോടന പരമ്പരയിലെ പ്രതിയാണ് യാക്കൂബ് മേമന്‍. ടാഡ കോടതി വധശിക്ഷ വിധിച്ച് എട്ട് വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ ശിക്ഷ നടപ്പാക്കപ്പെട്ടിരിയ്ക്കുന്നത്.

  1994 ല്‍ ആണ് യാക്കൂബ് മേമന്‍ പിടിയിലാകുന്നത്. 21 വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ മേമനെ തൂക്കിക്കൊന്നിരിയ്ക്കുന്നത്.

  ഇന്ന് രാവിലെ 6:38ന് ശിക്ഷ നടപ്പിലാക്കി. അദ്ദേഹത്തിന്റെ 52ആം പിറനാള്‍ ദിവസമായ ഇന്ന് മുംബൈ ഭീകരാക്രമണ കേസിലെ പ്രതി അജ്മല്‍ കസബിനെ തൂത്തിലേറ്റിയ അതേ ആരാച്ചാര്‍ തന്നെയാണ് നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ യാക്കൂബ് മേമന്റെ ശിക്ഷയും നടപ്പാക്കിയത്.

  ഇന്നലെ രാത്രി 10.45 ഓടെ ദയാഹര്‍ജി തള്ളിയതായി രാഷ്ട്രപതി അറിയിച്ചു. ഇതും കൂടി ചേര്‍ത്ത് മൂന്നാം തവണയാണ് രാഷ്ട്രപതി മേമന്റെ ദയഹര്‍ജി തള്ളുന്നത്. തുടര്‍ന്ന് അര്‍ദ്ധരാത്രിയില്‍ മേമന്റെ അഭിഭാഷകര്‍ വീണ്ടും സുപ്രീം കോടതിയെ സമീപിയ്ക്കുകയായിരുന്നു.

  ദയാഹര്‍ജി തള്ളപ്പെട്ടാല്‍ വധശിക്ഷ നടപ്പാക്കാന്‍ 14 ദിവസത്തെ സമയം നല്‍കണം എന്നും അവര്‍ വാദിച്ചു. എന്നാല്‍ ഈ വാദങ്ങളൊന്നും സ്വീകരിയ്ക്കപ്പെട്ടില്ല. പുലര്‍ച്ചെ 4.57 ന് മേമന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി.

  തുടക്കത്തില്‍ മേമന്റെ വധശിക്ഷ സംബന്ധിച്ച് സുപ്രീം കോടതി ജഡ്ജിമാര്‍ക്കിടയില്‍ തന്നെ അഭിപ്രായ വ്യത്യാസമുണ്ടായി. ജസ്റ്റിസ് കുര്യന്‍ ജോസഫ് മേമന്റെ വധശിക്ഷ സ്റ്റേ ചെയ്തു. തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ഇടപെട്ട് കേസ് വിശാല ബഞ്ചിന് വിട്ടു. അവര്‍ കഴിഞ്ഞ ദിവസം ശിക്ഷ ശരി വച്ചതോട് കൂടിയാണ് ഒരിക്കല്‍ കൂടി രാഷ്ട്രപതിയെ സമീപിക്കാന്‍ മേമന്‍ മുതിര്‍ന്നത്.

  നിയമപരമായ എല്ലാ ആനുകൂല്യങ്ങളും സൗകര്യങ്ങളും നല്‍കിയതിന് ശേഷമാണ് യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കിയത് എന്നാണ് സര്‍ക്കാര്‍ വാദം.

  മുസ്ലീം ആയതുകൊണ്ടല്ല യാക്കൂബ് മേമനെ തൂക്കിക്കൊല്ലുന്നത്, ടൈഗറിന്റെ സഹോദരനായതുകൊണ്ടും അല്ല പ്രധാന പ്രതികളായ ദാവൂദ് ഇബ്രാഹിമിനേയും ടേഗര്‍ മേമനേയും ഒന്നും പിടികൂടാനാകാത്ത സാഹചര്യത്തിലാണ് മേമനെ തൂക്കിക്കൊന്നതെന്ന് മറുപക്ഷം ആരോപിക്കുന്നു.