രണ്ടുനടന്മാരുടെ അസാധ്യപ്രകടനവുമായി ലീല…

jagadeesh

 
രു നല്ല നടനില്‍ ഒളിഞ്ഞിരിക്കുന്ന ഒരു അപരവ്യക്തിത്വമുണ്ട്. പലപ്പോഴും ഒന്നില്‍ നിന്ന് മറ്റു പല വ്യക്തിത്വങ്ങളിലേയ്ക്ക് സഞ്ചരിക്കപ്പെടുന്ന ആ ഡ്യുവല്‍ പേഴ്‌സണാലിറ്റി ബോധപൂര്‍വ്വവും അബോധപൂര്‍വ്വവും ഒരു നടനില്‍ സംഭവിക്കാറുണ്ട്. അബോധപൂര്‍വ്വം സംഭവിക്കുന്ന ഘട്ടങ്ങളില്‍ കഥാപാത്രത്തില്‍ നിന്ന് സ്വന്തം വ്യക്തിത്വത്തിലേയ്ക്കുള്ള വിടുതല്‍ ശ്രമങ്ങളും തീവ്രമായ മറ്റൊരവസ്ഥയാണ്. അപൂര്‍വ്വം ചില നടന്മാര്‍ ഇത്തരം പരകായപ്രവേശങ്ങളെക്കുറിച്ച് രസകരമായി പറഞ്ഞിട്ടുമുണ്ട്. അഭിനയമെന്നത് ക്യാമറയ്ക്കും കുറച്ചുപേര്‍ക്ക് മുന്നിലും യാന്ത്രികമായി നടക്കപ്പെടുന്ന പ്രക്രിയയാണെങ്കിലും ആന്തരികമായി അവിടെയൊരു ക്രിയാത്മകമായ പരിണാമം സംഭവിക്കപ്പെടുന്നുണ്ട്. നിശ്ചിത സമയപരിധിയ്ക്കുള്ളില്‍ സംഭവിക്കപ്പെടുന്ന ആ കഥാപാത്രസന്നിവേശങ്ങള്‍ സ്‌ക്രീനില്‍ അത്യപൂര്‍വ്വമായ പകര്‍ന്നാട്ടങ്ങള്‍ സൃഷ്ടിക്കുന്നു. റിലീസിനുമുന്‍പേ, ഒരുപക്ഷെ പ്രാരംഭഘട്ടത്തില്‍ത്തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട രഞ്ജിത്തിന്റെ ലീല എന്ന സിനിമ അത്തരം ചില പരിണാമങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു. ലീലയിലെ അവിശ്വസനീയമായ പകര്‍ന്നാട്ടത്തിലൂടെ അതിശക്തമായ മുന്നേറ്റം നടത്തുന്നു ജഗദീഷ് എന്ന നടന്‍.

ഇതുവരെ നമ്മള്‍ ജഗദീഷ് എന്ന നടനെ അടയാളപ്പെടുത്തിയിരുന്ന ഒരു ലെവല്‍ ഉണ്ട്. പ്രതിഭയുടെ ഒന്നോ രണ്ടോ മിന്നലാട്ടങ്ങളൊഴിച്ചാല്‍ നിലവിലുള്ള ഗ്രാഫിനുമുകളിലേയ്ക്ക് പോകുന്ന യാതൊന്നും അദ്ദേഹത്തില്‍ നിന്ന് നമ്മള്‍ കണ്ടിട്ടുണ്ടാവില്ല. പക്ഷെ ആ ധാരണകള്‍ തിരുത്തപ്പെടുകയാണ് രഞ്ജിത്തിന്റെ ലീലയെന്ന സിനിമയിലൂടെ. അപ്രകാരം ജഗദീഷ് എന്ന നടനില്‍ ഒളിഞ്ഞിരിക്കുന്ന ആ അപരവ്യക്തിത്വത്തെമാത്രമാണ് അഥവാ തങ്കപ്പന്‍ നായരെന്ന കഥാപാത്രത്തെ മാത്രമാണ് നമുക്ക് ലീലയില്‍ കാണാനാവുക. സൂക്ഷ്മാവബോധമുള്ള നിരീക്ഷണം മാത്രമാണ് യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തില്‍ കാണപ്പെടുന്ന ആ അപരവ്യക്തിത്വം.

