രാഘവച്ചേട്ടന് അന്പതുറുപ്പിക – കഥ
മെയിന്‍ റോഡില്‍ നിന്ന് വടക്കോട്ടുള്ള റോഡിലേയ്ക്കു തിരിഞ്ഞ് കിഴക്കേ അരികു പറ്റി നടന്നു. പടിഞ്ഞാറേ അരികില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്തിരിയ്ക്കുന്നു. വിവിധ വലിപ്പങ്ങളിലുള്ളവ. എല്ലാവാഹനങ്ങളിലും മണലുണ്ട്. അനധികൃതമായി കടത്തി വന്ന മണലായിരിയ്ക്കണം .
69 total views

(കഥയ്ക്കല്‍പ്പം നീളക്കൂടുതലുണ്ട്. ദയവായി ക്ഷമിയ്ക്കുക.)
മെയിന്‍ റോഡില്‍ നിന്ന് വടക്കോട്ടുള്ള റോഡിലേയ്ക്കു തിരിഞ്ഞ് കിഴക്കേ അരികു പറ്റി നടന്നു. പടിഞ്ഞാറേ അരികില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്തിരിയ്ക്കുന്നു. വിവിധ വലിപ്പങ്ങളിലുള്ളവ. എല്ലാവാഹനങ്ങളിലും മണലുണ്ട്. അനധികൃതമായി കടത്തി വന്ന മണലായിരിയ്ക്കണം .
അല്‍പ്പം കൂടി നടന്നപ്പോള്‍ പോലീസ് സ്റ്റേഷനു മുന്‍പിലെത്തി. ഗേയ്റ്റിനു മുന്പില് നിന്നിരുന്ന കോണ്സ്റ്റബിളുംഹെഡ്കോണ്സ്റ്റബിളും പരിചയഭാവത്തില്‍ ചിരിച്ചു. “സാറെങ്ങോട്ടാ”, കോണ്‍സ്റ്റബിള്‍ ചോദിച്ചു. “ഒന്നു കടവു വരെ.”
പോലീസ്സ്റ്റേഷന്റെ വടക്കുപുറത്തുള്ള ചെറിയ ഗ്രൌണ്ടില് മണല്‍ കൂട്ടിയിട്ടിരിയ്ക്കുന്നു. മുന്‍പിവിടെ വോളിബോള്‍ നടക്കാറുണ്ടായിരുന്നു. ഒന്നു രണ്ടു കൊല്ലം ടൂര്‍ണമെന്റും നടന്നതോര്‍ക്കുന്നു. ഇന്നിപ്പോള്‍ അവിടവിടെ മണല്‍ക്കൂമ്പാരങ്ങള്‍ . പിടിച്ചെടുത്ത മണലാണ്. ഇതു നാട്ടുകാര്‍ക്ക് വിറ്റിരുന്നെങ്കില്‍ എത്ര വലിയ സഹായമായേനെ. മണലിനു വേണ്ടി നെട്ടോട്ടമോടുകയാണ് മനുഷ്യര്‍ . ഇവിടെയിതാ മണല്‍ക്കൂമ്പാരം.
സ്വര്‍ണത്തിനേക്കാള്‍ വിലയായിട്ടുണ്ട് മണലിന്. സ്വര്‍ണം കിട്ടാനുണ്ട്. എത്ര പവന് വേണം? എത്ര വേണമെങ്കിലും കിട്ടും. പക്ഷേ മണല്‍ കിട്ടാനേയില്ല. സ്വര്‍ണം ഉടന്‍ വാങ്ങിയില്ലെന്നുവച്ച് ഗുരുതരമായ കുഴപ്പങ്ങളൊന്നും സംഭവിയ്ക്കാനില്ല. പക്ഷെ, മണലില്ലെങ്കിലോ, വീടുപണി നടക്കില്ല. വീടെന്ന സ്വപ്നം സ്വപ്നമായിത്തന്നെ അവശേഷിയ്ക്കും.
ഇതെല്ലാം മുന്നില്‍ക്കണ്ടു കൊണ്ടായിരിയ്ക്കണം, അമ്മ നേരത്തേ തന്നെ ഓടിട്ട വീടിന്റെ കൂടു പൊളിച്ചു വാര്‍ത്തത്. ഇനിയങ്ങോട്ടു ചെല്ലുന്തോറും ചെലവു കൂടി വരികയേ ഉള്ളു, ഒരു ദിവസം മുമ്പേ ചെയ്തു തീര്‍ക്കാന്‍ പറ്റിയാല്‍ അത്രയും നല്ലത്, എന്ന് അമ്മ പറഞ്ഞു കേട്ടതോര്‍ക്കുന്നു. ഇന്നു മണലിനും മറ്റും വേണ്ടി ഓടി നടന്നു കഷ്ടപ്പെടേണ്ടി വരാത്തത് അന്ന് അമ്മ കാണിച്ച ദീര്‍ഘദൃഷ്ടി മൂലമാണ്. എനിയ്ക്കു വേണ്ടതെല്ലാം ഒരുക്കി വച്ചിട്ടാണ് അമ്മ യാത്രയായത്. അമ്മയുടെ ദീര്‍ഘദൃഷ്ടി എനിയ്ക്കെന്തു കൊണ്ടു കിട്ടാതെ പോയി?
