യു.എ.ഇ നിയമങ്ങള്‍ ഇനി വിരല്‍തുമ്പില്‍ ; മൊബൈല്‍ ആപ്പ് വൈറലാകുന്നു

175

law2

യു.എ.ഇ നിയമങ്ങള്‍ അറിയുന്നതിന് മന്ത്രിസഭ പുതിയ ആപ്‌ളിക്കേഷന്‍ പുറത്തിറക്കി. 21 പ്രധാന വിഷയങ്ങളിലായി ഉള്‍ക്കൊള്ളിച്ചിട്ടുള്ള 270 ഫെഡറല്‍ നിയമങ്ങളാണ് മൊബൈല്‍ ആപ്‌ളിക്കേഷനിലൂടെ ലഭിക്കുക. യു.എ.ഇ ഭരണഘടനയുടെ പൂര്‍ണരൂപവും ആപ്പിലൂടെ ലഭിക്കും. പേഴ്‌സനല്‍ സ്റ്റാറ്റസ് നിയമം, പീനല്‍കോഡ്, സിവില്‍ നിയമം, വാണിജ്യം, ധനകാര്യം, നിക്ഷേപം, മനുഷ്യവിഭവ ശേഷി, വിദ്യാഭ്യാസവും ഗവേഷണവും, സാമൂഹിക സുരക്ഷ, പെന്‍ഷന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമങ്ങളും ഭേദഗതികളും അടക്കമാണ് ലഭിക്കുന്നത്.

മന്ത്രിസഭാ കാര്യ മന്ത്രാലയമാണ് മൊബൈല്‍ ആപ്‌ളിക്കേഷന്‍ വികസിപ്പിച്ചത്. ‘യു.എ.ഇ ലെജിസ്‌ളേഷന്‍സ്’ എന്ന ആപ്‌ളിക്കേഷന്‍ ഐ.ഒ.എസ്, ആന്‍ഡ്രോയ്ഡ് പ്‌ളാറ്റ്‌ഫോമുകളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍, അഭിഭാഷകര്‍, നിയമ വിദഗ്ധര്‍, മാധ്യമപ്രവര്‍ത്തകര്‍, ഗവേഷകര്‍ തുടങ്ങിയവര്‍ക്ക് ഏറെ ഉപകാരപ്പെടുന്നതാണ് പുതിയ ആപ്പ്. വിവിധ നിയമങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനും ഇ മെയില്‍, എസ്.എം.എസ് എന്നിവ വഴി മറ്റുള്ളവരുമായി പങ്കുവെക്കാനും പ്രിന്റെടുക്കാനും സാധിക്കും.