അങ്ങനെ സുപരിചിതനായ അഭിനേതാവില്‍ നിന്നും തീര്‍ത്തും അപരിചിതനായ മറ്റൊരു വ്യക്തിയിലേയ്ക്ക് പ്രേക്ഷകന്‍ എത്തപ്പെടുന്നു. ആ അനുഭവപ്പെടലില്‍ താരത്തെത്തന്നെ വിസ്മരിക്കപ്പെടുന്നു. താരം പരിപൂര്‍ണ്ണമായും സ്‌ക്രീനില്‍ ഇല്ലാതാവുകയും പകരം കഥാപാത്രത്തോടൊപ്പം കാണികളുടെ മനസ്സും സഞ്ചരിക്കുന്നു. സിനിമ ജീവിതത്തിന്റെ ഭാഗമാകുന്ന രണ്ടര മണിക്കൂറുകളാകുന്നത് അപ്പോള്‍ മാത്രമാകും. അത്തരത്തില്‍ ജഗദീഷ് എന്ന നടന്റെ ഏറ്റവും സ്വാഭാവികമായ, പെര്‍ഫെക്ടായ പ്രകടനമായി ലീലയിലെ തങ്കപ്പന്‍ നായരെ കണക്കാക്കാം. ശബ്ദത്തിലും ശരീരചലനങ്ങളിലും സൃഷ്ടിക്കപ്പെട്ട അപരവ്യക്തിത്വം ജഗദീഷ് എന്ന വ്യക്തിയെ പൂര്‍ണ്ണമായും തുടച്ചുമാറ്റുന്നു. എത്ര ശ്രമിച്ചാലും മാറില്ലായെന്ന് നമ്മള്‍ കരുതിയ സ്വതസിദ്ധമായ എച്ചൂസ് മീ ശബ്ദം ലീലയില്‍ നമുക്ക് കേള്‍ക്കാനാവില്ല. ഒബ്‌സര്‍വേഷന്റെ കാര്യത്തില്‍ അങ്ങേയറ്റം കൃത്യത പാലിച്ചിട്ടുണ്ട് അദ്ദേഹം. ഒരു കുടിയനില്‍ കാണാവുന്ന സകല വ്യാകരണ നിയമങ്ങളേയും, തങ്കപ്പന്‍ നായരിലെ വിടനേയും അവസാനഘട്ടംവരേയും സൂക്ഷ്മമായി അവതരിപ്പിച്ചിട്ടുണ്ട് ജഗദീഷ്.

ലീലയില്‍ നമ്മെ ഞെട്ടിപ്പിക്കുന്ന മറ്റൊരു അഭിനയ പ്രതിഭ വിജയരാഘവനാണ്. അസാധ്യമായി അദ്ദേഹമത് കൈകാര്യം ചെയ്തു. അപാരമായ ക്യാരക്ടര്‍ മാനറിസങ്ങള്‍ കൈവശമുള്ള നടനാണ് വിജയരാഘവനെന്ന് ലീലയിലെ പിള്ളേച്ചനെന്ന കഥാപാത്രത്തിലൂടെ ഒരിക്കല്‍ക്കൂടി അദ്ദേഹമത് തെളിയിക്കുന്നു. ഗോപിപ്പിള്ളയെന്ന വിജയരാഘവന്റെ കഥാപാത്രം ഇതേ ശരീരഭാഷയോടെ, ഇതേ നിസ്സഹായതയോടെ, ഇതേ പരിഭ്രമങ്ങളോടെ നമുക്ക് ചുറ്റും എവിടെയൊക്കെയോ ജീവിച്ചിരിക്കുന്നുണ്ട്. പരമ്പരാഗതമായി കൈമാറപ്പെട്ട ഓച്ഛാനിച്ചുനില്‍ക്കലിന്റെ അവശേഷിപ്പാണ് സ്വതവേ ദുര്‍ബലനും കാര്യശേഷി കുറഞ്ഞവനുമായ പിള്ളേച്ചന്‍. അയാളുടെ വിഹ്വലതകള്‍/ആശങ്കകള്‍ അതീവ ഭദ്രതയോടെ വിജയരാഘവന്‍ അവതരിപ്പിച്ചിരിക്കുന്നു. മുഖത്തുപോലും വിജയരാഘവനെന്ന താരത്തിന്റെ പ്രകടാംശങ്ങള്‍ ഒന്നും തന്നെയില്ല. നമുക്ക് സുപരിചിതനായ മറ്റൊരു വ്യക്തിയെയാണ് അദ്ദേഹം നമുക്ക് മുന്നിലിട്ടുതരുന്നത്.

 
ലീല എന്ന സിനിമയിലെ ഏറ്റവും വലിയ മികവ് ചെറുതും വലുതുമായ കഥാപാത്രങ്ങളുടെ സൂക്ഷ്മമായ നിര്‍മ്മിതിയാണ്. രഞ്ജിത്ത് അത് കയ്യടക്കത്തോടെ നിര്‍വ്വഹിച്ചിട്ടുമുണ്ട്‌. ലീല എന്ന ചെറുകഥയിലൂടെ നമ്മെ വിസ്മയിപ്പിച്ച ഉണ്ണി ആര്‍ തരക്കേടില്ലാതെ തിരക്കഥ ഒരുക്കിയിട്ടുണ്ട്. വലിയ മികവ് പറയാനില്ലെങ്കിലും പ്രശാന്ത് രവീന്ദ്രന്റെ ഛായാഗ്രഹണം കഥാഗതിക്കൊപ്പം ഒഴുകി നീങ്ങുന്നു. മുറിയാനിക്കല്‍ കുട്ടിയപ്പനായി മോശമല്ലാത്ത പ്രകടനം ബിജു മേനോനും കാഴ്ചവച്ചിരിക്കുന്നു. ലീലയായി വന്ന പാര്‍വ്വതി നമ്പ്യാര്‍ നിശബ്ദസാന്നിദ്ധ്യം കൊണ്ട് നിസ്സഹായതയുടെ അഗാധതകളിലേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.

വാലും തുമ്പും :
ഇതൊരു സിനിമാ റിവ്യൂ അല്ല; ലീലയെന്ന സിനിമയില്‍ വേറിട്ടുനിന്ന രണ്ടുനടന്മാരെ പരാമര്‍ശിക്കുന്ന കുറിപ്പ് മാത്രമാണ്.