ടാറിട്ട റോഡ് ഗ്രൌണ്ടുവരെച്ചെന്നവസാനിയ്ക്കുന്നു. തുടര്‍ന്നങ്ങോട്ട് ഇടവഴിയാണ്. കുറേക്കാലം മുമ്പ് കല്‍പ്പൊടിയും മെറ്റലും വിരിച്ചിരുന്നത് അവിടവിടെ ഇളകിപ്പോയിരിയ്ക്കുന്നു. പണ്ടുണ്ടായിരുന്ന മൃദുലമായ മണ്ണ് പാദങ്ങള്‍ക്ക് സുഖകരമായിരുന്നു. ഇന്നിപ്പോള്‍ സൂക്ഷിച്ചു നോക്കി നടന്നില്ലെങ്കില്‍ പരിക്കു പറ്റിയതു തന്നെ. എന്നാണാവോ ഈ വഴിയിനി ടാറിട്ട റോഡായിത്തീരുക?
ഇനിയൊരരമണിയ്ക്കൂര് നടക്കാനുണ്ട് രാഘവച്ചേട്ടന്റെ വീട്ടിലേയ്ക്ക്. വളരെക്കാലമായി പോയിട്ട്. എങ്കിലും വഴി അറിയാം. പല തവണ പോയിട്ടുള്ളതാണ്. പുഴയരികിലാണ് രാഘവച്ചേട്ടന്റെ വീട്. വഴിയില്‍ കുറുകെ അടുപ്പിച്ചടുപ്പിച്ച് തോടുകളായിരുന്നു. തെങ്ങിന് തടിപ്പാലങ്ങളും. ഒരിയ്ക്കല്‍ സൈക്കിളിന്നാണു പോയത്. അന്നു ചില പാലങ്ങള്‍ ഒറ്റത്തടിപ്പാലങ്ങളായിരുന്നു. സൈക്കിളെടുത്തു കടത്തുമ്പോള്‍ തോട്ടില്‍ വീഴാതെ നോക്കാന്‍ അന്നു ശരിയ്ക്കും ബുദ്ധിമുട്ടി. ഇനിയീ വഴി സൈക്കിളിന്നില്ലെന്ന് അന്നു തീരുമാനമെടുത്തിരുന്നു.
കുറേക്കാലം കഴിഞ്ഞ് സൈക്കിളെടുക്കാതെ ചെന്നു. അപ്പോഴേയ്ക്കും ഒറ്റത്തെങ്ങിന്തടിപ്പാലങ്ങളൊക്കെ സൈക്കിള്‍ ചവിട്ടിപ്പോകാവുന്നത്ര വീതിയുള്ള പാലങ്ങളായി പുരോഗമിച്ചു കഴിഞ്ഞിരുന്നു. ഇന്നു സൈക്കിളില്ല. ഓട്ടോ അവിടം വരെ ചെന്നെത്തുമോ എന്നറിയാത്തതു കൊണ്ട് നടന്നു തന്നെ പോന്നു. വെയിലാറിക്കഴിഞ്ഞു. ഈ സമയത്ത് സ്വച്ഛന്ദമായൊഴുകുന്ന പെരിയാറിന്റെ തീരത്തൂടെ നടക്കുന്നതു തന്നെയാണു സുഖം. ചെലവു കുറയ്ക്കാം, ആരോഗ്യം കൂട്ടാം.
അമ്പതുറുപ്പിക ചോദിച്ചുകൊണ്ട് പതിവില്ലാതെ പത്താം തീയതി രാഘവച്ചേട്ടന് വന്നപ്പോള്‍ കൈയ്യില്‍ കാശുണ്ടായിരുന്നില്ല. അടുത്ത തവണ പതിവുള്ള ഇരുപതുറുപ്പികയ്ക്കു പകരം എഴുപതുറുപ്പിക കൊടുക്കണമെന്ന് അന്നു തന്നെ തീരുമാനിച്ചിരുന്നു.
സാധാരണയായി എല്ലാ രണ്ടാം തീയതികളിലും രാഘവച്ചേട്ടന് വന്ന് ഇരുപതുറുപ്പിക വാങ്ങിക്കൊണ്ടു പോകാറുള്ളതാണ്. ഇത്തവണ ആളെ കണ്ടില്ല. ഇന്നു നാലാം തീയ്യതിയായി. അമ്പതുറുപ്പിക ചോദിച്ചിട്ടു കൊടുക്കാഞ്ഞതില്‍ പരിഭവിച്ചായിരിയ്ക്കുമോ വരാത്തത്? ഹേയ്, അങ്ങനെയാകാന്‍ വഴിയില്ല. രാഘവച്ചേട്ടന് പരിഭവിച്ചിതേവരെ കണ്ടിട്ടില്ല.
എല്ലാ രണ്ടാം തീയ്യതികളിലും വന്ന് ഇരുപതുറുപ്പിക ചോദിച്ചു വാങ്ങിക്കൊണ്ടു പോകുന്ന പതിവു തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടിലേറെയായി. വാസ്തവം പറഞ്ഞാല്‍ ഇക്കാലത്ത് ഇരുപതുറുപ്പിക ഒന്നുമല്ല.
