Featured
യാത്രകള്‍ അഥവാ പറിച്ചു നടലുകളുടെ ചരിത്രം
യാത്രകളാണത്രെ മനുഷ്യ ജീവിതങ്ങള്‍..!
അച്ചന്റെ മുതുകിലൂടെ, അമ്മയുടെ ഗര്‍ഭപാത്രത്തിലൂടെ സഞ്ചരിച്ച്ഭൂമിയിലെത്തുമ്പോള് അവനെ കാത്തിരിക്കുന്നതും യാത്രകള്‍ തന്നെ.
ശൈശവത്തില്‍ നിന്നും ബാല്യത്തിലേക്ക്, ബാല്യത്തില്‍ നിന്നുകൌമാരത്തിലേക്ക്, പിന്നെ യൌവനത്തിലേക്ക്, യൌവനത്തില്‍ നിന്നുംവാര്ദ്ധക്യത്തിലേക്കും തുടര്‍ന്ന് ഒടുക്കത്തിലേക്കും ചുമക്കപ്പെടുന്നതിലേക്കുംഅടക്കപ്പെടുന്നതിലേക്കും വരെ നീളുന്ന വലിയ പ്രയാണങ്ങള്‍…
152 total views

യാത്രകളാണത്രെ മനുഷ്യ ജീവിതങ്ങള്‍..!
അച്ചന്റെ മുതുകിലൂടെ, അമ്മയുടെ ഗര്‍ഭപാത്രത്തിലൂടെ സഞ്ചരിച്ച് ഭൂമിയിലെത്തുമ്പോള്‍ അവനെ കാത്തിരിക്കുന്നതും യാത്രകള്‍ തന്നെ.
ശൈശവത്തില്‍ നിന്നും ബാല്യത്തിലേക്ക്, ബാല്യത്തില്‍ നിന്നു കൌമാരത്തിലേക്ക്, പിന്നെ യൌവനത്തിലേക്ക്, യൌവനത്തില്‍ നിന്നും വാര്‍ദ്ധക്യത്തിലേക്കും തുടര്‍ന്ന് ഒടുക്കത്തിലേക്കും ചുമക്കപ്പെടുന്നതിലേക്കും അടക്കപ്പെടുന്നതിലേക്കും വരെ നീളുന്ന വലിയ പ്രയാണങ്ങള്‍…
ഈ യാത്രകള്‍ക്കിടയിലെ നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും ചരിത്രംഅപഗ്രഥിക്കുവാനാവുന്നതാര്ക്കാണ്. അല്ലെങ്കില്‍ തന്നെ ഈഇത്തിരിവെട്ടത്തെ ജീവിതത്തിനിടയില്‍ ശാശ്വതമായ നേട്ടങ്ങളെന്താണ് ?കോട്ടങ്ങളെന്താണ്. ?
എന്റെ ചിന്തകളില്‍ പലപ്പോളും എന്റെ നേട്ടങ്ങള്‍ മറ്റൊരാളുടെനഷ്ടങ്ങളാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. മറ്റൊരാള്‍ നേടേണ്ടിയിരുന്നവവിധി നിഷ്കരുണം അയാളില്‍ നിന്നും തട്ടിപ്പറിച്ച് എന്നിലേക്ക് നീട്ടുന്നതുപോലെ. എന്നിട്ടും യാതൊരു ലജ്ജയുമില്ലാതെ ഞാനത് ഇരുകൈകളും നീട്ടിസ്വീകരിക്കുന്നു. ഇടക്കെപ്പോളെങ്കിലും ഉറക്കമില്ലാത്ത രാവുകളില്‍ വെറുതെകിടന്നു ഓര്‍മ്മകളെ കല്ലറ തോണ്ടി വിശകലനം ചെയ്യുമ്പോള്‍ മാത്രം,ഇതെന്തൊരു ലോകം.! ഇവിടെ എത്രയെത്ര വിരോധാഭാസങ്ങള്‍.! എന്ന് ഞാനോര്‍ക്കുന്ന തട്ടിപ്പറികള്..!
