ലോകത്തിലെ ഏറ്റവും വലിയ വീഡിയോ ഷെയറിംഗ് സൈറ്റായ യൂ ട്യൂബിന് വെല്ലുവിളിയായി ഫേസ്ബുക്ക്. ഓണ്‍ലൈന്‍ റിസേര്‍ച്ച് കണക്കുകള്‍ പ്രകാരം,ഏറ്റവും കൂടുതല്‍ വീഡിയോകള്‍ ഷെയര്‍ ചെയ്യപ്പെടുന്നത് യൂ ട്യൂബിലല്ല, പകരം ഫേസ്ബുക്കിലാണ്.
ലോകത്താകമാനമുള്ള 20000ഓളം പേജുകളിലെ 180000ഓളം വീഡിയോകളുടെ ഷെയറിംഗ് പരിശോധിച്ചാണ് ഇത്തരത്തില്‍ ഒരു നിഗമനത്തില്‍ മീഡിയ നിരീക്ഷകര്‍ എത്തിയത്. അവരുടെ റിപ്പോര്‍ട്ട് പ്രകാരം ഇനി ഫേസ്ബുക്കും ട്വിറ്ററുമെല്ലാം ആയിരിക്കും യൂ ട്യൂബിന്റെ ഏറ്റവും വലിയ എതിരാളികളും വെല്ലുവിളിയും.
ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുകയും ഷെയര്‍ ചെയ്യപ്പെടുകയും ചെയ്യുന്നത് വീഡിയോകളാണ്. അതിനാല്‍ തന്നെ ഇത്തരം സോഷ്യല്‍ മീഡിയ സൈറ്റുകളുടെ വളര്‍ച്ച, യൂ ട്യൂബിന് കനത്ത വെല്ലുവിളി ആയിരിക്കുമെന്നതില്‍ തെല്ലും സംശയം വേണ്ട.