കേരള സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പോലും ഈ കാലയളവില്‍ ഇരട്ടിയായിട്ടുണ്ടാകും. എങ്കിലും രാഘവച്ചേട്ടന് ഇരുപതേ ചോദിയ്ക്കാറുള്ളു. അതു കൊടുക്കുന്നതില്‍ ഒരു മുടക്കും വരുത്തിയിട്ടുമില്ല.
രണ്ടാം തീയ്യതി നേരം വെളുക്കുമ്പോഴേയ്ക്കും ആളെത്തും. ഞാനുള്ളപ്പോള്ത്തന്നെ വരണം എന്നു കരുതിയായിരിയ്ക്കണം അത്ര നേരത്തേ വരുന്നത്. പണ്ട് രാഘവച്ചേട്ടന് പറമ്പില്‍ പണിയെടുത്തിരുന്ന കാലത്ത് നേരം പരപരാ വെളുക്കുമ്പോഴേയ്ക്കും വന്നു പണി തുടങ്ങുമായിരുന്നു. ആ വെട്ടും കിളയ്ക്കലും കേട്ടുണര്ന്നിട്ടുമുണ്ട് പലപ്പോഴും. ഒരുപക്ഷേ ആ പതിവു തുടരുന്നതുമാവാം.
വന്ന ഉടനേ അധികാരത്തോടെ തന്നെ ചോദിയ്ക്കും, “മോനേ, രാഹച്ചേട്ടന് ഇരുപതുറുപ്പിക വേണം.”കാശു വാങ്ങിയ ശേഷം രാഘവച്ചേട്ടന് ഒരു അനുസ്മരണപ്രസംഗം കൂടി നടത്തിയിട്ടേ പോകൂ.
“ലെഷ്മിച്ചേച്ചി എന്തു തങ്കപ്പെട്ട മനുഷേത്ത്യാര്ന്നു.” തെക്കേപ്പുറത്തേയ്ക്കു നോക്കിക്കൊണ്ട് രാഘവച്ചേട്ടന് അനുസ്മരണത്തിനു തുടക്കമിടും. “ലെഷ്മിച്ചേച്ചി ഇല്ലാര്ന്നെങ്കി ഞങ്ങളിപ്പഴും കൂരയ്ക്കാത്തു തന്നെ കഴിയണ്ടിവന്നേനെ.”
തുടര്‍ന്നു വരാന്‍ പോകുന്ന ഡയലോഗ് നന്നായറിയാം. എങ്കിലും ആവര്‍ത്തനവിരസത ഒരിയ്ക്കല്‍പ്പോലും തോന്നിയിട്ടില്ല.
“ലെഷ്മിച്ചേച്ചി ആളെ വിട്ടു വിളിപ്പിച്ച്. എന്താണാവോന്നു വിചാരിച്ചാണ് വന്നത്.” അമ്മയുടെ ഡയലോഗ് അമ്മയുടെ ഭാവത്തില്‍ത്തന്നെ പറയും രാഘവച്ചേട്ടന് : “രാഘവാ, കൂടു പൊളിച്ച് വാര്‍ക്കാന്‍ പോണ്. പഴേ കൂട്ണ്ടാകും, ഓട്ണ്ടാകും, കൊറച്ച് കല്ലൂണ്ടാകും. വേണേ രണ്ടു മൂന്നു ചാക്കു സിമന്റും തരാം. ന്താ നിനക്ക് നിന്റെ കൂര ഓടാക്കാന്‍ പറ്റ്വോ?”
കഥ സംഭവിച്ച കാലത്ത് അതിന് ദൃക്സാക്ഷികൂടി ആയിരുന്നു, ഞാന്‍. എങ്കിലും രാഘവച്ചേട്ടന് വര്ണ്ണിയ്ക്കുന്നതു കേള്‍ക്കുമ്പോഴുള്ള ആത്മസംതൃപ്തി ഒന്നു വേറെ തന്നെ.
“ഒരാഴ്ച്ചേങ്കൊണ്ട് കൂരപ്പെര ഓടായി.” ഒരു മിനിറ്റ് നേരത്തെ നിശബ്ദതയ്ക്കു ശേഷം കഥ വീണ്ടും തുടരും.
“ശരിയ്ക്ക് അങ്ങനൊന്നും നിയ്ക്ക് ചെയ്തു തരാന്‍ പാടില്ലാത്തതാ. ലെഷ്മിച്ചേച്ചിയെ പറ്റിയ്ക്കാന്‍ നോക്കീട്ട്ള്ളതാ ഞാന്‍ .” രാഘവച്ചേട്ടന് കണ്ണിറുക്കിച്ചിരിയ്ക്കും.
“വടക്കേലെ പട്ടാളക്കാരന് ലീവിന് വന്നപ്പോ കൊറച്ച് റം തന്ന്. രാത്രി കൊറേക്കുടിച്ച്. ബാക്കീണ്ടാര്ന്നത് കാലത്ത് തന്നെ കുടിച്ച് തീര്‍ത്ത് . അപ്പ ദേവകി പെണങ്ങി. വെള്ളടിച്ചോണ്ടാണാ പണിയ്ക്ക് പോണത് ന്നവള് ചോദിച്ച്. അപ്പ കൊറേ നേരം കൂടി കെടന്ന്. പിന്നെ ഇരിയ്ക്കപ്പൊറുതീല്ലാണ്ടായി. വൈകിപ്പോയില്ലേ.”
അടുത്ത സീന്‍ രാഘവച്ചേട്ടന് അഭിനയിച്ചു കാണിയ്ക്കും.