തരം തിരിക്കലുകളുടെ ചരിത്രം തുടങ്ങുന്നിടത്ത് നിന്നാണ് തട്ടിപ്പറികളുടെചരിത്രവും തുടങ്ങുന്നത്. കഴിവുകളുടെ അടിസ്ഥാനത്തില്‍, മതത്തിന്റെഅടിസ്ഥാനത്തില്, ജാതിയുടെ അടിസ്ഥാനത്തില്‍, ചിന്തകളുടെഅടിസ്ഥാനത്തില്, വേഷഭാഷാധികളുടെ അടിസ്ഥാനത്തില്‍,വര്ണ്ണാടിസ്ഥാനത്തില്, വര്ഗ്ഗാടിസ്ഥാനത്തില്, അങ്ങനെ എത്രയെത്രതരംതിരിവുകളാണ് ഈ ലോകത്ത് എന്ന ചിന്ത എന്നെവിസ്മയപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഓരോ തരം തരംതിരിവുകള്ക്കുംന്യായവും അന്യായവും ഒരേ അനുപാതത്തില്‍ കാണാന്‍ കഴിയുമ്പോളാകട്ടെ ആ വിസ്മയത്തെ വെല്ലുന്ന വിസ്മയത്തിന്റെ സമ്മേളനമാണ്.
മനുഷ്യന് എന്ന മഹാ തരം തിരിവിനപ്പുറം മറ്റൊരു തരം തിരിവിനും ഈ നശ്വരലോകത്ത് പ്രസക്തിയില്ലെന്ന കമ്മ്യൂണിസ്റ്റ് ചിന്ത ( കമ്മ്യൂണിസ്റ്റ് എന്നാല്‍ രാഷ്ട്രീയപാര്‍ട്ടിയല്ല, സര്‍വ്വ സമ സമത്വമെന്ന ഒരു നല്ല ചിന്ത മാത്രമാണുദ്ദേശം)മനസിലുള്ളതിനാലാവണം ഈ ഭ്രാന്തന് ചിന്തകള്‍ എന്നിലേക്ക് കടന്നുവരുന്നതെന്നു തോന്നുന്നു.
പറിച്ചു നടലുകളുടെ ചരിത്രമെഴുതാന്‍ ശ്രമിക്കുമ്പോള്‍ പറിച്ചു നടലുകളുടെആവശ്യകഥയെക്കുറിച്ച് ചിന്തിക്കേണ്ടി വരും. പറിച്ചു നടലുകള്,പ്രകൃതിയുടെ നിയമങ്ങളിലൊന്നാണത്.
‘കൊത്തിമാറ്റി ഒരിക്കലതില്പിന്നെ
ത്രനാളിന്റെ തൂവല്‍ കൊഴിഞ്ഞു. ‘
എന്ന കവിതാ വരികള്‍ വിശദീകരിച്ചു നാലാം ക്ലാസിലെ അമ്മിണി ടീച്ചര്വ്യക്തമാക്കിയിടത്തു നിന്നുള്ളത് തന്നെയാവണം എന്റെ മനസിലെ പറിച്ചുനടലുകളുടെ പ്രകൃതിദത്ത ചിന്തയും ഉടലെടുത്തത്.
പറക്കമുറ്റുന്നത് വരെ തന്റെ ചിറകിന് കീഴിലൊതുക്കി നടന്ന കുഞ്ഞുങ്ങളെപക്വതയും പാകതയുമാവുന്നതോടെ തള്ളക്കോഴി അടുത്ത് നിന്ന്കൊത്തിയോടിക്കുന്ന ചിത്രം മനസില്‍ വരച്ചിട്ട അമ്മിണി ടീച്ചര്‍ പറിച്ചു നടല്ജീവിതമെന്ന മഹായാത്രയുടെ അവഗണിക്കാനാവാത്തഅനിവാര്യതയാണെന്ന ചിത്രം തന്നെയാണ് മനസില്‍ വരച്ചിട്ടത്.