“ലെഷ്മിച്ചേച്ചി കാണാതെ പടിഞ്ഞാപ്രത്തൂടി പതുങ്ങിപ്പതുങ്ങിച്ചെന്ന് കെളയ്ക്കാന്‍ തൊടങ്ങി. വെയിലിന് നല്ല ചൂടല്ലേ. ഉള്ളിലെ ചൂടും പൊറത്തെ ചൂടും കൂടിയായപ്പൊ മാവിന്റെ ചോട്ടില് കെടന്നൊറങ്ങിപ്പോയി.”
രാഘവച്ചേട്ടന് പഴയകാര്യമോര്ത്ത് ഊറിച്ചിരിയ്ക്കും.
“അന്നിവ്ടെ വരാന്തേം അരമതിലുവാ. ദാ, അവ്ടെ വട്ടമേശ. അതിനപ്രത്ത് ചാരുകസേരേല് ലെഷ്മിച്ചേച്ചി ഇരിയ്ക്കും, കണ്ണടേം വെച്ച്.”
ശരിയാണ്. പില്ക്കാലത്താണ് വരാന്തയും അരമതിലും മുറികള്‍ക്കായി വഴി മാറിയത്. കണ്ണട ധരിച്ച് ചാരുകസേരയിലിരുന്നു വായിയ്ക്കുന്ന അമ്മയുടെ ആ ചിത്രം ഫ്രെയിം ചെയ്ത പോലെ മങ്ങാതെ മനസ്സിലുണ്ട്.
അതോര്‍ക്കുമ്പോള്‍ ഉള്ളിലൊരു വിങ്ങലനുഭവപ്പെടും. ചില കാഴ്ചകള്‍ അനന്തകാലം തുടരണമെന്ന ആഗ്രഹം വൃഥാവിലാണെന്നറിയാഞ്ഞല്ല, എന്നാലും….
“ഇവ്ടിരുന്നുങ്കൊണ്ട് പറമ്പില്‍ നടക്കണതൊക്കെ ലെഷ്മിച്ചേച്ചി അറിയും.” ഇനി വിനയാന്വിതനായി വാ പൊത്തിപ്പിടിച്ചാണ് രാഘവച്ചേട്ടന് പറയുക. “വൈന്നേരം കാശു വാങ്ങാന്‍ ലെഷ്മിച്ചേച്ചീടെ മുമ്പില്‍ച്ചെന്നു നിന്നു. ലെഷ്മിച്ചേച്ചി കാശെടുത്ത് നീട്ടി. ന്ന്ട്ട് പറയ്യാ, രാഘവാ നീ നെഞ്ചത്ത് കൈ വെച്ച് പറ, നീ ഇന്ന് സത്യമായും പണിതട്ട്ണ്ട് ന്ന്. ന്ന്ട്ട് കണ്ണടേക്കൂടെ ഒരു നോട്ടോം.”
ശിരസ്സല്പ്പം ഉയര്‍ത്തിപ്പിടിച്ച്, കണ്ണടയുടെ അടിയിലെ ചില്ലില്‍ കൂടിയുള്ള അമ്മയുടെ നോട്ടം രാഘവച്ചേട്ടന് നോക്കിക്കാണിയ്ക്കും.
അമ്മയുടെ ആ നോട്ടം പ്രസിദ്ധമായിരുന്നു.
“ലെഷ്മിച്ചേച്ചീടെ കാല് തൊട്ട് നെറുകേല് വെച്ച്ട്ട് എന്നോടു പൊറുക്കണംന്നുമ്പറഞ്ഞ് ഞാനൊരോട്ടോടി.”
രാഘവച്ചേട്ടന് ചിരിയ്ക്കും. കൂടെ ഞാനും. പുറകില്‍ നിന്നു കൊണ്ട് എന്നെ നോക്കി ശാരിയും മന്ദഹസിയ്ക്കുന്നുണ്ടാകും.
അവള് ചിരിയ്ക്കാന്‍ കാരണം വേറെയാണ്. അതു ഞാന്‍ പറഞ്ഞ് അവള്‍ക്കറിയാം.
അന്നു ഞാന്‍ ഒമ്പതില്‍ പഠിയ്ക്കുന്നു. സ്കൂളിന്റെ ജൂനിയര്‍ ഫുട്ബാള്‍ ടീമില്‍ കടന്നു കൂടാന്‍ പറ്റി. അകലെയുള്ള മറ്റൊരു സ്കൂളുമായി കളിയ്ക്കാന്‍ പോകണം. പോകരുത് എന്നമ്മ.
ഫുട്ബാള്‍ കളിയ്ക്കിടെ പറ്റാറുള്ള പരിക്കുകള്‍ പരിചരിയ്ക്കുമ്പോഴത്തെ അമ്മയുടെ വാചാലമായ നിശ്ശബ്ദത എനിയ്ക്കു നന്നായി മനസ്സിലാകാറുള്ളതുമാണ്. മറ്റ് സ്കൂളില്‍ പോയി കളിയ്ക്കണ്ട, അമ്മ തീര്‍ത്തു പറഞ്ഞു.
പോവില്ലെന്ന് മനമില്ലാമനസ്സോടെ സമ്മതിച്ച ശേഷവും അമ്മ അറിയാതെ പോകാന്‍ രഹസ്യമായി ആസൂത്രണം നടത്തി.
വീട്ടില്‍ വച്ച് ഫുട്ബോളുമായി യാതൊരു ബന്ധവുമില്ലാത്ത മറ്റെന്തോ കാര്യങ്ങള്‍ പറഞ്ഞു കൊണ്ടിരിയ്ക്കുന്നതിന്നിടയില് അമ്മ പെട്ടെന്ന് എന്റെ നേരേ നോക്കിക്കൊണ്ടു പറഞ്ഞു, “കുട്ടാ, നീ അമ്മയോട് നുണ പറഞ്ഞില്ലാന്ന് അമ്മയുടെ നെറുകയില്‍ കൈ വച്ചു കൊണ്ടു പറയ് .”
ഇടയ്ക്കൊരു നുണയൊക്കെ പറയാം, സാരമില്ല എന്ന മട്ടില്‍ ഞാനെഴുന്നേറ്റു. പക്ഷേ കൈ അമ്മയുടെ ശിരസ്സില്‍ വച്ചപ്പോള്‍ വകുപ്പു മാറി. അമ്മയുടെ ശിരസ്സല്പം ഉയര്‍ത്തിപ്പിടിച്ചുള്ള, തുളച്ചു കയറുന്ന നോട്ടം നേരിടാന്‍ ശക്തിയുണ്ടായില്ല. പെട്ടെന്നു തൊണ്ടയടഞ്ഞു. കൈ വിറയ്ക്കാന്‍ തുടങ്ങി. വിക്കി വിക്കി പറഞ്ഞു, “ഞാന്‍ …അമ്മയോട്…നുണ…പറഞ്ഞു…”
സ്കൂള്‍ ജൂനിയര്‍ ഫുട്ബാള്‍ ടീമിന്റെ ഫുള്‍ബാക്ക് പെണ്‍കുട്ടിയെപ്പോലെ ചുണ്ടു പിളുത്തിക്കരഞ്ഞു.
“ന്നട്ട് കേള്‍ക്ക്.” രാഘവച്ചേട്ടന് ആവേശപൂര്‍വം തുടരുമ്പോള്‍ ഞാന്‍ ഓര്‍മ്മകളുടെ ലോകത്തു നിന്നു മടങ്ങി വരും. “പിറ്റേന്ന് വെളുപ്പിന് നാലു മണിയ്ക്ക് പറമ്പില്‍ ഒച്ച കേട്ട് ലെഷ്മിച്ചേച്ചി ലൈറ്റിട്ട് നോക്കുമ്പോ ഞാനിരുട്ടത്ത് നിന്ന് കെളയ്ക്കാ.” രാഘവച്ചേട്ടന് കുലുങ്ങിച്ചിരിയ്ക്കും.
“നേരം വെളുത്തപ്പഴയ്ക്കും ലെഷ്മിച്ചേച്ചി വിളിച്ച്. രാഘവാ, വന്ന് ചായ കുടിയ്ക്ക്. നോക്കുമ്പോ വട്ടമേശേമ്മല് പുട്ട്, കടല, പപ്പടം, ചായ. ആവി പറക്കണ്.” പുട്ടിന്റെ രുചി വായില്‍ തങ്ങിനില്ക്കുന്നതു പോലെ നുണയും. “വൈകീട്ട് ഒന്നല്ല, രണ്ട് ദെവസത്തെക്കാശും തന്നു.”
തുടര്‍ന്ന് രാഘവച്ചേട്ടന് നിശ്ശബ്ദനാകും.
അനുസ്മരണത്തിലെ അവസാന വാചകവും എനിയ്ക്കറിയാം.
“ഒക്കെപ്പോയില്ലേ, മോനേ…”
തെക്കുവശത്ത് അമ്മയുടെ പട്ടടയ്ക്കുള്ള കുഴിയെടുക്കുമ്പോള്‍ രാഘവച്ചേട്ടന് ഏങ്ങിക്കരഞ്ഞിരുന്നത് കണ്ണുനീരിന്റെ മൂടലിലൂടെ ഞാന്‍ കണ്ടിരുന്നു.
പത്താം തീയതി രാഘവച്ചേട്ടന് ചോദിച്ചപ്പോള്‍ അമ്പതുറുപ്പിക കൊടുക്കാന്‍ പറ്റിയില്ലല്ലോ എന്ന സങ്കടം തോന്നിയത് അതു കൊണ്ടൊക്കെയാവണം.
അന്ന് രാഘവച്ചേട്ടന് തലയും കുനിച്ച് മെല്ലെ നടന്നു പോകുന്നത് പറമ്പിലെവിടെയോ നിന്ന് ശാരി കണ്ടിരുന്നു. അവള് വന്നു വിവരം തിരക്കി.
ഞാന്‍ കാര്യം പറഞ്ഞു. ഗ്യാസിനും പത്രക്കാരന് ശ്രീനിയ്ക്കും കൊടുക്കാനുള്ളതെടുത്തെങ്ങനെ രാഘവച്ചേട്ടനു കൊടുക്കും? അടുത്ത നിമിഷമായിരിയ്ക്കും ഗ്യാസു വരുന്നത്. അല്ലെങ്കില്‍ ശ്രീനി. രണ്ടും മടക്കിവിടാന്‍ പറ്റാത്തവ.