ഇന്നിപ്പോള്‍ ആ നഗ്ന സത്യം പലപ്പോളായി അനുഭവിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഓര്‍മ്മകളിലെ കഴിഞ്ഞു പോയ വലിയ പറിച്ചുനടലുകളുടെ ചരിത്രത്തെ എഴുതാനുള്ള പ്രചോദനം പുതിയൊരു പറിച്ചുനടല്അടുത്തുണ്ടായേക്കാം എന്ന ചിന്ത തന്നെയാണ്.
അനിവാര്യമായതെങ്കിലും പറിച്ചു നടലുകള് വേദന തന്നെയാണ്, വേരിലെനനഞ്ഞ മണ്ണുണങ്ങാതെയുള്ള പറിച്ചു നടല്‍ നമുക്കെങ്ങനെയാണ്സാധ്യമാവുന്നത്. ഒട്ടുമിക്ക പറിച്ചു നടലുകളിലും വേരിലെ ഈറനായമണ്ണിന്റെ അവസാനത്തെ നനവിന്റെ അംശവും ചോര്ന്നുണങ്ങിയഅവസ്ഥയിലായിരിക്കും എന്നത് വിധിയുടെ സുന്ദരമായ ഒരു കളിയാണെന്ന്തോന്നുന്നു.
പുതിയൊരു കൃഷിയിടത്തില്‍ വേരു കിളിര്‍ത്ത് വളര്‍ന്നു തുടങ്ങുന്നത്വരെയുള്ള അവസ്ഥ വേദനാജനകമാണല്ലോ. ആ വേദനാ ചിന്ത തന്നെയാണ്ഈയൊരു ചരിത്രത്തിന്റെ അയവിറക്കലുകള്‍ക്ക് ആധാരം.കഴിഞ്ഞു പോയപറിച്ചു നടലുകളിലെ സുന്ദരമായ ഓര്മ്മകള്വരാനിരിക്കുന്നതിനെക്കുറിച്ചുള്ള അകാരണമായ വേദനകള്ഇല്ലാതാക്കുമായിരിക്കാം.
എന്നെ സംബന്ധിച്ചിടത്തോളം അവസാനത്തേത് പ്രവാസത്തില്‍ നിന്നുള്ളവിടുതിയായിരുന്നു എന്നതിനാല്‍ അതൊരു വലിയ വേദനയായിരുന്നില്ല. എന്നിട്ടും അവസാന നാളുകളില്‍ അത് ഒരു ഒറ്റപ്പെടലിന്റെ, നഷ്ടത്തിന്റെ വേദന എന്നില്‍ ഉണ്ടാക്കിയിട്ടില്ലെന്ന് എനിക്ക് പറയാനാവില്ല.
നാലു വര്‍ഷത്തോളം ഒരു കുടുംബം പോലെ ജീവിച്ചവര്‍, ആ കാലയളവില്‍ അവരെ പിരിഞ്ഞത് മൂന്ന് മാസം മാത്രമാണല്ലൊ. ദൈവം നല്കിയ രക്തബന്ധത്തിനപ്പുറം നാം കണ്ടെടുക്കുന്ന ചില ബന്ധങ്ങള്‍ നമ്മെ വളരെ സ്വാധീനിക്കുന്നുണ്ട് എന്നാണെന്റെ അഭിപ്രായം.
അല്ലെങ്കില്‍ ജീവിതത്തില്‍ ഒരിക്കലും കാണാത്ത, എന്നെ ദിനവും വേദനിപ്പിച്ചു കൊണ്ടിരുന്ന അവസാന പ്രവാസത്തിലെ സിദ്രായക്ഷിയുടെ ഓര്‍മ്മകള്‍ പോലും ഇന്നെനിക്ക് മധുരമായ ഓര്‍മ്മകള്‍ ആവുന്നതെങ്ങനെയാണ്. സിദ്രായക്ഷിയെന്ന പരാമര്‍ശം നിങ്ങളില്‍ ഒരു ചെറിയ ചിരിയുടെ മത്താപ്പിന് തിരികൊളുത്തിക്കാണുമെന്ന് എനിക്കറിയാം. അവസാന വായനയില്‍ സിദ്രായക്ഷിയുടെ ചരിത്രം ഞാന്‍ വിശദമാക്കാം.
കഴിഞ്ഞു പോയ ഖത്തര്‍ ജീവിതം എന്റെ ഗള്‍ഫിലെ ആദ്യ പ്രവാസമായിരുന്നതിനാല് തന്നെ ആദ്യ ദിനങ്ങള്‍ വളരെ വിഷമകരമായിരുന്നു. ആ ദിനങ്ങളുടെ ഒറ്റപ്പെടലിന്റെ പ്രവാസച്ചൂടില്‍ എന്റെ നേര്‍ക്ക് സ്നേഹത്തിന്റെ ചിരിയോടെ നാട്ടിലേക്ക് വിളിക്കാന്‍ മൊബൈല്‍ ഫോണ്‍ നീട്ടിയ മഹേഷ് എസ് അയ്യര്‍ തന്നെയാണ് എന്നിലെ ഏറ്റവും സുഖമുള്ള ഓര്‍മ്മ. ആദ്യ ദിവസത്തിലെ ആ മനുഷ്യത്വത്തിന് അവസാനം ദിനം വരെ ഒരു മാറ്റവുമില്ലാതെ തുടര്‍ന്നപ്പോള്‍ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ട മനുഷ്യനെന്ന വാക്കിന് ഏറ്റവും അര്‍ഹനായ വ്യക്തിയെന്ന് അദ്ധേഹത്തെ ഹൃദയത്തില്‍ എഴുതി വെക്കുന്നു.
മലയാള കവിതാ വരികളില്ലാതെ ജീവിക്കാന്‍ ആവില്ലെന്ന് തോന്നിപ്പിച്ച് ദിവസവും കവിതാ ഈരടികളുമായി മുറിയില്‍ എനിക്ക് കൂട്ടായിരുന്ന പ്രതാപേട്ടനാണ് മറ്റൊരു ഓര്‍മ്മ. സ്വന്തം ജീവിതത്തോടുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് കണ്ട്, ജീവിതത്തെ ഇത്രയും നിസാരമായി കാണാന്‍ മറ്റൊരാള്‍ക്ക് കഴിയുമോ എന്ന് ചിന്തിച്ചിട്ടുണ്ട്. അപ്പോള്‍ തന്നെയും മറ്റുള്ളവന്റെ ജീവിതത്തെ വിലമതിക്കുകയും അശരണരായവര്‍ക്ക് വേണ്ടി സഹായ ഹസ്തം നീട്ടുകയും ചെയ്യുന്ന ആ വ്യക്തിത്വത്തെ എനിക്കൊരിക്കലും എഴുതുവാന്‍ കഴിയില്ലെന്ന് തോന്നുന്നു. മലയാള കവിതയോട് ഇന്ന് എനിക്കുള്ള സ്നേഹം ആലപ്പുഴക്കാരനായ ഈ നാടക നടന് നിറച്ചു തന്നതാണെന്ന് പറയുവാന്‍ ഇന്ന് എനിക്ക് അഭിമാനമുണ്ട്.