“ശ്രീനിയെ വിളിച്ച് രണ്ടു ദിവസം കഴിഞ്ഞു വരാന്‍ പറഞ്ഞാല്‍ മതിയായിരുന്നു. രാഘവച്ചേട്ടനെ വെറുംകൈയ്യോടെ വിടേണ്ടിയിരുന്നില്ല.” ശാരി അതു പറഞ്ഞപ്പോള്‍ അങ്ങനെ ചെയ്യാമായിരുന്നെന്ന് എനിയ്ക്കും തോന്നി.
ഇതാണെന്റെ കുഴപ്പം. വേണ്ട നേരത്ത് വേണ്ടത് തോന്നുകയില്ല. പോംവഴികള്‍ കൂടുതല്‍ തെളിഞ്ഞു കാണുന്നതവളാണ്, ശാരി.
ഉടന്‍ കാശുമായി റോഡു വരെ പോയി നോക്കിയെങ്കിലും രാഘവച്ചേട്ടനെ എവിടേയും കണ്ടില്ല. അതിനകം ഏതെങ്കിലും ബസ്സില്‍ പിടിച്ചു കയറി മറ്റെവിടേയ്ക്കെങ്കിലും പോയിട്ടുണ്ടാകണം.
മാനത്തിരുന്നുകൊണ്ട് അമ്മ ശിരസ്സുയര്‍ത്തി കണ്ണടയുടെ അടിയിലൂടെ ശാസനാരൂപത്തില്‍ നോക്കുന്നുണ്ടാകുമോ?
അടുത്ത തവണ കാശു കിട്ടുമ്പോള്‍ രാഘവച്ചേട്ടന് കൂടുതല്‍ കാശു കൊടുക്കണം, എന്ന് അന്നുതന്നെ തീരുമാനിച്ചതാണ്.
ഇന്നൊരല്പം പണം കിട്ടി. ശാരി രാഘവച്ചേട്ടന്റെ കാര്യം സൂചിപ്പിച്ചു. അതു വൈകണ്ട, അവള് പറഞ്ഞു. അതുകൊണ്ടാണ് ഇന്നു തന്നെ ഇറങ്ങിയത്.
പോക്കറ്റില്‍ നോക്കി. അന്‍പതും അതിലേറെയുമുണ്ട്.
നടന്നു നടന്ന് പുഴയോരത്തെത്തിയതറിഞ്ഞില്ല. വെയിലും നിഴലും ചിത്രം വരയ്ക്കാറുണ്ടായിരുന്ന പുഴയോരം ആകെ മാറിപ്പോയിരിയ്ക്കുന്നു. തെക്കുനിന്ന് പുതിയ റോഡു വെട്ടി വന്നിരിയ്ക്കുന്നു. അവിടെയും മെറ്റല്‍ പാകിയിട്ടുണ്ട്. കുറച്ചേറെ നാളായിട്ടുണ്ടാകണം. അവിടവിടെ പൊട്ടിപ്പൊളിഞ്ഞു തുടങ്ങിയിരിക്കുന്നു.
ഇരു വശത്തും പുതിയ വീടുകളും ഉയര്‍ന്നു വന്നിരിയ്ക്കുന്നു. പഴയ വഴി കണ്ടാലറിയില്ല. ഇരുവശങ്ങളിലും മതിലുകള്‍ . ഒറ്റത്തെങ്ങിന്തടിപ്പാലങ്ങള് എങ്ങുമില്ല. തോടുകള്‍ പോലും അപ്രത്യക്ഷമായിരിയ്ക്കുന്നു.
ഒരു കാലഘട്ടം മുഴുവന്‍ പോയ് മറഞ്ഞ പോലെ.
ഒരു ചെറിയ വളവു തിരിഞ്ഞതോടെ രാഘവച്ചേട്ടന്റെ വീടിന്റെ മുന്നിലെത്തി. രണ്ടു വലിയ വീടുകളുടെ നടുവിലെ ഓടിട്ട ചെറിയ വീടു കണ്ടു പിടിയ്ക്കാന്‍ തീരെ ബുദ്ധിമുട്ടുണ്ടായില്ല. ഈ വലിയ വീടുകള്‍ മുന്‍പുണ്ടായിരുന്നില്ല. അവയുടെ നടുവിലായതു കൊണ്ടാവണം രാഘവച്ചേട്ടന്റെ വീട് മുന്‍പത്തേതിലും ചെറുതായതു പോലെ തോന്നി. കൊച്ചു വീട്. ചെറിയ മുറ്റം.
മുറ്റമാകെ അലങ്കോലപ്പെട്ടു കിടക്കുന്നു.
രാഘവച്ചേട്ടനെ പുറത്തെവിടേയും കണ്ടില്ല. വാതില്‍ തുറന്നു കിടക്കുന്നു. വിളിച്ചു:
“രാഘവച്ചേട്ടാ.”
അനക്കമൊന്നും കേള്‍ക്കാഞ്ഞതു കൊണ്ട് അല്‍പ്പം കൂടി ഉറക്കെ വിളിച്ചു:
“രാഘവച്ചേട്ടാ.”