വ്യക്തിത്വങ്ങള്‍ പിന്നെയും ഒരുപാട് മനസിന്റെ ഉള്ളറകളിലുണ്ട്, മലയാളിയുടെ സ്വാര്‍ത്ഥ ചിന്താഗതിയുടെ ഉദാഹരണങ്ങളായവര്, സ്നേഹത്തിന്റെ പരിഗണനയുടെ പര്യായപദങ്ങളായവര്. ഒറ്റപ്പെടലിന്റെ വേദനിക്കുന്ന മുറിവില്‍ സ്നേഹത്തിന്റെ, പരിഗണനകളുടെ മരുന്ന് പുരട്ടിയവര്.. അങ്ങനെ അങ്ങനെ………
എന്നാല്‍ ഖത്തര്‍ ജീവിതം ഓര്‍ക്കുമ്പോള്‍ എന്നെ ഏറെ ആഹ്ലാദചിത്തനാക്കുന്നത് മഹേഷ് എസ് അയ്യരും പ്രതാപേട്ടനും സിദ്രായക്ഷിയും തന്നെയാണ്. സിദ്രായക്ഷിയെ വിശദീകരിക്കാമെന്ന് മുന്‍പ് വാക്കു തന്നിരുന്നതാണല്ലേ.. തീര്‍ച്ചയായും ഞാനത് വിശദീകരിക്കാന്‍ പോകുകയാണ്.
സിദ്രായക്ഷി എന്നത് ഒരു ഭാവന മാത്രമാണ്, ചിലപ്പോളെങ്കിലും നമുക്ക് വ്യക്തമായറിയാത്ത കാര്യങ്ങള്‍ക്ക് നമ്മളൊരു വിശദീകരണം കണ്ടെത്താന്‍ ശ്രമിക്കാറില്ലെ? ഒരുപക്ഷെ നമ്മുടെ ബോധമനസിന് അസാധ്യം, അപ്രാപ്യം എന്നൊക്കെ തോന്നുന്ന തരത്തിലുള്ള ചിന്തകള്‍ ഉണരുമ്പോള്‍ പോലും നമ്മുടെ ഉപബോധ മനസു കൊണ്ട് നമ്മളതിനെ അങ്ങ് ഉറപ്പിച്ചു നിര്‍ത്തും.ഒരു പാഴ്ചിന്തയെന്ന് സ്വയം പലവട്ടം പറഞ്ഞാലും അറിയാതെ നമ്മളതിനെ വിശ്വസിക്കും. അല്ലെങ്കില്‍ അത് സത്യമാണെന്ന് ചിന്തിക്കാന്‍ നമ്മളാഗ്രഹിക്കും.
സിദ്രാ എന്നത് ഖത്തറിലെ ദേശീയ മരമാണ് എന്നാണ് എനിക്ക് തോന്നുന്നത്. പ്രവാസത്തിന്റെ അവസാന നാളുകളില്‍ നാലു വര്‍ഷത്തോളം സ്വന്തമെന്ന് കരുതിയ അനേകം കൂട്ടുകാരെ നഷ്ടപ്പെട്ട് പോകുന്നതിലെ വേദനയോ, നാലു വര്‍ഷത്തെ കണക്കുകള്‍ എല്ലാം അടക്കിയൊതുക്കി കൈമാറാനുള്ള തിടുക്കത്തില്‍ ഉണ്ടായ മാനസിക സമ്മര്‍ദ്ധമോ, ഒരു ചാട്ടത്തിന് പ്രാവാസമെന്ന ദുരിതത്തെ വലിച്ചെറിഞ്ഞ് പോകുവാന്‍ ഒരുമ്പെട്ട് രാജിക്കത്ത് നല്കിയപ്പോള് മനസ് സ്വയം ചോദിച്ചു കൊണ്ടിരുന്ന ‘ഇനി നീ എന്തുചെയ്യാന്‍ പോകുന്നു’ എന്ന ചോദ്യം മനസിലുണ്ടാക്കിയ മാനസിക സമ്മര്‍ദ്ധമോ ഖത്തറിലെ അവസാന ദിവസങ്ങള്‍ എന്റെ മനസിനെ വല്ലാതെ ഉരുകിയൊലിപ്പിച്ചിരുന്നിരിക്കണം.
എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ഖത്തറിലെ എന്റെ അവസാനത്തെ ഒരു മാസം തുടര്‍ച്ചയായി ഞാന്‍ ഉറക്കത്തില്‍ ഞെട്ടിയുണരുമായിരുന്നു. വെറുതെ ഞെട്ടിയുണരുന്നതല്ല, കണ്ണടഞ്ഞു കഴിയുമ്പോള്‍ കഴുത്തില്‍ ആരോ വന്ന് ഞെക്കിയമര്ത്തും. ഞാന്‍ ശ്വാസം മുട്ടി വല്ലാതെ പിടയും. ഒന്ന് ശബ്ദിക്കാനാവാതെ എന്റെ നാവു കുഴയും. മരണത്തിലേക്കുള്ള യാത്രയുടെ അവസാന പടവുകളിലാണെന്ന് സ്വയം ചിന്തിച്ച് , മറ്റൊരു നിവൃത്തിയുമില്ലാതെ കീഴടങ്ങാനൊരുങ്ങുന്ന നേരം എന്റെ കഴുത്തിലെ കൈകള്‍ക്ക് മെല്ലെ അയവു വരും. മെല്ലെ എന്റെ കഴുത്ത് ആ കൈകളില്‍ നിന്നും മോചിതനാവുന്ന നേരം ഞാന്‍ ഉണരും. ഏതാണ്ട് ഒന്നൊന്നര മാസത്തോളം എല്ലാ ദിവസവും ഇതു തന്നെ അവസ്ഥ.
ആദ്യ ദിവസങ്ങളില്‍ ഇതൊരു വല്ലാത്ത വിഷമമായിരുന്നു. ഉറങ്ങുന്നില്ലെന്ന് കരുതി ഇന്റെര്‍നെറ്റിനു മുന്നില്‍ കുത്തിയിരുന്ന ദിവസങ്ങള്‍. എന്നിട്ടും പുലര്‍ച്ചെ ഒന്നു കണ്ണടച്ചാലും ഇതു തന്നെ അവസ്ഥ. എന്നാല്‍ ആ അവസ്ഥയെ താമസിയാതെ ഞാന്‍ ഇഷ്ടപ്പെട്ടു തുടങ്ങി.
എന്റെ സ്വപനത്തില്‍ കഴുത്തില്‍ കുത്തിപ്പിടിക്കുന്നവളെ ഞാന്‍ ഭാവനയില്‍ കണ്ടു. അവള്‍ക്ക് ഞാന്‍ സിദ്രയെന്ന് പേരിട്ടു. അവളെ ഞാന്‍ ഒരു യക്ഷിയെന്ന് സങ്കല്പിച്ചു. ഞാന്‍ ഓരോ നാളിലും ചെയ്യുന്ന കൊച്ചു തെറ്റുകള്‍ക്ക് എന്നെ ചങ്കില് കുത്തിപ്പിടിച്ചു ചോദ്യം ചെയ്യുന്ന നന്മ നിറഞ്ഞൊരു യക്ഷിയായി ഞാന്‍ അവളെ സങ്കല്പിച്ചു. എല്ലാ തെറ്റുകളില്‍ നിന്നും എന്നെ മോചിപ്പ് തീര്‍ത്തും നല്ലൊരു മനുഷ്യനാവാന്‍ ആ ചിന്ത എന്നെ പ്രേരിപ്പിച്ചിട്ടുണ്ട്. വ്യര്‍ഥ ചിന്ത എങ്കിലും ആ ദിവസങ്ങളില്‍ എത്ര ദേഷ്യം വന്നാലും ലേബര്‍മാരോട് പോലും ഒന്ന് മുഖം വീര്പ്പിക്കാതിരിക്കാന് ഞാന്‍ ശ്രമിച്ചിരുന്നു.