മുറിയില്‍ ആളനക്കമുണ്ടായി. ആരോ കട്ടിലില്‍ നിന്ന് പതുക്കെയെഴുന്നേറ്റു. ഒരു സ്ത്രീരൂപം പുറത്തേയ്ക്കു വന്നു. വാര്‍ദ്ധക്യം ബാധിച്ച മെലിഞ്ഞുണങ്ങിയ ശരീരം. പാറിപ്പറക്കുന്ന തലമുടി, മുഷിഞ്ഞ വസ്ത്രം. ദൈന്യഭാവം…
വരാന്തയിലേയ്ക്കിറങ്ങിയ അവരെന്നെ സൂക്ഷിച്ചു നോക്കി.
ഇത് ദേവകിച്ചേച്ചി തന്നെയാണോ?
സംശയനിവൃത്തിയ്ക്കായി ചോദിച്ചു: “ദേവകിച്ചേച്ചിയല്ലേ?”
“കണ്ണു പിടിയ്ക്കണില്ല മോനേ. ആരാ?”
“ഞാന്‍ ലക്ഷ്മിച്ചേച്ചീടെ മകനാ. രാഘവച്ചേട്ടനില്ലേ?”
ദേവകിച്ചേച്ചി കരയാന്‍ തുടങ്ങി. “മോനേ, രാഘവച്ചേട്ടന് പോയി…..”
ഞാന്‍ സംശയിച്ചു നിന്നു. രാഘവച്ചേട്ടന് പോയോ, എവിടേയ്ക്ക്…
“രാത്രി ഒറങ്ങാന്‍ കെടന്നതാ. കാലത്തെണീറ്റില്ല….”, അവര്‍ കരച്ചിലിന്നിടയില്‍ പറഞ്ഞു. “മരണസങ്കക്കാരാ ഒക്കെ ചെയ്തത്…….ആരേക്കെ അറീക്കണംന്നവര് ചോദിച്ച്. നിയ്ക്കൊരു ബോധോണ്ടായില്ല…”
ഞാന്‍ തരിച്ചു നിന്നു.
“ലെഷ്മിച്ചേച്ചീടെ കാര്യം ഇവ്ടെ പറയ്വോയിരുന്ന്….”
ഇത്ര പെട്ടെന്നു രാഘവച്ചേട്ടന് പോകുമെന്ന് വിചാരിച്ചിരുന്നേയില്ല. അമ്പതുറുപ്പിക കൊടുക്കാന്‍ പറ്റിയില്ലല്ലോ, ഈശ്വരാ…
“നിയ്ക്കാരൂല്ല മോനേ….എന്നെയിട്ടിട്ടു പോയീ……”, ദേവകിച്ചേച്ചി തേങ്ങി.
പോക്കറ്റിലുണ്ടായിരുന്ന നോട്ടുകളെല്ലാമെടുത്ത് ദേവകിച്ചേച്ചിയുടെ കൈയില്‍ത്തിരുകി. പാറിപ്പറന്ന മുടിയില്‍ മെല്ലെ തഴുകിക്കൊണ്ടു പറഞ്ഞു, “ദേവകിച്ചേച്ചിയ്ക്ക് ഞങ്ങളുണ്ട്, വിഷമിയ്ക്കണ്ട.”
പകപ്പോടെ റോഡിലിറങ്ങി നടക്കുമ്പോള്‍ എന്തു ചെയ്യണമെന്നാലോചിച്ചു.
രാഘവച്ചേട്ടന് എങ്ങനെ ജീവിച്ചുപോയിരുന്നു എന്ന് ഒരിയ്ക്കല്‍ പോലും അന്വേഷിച്ചില്ലല്ലോ: മനസ്സു കുറ്റപ്പെടുത്തി.
ഒരാലോചനയും കൂടാതെ, ഒരു വീണ്ടുവിചാരവുമില്ലാതെ, ഇരുപതുറുപ്പിക തന്നെ സദാസമയവും കൊടുത്തു കൊണ്ടിരുന്നു. അമ്മയെപ്പറ്റി പറഞ്ഞത് കേട്ടാസ്വദിച്ചും കൊണ്ടിരുന്നു.
സ്വാര്‍ത്ഥത തന്നെയായിരുന്നു. അമ്മയെപ്പറ്റി നല്ല രണ്ടു വാക്കു കേള്‍ക്കാന്‍ വേണ്ടി മാത്രമാണ് കൊടുത്തു കൊണ്ടിരുന്നത്, അത്ര തന്നെ.
എങ്ങനെയായിരുന്നിരിയ്ക്കും അവര്‍ ജീവിച്ചിരുന്നിരിയ്ക്കുക? രണ്ടു പേര്‍ക്കു ജീവിയ്ക്കാന്‍ പ്രതിമാസം ഒരായിരം ഉറുപ്പികയെങ്കിലും വേണ്ടിവരുമായിരുന്നില്ലേ? ഞങ്ങള്‍ രണ്ടു പേര്‍ക്കു വേണം ഉറുപ്പിക മൂവ്വായിരം.
ഇരുപതുറുപ്പിക! കഷ്ടം.
എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാമായിരുന്നു. കര്ഷകത്തൊഴിലാളിപ്പെന്ഷന്, അഗതി പെന്ഷന്, വാര്ദ്ധക്യകാലപ്പെന്ഷന് …എന്തെങ്കിലും പെന്ഷന് കിട്ടുന്നുണ്ടോ എന്നന്വേഷിച്ചുവോ?
ഒന്നും കിട്ടിയിരുന്നില്ലെങ്കില്‍ അതിനുള്ള ശ്രമം നടത്തേണ്ടതായിരുന്നു.