പാതിരാവില്‍ എന്നെ ചോദ്യം ചെയ്തുണര്‍ത്തി സിദ്രായക്ഷി പോയിക്കഴിയുമ്പോള്‍ എന്റെ ചിന്തകള്‍ ഉണരും. സിദ്രാ മരത്തെക്കുറിച്ചും മരുഭൂമിയില്‍ പെട്രോള്‍ ഉണ്ടായതിനെക്കുറിച്ചും അതിന് മുന്‍പ് മുക്കുവനും കച്ചവടക്കാരനും ആയിരുന്ന അറബികളെക്കുറിച്ചും അങ്ങനെ മണിക്കൂറുകളോളം ആ ശാന്തമായ രാത്രികളില്‍ ഞാന്‍ തല പുകക്കും. അങ്ങനെ സിദ്രായക്ഷി എന്റെ സ്വപ്നങ്ങളില്‍ നിന്നും ഒരിക്കലും വിട്ടു പോകരുതെന്ന് കൊതിക്കുന്ന തരത്തിലേക്ക് ആ സ്വപ്നം എന്നെ കൊണ്ടെത്തിച്ചിരുന്നു.
എന്നാല്‍ നാട്ടിലേക്കുള്ള ടിക്കറ്റ് കയ്യിലെത്തിയതോടെ സിദ്രായക്ഷി എന്നോട് വിട പറഞ്ഞു. എന്റെ മാനസിക സമ്മര്‍ദ്ധം തന്നെയായിരുന്നു സിദ്രായക്ഷിയുടെ താണ്ഡവത്തിന് പിന്നിലെന്ന സത്യം അങ്ങനെ വെളിവായി.
നാട്ടിലേക്ക് പറക്കാനുള്ള ടിക്കറ്റ് നല്കിയ സന്തോഷത്തില്‍ മനസിന്റെ ഏതോ ഒരു മണ്ഡലത്തില്‍ ജീവിച്ചിരുന്ന സിദ്രായക്ഷി പറിച്ചെറിയപ്പെട്ടു. പിന്നെ പലപ്പോളും ആ സ്വപ്നം കാണാന്‍ കൊതിയോടെ ഞാന്‍ കിടന്നെങ്കിലും അതുണ്ടായതേയില്ല.
ഇന്ന് ഞാന്‍ വീണ്ടും ആ പഴയ അവസ്ഥയിലേക്ക് എത്തുമെന്ന ചിന്തയിലാണ്. ഇവിടെ പക്ഷെ പ്രവാസം അവസാനിക്കുന്നില്ല, ഈ മണല്‍പ്പരപ്പില്‍ നിന്നും മറ്റൊരു മരുഭൂമിലേക്ക് ചേക്കാറാനുള്ള തയ്യറെടുപ്പ് മാത്രം.
അബൂദാബിയുടെ ഈ കത്തുന്ന ചൂടില്‍ നിന്നും ഒരു പക്ഷെ പറിച്ചു നടപ്പെടുന്നത് ഓമാനിലെ കടല്‍ത്തീരങ്ങളിലേക്കാവാം. അല്ലെങ്കില്‍ വിശുദ്ധ നാടായ സൌദിയിലെ മദീനയിലേക്ക്.. രണ്ടായാലും ഒരു പറിച്ചു നടല്‍ കൂടി വീണ്ടും അനിവാര്യമാവുന്നു.
അല്ലെങ്കില്‍ തന്നെ പറിച്ചു നടലുകളുടെ ചരിത്രം അവസാനിക്കുന്നില്ലല്ലോ. തുടക്കത്തിനും ഒടുക്കത്തിനും ഇടയിലായി ഇനിയുമെത്ര പറിച്ചു നടലുകള് ജീവിതത്തില്‍ അനിവാര്യമായിരിക്കാം…!
153 total views, 1 views today