ഛെ! വല്ലാത്ത കുറ്റബോധം തോന്നി.
കുറ്റം ചെയ്തത് അമ്മയോടു കൂടിയാണ്. നമ്മെ സേവിച്ചിരിയ്ക്കുന്നവരുടെ സൌഖ്യം നാമുറപ്പു വരുത്തണമെന്ന് അമ്മ പറഞ്ഞിരുന്നത് എങ്ങനെ മറക്കാനിടയായി?
എന്തെങ്കിലും കൂട്ടിക്കൊടുക്കണ്ടേയെന്ന് ശാരിയും പലപ്പോഴും ചോദിച്ചിട്ടുള്ളതോര്മ്മ വന്നു.
രാഘവച്ചേട്ടന് ചോദിയ്ക്കുന്നതു കൊടുക്കാമെന്ന നിലപാടാണ് അന്നൊക്കെയെടുത്തത്.
ചെയ്യേണ്ട കാര്യങ്ങളെന്തെല്ലാമെന്നു മുന്കൂട്ടിക്കാണാനും അവ വേണ്ടുംവണ്ണം ചെയ്യാനുമുള്ള കഴിവ് കുറഞ്ഞു പോയ പോലെ. അല്ലെങ്കിലിന്നിങ്ങനെ പശ്ചാത്തപിയ്ക്കേണ്ടിവരുമായിരുന്നില്ല.
ശാരിയുടെ വാക്കുകള്‍ കേട്ടിരുന്നെങ്കിലും മതിയായിരുന്നു.
എന്തായാലും ഇനിയിങ്ങനെ പോയാല്‍ ശരിയാവില്ല.
ദേവകിച്ചേച്ചിയുടെ ആവശ്യങ്ങള്‍ എന്തെല്ലാമായിരിയ്ക്കും? ആറേഴു കിലോ അരി വേണം, ഞാന്‍ കണക്കു കൂട്ടാന്‍ തുടങ്ങി. പിന്നെ അല്‍പ്പസ്വല്‍പ്പം പലചരക്കിനങ്ങളും വേണം. ഇതിനൊക്കെക്കൂടി ഒരു മാസമെന്താകും? ഒരിരുന്നൂറ്റമ്പതുറുപ്പികയുടെ സാധനങ്ങളേ വേണ്ടൂ.
വീട്ടാവശ്യത്തിനുള്ള ഇനങ്ങള്‍ വാങ്ങുമ്പോള്‍ ഒരല്‍പ്പം കൂടുതല്‍ വാങ്ങുക. മാസത്തിലൊരിയ്ക്കല്‍ അര മണിയ്ക്കൂര്‍ സമയം കൊണ്ട് അതെല്ലാം ദേവകിച്ചേച്ചിയ്ക്ക് എത്തിച്ചു കൊടുക്കുക.
അത്രേ ചെയ്യാനുള്ളു…
ഇരുന്നൂറ്റമ്പതുറുപ്പിക കൂടുതല്‍ ചെലവാക്കിയെന്നു കരുതി തത്ക്കാലം വലിയ പ്രതിസന്ധിയിലൊന്നും പെടുമെന്നു തോന്നുന്നില്ല. അല്‍പ്പം ബുദ്ധിമുട്ടേണ്ടി വന്നാല്‍പ്പോലും സാരമില്ല.
ശാരിയുടെ ഉപദേശമാരായാം. എന്തിനും അവളൊരു വഴി കണ്ടെത്തും. ഞാന്‍ കാണാത്ത വഴികള്‍ പോലും അവള് കാണാറുണ്ട്. അവളുണ്ടാക്കിയ പ്ലാനുകള്‍ നടക്കാതെ പോയിട്ടുമില്ല.
ദേവകിച്ചേച്ചി ഒരിയ്ക്കലും പട്ടിണി കിടക്കേണ്ടി വരരുത്. അതു പോരാ. കുറഞ്ഞൊരു കാലം കൊണ്ട് രാഘവച്ചേട്ടന് പോലും കണ്ടാല്‍ തിരിച്ചറിയാത്ത വിധത്തില്‍ ദേവകിച്ചേച്ചിയെ നന്നാക്കിയെടുക്കണം. വീണ്ടും ആ മുഖത്ത് ചിരി വിരിയിയ്ക്കണം.
അതുകണ്ട്, മാനത്തിരുന്നു കൊണ്ട് അമ്മയും മന്ദഹസിയ്ക്കണം.
ഇതു പിടിയിലൊതുങ്ങാവുന്നതേയുള്ളു. ഇതു ചെയ്യണം. ഉടനെ തന്നെ ചെയ്തു തുടങ്ങണം താനും. പറ്റുമെങ്കില്‍ നാളെത്തന്നെ.
ഉറച്ച കാല്‍വെപ്പോടെ ഞാന്‍ നടന്നു.
NB: ഈ കഥ സാങ്കല്പ്പികം മാത്രമാണ്. ഈ കഥ മറ്റു ചില സൈറ്റുകളില്‍ കുറച്ചു കാലമായി ഞാന്‍ പ്രദര്‍ശിപ്പിച്ചു പോരുന്നതാണ്. ചിലരെങ്കിലും വായിച്ചിട്ടുള്ളതാകാം.
70 total views, 1 views today
